നിന്റെ വീട്ടിലെ പാലുകാച്ചലിന് മുന്നേ നീ തന്നെയല്ലേ അതൊക്കെ വാങ്ങിയിട്ടത്, ഞാൻ കരുതി കുറച്ചു പൈസതരാം, നിനക്ക് ഇഷ്ടമുള്ളതൊക്കെ നിങ്ങൾ……..

മൂന്നു പെൺകുട്ടികളുടെ അച്ഛൻ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

ഇന്ന് ശ്രിയ വന്ന ദിവസമാണ്. എല്ലാവരും ചിരിയും കളിയും. വീട്ടിൽ ഒരു ആഘോഷത്തിന്റെ തിളച്ചു മറിയൽ. മറ്റു രണ്ടുമക്കളും അവരുടെ കുടുംബവും വന്നിട്ടുണ്ട്. ഭാര്യ നന്ദിനി അടുക്കളയിൽ കൊണ്ടുപിടിച്ച പാചകമാണ്. കൂട്ടത്തിൽ ശ്രിയയുടെ മദ൪ ഇൻ ലോ കൂടിയുണ്ട്.

അവരങ്ങനെ മിണ്ടിയും പറഞ്ഞും ഓരോന്ന് ചെയ്തുകൊണ്ട് നിൽക്കുമ്പോൾ ശ്രീകുമാറിന് ചെറിയൊരു കുറ്റബോധം തോന്നി. ഇപ്പോൾ പറഞ്ഞാലോ, അല്ലെങ്കിൽ വേണ്ട, ഈ സന്തോഷമൊക്കെ എല്ലാവരുടെയും മുഖത്ത് നിന്നും അങ്ങ് മായും. പിന്നെയെന്താ നടക്കുക എന്ന് പറയാൻ പറ്റില്ല. പിന്നീടാകട്ടെ..

അച്ഛാ, മോനെയൊന്ന് പിടിച്ചേ…

ശ്രിയ മോനെ കുളിപ്പിച്ച് ഫ്രഷാക്കി കുപ്പായമിടുവിച്ച് ശ്രീകുമാറിന്റെ കൈയിൽ കൊണ്ടുക്കൊടുത്തു. അയാൾ ഇരുകൈയും നീട്ടി അവനെ വാങ്ങി നെഞ്ചോട് ചേ൪ത്തു. നിറയെ ചും ബനങ്ങളാൽ മൂടി, പാട്ടുമൂളി കൊഞ്ചിച്ചു. അവനാണെങ്കിൽ പെട്ടെന്നങ്ങ് ഇണങ്ങി.

ജനിച്ച് ഒരു വയസ്സായപ്പോഴാണ് കാണാൻ സാധിച്ചത്. അതുവരെ ഫോട്ടോ കണ്ടും വീഡിയോകോൾ ചെയ്തും തൃപ്തിപ്പെടുകയായിരുന്നു. അവന്റെ പുറത്ത് താളം പിടിച്ചപ്പോൾ പതിയെ അവനുറക്കമായി. അവനെയും നെഞ്ചിലുറക്കി ചാരുകസേരയിൽ കിടന്നപ്പോൾ ശ്രീകുമാ൪ തന്റെ മക്കളുടെ ബാല്യകാലം ഓ൪ത്തു.

ശ്രീഷയും ശ്രേയയും രണ്ട് വയസ്സ് വ്യത്യാസമേയുള്ളൂ. ശ്രിയ പിന്നേയും ഏഴ് വ൪ഷത്തിന് ശേഷമാണ് ജനിച്ചത്. അവ൪‌ മൂന്നുപേരും കളിച്ചും ചിരിച്ചും വീട് നിറഞ്ഞ് വള൪ന്നപ്പോൾ വീട്ടിലെന്നും ഒച്ചയും ബഹളവുമായിരുന്നു. അച്ഛാ എന്റെ ബേഗ് കണ്ടോ.. അച്ഛാ എന്റെ കുടയെവിടെ… അച്ഛാ എന്റെ ചെരിപ്പ് പൊട്ടാറായി എന്നിങ്ങനെ രാവിലെ സ്കൂളിൽ പോകാനിറങ്ങിയാൽ മൂന്നുപേരും നൂറുപ്രാവശ്യം അച്ഛനെ വിളിക്കും.

നന്ദിനി ടീച്ചറായിരുന്നു. അവൾക്കും അടുക്കള ജോലികൾ തീ൪ത്ത് സ്കൂളിലേക്ക് ഓടാനുള്ളതാണ്. അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യങ്ങൾ കൂടുതലും താനാണ് ശ്രദ്ധിക്കുക. ശ്രീഷയുടെയും ശ്രേയയുടെയും കല്യാണം കഴിഞ്ഞത് അടുത്തടുത്തായിരുന്നു. രണ്ടുപേരുടെയും പഠനം കഴിഞ്ഞ സമയം. രണ്ടുപേ൪ക്കും തിരക്കിട്ട് ആലോചനകൾ വരാൻ തുടങ്ങി. മൂത്തവളുടെ കല്യാണം ഗംഭീരമായി നടത്തി.

കുറച്ചൊന്നു വിശ്രമിക്കാമെന്നു കരുതിയപ്പോൾ ശ്രീഷയുടെ കുടുംബത്തിലെ അകന്ന ബന്ധുവാണ് ശ്രേയയെ ചോദിച്ച് വന്നത്. അവരുടെ ഫാമിലി മൊത്തം എല്ലാവർക്കും ബോധിച്ചതാണ്. ആദ്യത്തെ കല്യാണം കഴിഞ്ഞപ്പോഴേ പലരും ചോദിച്ചു:

ശ്രീകുമാർ, എങ്ങനെ കിട്ടി ഇത്ര നല്ല അലയൻസ്?

നല്ല കൂട്ടരാണല്ലോ, എന്താ പെരുമാറ്റം…

നല്ല ചെറുക്കൻ.. കൊള്ളാമെടാ..

നല്ല വിനയം, ഈകാലത്ത് ഇങ്ങനെയുള്ള കുടുംബം കിട്ടുന്നതേ ഭാഗ്യം…

അങ്ങനെ പോയി നാട്ടുകാരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും അഭിപ്രായങ്ങൾ.

എല്ലാം കേട്ട് താനും നന്ദിനിയും കണ്ണ് തുടച്ചു. എല്ലാം ശ്രീഷയുടെ പുണ്യം എന്ന് കരുതി. അതേ കുടുംബത്തിലെ തന്നെ മറ്റൊരാൾ ശ്രേയക്കും ആലോചനയുമായി വന്നത് എന്തുകൊണ്ടും വേണ്ടെന്നുവെക്കാൻ മനസ്സ് വന്നില്ല. പെട്ടെന്ന് തന്നെ ആയിട്ടുകൂടി ഭംഗിയായി അതും നടത്തി. അടുത്ത ആൾക്ക് ഏഴ് വർഷത്തെ സാവകാശമുണ്ടല്ലോ എന്നതായിരുന്നു കണക്ക് കൂട്ടൽ.

അവർ രണ്ടുപേരും ജോലിനേടി, ഓരോ കുട്ടിയുമായി ഫ്ലാറ്റും വാങ്ങി സസുഖം ജീവിക്കാൻ തുടങ്ങി. അപ്പോഴാണ് ശ്രീകുമാർ ഒരു കാര്യം ശ്രദ്ധിക്കുന്നത്. അവരുടെ ഇടയിൽ ഇതുവരെ ഇല്ലാത്ത ഒരു മത്സരം ഉടലെടുത്തിരിക്കുന്നു. നല്ല സ്നേഹമാണ് മൂന്നുപേരും ഉള്ളുകൊണ്ട്. ഒരാൾക്ക് വേദനിച്ചാൽ മറ്റേയാൾ കരയും. പക്ഷേ ഒരേപോലെ വിവാഹജീവിതം തുടങ്ങിയതും മറ്റേയാളെക്കാൾ മികച്ചുനിൽക്കാൻ ഒരു കുഞ്ഞുവാശി അവ൪ രണ്ടുപേരും കാണിച്ചുതുടങ്ങി.

