നിങ്ങൾഒരച്ഛനാകാൻ പോകുന്നു … അകത്തെമുറിയിലെ പരിശോധന കഴിഞ്ഞു ഇറങ്ങിവന്നപ്പോഴായിരുന്നു ഇച്ചനോട് ഡോക്ടർ പറയുന്നത് കേട്ടത്……..

എഴുത്ത് :-ലച്ചൂട്ടി ലച്ചു

“കോൺഗ്രാജുലേഷൻസ് ജോ …!!

നിങ്ങൾഒരച്ഛനാകാൻ പോകുന്നു …”

അകത്തെമുറിയിലെ പരിശോധന കഴിഞ്ഞു ഇറങ്ങിവന്നപ്പോഴായിരുന്നു ഇച്ചനോട് ഡോക്ടർ പറയുന്നത് കേട്ടത് …

ഇച്ചന്റെ മുഖത്തേക്ക് ഞാനൊന്നു നോക്കി….!!

ഫ്യൂസായിപ്പോയ ബൾബിൽ വോൾടേജ് വന്നപോലായിരിക്കുന്നു മുഖം….

” നല്ല ക്ഷീണമുണ്ട് ആൾക്ക്…

ഞാൻ കുറച്ചു ടോണിക്ക് പ്രിസ്‌ക്രൈബ് ചെയ്യാം…

ഇനി അടുത്ത ചെക്കപ്പിന് വന്നാൽ മതി …”

പുഞ്ചിരിയോടെ ഡോക്ടർ അത് പറയുമ്പോഴും ഇച്ചൻ എന്നെ തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു …

ആശുപത്രിയിൽ നിന്നിറങ്ങിയപ്പോഴും ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴുമൊക്കെ ഡോക്ടർ പറഞ്ഞ വാക്കുകൾ തന്നെയായിരുന്നു മനസ്സിൽ …

ഇനി ഏഴു മാസം കൂടിയേ ഉള്ളു കോഴ്സ് തീരാൻ….

ട്രെയിനിങ്ങിനായി ഹൈദരാബാദിൽ പോകാൻ ഒരുവിധം കാലുപിടിച്ചാണ് ഇച്ചൻ സമ്മതിച്ചത് …

“നീ കേൾക്കുന്നില്ലേ ലക്ഷ്മി …??”

എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെന്നു തോന്നുന്നു …

“കേൾക്കുന്നുണ്ട്…..”

വെറുതെ ഒരു മറുപടി നൽകി … “ഇനി മുതൽ ഫോണൊന്നും അധികം ഉപയോഗിക്കേണ്ട ….

രാത്രി ഉറങ്ങാറാവുമ്പോൾ ഹെഡ്‍ഫോൺ വെച്ചുള്ള പാട്ടു കേൾക്കലുണ്ടല്ലോ ……അതങ്ങു നിർത്തിയേക്കണം ….

രാവിലെ ഒന്നും കഴിക്കാതെ കോളേജിലേക്ക് പോകുന്നത് ഇനി കണ്ടേക്കരുത്…..

വിശന്നിരിക്കരുത്…..

ക്യാന്റീനിൽ പോയി ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിച്ചേക്കണം …..

ഈ സമയത്തു വയറൊഴിഞ്ഞിരുന്നുകൂടാ ….

പറഞ്ഞത് മനസ്സിലായോ …??”

ഞാൻ മെല്ലെ തലയാട്ടി…

പിന്നെയും എന്തൊക്കെയോ മനസ്സിലായതും മനസ്സിലാകാത്തതുമായ കുറെ നിയമാവലികൾ ….!!

ഗൂഗിളിന്റെ ഇൻസ്ട്രക്ഷൻസ് വായിക്കുന്നത് പോലെ ഒന്നുംമനസ്സിലായില്ലെങ്കിലും എല്ലാത്തിനും മൗനമായി ഞാൻ അപ്പ്രൂവ് കൊടുത്തുകൊണ്ടേയിരുന്നു …..

എന്തെല്ലാം സ്വപ്നം കണ്ടിരുന്നതാണ് …..

