നിക്കാഹ് കഴിഞ്ഞു രണ്ട് ആഴ്ചക്കുള്ളിൽ തരാമെന്ന് പറഞ്ഞതാ, ഇപ്പം മാസം എത്രയായി? അന്നേ ഞാൻ പറഞ്ഞതാ, ഇനി അത് കിട്ടുമെന്ന് നീ പ്രതീക്ഷി ക്കണ്ടടാ……

ദൈവ നാമത്തിൽ

എഴുത്ത് :- ലൈന മാർട്ടിൻ

വായിച്ചു കഴിഞ്ഞ പുസ്തകങ്ങളിലേക്കും, ഇനി വായിക്കാനായി മാറ്റി വച്ചിരിക്കുന്ന പുസ്തങ്ങളിലേക്കും നോക്കി താഹിറ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു, ഇന്നേക്ക് മൂന്നാം നാൾ തന്റെ നിക്കാഹാണ്, തന്റെ ഇഷ്ടമോ സമ്മതമോ നോക്കാതെ വാപ്പയും ബന്ധുക്കളും എടുത്ത തീരുമാനം, പഠിക്കാനുള്ള തന്റെ ആഗ്രഹത്തെ കരിച്ചു കളഞ്ഞ ആ തീരുമാനത്തിന് മുൻപിൽ തല കുനിച്ചു നിൽക്കാനല്ലാതെ മറ്റൊന്നിനും ധൈര്യമില്ലാതെ പോയ്‌,

“സഫിയാ…”

ഉപ്പ ഉമ്മയെ വിളിക്കുന്നത് കേട്ട് താഹിറ മുറിയിൽ നിന്ന് കൊണ്ട് പതിയെ ഉമ്മറത്തേക്ക് തല നീട്ടി നോക്കി, ഉപ്പക്കുള്ള വെള്ളവുമായി പോകുന്ന ഉമ്മയെ താഹിറ യാചന ഭാവത്തിൽ നോക്കി, മകളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായ സഫിയ അവളെ സമാധാനമായിരിക്കാൻ കണ്ണ് കൊണ്ട് മറുപടി നൽകി, അപ്പോഴേക്കും താഹിറക്ക് പിറകിലായി അനിയത്തി സമീറയും വന്നു നിന്നു,

“അവർ രണ്ടാളും ഒറങ്ങിയോ?”

വരാന്തയിൽ കിടന്ന ചാരുകസേരയിൽ ഇരുന്ന് അഹമ്മദൂട്ടി കഴുത്തിലെ വിയർപ്പ് അമർത്തി തുടച്ചു കൊണ്ട് സഫിയയോട് ചോദിച്ചു,. “ഇല്ല, അവളിപ്പഴും കരച്ചില് തന്നാ അവൾക്കിനിയും പഠിക്കണമെന്നും പറഞ്ഞു… നിങ്ങക്ക് അവരോട് ഒന്ന് ചോയ്ച്ചൂടെ? ചെലപ്പം അവര് അവളെ പഠിപ്പിച്ചാലോ?പ്രതീക്ഷയോടെ സഫിയ അഹമ്മദൂട്ടിയെ നോക്കി,

“നെനക്കെന്താ സഫിയാ പ്രാന്താണോ? ഇത്രയും പഠിപ്പിച്ചത് തന്നെ വേണ്ടായിരുന്നു എന്നാണ് കുടുംബക്കാരും മറ്റുള്ളോരും ഒക്കെ പറേന്നത്, അത് ശരിയായിട്ടല്ലേ ഒരു നല്ല കാര്യം വന്നിട്ടും അവളിങ്ങനെ തറുതല പറേന്നത്, അവളുടെ വാക്ക് കേട്ട് നീയും കൂട തുള്ളാൻ നിക്കണ്ട കേട്ടല്ലോ, നിക്കാഹിന്റെ അന്ന് അവർക്ക്കൊ ടുക്കാ മെന്നേറ്റ ഉറുപ്യ എങ്ങനെ കൊടുക്കുമെന്നോർത്ത് ആധി പിടിച്ചിരിക്കു മ്പോഴാ നെന്റെ ഒരു വർത്തമാനം.. കേറിപോയ്ക്കോ,,

അയാളുടെ ദേഷ്യം കണ്ട് മറുത്തു ഒന്നും പറയാനാകാതെ സഫിയ പിന്തിരിഞ്ഞു, മുറിയുടെ വാതിലിൽ തന്നെ നോക്കി നിൽക്കുന്ന പ്രതീക്ഷ നിറഞ്ഞ മകളുടെ കണ്ണുകളെ കണ്ടില്ലെന്നു നടിച്ചു സഫിയ അടുക്കളയിലേക്ക് നടന്നു,, ഇത്താ ഉപ്പ സമ്മയ്ക്കൂല, ഇത്താക്കിനി പഠിക്കാൻ പറ്റൂല, പോട്ടേ സാരല്ല ഇത്താ, അനിയത്തിയുടെ ആശ്വാസ വാക്കുകൾക്കൊന്നും തന്റെ നെഞ്ചിലെ കനൽ അണക്കാൻ കഴിയില്ലെന്ന് താഹിറക്ക് അറിയാമായിരുന്നു….

താഹിറയുടെ വിവാഹദിവസം! “ആയിഷുമ്മാ ഒരു രണ്ടാഴ്ച കൂടി സമയം തന്നാൽ മതി, ബാക്കി ഉറുപ്പിക ഞാൻ കൊണ്ടത്തരാം, എത്ര ഓടിയിട്ടും ഇപ്പോ ഇതേ പറ്റിയൊള്ളു,” കല്യാണചെക്കൻ സാദിക്കിന്റെ ഉമ്മയുടെ മുൻപിൽ അഹമ്മദൂട്ടി തല കുനിഞ്ഞു നിന്നു”അതെങ്ങനെ ശരിയാകും അഹമ്മദൂട്ടി, നിക്കാഹിന് തരാന്നല്ലേ പറഞ്ഞത്, നിക്കാഹ് കഴിഞ്ഞിട്ടിപ്പോ ഇങ്ങനെ പറഞ്ഞാലെങ്ങനാ?
ആയിഷുമ്മ നിഷേധത്മകമായി തലയാട്ടി, “രണ്ടാഴ്ചത്തെ കാര്യമല്ലേ മാമ ശരിയാക്കി തരും ഉമ്മ ” സാദിഖിന്റെ ഭാര്യ പിതാവിന്റെ പക്ഷം പിടിച്ചു സംസാരിച്ചത് അത്രയ്ക്ക് ഇഷ്ടമായില്ലെങ്കിലും ആയിഷുമ്മ ശരിയെന്നു തലയാട്ടി,

********************

” നിക്കാഹ് കഴിഞ്ഞു രണ്ട് ആഴ്ചക്കുള്ളിൽ തരാമെന്ന് പറഞ്ഞതാ, ഇപ്പം മാസം എത്രയായി? അന്നേ ഞാൻ പറഞ്ഞതാ, ഇനി അത് കിട്ടുമെന്ന് നീ പ്രതീക്ഷി ക്കണ്ടടാ സാദിഖേ… അവൾക്കെന്തേലും കൂസലുണ്ടായിരുന്നേൽ അവള് തന്നെ ചോദിച്ചു മേടിച്ചു കൊണ്ടത്തരുമായിരുന്നില്ലേ? ഇതിപ്പോ അവൾക്ക് വേണ മെന്നില്ല, ഒന്നിനുമൊരു കൊറവുമില്ലാതെ നീ നോക്കുന്നത് കൊണ്ടാണ് ” അത് കേട്ട് അടുക്കളയിൽ നിന്ന് പാത്രം മോറുകയായിരുന്ന താഹിറയുടെ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു, ‘ഒരു പെണ്ണിന് വേണ്ടത് അന്നവും വസ്ത്രവും മാത്രമല്ല സ്നേഹപൂർവമുള്ള ചേർത്ത് നിർത്തലും കൂടിയാണ്’ എന്ന് ഇവരൊക്കെ എന്നാണ് മനസിലാക്കുക…

ശരിയായാലും തെറ്റായാലും ഉമ്മയുടെ വാക്കിനപ്പുറം മറ്റൊരു വാക്കില്ല തന്റെ ഭർത്താവിന്, സ്നേഹമെന്നുള്ളത് തനിക്ക് അദ്ദേഹം അളന്നു മുറിച്ചു തരുന്ന ദാനമാണ്, അതും ഉമ്മയുടെ അനുവാദത്തോടെ.. സ്ത്രീധ ന ബാക്കി കൊടുത്തില്ല എന്ന കുറ്റത്തിന് പിറകെ ഇപ്പോൾ മ ച്ചി ആണെന്നുള്ള വിളിപേരും തന്നിട്ടുണ്ട്… ചിലപ്പോഴൊക്കെ എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ തോന്നും.. പക്ഷെ എങ്ങോട്ട്.. അനിയത്തിയെ കെട്ടിച്ചു വിടാൻ ഓടി നടക്കുന്ന ഉപ്പയുടെ അരികിലേക്കോ… ‘വിവാഹത്തോടെ സ്വന്തം വീട് അന്യമാകുന്ന ഒരു ജീവിയാണല്ലോ പെണ്ണ്.. ‘

“താഹിറ ഉറങ്ങിയോ?” സാദിഖിന്റെ പതിവില്ലാതെയുള്ള ചോദ്യം കേട്ട് താഹിറ കണ്ണ് തുറന്ന് നോക്കി, “എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ” നിന്നെ മൊഴി ചൊല്ലി വേറെ നിക്കാഹ് കഴിക്കാനാണ് ഉമ്മ പറേന്നത്, നിന്റെ വാപ്പ തരാന്ന് പറഞ്ഞത് തന്നുമില്ല,നിനക്കാണേൽ കുട്ടികളും ഉണ്ടാവൂലന്നു തോന്നുന്നെന്ന്, ഞാൻ ഉമ്മയെ അനുസരിക്കാൻ തീരുമാനിച്ച്, ” കേൾക്കുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ ജനലിലൂടെ പുറത്തേ ഇരുട്ടിലേക്കു നോക്കി മറുപടി പറയാ നാകാതെ താഹിറ മിഴിച്ചിരുന്നു.. അയാളണേൽ അവളുടെ മറുപടി ഒട്ടും ആഗ്രഹിച്ചുമില്ല…

താഹിറയെ മൊഴി ചൊല്ലി ഉപേക്ഷിച്ചു സാദിഖ് മടങ്ങി, മകളുടെ അവസ്ഥയിൽ മനസ് തകർന്ന് അഹമ്മദൂട്ടി വീട്ടിൽ തന്നെ തളർന്ന് ഇരിപ്പായി.. മാസങ്ങൾ കടന്ന് പോയി.. അടുത്തുള്ള കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുത്തു തന്നെ കൊണ്ടാവും വിധം താഹിറ ഉപ്പയെ സഹായിച്ചു, ജീവിതത്തിലെ നഷ്ട പെടലുകളെക്കാൾ, കുറ്റപ്പെടുത്തലിൽ നിന്നുമുള്ള മോചനമായി ഈ ജീവിതത്തെ അവൾ കണ്ടു,എങ്കിലും ഇടക്കൊക്കെ സാദിഖിന്റെ മുഖം ഓർമ്മകളിൽ ഒരു വേദനയായി മിന്നിമറഞ്ഞു,….

“താഹിറ ” ഉമ്മ വിളിക്കുന്നത് കേട്ടാണ് താഹിറ ഉമ്മറത്തേക്ക് ചെന്നത്, “മോളെ ‘ നീയറിഞ്ഞാ? സാദിഖിന്റെ ഉമ്മ മരിച്ചു പോയെന്ന്, ഇന്നേക്ക് മൂന്നു മാസമായെന്ന്, നമ്മളറിഞ്ഞില്ല.. ഇതിപ്പ ബ്രോക്കർ സൈദരലി വന്നു പറഞ്ഞതാ.. വേറൊന്നൂടി പറഞ്ഞ് ” സാദിഖിന് നെന്നെ രണ്ടാം കെട്ട് കെട്ടാൻ സമ്മതം ആണെന്ന്.. അവനിപ്പളും വേറെ കെട്ടിയിട്ടില്ലാന്ന്, ” താഹിറ അന്തവിട്ട് ഉമ്മയെ നോക്കി! ഒരു പെണ്ണിന്റെ മനസിനെ കുറിച്ച് ഇത്രയും ബോധം ഇല്ലാത്തവളാണോ തന്റെ ഉമ്മ’! “മോളെ പക്ഷെ അതിനൊരു കൊഴപ്പമൊണ്ട്, ഒരിക്കൽ മൊഴി ചൊല്ലിയ പെണ്ണിനെ വീണ്ടും നിക്കാഹ് ചെയ്യണേൽ അവളെ വേറെ ഒരുത്തൻ നിക്കാഹ് ചെയ്ത് ഒഴിയണമെന്ന്! ഉമ്മയുടെ വാക്കുകൾ കേട്ട് അറപ്പോടെ താഹിറ ആ മുഖത്തേക്ക് നോക്കി,!

“എന്നേ ഇനിയാരും നിക്കാഹ് ചെയ്യണ്ട, ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി, എന്നേ വിട്ടേക്ക് ഉമ്മ,” താഹിറ മുറിയിലേക്ക് പോകുന്നത് നോക്കി സഫിയ ആലോചനയോടെ നിന്നു. “അവള് സമ്മതിക്കുമെന്ന് തോന്നുന്നില്ല” വൈകുന്നേരം അഹമ്മദൂട്ടി വന്നപ്പോ സഫിയ പറഞ്ഞു,

“ഇതിപ്പ സമ്മതിക്കാനും മാത്രം എന്തിരിക്കുന്നു? അവളെ നിക്കാഹ് ചെയ്തവൻ തന്നെയല്ലേ സാദിഖ്? അവൻ തന്നെയല്ലേ ഇപ്പളും കെട്ടാൻ പോണത്? പിന്നെ ഇടക്കെട്ട് നടത്തുന്നത് നമ്മക്ക് മാറ്റാൻ പറ്റൂല, ഒരിക്ക മൊഴി ചൊല്ലിയ പെണ്ണിനെ വേറോരാൾ നിക്കാഹ് ചെയ്ത് ഒഴിഞ്ഞു പറയണ സമയം കഴിയണ വരെ വീണ്ടും നിക്കാഹ് ചെയ്യാൻ പറ്റൂല സഫിയ… ഇതിപ്പ ഇടക്കെട്ട് കെട്ടിക്കുന്നത് നമ്മടെ മന്ദബുദ്ധിയായ അമീറിനെ കൊണ്ടല്ലേ? അവനെ കൊണ്ട് പിറ്റേന്ന് തന്നെ നമ്മക്ക് മൊഴി ചൊല്ലിക്കാന്ന്, അവളോട് നീ പറ.. എല്ലാ തീരുമാനിച്ച്, നാളെ കഴിഞ്ഞ് അമീറുമായുള്ള നിക്കാഹ്, മൊഴി ചൊല്ലി കഴിഞ്ഞ ഒരു മാസം എടുക്കുള്ളു സാദിഖ് ആയുള്ള നിക്കാഹ് നടത്താൻ, നമ്മളെല്ലാം തീരുമാനിച്ച് കഴിഞ്ഞെന്ന് നീ അവളോട് പറ, അവൾക്കിളയത് ഒന്നുടെ ഒണ്ടെനിക്ക്, അവളുടെ കാര്യം കൂടി നടത്തണ്ടേ,? ഇവളിവിടെ ഇങ്ങനെ നിന്നാൽ അവളുടെ കാര്യം എങ്ങനെ നടക്കും?”

വാപ്പ പറയുന്നത് കേട്ട് ജനലിൽ മുറുക്കെ പിടിച്ചു കൊണ്ട് ഒഴുകുന്ന പുഴയിലേക്ക് നോക്കി താഹിറ നിന്നു. താഹിറയുടെയും അമീറിന്റെയും നിക്കാഹ് കഴിഞ്ഞു താൽക്കാലികമായി അവന്റെ പുരയിൽ താഹിറയെ വിട്ട് എല്ലാവരും മടങ്ങി, തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന അമീറിനെ താഹിറ നോക്കി നിന്നു, തന്നെ പോലെ മറ്റൊരു ‘ബ ലി മൃ ഗം’ മാത്രമാണ് ഇവനുമെന്നുള്ള തിരിച്ചറിവിൽ താഹിറയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു,

പിറ്റേന്ന് അമീറിനെ പള്ളിയിലേക്ക് കൂട്ടാൻ താഹിറയുടെ വാപ്പയും, ബന്ധുക്കളും വന്നു, പക്ഷെ അവർക്ക് മുൻപിൽ സംസാരിച്ചത് താഹിറ ആയിരുന്നു!

“ഇദ്ദേഹത്തിന് എന്നേ മൊഴി ചൊല്ലാൻ സമ്മതമല്ല! ഈ മനുഷ്യനൊപ്പം മരണം വരെ ജീവിക്കാൻ ആണ്‌ എനിക്കു മിഷ്ടം, ഞങ്ങളെ വെറുതെ വിട്ടേക്ക്, ഇനിയാരും മൊഴി ചൊല്ലിക്കാൻ ഈ പടി കടന്ന് വരണ്ട,”

വന്നവരുടെ കൂട്ടത്തിൽ ഏറ്റവും പിറകിലായി അന്തം വിട്ട് നിന്ന സാദിഖിനെ നോക്കി അത്രയും കൂടി പറഞ്ഞ വസാനിപ്പിച്ചു കൊണ്ട് അമീറിന്റെ കൈയ്യും പിടിച്ചു താഹിറ വീടിന് അകത്തേക്ക് നടന്നു, അവളുടെ ഓരോ ചുവടിനും അതുവരെ ഇല്ലാത്ത ഉറപ്പുണ്ടായിരുന്നു, കണ്ണിലെ കനൽ നിറഞ്ഞ തീക്ഷണതക്കും!!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *