നിങ്ങൾ ചെറുപ്പമാണ്.വിവാഹം കഴിഞ്ഞാറ്‌ മാസം ആയതല്ലെയുള്ളു.ഇതിനകം വിവാഹമോചനമോ……..

”ജീവിതം സാക്ഷി “

Story written by Sebin Boss J

“” നിങ്ങൾ ചെറുപ്പമാണ് . വിവാഹം കഴിഞ്ഞാറ്‌ മാസം ആയതല്ലെയുള്ളു . ഇതിനകം വിവാഹമോചനമോ ? . “” അഡ്വക്കേറ്റ് രാജൻ മേനോൻ തന്റെ മുന്നിലിരിക്കുന്ന യുവമിഥുനങ്ങളെ നോക്കി .

“”’ ജീവിതത്തിലെ പതിരും കതിരും നിങ്ങൾക്ക് വേർതിരിച്ചറിയാനായിട്ടില്ല ..അതിനുള്ള പക്വതയും പ്രായവും നിങ്ങൾക്കില്ല .ഇപ്പോഴേ ഡിവോഴ്സ് ..നിങ്ങൾ ശെരിക്കുമാലോചിച്ചിട്ട് തന്നെയാണോ ? ””

“”ജീവിതത്തിന്റെ പതിരും കതിരും തിരിച്ചറിയാൻ പ്രായം വേണമെന്നുണ്ടോ സാർ ? അനുഭവങ്ങളും ജീവിത ചുറ്റുപാടുകളുമല്ലേ ഒരാളെ പക്വത ആക്കുന്നത് “”

മുന്നിലിരിക്കുന്ന പെൺകുട്ടി പറഞ്ഞപ്പോൾ രാജൻ മേനോൻ കണ്ണട ഊരി ടവൽകൊണ്ട് തുടച്ചു മേശപ്പുറത്തുവെച്ചിട്ടവളേ നോക്കി .

“‘എന്താണിപ്പോൾ പിരിയാൻ കാരണം ? നിങ്ങൾക്കറിയാമല്ലോ ഞാനൊരു ക്രിമിനൽ ലോയറാണ് .ഡിവോഴ്സ് കേസൊക്കെ നോക്കുന്നത് എന്റെ ചില ജൂനിയേർസ് ആണ് .എന്റെ ജൂനിയറായ അഡ്വക്കേറ്റ് നിങ്ങളെ ഇങ്ങോട്ട് പറഞ്ഞു വിടണമെങ്കിൽ അതിലെന്തെങ്കിലും കാര്യമുണ്ടാവും . പക്ഷെ എനിക്കവരെ കോൺടാക്റ്റ് ചെയ്യാൻ പറ്റിയില്ല . അത്കൊണ്ട് നിങ്ങൾക്ക് രണ്ടുപേർക്കും പറയാനുള്ളത് പറഞ്ഞുതന്നാൽ ഉപകാരമായിരിക്കും. ”’ രാജൻ മേനോൻ എഴുന്നേറ്റ് കോഫി മെഷീന്റെ മുന്നിലെ ട്രേയിൽ ഗ്ലാസ് എടുത്തു വെച്ച് മെഷീൻ ഓൺ ചെയ്തു .

“”ആദ്യം നിങ്ങളുടെ രണ്ടാളുടെയും പ്രൊഫഷൻ മുതൽ . ഹും … തുടങ്ങിക്കോളൂ “”

“‘സാർ എന്നെ കാണാൻ സുന്ദരിയല്ലേ ? പറയൂ ..”” നിറഞ്ഞ ഗ്ലാസ് മാറ്റി അടുത്തത് വെക്കുകയായിരുന്ന രാജൻ മേനോന്റെ കയ്യിലെ ഗ്ലാസ് തുളുമ്പി കോഫി നിലത്തേക്ക് വീണു .

ഹും … ലവ് മാര്യേജ് ആണ് . സൗന്ദര്യത്തിൽ മയങ്ങി വിവാഹം കഴിച്ചു കാണും . ജീവിതം തുടങ്ങിയപ്പോൾ സൗന്ദര്യമല്ല ജീവിതത്തിൽ ശെരിക്കുമുള്ള മാനദണ്ഡമെന്ന് മനസ്സിലായിക്കാണും . .

രാജൻ മേനോൻ കോഫി അവരുടെ മുന്നിൽ വെച്ചു . ചെറുപ്പക്കാരൻ ഒന്നും മിണ്ടാതെ ടേബിളിൽ ഇരുന്ന പേപ്പർ വെയിറ്റിൽ തെരുപ്പിടിച്ചിരിക്കയാണ് .

”നിങ്ങൾ രണ്ടാളും സുമുഖരാണ്‌ . പക്ഷെ ബാഹ്യസൗന്ദര്യത്തിൽ അല്ലല്ലോ കാര്യം . അതാണ് ഞാൻ പറഞ്ഞത് നിങ്ങൾക്ക് ജീവിതമെന്തെന്ന് തിരിച്ചറിയാനുള്ള പക്വതയായിട്ടില്ലന്ന് . നിങ്ങൾ ലവ് മാര്യേജ് ആണോ ? “”

””ഞങ്ങൾ ലവ് മാര്യേജ് തന്നെയാണ് . ബിനോജ് എന്നെ കണ്ടിഷ്ടപ്പെട്ടത് കൊണ്ടാണല്ലോ ഞങ്ങൾ തമ്മിൽ സ്നേഹിച്ചതും വിവാഹം കഴിച്ചതും . ഇപ്പൊപ്പിന്നെ എനിക്കെങ്ങെനയാണ് കുറ്റങ്ങളൊക്കെ പെട്ടന്നുണ്ടായത് ? ഡ്രെസ് സെൻസില്ല , പുതിയത് ഒന്നും വാങ്ങുന്നില്ല , പഴയത് ആണെല്ലാം , എന്നിങ്ങനെ ഇല്ലാത്ത കുറ്റങ്ങളില്ല . നോക്ക് സാർ , ഞാനൊരു ടീച്ചറാണ് . ആഴ്ചയിൽ അഞ്ചുദിവസം ജോലിയുണ്ട് . ആ അഞ്ചുദിവസത്തെക്ക് ഉള്ള സാരി പോരെയെനിക്ക് ? കല്യാണത്തിനും മറ്റും പോകാൻ ആണേൽ രണ്ടെണ്ണം വേറെയുണ്ട് . പിന്നെന്തിനാണ് കൂടുതൽ ഡ്രെസ്സുകൾ? ഇപ്പൊ കുട്ടികൾ വേണമെന്ന് . ബിനോജിന്റെ ഈ ധാരാളിത്തം കൊണ്ടെങ്ങനെ മുന്നോട്ട് പോകും , അതിനിടയിൽ കുട്ടികൾ കൂടി ആയാൽ ? ”” പെൺകുട്ടി രാജൻ മേനോനെ നോക്കി

”’ ഫേസ്‌ബുക്കിൽ ഒരു ഫ്രണ്ടുമായാണ് ഇപ്പോൾ കൂടുതൽ സമയവും സംസാരം . ചോദിച്ചപ്പോൾ ജസ്റ്റ് ഫ്രെണ്ട്സ് ആണെന്ന് . എന്നോട് സംസാരിക്കാനുള്ളതിൽ കൂടുതൽ അവളോടെന്താണ് പറയാനുള്ളത് ? ‘ “” പെൺകുട്ടി കൂട്ടിച്ചേർത്തപ്പോൾ രാജൻ മേനോന് ചിരി വന്നുപോയി .

ആ ചെറുപ്പക്കാരൻ അപ്പോഴും ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ . സ്വന്തം ഭാഗം പോലും വിശദീകരിക്കാൻ അയാൾ കൂട്ടാക്കിയില്ല .

“” ഓക്കേ …നിങ്ങളുടെ പേര് ?””

“‘ മെറിൻ “”

“‘ഓക്കേ മെറിൻ ആൻഡ് ബിനോജ് നമുക്ക് അടുത്ത ദിവസം സംസാരിക്കാം . ഞാൻ എന്റെ ജൂനിയറുമായൊന്ന് ഡിസ്കസ് ചെയ്യട്ടെ “‘

“‘ ഓക്കേ സാർ . എത്രയും പെട്ടന്ന് എനിക്ക് ഡിവോഴ്സ് വേണം “‘

“‘ ഓക്കേ ..നമുക്ക് ശെരിയാക്കാം “”‘ ആ പെൺകുട്ടി പറഞ്ഞിട്ടെഴുന്നേറ്റപ്പോഴും നിസ്സംഗതയോടെ ആ ചെറുപ്പക്കാരൻ അപ്പോഴും കസേരയിൽ തന്നെ ഇരിപ്പായിരുന്നു . അവൾ പുറത്തിറങ്ങിയ ശേഷം മാത്രമാണ് അവൻ ഒന്ന് പുഞ്ചിരിച്ചെന്നു വരുത്തിയ ശേഷം എണീറ്റ് പുറത്തേക്കിറങ്ങിയത്.

‘”‘ കമിൻ “” വൈകിട്ട് പതിവ് പെഗ്ഗോടൊപ്പം ഫയലുമായിരുന്നപ്പോഴാണ് കോളിംഗ്ബെൽ കേട്ടത് . ഹേമയാകും അതെന്നയാൾക്ക് ഉറപ്പായിരുന്നു .

“” ആഹാ … അങ്കിൾ ഇന്ന് നേരത്തെയാണോ ?”’ സൈഡിലിരിക്കുന്ന ഗ്ലാസ് കണ്ടിട്ട് ഹേമ മുഖം ചുളിച്ചുകൊണ്ട് അടുത്തുവന്ന് കുപ്പിയുടെ അളവിൽ വിരൽകൊണ്ട് അളന്നു .

“‘ ഹമ് .. ഈയിടെ കുറെ കൂടുന്നുണ്ടോയെന്ന് ഡൗട്ടുണ്ട് “”

ഹേമ കയ്യിലിരുന്ന ഹോട് ബോക്സ് ഡൈനിങ്‌ ടേബിളിൽ വെച്ചിട്ട് വന്നു .

“” അഭി വന്നില്ലേ ഹേമേ “‘

“‘ വന്നു … കുളിക്കാൻ കയറി . ”’

“‘ നീ കാപ്പിവല്ലതും കൊടുത്തിട്ടാണോ വന്നേ .? അല്ലെങ്കിൽ പൊക്കോളൂ . രണ്ട് ദിവസം കോടതിയില്ലല്ലോ നമുക്ക് പിന്നെ സംസാരിക്കാം “”

”’ അഭി ഇനി ഊണ് കഴിക്കാറാണ് പതിവ് .സാരമില്ല അങ്കിൾ , ഞാൻ പറയട്ടെ .. ഇന്നത്തെ കപ്പിൾസിനെ എന്തിനാണ് അങ്ങോട്ട് പറഞ്ഞു വിട്ടതെന്നല്ലേ അങ്കിൾ ചോദിയ്ക്കാൻ പോകുന്നെ?”” ഹേമ തീർന്ന നട്സ് പ്ളേറ്റ് എടുത്തുകൊണ്ട് പോയി നിറച്ചുകൊണ്ട് വന്നു .

“” ഒന്നുമില്ലാതെ നീ അവരെയെന്റടുത്തേക്ക് വിടില്ലന്നറിയാം “‘

”’ ലവ് മാര്യേജ് …ആറുമാസമേ ആയിട്ടുള്ളൂ വിവാഹം കഴിഞ്ഞിട്ട് . ഞാൻ അവനോട് സംസാരിച്ചു . അവനവളെന്നു വെച്ചാൽ ജീവനാണ് . “‘

“‘പിന്നെ ? പിന്നെയെന്താണ് ഹേമാ ?”’

“” പക്ഷെ അവൾക്കവനെ മനസ്സിലാക്കാൻ പറ്റുന്നില്ലന്നാണ് അവൻ പറയുന്നത് . ജോലി വീട് വീട് ജോലി എന്നത് തന്നെ ദിനചര്യ . വിദ്യാഭ്യാസമുണ്ടവൾക്ക് . പക്ഷെ സമൂഹത്തിലെ മാറ്റങ്ങൾക്കൊത്തു മാറുന്നില്ലന്ന് , എന്തിന് സോഷ്യൽ മീഡിയ ആക്ടിവിറ്റിസ് പോലുമില്ലെന്ന് .അവൾ അധികമാഡംബരത്തിലൊന്നും ജീവിച്ചത് . കഷ്ടപ്പെട്ട് പഠിച്ചു വളർന്നതാണ് .. അവൻ ഐടി കമ്പനിയിലും അവൾ സ്‌കൂൾ ടീച്ചറും . കണ്ടു പരിചയപ്പെട്ടു മൂന്നോ നാലോ മാസത്തെ പ്രണയം , പിന്നെ വിവാഹം . “”

“‘അതിനിടക്ക് അവർ തമ്മിൽ തുറന്നു സംസാരിക്കലുകൾ ഇല്ലായിരുന്നോ . പരസ്പരം മനസിലാക്കാതെയാണോ വിവാഹിതരായത് . എന്റെ ചിന്തയിൽ പ്രണയം നല്ലതാണു , പക്വതയുള്ള പ്രായത്തിൽ പ്രണയിക്കണം , തുറന്നു സംസാരിക്കണം . പരസ്പരം അറിയുന്നതും മനസ്സിലാക്കുന്നതും , അത് മുന്നോട്ടുള്ള ജീവിതത്തിൽ നല്ലതാണ് . പല പാകപ്പിഴകളും ഉണ്ടാവില്ല . ദമ്പതികൾ തമ്മിലുള്ള സംശയങ്ങളും ഒക്കെ ഈ തുറന്നു പറച്ചിലുകൾ കൊണ്ടില്ലാതാവും . പക്ഷെ അത് പ്രണയിക്കുന്ന സമയത്തേ തുടങ്ങണം “” രാജൻ മേനോൻ ഒഴിഞ്ഞ ഗ്ലാസിൽ വീണ്ടും നിറക്കാൻ തുടങ്ങിയപ്പോൾ ഹേമ കുപ്പിയിൽ പിടിച്ചു ബലമായി അത് വാങ്ങി ടേബിളിൽ വെച്ചു .

“‘ മുടിയൊക്കെ നരച്ചു തുടങ്ങി . ഡൈ ചെയ്തു കഴിഞ്ഞാൽ ചെറുപ്പക്കാരനായി എന്നാണോ വിചാരം . വല്ലിടത്തും വീണു കിടന്നാൽ ഞാൻ കാണുവേലെ കേട്ടോ “‘ ഹേമ അയാളുടെ സൈഡിൽ നിന്ന് നരച്ച തലമുടി ഒരെണ്ണം പിഴുതെടുക്കാൻ നോക്കി .

“‘ മോളെ നീ അങ്ങോട്ട് മാറി നിൽക്ക് . ഞാനും നീയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കാണുന്നവർക്ക് മനസിലാകില്ല . “”

കഴിഞ്ഞ വർഷമാണ് ഹേമയുടെ വിവാഹം കഴിഞ്ഞത് . അതും ലവ് മാര്യേജ് ആയിരുന്നു . അഭിനവ് മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ് .ആറുമാസം കൂടുമ്പോൾ ലീവിനെത്തും .

“‘ എന്താണ് സാർ നിങ്ങൾ തമ്മിലുള്ള ബന്ധം ?”’ വാതിൽക്കൽ അപരിചിതമായ ശബ്ദം കേട്ട് രാജൻ മേനോൻ ഞെട്ടിത്തിരിഞ്ഞങ്ങോട്ട് നോക്കി .

ത്രീഫോർത്തും ബനിയനും കയ്യിലൊരു തർക്കിടവലുമായി സുമുഖനായൊരു യുവാവ് .

“‘ വാ അഭി …”” രാജൻ മേനോൻ ഒന്ന് പകച്ചെങ്കിലും ഹേമക്ക് ഒരു കൂസലുമില്ലായിരുന്നു . അവൾഅയാളുടെ നരച്ച മുടി വീണ്ടും പറിച്ചെടുത്തു .

“‘അഹ് ..മോളെ ..”‘

“‘ഈ മോളെ വിളിയിൽ ഉണ്ടല്ലോ സാർ നിങ്ങൾ തമ്മിലുള്ള ബന്ധം “‘ അഭി അകത്തേക്കുവന്നയാൾക്ക് കൈ നീട്ടി പുഞ്ചിരിച്ചു .

”” പിന്നെ ഞാനൊരു മർച്ചന്റ് നേവിക്കാരൻ ആണ് “‘

‘”‘അതിന് ? .. അങ്കിളിന്റെ ക്വട്ടയിൽ നിന്ന് വേണമായിരിക്കും അല്ലെ . അഭി ..ദേ .. നിനക്ക് വേണോങ്കിൽ തരാം , ഒരു കമ്പനിക്ക് എന്ന് പറഞ്ഞിനി അങ്കിളിന് കൊടുക്കാൻ പാടില്ല “‘

“”” ഓ സമ്മതിച്ചു മോളെ .. നീ ഒരെണ്ണം ഒഴിക്ക് . “”’ അഭി സ്റ്റുഡിയോ ഫ്ലാറ്റിന്റെ ഉള്ളിൽ ഒന്ന് കണ്ണോടിച്ചിട്ട് രാജൻ മേനോന്റെ എതിരെയിരുന്നു .

“‘സോറി അഭി … പെട്ടന്ന് ഞാൻ ..എന്നെ പരിചയപ്പെടുത്താൻ മറന്നു . ഞാൻ രാജൻ മേനോൻ . ഹേമയുടെ …””

“‘ ഹേമയുടെ സീനിയർ അഡ്വക്കേറ്റ് ആണ് , പിന്നെ അവളുടെ പ്രിയപ്പെട്ട അങ്കിൾ ആണ് .. ശാസിക്കാനും ശിക്ഷിക്കാനും അധികാരമുള്ള രക്ഷാകർത്താവ് ആണ് ….””‘

രാജൻ മേനോന്റെ ചുണ്ടിൽ അഭിയുടെ സംസാരം കേട്ടിട്ട് പുഞ്ചിരി വിടർന്നു .

“‘ഞാൻ അഭിയെ കാണുന്നത് ആദ്യമായാണ് . എനിക്ക് കല്യാണത്തിന് വരാൻ സാധിച്ചില്ല . “‘

“‘ അറിയാം സാർ , സുപ്രീം കോടതിയിൽ ഒഴിവാക്കാനാവാത്ത ഒരു കേസ് ..അങ്കിളിന് എന്നേക്കാൾ വലുത് കേസാണോ എന്ന് ചോദിച്ചു ഹേമ ദേഷ്യപ്പെട്ടതും പിണങ്ങിനടന്നതുമുൾപ്പടെ എല്ലാമെനിക്കറിയാം. ഞാനാണ് അവളെ വിളിച്ച് നിങ്ങളുടെ പിണക്കം കോമ്പ്രമൈസ് ആക്കിയത് “‘

“‘അഭീ പ്ലീസ് .. ഈ സാർ വിളി വേണ്ട . ഹേമ വിളിക്കുന്ന പോലെ അങ്കിൾ എന്ന് മതി “”

” അൽപം കൂടി സ്വാതത്ര്യം എടുക്കാനാണ് എനിക്ക് തോന്നുന്നത് .അങ്കിൾ എന്ന വിളിക്കും അകലം പോലെ . അച്ഛനെന്നു വിളിക്കാനാണ് ..എനിക്കിഷ്ടം . ഓർമകളിൽ മാത്രമേ എനിക്ക് അച്ഛൻ ഉള്ളൂ “‘

“‘ തീർച്ചയായും അഭിക്ക് എന്നെ അച്ഛനെന്ന് വിളിക്കാം . അഭിയുടെ അച്ഛൻ ..”‘

“‘ അച്ഛൻ മരിച്ചു. “‘

“‘ ഓ … സോറി അഭി ..””’ രാജൻ മേനോൻ ഒന്ന് നിർത്തി തുടർന്നു

“” എനിക്ക് അഭിമാനമുണ്ട് .എന്റെ മോൾക്ക് കിട്ടിയത് അവളെ അറിയാവുന്ന ഒരു ചെറുപ്പക്കാരനെയാണ് . പെട്ടന്ന് അഭിയെ കണ്ടപ്പോൾ ഞാനൊന്ന് ഭയന്നു .എനിക്കെന്റെ മോളെ പോലെയാണ് ഹേമ . അവൾക്കും എന്നെ അത്ര കാര്യമാണ് .എന്റടുത്തുള്ള ആ ഫ്രീഡം അഭി കണ്ടപ്പോൾ ഞാനൊന്ന് ഭയന്നു .”””‘

“” സാർ … ഞാനിങ്ങോട്ട് വന്നപ്പോൾ സാർ ഇവളോട് പറയുന്നത് ഞാൻ കേട്ടിരുന്നു . ഞാനും നീയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കാണുന്നവർക്ക് മനസിലാകില്ല . നിയങ്ങോട്ട് മാറി നിൽക്കെന്ന് . സാർ ഞങ്ങൾ വിവാഹത്തിന് മുൻപ് സംസാരിച്ചത് കൂടുതലും ഞങ്ങൾ ജീവിച്ചു വളർന്ന സാഹചര്യത്തെ പറ്റിയാണ് , പിന്നെ ഞങ്ങളുടെ പ്രൊഫഷനെ പറ്റി , അതിലെ ബുദ്ധിമുട്ടുകൾ , ആരൊക്കെയായാണ് ബന്ധപ്പെടുന്നത് അങ്ങനെ ഒക്കെ . . ഹേമയുടെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ അമ്മാവൻ ആണ് വളർത്തിയതെന്നും പിന്നെ സാറിനെ ഏൽപ്പിച്ചു ഇവളുടെ ശല്യമില്ലാത്ത അങ്ങേലോകത്തേക്ക് അങ്ങേരു പോയെന്നുമുൾപ്പടെ സകല സംഭവങ്ങളും ഇവള് പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട് .ഇപ്പോൾ ഇവളുടെ ലോകമെല്ലാം ഞാനും സാറും ആണെന്നും. അങ്ങനെ പരസ്പരം നന്നായി മനസ്സിലാക്കിയിട്ട് തന്നെയാണ് ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചത് “‘

”’ ഡാ അഭി … ഞാനപ്പം ശല്യക്കാരിയാണല്ലേടാ ”’ ഹേമ അഭിയുടെ തലയിൽ കിഴുക്കിയിട്ട് അവനിരിക്കുന്ന കസേരയുടെ പടിയിലിരുന്നു .

“‘ അഡ്വക്കേറ്റ് ആണന്ന് പറയില്ല അല്ലെ സാർ .. കൊച്ചുകുട്ടികളെ പോലെ “” അവൻ ഹേമയുടെ കയ്യെടുത്തു തഴുകി .

“‘ നിങ്ങളുടേതായ സമയത്ത് കുട്ടികളെ പോലാവണം അഭി .. മൂടിക്കെട്ടി വീർപ്പുമുട്ടിയിരിക്കുന്നതെന്തിനാണ് ?. ഇങ്ങനെ കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും …. തീർച്ചയായും സന്തുഷ്ട ദാമ്പത്യത്തിന് നല്ലൊരു പങ്കുണ്ട് അതിന് .ഈ എടാ പോടാ ബന്ധമൊക്കെയും മനസുകൾ തമ്മിലുള്ള അടുപ്പത്തെയാണ് കാണിക്കുന്നത് . “”

“” യെസ് സാർ .. എനിക്കറിയാം ..ഞാനും കൊച്ചുകുട്ടിയല്ലേ . മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത് . എന്ന് കരുതി ഞാൻ ഇവളെ അടക്കിവെക്കുന്നില്ലകെട്ടോ ..ഇവളുടെ തമാശകളും കളിചിരികളുമാണ് എന്നെ ഇക്കാണുന്ന അഭിയാക്കാൻ മുഖ്യപങ്ക് വഹിച്ചതും . “”

“‘ അഹ് ..അഭീ ..നീ അങ്കിളിനോട് വന്ന കാര്യം പറഞ്ഞില്ല .”‘

“‘ ഓ .. സോറി സാർ .. ഇവളുടെ കൂടെ കൂടിയതിൽ പിന്നെ ഞാൻ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും . കഴിഞ്ഞ ലീവിന് നാട്ടിലേക്ക് ആണ് ഞാൻ നേരെ പോയത് , ഇവളിവിടുന്നങ്ങോട്ട് വന്നല്ലോ , ഇത്തവണ ഞാൻ വന്നിട്ട് നാട്ടിൽ പോയില്ല . രണ്ട് ദിവസം കോടതിയില്ലല്ലോ . സൊ നാളെ പുലർച്ചെ ഞങ്ങൾ പോകുന്നു .. കൂടെ സാറും “‘

“‘ഹേ ..ഞാനില്ല .. നിങ്ങൾ പോയി വരൂ .. അഭിയുടെ നാട് കൽപാത്തിയല്ലേ അവിടേക്ക് ഒരുപാട് ദൂരവുമുണ്ട് “‘

“‘അതിന് ? സാർ ഡ്രൈവ് ചെയ്യണ്ട .. കൂടെയിരുന്നാൽ മതി ..ഒരു പ്ലെഷർ ട്രിപ്പ് ആണെന്ന് കരുതിയാൽ മതി .. ഇവൾക്ക് കല്യാണം കഴിഞ്ഞ് ഗിഫ്റ്റ് കൊടുത്തു .. എനിക്ക് ഒന്നും തന്നില്ല .. സൊ .. ഈ യാത്ര എനിക്കുള്ള സാറിന്റെ ഗിഫ്റ്റാണ് ..അതെന്റെ അവകാശവുമാണ് “”‘ അഭി ഗ്ലാസ് രണ്ടുമെടുത്തു ഡൈനിംഗ് ടേബിളിലേക്ക് നടന്നു .,

“‘സാർ ..ഞങ്ങൾക്കുള്ള ഫുഡും ഇങ്ങോട്ട് എടുത്തിട്ടുണ്ട് .. വാ കഴിക്കാം ..നാളെ പുലർച്ചെ പോകേണ്ടതല്ലേ “”

അഭിയുടെ സ്നേഹപൂർണമായ അഭ്യർത്ഥന തള്ളിക്കളയാൻ രാജൻ മേനോന് ആയില്ല . അയാൾ എഴുന്നേറ്റ് ടേബിളിനടുത്തേക്ക് നടന്നു

“” ഇത് ആന്റി അല്ലെ … ഇത് … ഇത് ആന്റിയുടെ ചെറുപ്പത്തിലെയുള്ള ഫോട്ടോയാണോ ?””

ഭിത്തിയിൽ വെച്ചിരിക്കുന്ന രാജൻമേനോന്റെ ഭാര്യയുടെ ഫോട്ടോയുടെ അടുത്തായി വെച്ചിരിക്കുന്ന പട്ടുപാവാടയുടുത്ത പെൺകുട്ടിയുടെ പഴയ ഒരു ഫോട്ടോയിലേക്ക് നോക്കി അഭി ചോദിച്ചു .

”’ അല്ല … പക്ഷെ ..എന്റെ ജീവിതത്തിൽ മറക്കാനാവാത്ത രണ്ട് സ്ത്രീകളാണവർ . പ്ലീസ് അഭി നമുക്ക് ആ മാറ്റർ വിടാം “‘

“‘ തീർച്ചയായും സാർ . സാറിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായ ഇവൾക്ക് പോലുമറിയില്ലന്ന് പറഞ്ഞപ്പോൾ അത് സാറിന്റെ മനസ്സിനുള്ളിൽ സൂക്ഷിക്കുന്ന രഹസ്യമാകും എന്നെനിക്കറിയാം .ഞാനതേ പറ്റി ചോദിക്കുന്നില്ല”” അഭി പുഞ്ചിരിച്ചു .

പുലർച്ചെ തുടങ്ങിയ യാത്ര ഹേമയുടെയും അഭിയുടെയും കളിതമാശകളാൽ ബോറടിപ്പിച്ചേയില്ല രാജൻ മേനോന് . പാലക്കാട് നിന്ന് കാൽപാത്തിയിലേക്ക് യാത്രതുടങ്ങിയതും രാജൻമേനോന്റെ മുഖം കനത്തു . ചിന്താഭരിതമായ മുഖത്തോടെ അയാൾ പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നെങ്കിലും അതിലൊന്നുമല്ല മനസെന്ന് മുഖഭാവം വിളിച്ചു പറഞ്ഞു .

“‘സാർ …. വീടെത്തി ..”” അഭിയുടെ സ്വരം കേട്ടാണയാൾ ചിന്തകളിൽ നിന്നുണർന്നത് .

“‘ ഇരിക്ക് അങ്കിൾ …. ഈ അമ്മ എവിടെപ്പോയി ?”’ ഹാളിലേക്ക് ആനയിച്ചിട്ട് ഹേമ അകത്തേക്ക് കയറിപോയപ്പോൾ രാജൻമേനോൻ സോഫയിൽ ഇരുന്നു . പഴയൊരു വീട് , ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു . ഭിത്തിയിൽ ഹേമയുടെയും അഭിയുടെയും പുഞ്ചിരിക്കുന്ന ചിത്രം .

“‘ അങ്കിൾ ഇതാണെന്റെ അമ്മ …അമ്മെ ഇതാണ് ഞാനെപ്പോഴും പറയാറുള്ള എന്റെയങ്കിൾ .””‘

“”അമ്മ കണ്ടിട്ടില്ലന്നേയുള്ളു … ഹേമ പറഞ്ഞമ്മക്ക് അറിയാം സാറിനെ “‘ പുറകിൽ അഭിയുടെ ശബ്ദം .

“‘സുഖ …സുഖമാണോ ..നൈസ് ടൂ മീറ്റ് യൂ “‘ രാജൻമേനോന്റെ ശബ്ദം പതറി .

“‘ ഹേമ ..ഹേമ പറഞ്ഞിട്ടുണ്ട് . സാ ..സാറിരിക്കൂ “” ട്രേയിൽ കാപ്പിയുമായി വന്ന ഹേമക്ക് പുറകിൽ പലഹാരങ്ങളുമായി വന്ന സ്ത്രീയുമൊന്ന് പതറി .

“‘ അങ്കിൾ ..എന്ത് പറ്റി പെട്ടന്ന് ? വിയർക്കുന്നല്ലോ .”‘

“‘ എനിക്ക് ..ഞാനിപ്പോ വരം . സിഗരറ്റ് വാങ്ങാൻ മറന്നു “‘

“” കേസിന്റെ ഒക്കെ ഹൈ പ്രെഷർ ഉള്ളപ്പോൾ അല്ലെ അങ്കിളിപ്പോ സ്‌ മോക്ക് ചെയ്യാറുള്ളു .. ഇപ്പൊ പെട്ടന്നെന്തു പറ്റി ? അഭീ നീ പോയി വാങ്ങിവാ . അങ്കിൾ ഇരിക്ക് “‘ ഹേമ ട്രേ ടീപ്പോയിൽ വെച്ചിട്ടയാളുടെ കൈ പിടിച്ചു .

“‘ഞാനും സാറും പോയി വരാം . കാഴ്ചകൾ കാണുകയും ചെയ്യാമല്ലോ “‘ അഭി പറഞ്ഞപ്പോൾ രാജൻ മേനോൻ മൂളി .

കൽപാത്തി പുഴയുടെ ഓരത്ത് സി ഗരറ്റ് പുകക്കുന്ന രാജൻ മേനോന്റെ നേർക്ക് അഭി ഒരു ബി യർകാൻ നീട്ടി .

“‘അംബിക ദിനകരൻ … സോറി അന്ന് അംബികാ രാജശേഖരൻ … എന്റമ്മയുടെ ഫോട്ടോ സാറിന്റെ ഫ്ലാറ്റിൽ എങ്ങനെ വന്നു ? “‘

“‘ അഭീ ഞാൻ …””

“‘സാർ … വിവാഹം കഴിഞ്ഞയിടക്ക് ഹേമ എടുത്തയച്ച ഒരു സെൽഫിയിൽ നിന്നാണ് ഞാനാ ഫോട്ടോ ആദ്യം കണ്ടത് .സാറിന്റെ എല്ലാ ഡീറ്റയിൽസും അറിയാവുന്ന അവളോട് ചോദിച്ചപ്പോൾ അതുമാത്രമറിയില്ലന്ന് പറഞ്ഞു . ഇക്കാര്യം ചോദിക്കാനായി ഇന്നലെ ഞാൻ തുനിഞ്ഞപ്പോഴും സാർ ഒഴിഞ്ഞുമാറി . അതുകൊണ്ട് തന്നെയാണ് ഇങ്ങോട്ടുള്ള ഇന്നത്തെയീ യാത്രയിൽ സാറിനെ നിർബന്ധിച്ചു കൂട്ടിയതും . പാലക്കാട് കഴിഞ്ഞപ്പോൾ മുതൽ സാറിനെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു . സാറെന്തൊ ഒളിപ്പിക്കുന്നുണ്ട് …അതെന്റെ അമ്മയെ കുറിച്ചാണ് . അതെനിക്കറിയണം “‘

“‘ അഭീ …”” രാജൻ മേനോൻ അവനെ അഭിമുഖീകരിക്കാനാവാതെ മുഖം തിരിച്ചു .

” അച്ഛൻ മരിച്ചെന്നാണ് അമ്മയെന്നോട് പറഞ്ഞിട്ടുള്ളത് . പക്ഷെ ഞാൻ മുതിർന്നപ്പോൾ അമ്മയെ അച്ഛൻ ഉപേക്ഷിച്ചു പോയതാണെന്നറിഞ്ഞു . എപ്പോഴും അമ്മയെ സംശയമായിരുന്നത്രെ , കൂട്ടത്തിൽ മ ദ്യപാനവും . അമ്മയെന്നോട് ഇതൊന്നും പറഞ്ഞിട്ടില്ല സാർ ..അമ്മയുടെ ജീവിതത്തിൽ സാറിന്റെ പങ്ക് … .”” അഭി ചോദ്യരൂപേണ രാജൻ മേനോനെ നോക്കി .

“” അംബിക എന്റെ ജൂനിയറായിരുന്നു , ദിനൻ എന്റെ ക്‌ളാസ് മേറ്റും . ഞങ്ങളുടെ അടുപ്പം ദിനന് അറിയാമായിരുന്നു . അംബിക ഡിഗ്രി കഴിഞ്ഞപ്പോൾ വിവാഹം തീരുമാനിച്ചു . അവളുടെ മുറച്ചെറുക്കനായ ദിനൻ തന്നെയായിരുന്നു വരൻ . അവനും അവളെ ഇഷ്ടമായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസിലായത് . സാമ്പത്തികമായി പിന്നോക്കമായിരുന്ന എനിക്കന്ന് ഒരു ആലോചനയുമായി അംബികയുടെ വീട്ടിൽ ചെല്ലാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല . അങ്ങനെ ദിനനുമായി അംബികയുടെ വിവാഹം കഴിഞ്ഞു . വീട്ടിലെ നിർബന്ധത്തിൽ നിന്നവൾക്കും ചെറുത്ത് നിൽപ് അസാധ്യമായിരുന്നു . ഞങ്ങൾ പരസ്പരം സംസാരിച്ചാണ് പിരിയാമെന്നുള്ള തീരുമാനത്തിൽ എത്തിയത് .””‘

“‘സാർ പിന്നീട് അമ്മയെ കണ്ടിട്ടേയില്ലെ ?”’

“” ഒരിക്കൽ മാത്രം . അംബികയുടെ വിവാഹം കഴിഞ്ഞൊരാഴ്ച കഴിഞ്ഞ് ക്ഷേത്രത്തിൽ വെച്ച് . വെറുതെ ഒരു കുശലാന്വേഷണം മാത്രമേ യുണ്ടായിരുന്നുള്ളു . ദിനൻ ഞങ്ങളുടെ അടുത്തേക്ക് വന്നു എന്നോട് സാധാരണ പോലെ സംസാരിച്ചു , പക്ഷെ അത് കഴിഞ്ഞു അതേച്ചൊല്ലി അംബികയെ അടിക്കുകയും വഴക്ക് പറയുകയും ചെയ്തെന്ന് കേട്ടപ്പോൾ ഞാൻ അവിടം വിട്ടു . പിന്നെ ഒരു വക്കീലിന്റെ ഗുമസ്തനായി . അവിടുന്നാണ് ഞാൻ പിന്നീട് പഠിച്ചതും ഈ നിലയിൽ ആയതും .പിന്നീട് ഞാൻ വിവാഹം കഴിച്ചു. ശാലിനി മരിക്കുന്നത് വരെ ഞാൻ അവളെ ഞാൻ എന്റെ പ്രാണന് തുല്യം സ്നേഹിച്ചിരുന്നു . ””

”” ഹ്മ്മ് “”

”” പിന്നെ അംബികയുടെ ആ ഫോട്ടോ . സാഹചര്യവശാൽ പിരിയേണ്ടി വന്നാൽ നിലച്ചുപോകുന്നതാണോ അഭീ പ്രണയം ? . ഒന്നിക്കാനായില്ലെങ്കിലും മനസ്സിൽ നിന്നുടലെടുക്കുന്ന പ്രണയം , അതിങ്ങനെ മരണം വരെയും ഉള്ളിൽ കിടന്നു നീറുകയേ ഉള്ളു , ഒരിക്കലും അതവസാനിക്കില്ല . ആ പ്രണയം യാഥാർഥ്യം ആണെങ്കിൽ തന്റെയും താൻ പ്രണയിക്കുന്നവരുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടവാതിരിക്കാൻ നോക്കുകയെ ഉള്ളു . ഇവിടെയും എന്നെ മാത്രമേ അത് ബാധിച്ചിട്ടുള്ളു .എന്റെ സ്വകാര്യവിഷയം . പ്ലീസ് അഭി .. നിന്റമ്മ പാവമാണ് . അവളെ നീ സംശയിക്കരുത് .അംബികയുടെ ജീവിതത്തിൽ ഞാനോ എന്റെ ജീവിതത്തിൽ അവളോ പിന്നീടൊരിക്കലും കടന്നു വന്നിട്ടില്ല .”” ”’

“‘ഇല്ല സാർ ..എന്റമ്മയുടെ ജീവിതത്തിൽ ഒരു കരിനിഴൽ ആവാതിരിക്കാനാണ് സാർ അന്നിവിടം വിട്ടതെന്ന് എനിക്കറിയാം . ഞാനറിയാത്ത ഇങ്ങനൊരാൾ അമ്മയുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അയാൾ ഒരിക്കൽ പോലും അമ്മയെ തേടിയെത്തിയില്ല എന്നതെന്നെ അത്ഭുതപ്പെടുത്തി . എനിക്കുറപ്പുണ്ട് ഹേമയും സാറിന്റെ വൈഫും ഭാഗ്യം ചെയ്തവരാണ് ഈ കരുതലിൽ , സ്‌നേഹത്തിൽ വളരാൻ സാധിച്ചതിൽ . എന്റെയും അമ്മയുടെയും ജീവിത്തിന് ഒരു കോട്ടവും ദുഷ്പേരും വരാതിരിക്കാനായി സാറിന്റെ ഓർമകളിൽ മാത്രം സൂക്ഷിച്ചൊരു സ്നേഹം , സാർ ഞാനിന്നലെ പറഞ്ഞത് ഇന്ന് ചോദിക്കട്ടെ … ഞാൻ ..ഞാൻ അച്ഛനെന്നു വിളിച്ചോട്ടെ .സൃഷ്ടികർമം ചെയ്താൽ മാത്രം അച്ഛനാകുന്നില്ലല്ലോ .എന്റച്ഛനെക്കാൾ എന്തുകൊണ്ടും ആ വിളിക്ക് അർഹത സാറിനാണ് “‘

“‘അഭീ …”” രാജൻ മേനോന്റെ കണ്ണുകൾ നിറഞ്ഞു , അയാൾ അവനെ ആശ്ലേഷിച്ചു .

” പലതും പലരോട് പറയരുത് . ചിലത് ചിലരോടും . പലതും പറയാൻ നല്ലൊരു ഫ്രണ്ടിനെ കിട്ടാൻ പുണ്യം ചെയ്യണം “‘

”എന്താ ഹേമേ നീയീ പറയുന്നേ “” കാറിന്റെ പിൻസീറ്റിൽ ഇരുന്നു രാജൻ മേനോൻ ഹേമയോട് ചോദിച്ചു . കൽപാത്തിയിൽ നിന്നുള്ള മടക്കയാത്രയിലായിരുന്നു അവരപ്പോൾ .

“‘ കഴിഞ്ഞ ദിവസം ഡിവോഴ്‌സിന് വന്ന ആ ചെറുപ്പക്കാരന്റെ സ്റ്റാറ്റസ് ആണ് അങ്കിളേ “”‘

“‘ പാവം ..അവനെന്തൊക്കെയോ വിഷമങ്ങൾ ഉണ്ടന്ന് തോന്നുന്നു . നീ അവരുടെ കാര്യത്തിൽ എന്ത് തീരുമാനിച്ചു മോളെ “‘

“‘ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്നല്ലേ അങ്കിൾ . പക്ഷെ അവനിപ്പോഴും അവളെ വലിയ കാര്യമാണ് . ഏറ്റവും നല്ലത് സോഷ്യൽ മീഡിയയിൽ അവൾക്കുമൊരു അകൗണ്ട് എടുത്തുകൊടുക്കാൻ പറയുന്നതാണ് . അവൾക്ക് വിദ്യാഭ്യാസം ഉള്ളതല്ലേ . സോഷ്യൽ മീഡിയയിലെ ഫ്രെണ്ട്ഷിപ്പിനെ കുറിച്ചുമൊക്കെ അവൾ ബോധവതിയാകുമോ എന്നറിയട്ടെ .”’

“‘ എന്നാൽ നമുക്ക് അവൾക്കൊരു ടിക് ടോക്ക് അകൗണ്ട് കൂടിയെടുത്തുകൊടുക്കാം . പിന്നെയവൾ ഡ്രെസ് വേണോന്ന് അങ്ങോട്ട് ആവശ്യപ്പെട്ടോളും , അവന്റെ ആ പരാതീം തീരും ..എന്താ “‘
‘ അഭി പൂരിപ്പിച്ചു

“‘ ഹഹഹ … അതെയതെ … എന്നിട്ടും ശെരിയായില്ലേൽ നമുക്ക് അഹ് ..””

“‘എന്താ അങ്കിൾ ?”’ വേദനിച്ച പോലൊരു സൗണ്ട് കേട്ടപ്പോൾ ഹേമ തിരിഞ്ഞു നോക്കി

“‘നിന്റമ്മ ഉറങ്ങുവല്ലായിരുന്നു . നുള്ളിയതാ …. ഒരാളെ പിരിക്കുന്ന കാര്യം പറഞ്ഞപ്പോൾ “‘

“‘ഇക്കാലത്തു അത്രയും കരുതൽ ഉള്ള ഒരു പെൺകുട്ടിയെ കിട്ടില്ല . അവൾ വളർന്നുവന്ന സാഹചര്യങ്ങൾ ആവാം അവളെ ഇങ്ങനെയാക്കിയത് . മുഖാമുഖമിരുന്നോന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്‍നമേയുള്ളൂ . പ്രണയിക്കുന്നത് നല്ലതാണ് . പക്ഷെ പ്രണയിക്കുമ്പോൾ സംസാരിക്കേണ്ടത് തങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ചാണ് , ഇഷാനിഷ്ടങ്ങളെ കുറിച്ചാണ് . പലരും പ്രണയിക്കുമ്പോൾ അതൊന്നും പറയാതെ പരസ്പര വിട്ടുവീഴ്ചകൾ ചെയ്യും . അവളുടെ ഇഷ്ടമായിരിക്കും അപ്പോൾ അവന് , അവന്റെ അനിഷ്ടം അവളുടേതും . പിന്നെ ശെരിക്കുള്ള സ്വഭാവങ്ങൾ ഒക്കെ വിവാഹശേഷമാണല്ലോ രണ്ട് കൂട്ടരുടെയും മറ നീക്കി പുറത്തുവരിക . പ്രണയിക്കുമ്പോൾ കാണിക്കുന്ന പരസ്പര വിട്ടുവീഴ്ചകൾ ഒട്ടുമുക്കാലും അത് കഴിഞ്ഞാലുണ്ടാവാറില്ല . . അതോടെ പ്രശ്നങ്ങൾക്ക് ആരംഭം കുറിക്കും “‘

“‘ഹോ .. ശ്രീമതിക്ക് അപ്പോൾ നാക്കുണ്ട് അല്ലെ ? ഹേമേ …നീ നാളെ തന്നെ സ്വതന്ത്രയായി പ്രക്ടീസ് തുടങ്ങിക്കോ കേട്ടോ , എനിക്കിനി നിന്റെ ഹെൽപ്പ് വേണ്ട “” രാജൻമേനോൻ അംബികയുടെ തോളിൽ കയ്യിട്ട് തന്നോട് ചേർത്തു .

“‘ഉവ്വുവ് … നിങ്ങൾ പുറത്തുപോയപ്പോ ഞാൻ അമ്മയുമായി സംസാരിച്ചു ഇപ്പഴും പഴയ ഇഷ്ടം ഉണ്ടോയെന്നറിഞ്ഞ് , പഴയ പ്രണയിതാക്കളെ ഒന്നിപ്പിച്ചത് ഞാനാ , വയസാംകാലത്ത് കിളവീം കിളവനും ഒന്നിച്ച് രാമായണം വായിച്ചിരിക്കട്ടേന്ന് കരുതിയപ്പോ ദേ ….ഡാ അഭീ …നമ്മളിപ്പോ പുറത്ത് …ഹും “”‘. ഹേമ രണ്ടാളെയും ഗോഷ്ടികാണിച്ചിട്ട് പുറത്തേക്ക് മുഖം തിരിച്ചപ്പോൾ അംബികയും രാജൻ മേനോനും ഒപ്പം അഭിയും പൊട്ടിച്ചിരിച്ചു ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *