മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്നേഹദീപത്തിൽ എല്ലാവരും വളരെ വിഷമത്തിലാണെന്ന് ഗംഗയ്ക്ക് തോന്നി.
അനന്തുവിനെ കണ്ടിട്ട് രണ്ടു ദിവസമായി.എന്തായാലും ഇന്ന് അവിടെവരെ ഒന്ന് പോകണം.ക്ലാസ്സ് കഴിഞ്ഞതും ഗംഗ സ്നേഹദീപത്തിലേയ്ക്ക് തിരിച്ചു.
ഗംഗയെ കണ്ടതും സിസ്റ്റർ ലിനെറ്റ് അവളുടെ അടുത്തേയ്ക്ക് ഓടി ചെന്നു.
മോളേ… മോളിന്ന് വന്നത് നന്നായി…. അനന്തു ആകെ വല്ലാതായി. പഴയ ചിരിയില്ല, മിണ്ടാട്ടമില്ല….. പാവം കൂടെ പഠിക്കുന്നവരെ കാണുമ്പോൾ അവന് സന്തോഷമാണ്.മോള് അവന്റെ അടുത്തേയ്ക്ക് ചെല്ല്.ഉം…..ശരി സിസ്റ്ററമ്മേ…..
ഗംഗ അനന്തുവിന്റെ റൂമിലെത്തി.
അനന്തു…… എടാ…. രണ്ടു ദിവസമായിട്ട് എനിക്ക് ഇങ്ങോട്ട് വരാൻ പറ്റിയില്ല.
കോളേജിൽ നിന്ന് ആരെങ്കിലും നിന്നെ കാണാൻ വന്നായിരുന്നോ?
ഉം…… വരാറുണ്ട്…. അനന്തു പറഞ്ഞു.
എടാ അനന്തു നീ പഴയതുപോലെയാകും…… പക്ഷെ നിന്റെ മിണ്ടാട്ടവും ചിരിയുമൊക്കെ നഷ്ടപ്പെട്ടെന്ന് ഇവിടെ എല്ലാവരും എന്നോട് പറഞ്ഞു.
അനന്തു…. ദാ നോക്ക്…… നിന്നെ പഴയതുപോലെ ആക്കണം….. അതാ എന്റെ ആഗ്രഹം…. അതിന് നീയും കൂടി മനസ്സ് വയ്ക്കണം.
സങ്കടങ്ങളൊക്കെ മാറ്റിവയ്ക്കണം. മനസ്സിലായോ? ഗംഗ അനന്തുവിനോട് പറഞ്ഞു.
അപ്പോൾ ഞാനൊരു കാര്യം നിന്നോട് ചോദിക്കട്ടെ…….നീ സന്തോഷവതിയാണോ? അതോ എന്നെ കാണിക്കാൻ നീ അഭിനയിക്കുകയാണോ?
എന്താ അനന്തു ഇത്….. നീ എന്തൊക്കെയാ ഈ പറയുന്നേ…?
ഗംഗേ നീ എന്നെ വെറുതെ പൊട്ടനാക്കരുത്.
ഞാൻ കോളേജിൽ വരുന്നില്ലെങ്കിലും അവിടെ നടക്കുന്ന കാര്യങ്ങൾ ഞാൻ അറിയാറുണ്ട്…
അനന്തു….. നിന്നോട് ഞാൻ ഇപ്പോൾ സംസാരിക്കുന്നത് വേറൊന്നുമല്ല.നീ ഒന്ന് എഴുന്നേറ്റ് നടക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യണം …..നീ ഈ സ്നേഹദീപത്തിന്റെ ദീപമാകേണ്ടവനാ….
അല്ലാതെ കോളേജിൽ നടക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കലല്ല നിന്റെ പണി…. മനസ്സിലായോ നിനക്ക്…….
അതെനിക്ക് മനസ്സിലായി. പക്ഷെ മനസ്സിലാകാത്ത ഒന്നുണ്ട്…… ഹരി സാറിന്റെ ജീവിതത്തിൽ നിന്ന് നിന്നെ മാറ്റിനിർത്തിയത് എന്താ…..?അനന്തു ഗംഗയുടെ കണ്ണുകളിലേയ്ക്ക് നോക്കി.
അവളുടെ നിസ്സഹായത അവൻ ആ കണ്ണുകളിൽ വായിച്ചെടുത്തു.
ഗംഗേ….. നിനക്ക് ഉത്തരമൊന്നും ഉണ്ടാവില്ലെന്നെനിക്കറിയാം. ഇന്നലെ ഹരിസാറും മൃദുലയും ഇവിടെ എന്നെ കാണാൻ വന്നിരുന്നു. കുറെ നേരം സംസാരിച്ചിരുന്നു.അപ്പോഴാണ് രണ്ടുപേരും കല്യാണത്തെക്കുറിച്ച് എന്നോട് സംസാരിച്ചത്. സത്യം പറഞ്ഞാൽ……. ഞാൻ അയാൾക്കിട്ട് ആ ഹരിസാറിനിട്ട് ഒന്ന് പൊട്ടിച്ചേനെ…ഒന്ന് എനിക്കേഴുന്നേൽക്കാൻ ആവതില്ല. രണ്ട് അയാളെന്റെ സാറായിപ്പോയി.
പക്ഷെ കൊടുക്കേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്….അന്ന് എനിക്ക് നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നീ എന്നോട് പറഞ്ഞ കുറച്ചു കാര്യങ്ങളുണ്ട്… മറ്റൊന്നുമല്ല ഹരിസാറിനെ പറ്റിയായിരുന്നു അത്.കോടീശ്വരിയേ കിട്ടിയപ്പോൾ അയാൾ എല്ലാം മറന്നു.ഇതാണോടിഗംഗേ നീ പറഞ്ഞ യഥാർത്ഥ സ്നേഹം?അനന്തുവിന്റെ മുൻപിൽ തല കുനിച്ചിരിക്കാനേ ഗംഗയ്ക്ക് കഴിഞ്ഞുള്ളൂ….
ഗംഗേ ഇന്നെനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയുമായിരുന്നെങ്കിൽ നീ ഇപ്പോൾ സ്നേഹദീപത്തിന്റെ മരുമകൾ ആയേനെ. എല്ലാവർക്കും കൂടിയിട്ട് കളിയാക്കാൻ നിന്നെ അവരുടെ മുൻപിലേക്ക് ഞാൻ ഇട്ട് കൊടുക്കില്ലായിരുന്നു.
അനന്തു….. നിന്നെ ഞാൻ പുറത്തേയ്ക്കിറക്കട്ടെ….. എത്ര നേരമെന്നു വച്ചാ ഈ ഫോണിൽ നോക്കി സമയം കളയുന്നത്? ഗംഗാ നീ ഇവിടെ ഇരുന്നേ
അനന്തു നീ പറഞ്ഞതെല്ലാം ശരിയാ…. എനിക്ക് കാര്യങ്ങളെല്ലാം അറിയാം. ഇനി ഇപ്പോൾ നമ്മൾ അതേ ക്കുറിച്ചൊന്നും സംസാരിക്കേണ്ട. കാരണം സംസാരിച്ചിട്ട് എന്ത് കാര്യം,?
അനന്തു പ്രത്യേകിച്ച് മറുപടിയൊന്നും കൊടുത്തില്ല.
ഞാൻ നിന്നെ പുറത്തേയ്ക്കൊന്നിറക്കാം.ഗംഗ അനന്തുവിനെ വീൽ ചെയറിൽ സ്നേഹ ദീപത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊണ്ടുപോയി.
അനന്തു എനിക്ക് പറ്റുന്ന എല്ലാ ദിവസവും ഞാനിവിടെ വരാം.നീ വിഷമിക്കണ്ട എല്ലാം ശരിയാകും….
ഗംഗ വീട്ടിലെത്തിയപ്പോൾ നിറ കണ്ണുകളുമായിരിക്കുന്ന ശാരദാമ്മയെ ആണ് കണ്ടത്….
എന്താ അമ്മേ… എന്താ പ്രശ്നം….. ഗംഗ അവളുടെ അമ്മയോട് കാര്യങ്ങൾ തിരക്കി….
മോളേ….. സുഭദ്രാമ്മ പറയുന്നു നീ കാരണമാ ഹരി ഈ കല്യാണത്തിന് വല്ല്യ താല്പര്യം കാണിക്കാത്തതെന്ന്…… അവിടെ ഭയങ്കര ബഹളമാ മോളേ….. ഇനി നീ ഹരിയെ കണ്ടേക്കരുത് എന്നാ പറഞ്ഞത്….
നമ്മളെല്ലാവരും ഒരു കുടുംബം പോലെ ഇരുന്നിട്ട്….. അമ്മയ്ക്ക് സങ്കടം സഹിക്കാൻ വയ്യ മോളേ……
അമ്മേ അമ്മ വിഷമിക്കണ്ട. നമുക്ക് ഇവിടെ നിന്ന് പോകാം.. എങ്ങോട്ടെങ്കിലും….. നമുക്ക് ആരെയും ഒന്നും ബോധിപ്പിച്ച് ജീവിക്കാൻ പറ്റില്ലമ്മേ……. എനിക്ക് അമ്മയും…… അമ്മയ്ക്ക് ഞാനും….അതുമതി അത് മാത്രം മതി
തുടരും..