ഒരു നിമിഷത്തേക്ക് ഒന്നും വേണ്ടായിരുന്നെന്നു തോന്നിപ്പോയി……

ആലോചിക്കുംതോറും ഇച്ചനോട് ദേഷ്യമേറി വന്നു …..

അയാളെ മാത്രം കുറ്റം പറയാതെടോ എന്ന് വാണിംഗ് സൈൻ ഇടുന്നതുപോലെ പലരാത്രികളുംഡെമോക്ലസിന്റെ വാൾ പോലെ മുൻപിൽ വന്നു തൂങ്ങിയാടിക്കൊണ്ടിരുന്നു ……

ആശുപത്രിയിൽ നിന്ന് വീട് വരേക്കുള്ള യാത്രയിൽ കുഞ്ഞിന്റെ നൂലുകെട്ടുവരെയുള്ള കാര്യങ്ങൾ വിഭാവനം ചെയ്യുന്ന ഇച്ചനോട് സത്യത്തിൽ എനിക്ക് വല്ലായ്മ തോന്നി ……

എന്റെ കാര്യം ചിന്തിക്കുന്നേയില്ല …

ഈ വീർത്ത വയറും താങ്ങി പിടിച്ചുകൊണ്ടുള്ള കോളേജിൽ പോക്ക് ….

ബെഞ്ചിന്റെയും ഡെസ്കിന്റെയും ഇടയിൽ ഇനി തന്റെ ശരീരം കൊള്ളുമോ എന്ന് ഒന്നുകൂടി സംശയിക്കണ൦…

ജനിച്ചപ്പോഴേ കൂടെ ജനിച്ച തടിയാണ് …

അതൊന്നു കുറക്കാൻ തോന്നിയത് തന്നെ ഈ ബൈക്കോടിക്കുന്ന മനുഷ്യൻ മെക്കാനിക്സിന്റെ ടെക്സ്റ്റും ഒരു ചോക്ക് പെട്ടിയും കൊണ്ട് ക്ലാസ്സിൽ ആദ്യായിട്ട് വന്നപ്പോഴും …

ആംഗിളും ഡയമെൻഷൻസും റിസോൾവിങ്ങും ഒക്കെ ബോര്ഡില് വെന്നിക്കൊടി പാറിക്കുമ്പോൾ തിങ്കൾ മുതൽ വെള്ളി വരെ അയാളിടുന്ന ഷർട്ടിന്റെ നിറം നോക്കിയിരിക്കലായിരുന്നു എന്റെ മെക്കാനിസം…….

ആദ്യമായിട്ട് ചോക്ക് കൊണ്ട് ഒരുഎറി കിട്ടിയപ്പോഴായിരുന്നു നിശബ്ദമായിരുന്ന എന്റെ പ്രേമം അയാൾക്ക് അസഹനീയമാണെന്നു ഞാൻ തിരിച്ചറിഞ്ഞത്….

” ഇതിന്റെ ബെൻഡിങ് മോമെന്റും ഷിയർ ഫോഴ്‌സും ഒന്ന് കാൽക്കുലേറ്റ് ചെയ്യൂ താൻ …!!”

അപ്രതീക്ഷിതമായ അയാളുടെ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞത് അയാളെ ഞെട്ടിച്ചുകളഞ്ഞു…..

ശരിയായി ആൻസർ പറഞ്ഞതല്ല ….

ഷർട്ടിന്റെമുകളിലത്തെ ബട്ടൺ പൊട്ടിയിരിക്കിന്നുവെന്നു പറഞ്ഞത് മാത്രമേ ഓർമ്മയുള്ളു …..

അന്നത്തെ ദിവസം മുഴുവൻ വെളിയിൽ നിന്ന് നോക്കിക്കണ്ടു തൃപ്തിപ്പെടേണ്ടി വന്നു ….

വാശി പിടിച്ചൊരു പ്രണയം…..!!

വിവാഹാലോചന മുറുകിയപ്പോഴായിരുന്നു പ്രണയമുണ്ടെന്നു അച്ഛനോട് തുറന്നുപറഞ്ഞത്…

ജാതിമതഭേദത്തോട് വീട്ടുകാർക്ക് വലിയ താല്പര്യമില്ലാത്തതിനാലും വലിയ പുരോഗമനചിന്താഗതി വച്ചുപുലർത്തുന്ന കുടുംബമായതുകൊണ്ടും ദേഹത്ത് ഓരോ ചൂരലുകളായി എതിർപ്പുകൾ ഒടിഞ്ഞുപൊട്ടി …..

പെങ്ങളെ വഴിതെറ്റിച്ചതിനു ചോദിയ്ക്കാൻ ചെന്ന വല്യേട്ടന് മുൻപിൽ അന്ധാളിച്ചു നിന്ന ഇച്ചന്റെ മുഖം ഇന്നും ഓർമ്മയിലുണ്ട്….

” ഞാൻ തന്നോടെപ്പോഴാ ലക്ഷ്മി ഇഷ്ടമാണെന്നു പറഞ്ഞിട്ടുള്ളത്….??

ഞാൻ പഠിപ്പിക്കുന്ന ഒരു സ്റ്റുഡന്റ് …

അത് മാത്രമാണ് എനിക്ക് താൻ …”

സ്വകാര്യസംഭാഷണങ്ങൾ തുടങ്ങിയത് ആ ഒരു വാചകത്തിലൂടെ ആയിരുന്നു ….

മുഖം പൊത്തിയുള്ള പൊട്ടിക്കരച്ചിലിനിടയിലും നടുവിരലുകൾ അടർത്തി മാറ്റി ഞാൻ ഇച്ചന്റെ മുഖം വീക്ഷിച്ചു…..

മഞ്ഞുരുകുന്നുണ്ടെന്നു മനസ്സിലായി ഒന്നും പറയാതെ അന്നവിടെ നിന്ന് പോയെങ്കിലും പ്രതീക്ഷയോടെ ഞാൻ കാത്തു …..

ഊണും ഉറക്കവും വെടിഞ്ഞത് പുസ്തകങ്ങളെ പിണക്കിയത് ഒക്കെയും വാശിയോടെ അയാളെ തന്നെ പ്രണയിക്ക)ൻ പ്രേരിപ്പിച്ചതിനുള്ള തെളിവുകളായിരുന്നു…

എന്തിനാണ്ഇച്ചനോട് അങ്ങനെയൊരു വികാരം തോന്നിയത്…??

അറിയില്ല …

അതിസുന്ദരനോ കലാകാരനോ രസികനൊ ഒന്നുമല്ലാത്തൊരാൾ….

അതായിരുന്നു അയാളിൽ ഞാൻ കണ്ട പ്രത്യേകത …

” എനിക്ക് തന്റെ മേലൊരു പ്രതീക്ഷയുണ്ട് ….ഇങ്ങനെ ഉഴപ്പി നടന്നാൽ ശരിയാവില്ല ലക്ഷ്മി ……..”

സർവ്വേ ലാബിൽ വച്ചായിരുന്നു വീണ്ടും ഇച്ച ന്റെ ഉള്ളിലെ ഉപദേശിയുണർന്നത് ….

ഞാൻ നെറ്റി ചുളിക്കുന്നത് കണ്ടു എന്താണെന്ന അർത്ഥത്തിൽ അയാൾ പുരികം വളച്ചു ….

തിയോഡലൈറ്റിന്റെ മെഷർമെന്റ് വീണ്ടും റീ സെറ്റ് ചെയ്തു ഞാൻ ചോദിച്ചു …

“വീടിനടുത്തു പള്ളിയുണ്ടോ …??”

“ഉണ്ട് എന്തെ…??”

” ഉപദേശം കയ്യിൽ വെച്ചേക്ക്….. ഇടയ്ക്കിടെ രണ്ടു കുഞ്ഞാടുകളെ ചേർത്തുകെട്ടി സഭയിൽ വിള മ്പാ൦ ….”

പതിവുപോലെ അയാളുടെ വഴക്ക് പ്രതീക്ഷിച്ചു നിന്ന എനിക്ക് പകരമായി കിട്ടിയത് ഒരു പൊട്ടിച്ചിരിയായിരുന്നു ….

“നീയൊരു കാന്താരിയാണ് ….

വല്ലാത്തൊരു പെണ്ണ് !!”

“മാഷ് തല്ക്കാലം ഒരു കാര്യം ചെയ്യ്…

നിന്നിടത്തു തന്നെ പോയി നിലക്ക്… ഞാൻ ഫോക്കസ് ചെയ്യട്ടെ..”

” എന്ത് …??

അപ്പോൾ നീ മാർക് ചെയ്ത പോയ്ന്റ്സ് അല്ലെ ഫോക്കസ് ചെയ്തേ …??”

“ഇതുവരെ അല്ല ….”

നന്നായിട്ടൊന്നു ചിരിച്ചു കാണിച്ചു കൊടുത്തു ….

അവസാനം ആത്മഹത്യാഭീഷണി മുഴക്കിയും കൃത്രിമ നിരാഹാരം നടത്തിയുമൊക്കെ ഇച്ചനെന്ന ഡിഗ്രി ഞാൻ നേടിയെടുത്തു …

“എന്നാലും ഒരു പെണ്ണായിട്ടു കൂടി നീയെന്റെ മുഖത്ത് നോക്കി ഇഷ്ടമാണെന്നു പറഞ്ഞല്ലോടീ …??”

“പെണ്ണാണെങ്കിലെന്താ…. ഇഷ്ടം തോന്നില്ലേ…??

പറയേണ്ട സമയത് പറഞ്ഞില്ലെങ്കിൽ മാമോദിസ മുക്കിയ ഏതേലും പെണ്ണ് വന്നു നിങ്ങളെ കൊണ്ടുപോകുമെന്ന് തോന്നി …..”

അതുകൊണ്ട് കണ്ണുംപൂട്ടിയങ് പറഞ്ഞു …

പലപ്പോഴും ഇച്ച നെന്റെ പൊട്ടത്തരങ്ങൾക്കെല്ലാം അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു …

പല വഴക്കുകളും ഇച്ചന്റെ പക്വത കൊണ്ടുമാത്രം അതിരു വിടാതെ ഒരു ചുംബനത്തിലും ആലിംഗനത്തിലും കലാശിച്ചു ….

“ഇച്ചാ ….

വണ്ടി സൈഡിലൊതുക്കു “

ഞാൻ പെട്ടെന്ന് പറഞ്ഞു..

” എന്തുപറ്റി ..??വോമിറ്റ് ചെയ്യണോ…?”

മറുപടിയൊന്നും പറയാതെ ഞാൻ ഇറങ്ങി …

“ലക്ഷ്മി നിന്നോടാ ചോദിച്ചേ… വിശക്കുന്നുണ്ടോ നിനക് ..??അതോ കുടിക്കാൻ എന്തെങ്കിലും വേണോ …??വയ്യായ്കയുണ്ടോ …??

തീരെ വയ്യെന്നുണ്ടെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം ….”

വെപ്രാളത്തോടെയുള്ള ഇച്ചന്റെ ചോദ്യങ്ങൾ എന്റെ അരിശം കൂട്ടി..

” ഒന്ന് നിർത്തുന്നുണ്ടോ ഇച്ച …

ഹോസ്പിറ്റലിൽ നിന്നിറങ്ങിയത് തൊട്ടു കാണാൻ തുടങ്ങിയതണ് ഈ അച്ഛൻ ചമയക്കം…

മതിയാക്ക്‌”

എന്റെ വാക്കുകൾ അവിടെ വേദന കുത്തിവരച്ചിട്ടുണ്ടെന്നു നിറഞ്ഞ കണ്ണുകൾ വിളിച്ചോതി…

” നീയിതെന്തൊക്കെയാ ലക്ഷ്മി പറയുന്നേ ..??”

“എനിക്ക് വയ്യ ഇച്ച)… ഇരുപത്തിരണ്ടു വയസ്സേ ഉള്ളു എനിക്ക് ….

ഒരമ്മയാവാനുള്ള പക്വതയും പാകതയുമൊന്നും എനിക്കില്ല …

ഈ വീർത്ത വയറും താങ്ങി പിടിച്ചുകൊണ്ടു ക്ലാസ്സിലൊക്കെ ചെന്നിരിക്കാന്നുവച്ചാൽ …!!

ഇച്ചന് അഭിമാനക്കുറവൊന്നും തോന്നുന്നില്ലേ കല്യാണം കഴിഞ്ഞിട്ടു മാസം രണ്ടുതികഞ്ഞില്ല എന്റെ കൂട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും ഇച്ചനും കൂടി ക്ലാസ്സിലേക് പഠിപ്പിക്കാൻ വന്നാൽ പിന്നെ അതുമതി തൊലിയുരിയാൻ …

അത് മാത്രമാണോ …”

സങ്കടത്തോടെ ഞാൻ എന്റെ ദേഹത്തേക്ക് നോക്കി

“ഒരു കുഞ്ഞൊക്കെയായാൽ ഞാൻ ഏതു വിധമാകും കാലും കയ്യുമൊക്കെ നീര് വന്നു വീർത്ത് …കവിളൊക്കെ തൂങ്ങി …എനിക്കതൊന്നും ചിന്തിക്കാൻ കൂടി വയ്യ ….”

“ഇതാണോ നിന്റെ പ്രശനം…??”

ഇച്ചൻ സൗമ്യമായി ചോദിച്ചു …

“ഇത് മാത്രമല്ല… ഏഴുമാസം കഴിഞ്ഞുള്ള എന്റെ ട്രെയിനിങ് അതിനി നടക്കുവോ ….??

ഇല്ല ….എനിക്കറിയാം …ഈയൊരവസ്ഥയിൽ ഇച്ചനെ ന്നേ അത്രയും ദൂരം വിടുമോ …

ഇല്ല ….

അതുമെനിക്കറിയാം….”

” എല്ലാം നിനക്കറിയാമെങ്കിൽ പിന്നെ ഞാനായിട്ടൊന്നും പറയണ്ടല്ലോ…??”

ഇച്ചൻ കളിയാക്കുകയാണെന്നു തോന്നിയപ്പോൾ എനിക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല…

” നിങ്ങളൊരു ദുഷ്ടനാണ്..!!

അല്ല …

എല്ലാം എന്റെ തെറ്റാണ് ഇത്തിൾക്കണ്ണി പോലെ ഞാനാണല്ലോ നിങ്ങളിൽ പറ്റിപ്പിടിച്ചത് …ഇച്ചന് എന്നെ ഇഷ്ടമാണൊന്നു കൂടി ഞാൻ ചോദിച്ചിട്ടില്ല അങ്ങോട്ട് എന്റെ ഇഷ്ടം അടിച്ചേൽപ്പിച്ചതല്ലാതെ ….അതുകൊണ്ട് ഞാനാണല്ലോ സഹിക്കേണ്ടത് എല്ലാം ഇച്ചനെന്താ ഒന്നും നഷ്ടപ്പെടാനില്ല ….എത്രായിരം എല്ലുകൾ ഒരുമിച്ചുനുറുങ്ങുന്ന വേദനയാണെന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട് …എനിക്ക് വയ്യ അതിനൊന്നും …!!”

കരണം പുകച്ചുള്ളൊരടിയോ കിഴുക്കോ പ്രതീക്ഷിച്ചു നിന്ന എന്റെ കയിൽ ഇച്ചൻ വിരലമർത്തി …

നിറഞ്ഞൊഴുകിയ കണ്ണുകൾ പതിയെ തുടച്ചു …

“ലക്ഷ്മിക്കുട്ടി നിനക്ക് എന്റെ കുഞ്ഞിനെ വേണ്ടേ ….??”

ഇരുതോളുകളിലും അമർന്ന കൈകൾ മുറുകുന്നുണ്‌ടായിരുന്നു …

“നിന്റെ പ്രധാന പ്രശ്‌നം മറ്റുള്ളവർ കളിയാക്കുമെന്ന പേടി …

വിവാഹം കഴിഞ്ഞാൽ ഒരു പെണ്ണ് ഗർഭിണിയാകുന്നതുമൊക്കെ സാധാരണമാണ് ലക്ഷ്മി…

അമ്മയാവാനുള്ള പക്വതയും പാകതയും നീയ് ഉണ്ടാക്കിയെടുക്കേണ്ടതില്ല ലക്ഷ്മി… അമ്മയാകുമ്പോൾ നിനക്കത് സ്വയം ഉണ്ടായിക്കോളും അതങ്ങനെയാണ് ….

അതിലധികം വേവലാതിപ്പെടേണ്ട എന്ത് കാര്യമാണ് ഉള്ളത് …

എന്റെ രക്തമല്ലേ നിന്റെ വയറ്റിൽ…. നിനക്ക് കൂടിയുള്ള നാണക്കേട് ഞാൻ സഹിച്ചോളാം..

എന്തേ…??”

ഞാൻ മിഴിച്ചു നിന്നു…

” രണ്ടാമത്തേത് നിന്റെ സൗന്ദര്യത്തിന് കുറിച്ചുള്ള ആധി …

നീ സുന്ദരിയാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല ….”

പരുഷമായി ഇച്ചൻ മുഖത്തടിച്ചു പറഞ്ഞു…

” നോക്കേണ്ട കാര്യായിട്ടാണ് പറഞ്ഞത് …

നീ സുന്ദരിയാണെന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടുണ്ടോ…??”

ഇല്ലെന്നു തല ചലിപ്പിച്ചു …

“പക്ഷെ ഇനിയുള്ള ഓരോ ദിവസവും ഞാൻ പറയും നീയാണ് ഈ ലോകത്തെ ഏറ്റവും വലിയ സുന്ദരിയെന്ന് …

ഒട്ടിക്കിടക്കുന്ന നിന്റെ ഈ വയറിനേക്കാൾ അതിലെന്റെ കുഞ്ഞിനെ കിടത്തുമ്പോൾ വിസ്താരം കൂടുകയാണെങ്കിൽ അതാണ്
സൗന്ദര്യം….

നിന്റെ കൈകളും കാൽവണ്ണയും നീരുവന്ന് ചുമക്കുമ്പോഴാണ് നിന്റെ സൗന്ദര്യത്തിനു മാറ്റേറുന്നത് …

ഓരോദിവസവും വീർത്തിടുങ്ങി കറുക്കുന്ന നിന്റെ കഴുത്തിൽ എന്റെ മിന്ന് കിടക്കുന്നതായിരിക്കും എനിക്ക് ഇഷ്ട്ടം

നിന്റെ ഇരുകവിളുകളിലും ക്ഷീണത്തിന്റെയും വിയർപ്പിന്റെയും താട തൂങ്ങുമ്പോഴാണ് നിന്റെ കവിളൊന്നു ചുംബിക്കാനെങ്കിലും എനിക്ക് തോന്നുന്നത്….

ഇപ്പോൾ നോക്കിയേ നേരെ ചൊവ്വേ ഒരടി തരാൻ കൂടി സ്ഥലമില്യ…”

ഇച്ചൻ ഊറിച്ചിരിച്ചു… എനിക്കും ചെറുതായിട്ട് ചിരി വരുന്നുണ്ടായിരുന്നു ..

“നീയ)ർക്കു വേണ്ടിയാണ് ചമയുന്നത് ..??

എനിക്ക് വേണ്ടിയല്ലേ ??”

ഞാൻ സമ്മതത്തോടെ തലകുനിച്ചു…

രണ്ടു വർഷക്കാലം എന്നെ വീഴ്ത്താനായി ഒരുങ്ങി വന്ന നിന്നെ ഇനി മുതൽ എന്റെ കൈകൾ കൊണ്ട് എനിക്ക് ഒരുക്കണം…

എന്റെ കുഞ്ഞു വരുമ്പോൾ അവൾക്ക് കാണാനായി നിന്നെ ഒരുക്കിനിർത്തനം എനിക്ക് ആദ്ദ്യയിട്ടു കാണുമ്പോൾ അവൾക്കു തോന്നണം….

എന്റെ അമ്മ ഇത്രയേറെ സുന്ദരിയാണെന്ന് ….”

ഞാൻ മെല്ലെ കണ്ണ് ചിമ്മി …

“അടുത്തത് നിന്റെ ഭാവി…

ഗർഭിണിയാകുന്നത് ഒരസുഖമല്ല…

ഒരവസ്ഥയാണ്…

ദൂരേക്ക് പോകാതിരിക്കാൻ മാത്രം നിനക്കെ ന്ത്അവശതയാണുള്ളത് …??

ഞാൻ കൊണ്ടുപോകും നീയാഗ്രഹിക്കുന്നയിടത്തേക്ക്….

നിനക്ക് വയ്യെന്ന് പറഞ്ഞാൽ പോലും പഠിക്കാതിരിക്കാൻ ഞാൻ സമ്മതിക്കില്യ …

പോരെ…..??”

ഞാൻ മൗനം പാലിച്ചു ….

“പക്ഷെ അവസാനായിട്ട് പറഞ്ഞതന്റെ ചങ്കിൽ കൊണ്ടു…

നീയ് ഇത്തിൾക്കണ്ണിയാണെന്നു നിനക്ക് തോന്നുണ്ടെങ്കിൽ അതെന്റെ പരാജയമാണ്…

നിന്റെ വമ്പത്തരങ്ങളെല്ലാം കാണാൻ അതിനു കൂട്ടുനിൽക്കാൻ ഒക്കെത്തന്നെയാണ് കൂടെ കൂട്ടിയത്…. ഒരുപാടിഷ്ടായിട്ടാണ്….

നീ അനുഭവിക്കുന്ന ചെറിയൊരു വേദന പോലും അതിന്റെ ആയിരം മടങ്ങായിട്ടാണ് എന്നെ മുറിവേൽപ്പിക്കുന്നത് ….

നിന്റെ എല്ലുകൾ നുറുങ്ങുമ്പോൾ എന്റെ സിരകളാകും പൊട്ടിയൊലിക്കുന്നത് പറയാനെനിക്കറിയില്ല ലക്ഷ്മി …!!”

അത്രയും പറഞ്ഞുകൊണ്ട് ഇച്ചൻ എനിക്ക് മുഖം തരാതെ നിന്നപ്പോഴേക്കും എന്റെ ഹൃദയം വെന്തു നീറി….

” ക്ഷമിക്ക് ഇച്ചാ…!!

ഞാൻ അറിയാതെ… എന്റെ അറിവില്ലായ്മ കൊണ്ട് ഓരോ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞതാണ് …!!”

പൊട്ടികരഞ്ഞുകൊണ്ടു ഞാൻ ഇച്ച നെ വരിഞ്ഞുമുറുക്കി….. ഒന്നും മിണ്ടാതെ തിരിച്ചെന്നെയും ….

“നീയാണെനിക്ക് പ്രധാനം ലക്ഷ്മി …

ഈ വഴി രണ്ടായിട്ടു തിരിയുകയാണ് ഞാൻ പറഞ്ഞത് നിനക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ വീട്ടിലേക്ക്…

അല്ലെങ്കിൽ ….

നിന്റെ ഇഷ്ടമാണ് പ്രധാനമെങ്കിൽ തിരിച്ചു ഹോസ്പിറ്റലിലേക്ക്…”

ഇച്ചൻ ക്ഷമയോടെ പറഞ്ഞു…..

” രണ്ടിടത്തേക്കും വേണ്ട …..!!”

ഞാൻ മുഖമുയർത്താതെ മന്ത്രിച്ചു….

” പിന്നെ…??”

” എനിക്ക് ….വിശക്കുന്നുണ്ട്….!!”

ചിരിയോടെ ഞാനതു പറഞ്ഞപ്പോൾ ഇച്ചനിലേക്കും ഒരു പുഞ്ചിരി പടർന്നിരുന്നു……

Related Posts

Leave a Reply

Your email address will not be published. Required fields are marked *