വിവാഹശേഷവും ദിവസവും വിളിക്കുക, കുഞ്ഞുകുഞ്ഞു വിശേഷങ്ങളടക്കം എല്ലാം പറയുക ഒക്കെ പതിവായിരുന്നു.

അച്ഛാ,‌ അവളുടെ ഫ്ലാറ്റിലെ സോഫസെറ്റിക്ക് എത്രയായി? അച്ഛനെന്താ എനിക്കതുപോലൊരെണ്ണം വാങ്ങിത്തരാഞ്ഞേ?

നിന്റെ വീട്ടിലെ പാലുകാച്ചലിന് മുന്നേ നീ തന്നെയല്ലേ അതൊക്കെ വാങ്ങിയിട്ടത്, ഞാൻ കരുതി കുറച്ചു പൈസതരാം, നിനക്ക് ഇഷ്ടമുള്ളതൊക്കെ നിങ്ങൾ തന്നെ നോക്കിയെടുത്തോട്ടെ എന്ന്…

അച്ഛാ, ശ്രീഷേച്ചി ഇന്നലെ എന്നെ വിളിച്ചപ്പോൾ കാര്യമായി ഒന്നും പറഞ്ഞില്ല, അച്ഛനോട് വല്ലതും പറഞ്ഞോ?

ഇല്ലല്ലോ..

അച്ഛാ,‌ അമ്മയുടെ പിറന്നാളിനു വരുമ്പോൾ ഞാനെന്താ സമ്മാനം കൊണ്ടു വരേണ്ടത്? അവളെന്താ വാങ്ങുന്നത്?

അതവളോട് ചോദിക്ക് മോളേ…

അച്ഛാ, ശ്രീഷേച്ചി മോനെ ചേ൪ത്ത സ്കൂളിൽ തന്നെ എനിക്ക് മോളെ ചേ൪ക്കണം, അഡ്മിഷൻ ശരിയാക്കുമോ..

അത് നിന്റെ ഫ്ലാറ്റിൽ നിന്നും ദൂരമില്ലേ?

എന്നിങ്ങനെ അവരുടെ സംഭാഷണം നീണ്ടു.

ശ്രിയയുടെ പഠിത്തം കഴിഞ്ഞ് ജോലിക്ക് നോക്കിക്കൊണ്ടിരിക്കെ അവൾ പറഞ്ഞു:

അച്ഛാ, എനിക്ക് ഒരു കോഴ്സ് കൂടി ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ അതങ്ങ് ഇംഗ്ലണ്ടിൽ പോയി ചെയ്യണം.

കുറച്ച് പണച്ചിലവുണ്ടല്ലോ എന്നോ൪ത്തതും അവൾക്ക് ഇംഗ്ലണ്ടിൽ ജോലിയുള്ള ഒരു പയ്യന്റെ ആലോചന വന്നതുമൊരുമിച്ചായിരുന്നു. ആലോചന അവൾക്കും ഇഷ്ടമായി. സ്വകാര്യമായി അവൾ തന്റെ ചെവിയിൽ പറഞ്ഞു:

അച്ഛാ, ഞാനവിടെ ചെന്നാൽ ആദ്യം ആ കോഴ്സ് ചെയ്യും. അതു കഴിഞ്ഞേ ഒരു കുട്ടിയെക്കുറിച്ച് ചിന്തിക്കൂ എന്ന് പറഞ്ഞോട്ടെ?

തീർച്ചയായും, പറഞ്ഞോളൂ.

ശ്രീകുമാർ മകൾക്ക് അനുമതി കൊടുത്തു.

മറ്റാരോടും പറയണ്ട എന്നും അവൾ അച്ഛനെ ശട്ടംകെട്ടി. അമ്മകേട്ടാൽ വഴക്ക് പറയും,‌ ചേച്ചിമാ൪ അറിഞ്ഞാൽ അമ്മയെപ്പോൾ അറിഞ്ഞു എന്ന് ചോദിച്ചാൽ മതി..

അങ്ങനെ ആ വിവാഹവും ഗംഭീരമായി നടന്നു. അവളുടെ ഭർത്താവും അമ്മയും അവിടെ ഇരുപത് വ൪ഷത്തോളമായി. അവരുടെ ഭ൪ത്താവ് രണ്ട് വ൪ഷം മുമ്പാണ് മരിച്ചത്. ശ്രിയയും അവരുടെ കൂടെ ഇംഗ്ലണ്ടിലേക്ക് പോയതോടുകൂടി നന്ദിനിയും ശ്രീകുമാറും തനിച്ചായി. വീടുറങ്ങി.

മൂത്തവ൪ രണ്ടുപേരും വരുമ്പോൾ ഇളയവളുടെ വിശേഷങ്ങൾ ചോദിക്കും.

അച്ഛനോടേ അവളെല്ലാം പറയൂ,‌ എന്തൊക്കെയാ അച്ഛാ അവിടെ വിശേഷങ്ങൾ?

ഞങ്ങളോട് അവ൪ ടൂ൪ പോയതും നടക്കാൻ പോയതും മറ്റും കുറേ വിശേഷങ്ങളും ഫോട്ടോസുമൊക്കെ അയക്കുകയും പറയുകയും ചെയ്തിരുന്നു.

അതൊക്കെ വെറും അഭിനയമല്ലേ… നിങ്ങൾ അമ്മയോടൊന്നും പറയേണ്ട,‌‌ അവിടെ അവളെയിട്ട് കഷ്ടപ്പെടുത്തുകയാ അവന്റെ അമ്മ…

ങേ?

രണ്ടുപേരും ഒരേസമയം വായും പൊളിച്ച് അച്ഛന്റെ പിറകേ‌കൂടി…

അവളുടെ ഭർത്താവോ?

അവനും കണക്കാ… അവന് അമ്മയെ ഭയങ്കര പേടിയാ…

പിന്നീട് പലപ്പോഴും പൊടിപ്പും തൊങ്ങലും വെച്ച് ശ്രീകുമാർ ആ കഥയങ്ങ്‌ കൊഴുപ്പിച്ചു. വ൪ഷം ഒന്നു കഴിഞ്ഞു.

അവൾ പറഞ്ഞത് ഒരു കുട്ടിയാവാത്തതിന് ആ അമ്മ നാട്ടിൽ വന്ന് ഡോക്ടറെ കാണാൻ പറയുന്നുണ്ട് എന്നാണ്…

ചേച്ചിമാരുടെ മുഖം വിവ൪ണമാകുന്നത് അച്ഛൻ ഒട്ടൊരു ഖേദത്തോടെ നോക്കിനിന്നു.

നിങ്ങളുടെ ജീവിതമൊക്കെ എന്തു സുന്ദരമാണ്.. എന്നിട്ടും നിങ്ങളുടെ വിചാരം എന്തൊക്കെയോ കുറവുകൾ ഉണ്ട്,‌ എന്തു ചെയ്താണ് ആ പോരായ്മകളൊക്കെ‌ പരിഹരിക്കുക എന്നൊക്കെയല്ലേ? നിസ്സാരമായ കാര്യങ്ങൾ ഓ൪ത്ത് ടെൻഷനടിക്കുമ്പോൾ ഇടയ്ക്കിടെ അവളെ കുറിച്ച് കൂടി ഒന്നോ൪ക്കുന്നത് നന്നായിരിക്കും. അമ്മയറിയേണ്ട, ‌അവളോട് ചോദിച്ച് വിഷമിപ്പിക്കുകയും വേണ്ട…

ശ്രീകുമാർ ഇത്തിരി ഭാവാഭിനയം കാഴ്ചവെച്ച് പേപ്പ൪ വായിക്കുന്നതുപോലെ മുഖം മറച്ച് അവരെ രണ്ടുപേരെയും ഒളികണ്ണിട്ട് നോക്കി.

ഏറ്റു, നല്ല മാറ്റമുണ്ട്.. ഒരു പുന൪വിചിന്തനം നടന്നുകിട്ടിയാൽ തന്റെ മക്കളുടെ ജീവിതം ‌രക്ഷപ്പെടും. തന്റെ മക്കളുടെ കുഞ്ഞുകുഞ്ഞു പിടിവാശി കാരണം വലഞ്ഞുപോയ മരുമക്കളും രക്ഷപ്പെടും. നന്ദിനി പറഞ്ഞതുപോലെ താനാണ് അവരെ ലാളിച്ച് വഷളാക്കിയത്. അവരുടെ ജീവിതം എത്ര സുന്ദരമാണെന്ന് അവരറിയുന്നില്ല. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകട്ടെ.

കോഴ്സ് കഴിഞ്ഞ് ഒരു വ൪ഷം ജോലി കൂടി ചെയ്ത് കഴിഞ്ഞേ ശ്രിയ കുട്ടിയെ കുറിച്ച് ചിന്തിച്ചുള്ളൂ. അവനെ പ്രസവിച്ചതും അവിടുന്നു തന്നെ. മൂന്നു മാസത്തിനുശേഷം അവൾ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അതുകൊണ്ട് കുഞ്ഞുമോനുമായി നാട്ടിൽ വരുമ്പോഴേക്കും അവനൊരു വയസ്സായി.

ഇന്നത് എല്ലാവരുടെയും മുന്നിൽ വെച്ച് പറയാമെന്നാണ് താൻ കരുതിയത്. ആ അമ്മയെ കാണുമ്പോൾ തന്റെ മക്കൾ അവര൪ഹിക്കുന്ന ബഹുമാനം കൊടുക്കില്ലേ എന്നൊരു പേടി.

അച്ഛനെന്താ ആലോചിക്കുന്നത്? വാവയുറങ്ങിയോ?

ശബ്ദം കേട്ട് ശ്രീകുമാർ തലയുയ൪ത്തി.

ശ്രീഷ പറഞ്ഞു:

അച്ഛാ അവ൪ക്ക് ശ്രിയയെ ഇപ്പോഴെന്ത് ഇഷ്ടമാണെന്നറിയുമോ… മോനെയും…
എന്തുകാര്യമായാണ് അവ൪ നോക്കുന്നതും പെരുമാറുന്നതും..

അതെ, ഞാനത്ഭുതപ്പെട്ടുപോയി, നല്ല അമ്മയാണച്ഛാ അവ൪, വിശ്വസിക്കാൻ കഴിയുന്നില്ല.

ശ്രേയയും ചേച്ചി പറഞ്ഞതിനെ പിന്താങ്ങി. മോനെ കൊണ്ടുക്കിടത്താൻ പറഞ്ഞ് അവരുടെ കൈയിലേക്ക് കൊടുത്തുകൊണ്ട് ശ്രീകുമാർ പറഞ്ഞു:

അവരെപ്പോഴും നല്ല സ്ത്രീ തന്നെ ആയിരുന്നു. ഞാൻ നിങ്ങളുടെ ജീവിതത്തിന്റെ വില മനസ്സിലാക്കിത്തരാൻ കാണിച്ച വെറുമൊരു കുസൃതി ആയിരുന്നു അതെല്ലാം. മക്കളെന്നോട് ക്ഷമിക്കണം..

അച്ഛാാാ…..

രണ്ടുപേരും അച്ഛനെ ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു. മക്കളുടെ ശബ്ദവും ചിരിയും കേട്ട് അകത്തുള്ളവരും ഓടിവന്നു. കാര്യമറിയാതെയെങ്കിലും അവരും ആ സന്തോഷത്തിൽ പങ്കുചേ൪ന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *