നീ ഒന്നുമറിയാത്തത് പോലെ സംസാരിക്കുന്നത് ,ബാങ്ക് ലോണിൻ്റെ കഴിഞ്ഞ രണ്ട് ഗഡുക്കളും അടച്ചത്, നിൻ്റെയും മക്കളുടെയും സ്വർണ്ണമെടുത്ത് പണയം വച്ചിട്ട……

Story written by Saji Thaiparambu

“ഇക്കാ…നോമ്പ് ഇന്ന് ഇരുപതായി ,ഇനിയും നമ്മള് പെരുന്നാളിൻ്റെ പങ്കും കൊണ്ട് പോകാതിരുന്നാൽ, തറവാട്ടിലുള്ളവര് എന്ത് കരുതും”

“എനിക്കറിയാം ഷംലാ.. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ, ഞാനെങ്ങനാ അതിനുള്ള ഫണ്ട് കണ്ടെത്തുന്നത് ,രണ്ട് മാസമായിട്ട് കമ്പനി അടച്ചിട്ടിരിക്കുന്നത് കൊണ്ട്,തൊഴിലാളികൾക്കും ഇപ്രാവശ്യം സദഖ ഒന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല ,കഴിഞ്ഞവർഷം നോമ്പ് പകുതിയായപ്പോഴെ, എല്ലാവരുടെയും വീട്ടിൽ പലചരക്ക് സാധനങ്ങളും, പുതിയ വസ്ത്രങ്ങളുമൊക്കെ എടുത്ത് കൊടുത്തതാ ,അവരും നമ്മളെ പ്രതീക്ഷിക്കുന്നുണ്ടാവും, രണ്ട് മാസമായിട്ട് , ശബ്ബളവുമില്ലാത്തത് കൊണ്ട് അവരാകെ ദുരിതത്തിലായിരിക്കുo”

“അക്കൗണ്ടിൽ ബാലൻസ് ഒന്നുമില്ലേ?

“എന്താ ഷംലാ… നീ ഒന്നുമറിയാത്തത് പോലെ സംസാരിക്കുന്നത് ,ബാങ്ക് ലോണിൻ്റെ കഴിഞ്ഞ രണ്ട് ഗഡുക്കളും അടച്ചത്, നിൻ്റെയും മക്കളുടെയും സ്വർണ്ണമെടുത്ത് പണയം വച്ചിട്ടല്ലേ?

“ഉം ശരിയാണ്, ഇനിയും ഈ പ്രതിസന്ധി തീർന്നില്ലെങ്കിൽ , ഇനിയുള്ള കാര്യങ്ങൾക്ക് നമ്മളെന്ത് ചെയ്യുമിക്കാ, നമ്മുടെയവസ്ഥ ഇതാണെങ്കിൽ, നമ്മുടെ തൊഴിലാളികളുടെ കുടുംബത്തിൻ്റെ അവസ്ഥ എത്ര ശോചനീയമായിരിക്കുമല്ലേ?

“അത് ഞാനാലോചിക്കാതിരുന്നില്ല ഞാൻ നോക്കീട്ട് ഒറ്റ വഴിയേ ഉള്ളു, നമുക്ക് ഈ വീട് വില്ക്കാം ,എന്നിട്ട് തല്ക്കാലം ഒരു വാടക വീട്ടിലേക്ക് മാറാം”

“അത് വേണോ ഇക്കാ. .. നമ്മൾ ഒരുപാട് ആഗ്രഹിച്ച് വച്ച വീടല്ലേ ഇത്”

“അതൊന്നുമോർത്തിട്ട് കാര്യമില്ല ഷംലാ.. നമ്മളെ ആശ്രയിച്ച് കഴിയുന്ന ഒരു പാട് പേരുണ്ട്, അവർക്കെല്ലാം, രണ്ട് മാസത്തെ ശബ്ബളം കൊടുക്കാൻ കഴിഞ്ഞാൽ, എപ്പോഴത്തെയും പോലെ, ചെറിയ പെരുന്നാളോഘോഷിക്കാനും , മക്കൾക്ക് പുതിയ വസ്ത്രങ്ങളെടുക്കാനും, ബന്ധുവീടുകളിൽ പോകാനുമൊക്കെ അവർക്ക് കഴിയും ,നമ്മുടെ സ്വപ്നങ്ങൾ ത്യജിക്കാൻ കഴിഞ്ഞാൽ, ഒരുപാട് പേരുടെ കണ്ണുകളിലെ തിളക്കം നമുക്ക് കാണാൻ കഴിയും”

ഷാഹുലിൻ്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ, ഷംല പിന്നെ തർക്കിക്കാൻ നിന്നില്ല.

അയാൾ ഉടൻ തന്നെ കമ്പനി മാനേജരെ വിളിച്ച് ,തൻ്റെ തീരുമാനം പറഞ്ഞു, എത്രയും വേഗം വീട് കച്ചവടമാക്കാനുള്ള ഏർപ്പാടുകൾ ചെയ്യണമെന്ന് അയാളോടാവശ്യപ്പെട്ടു .

അന്ന് രാത്രിയിൽ ഷാഹുലും ,ഷംലയും ഉറങ്ങിയില്ല.

പിറ്റേന്ന് രാവിലെ കോളിംഗ് ബെല്ല് കേട്ടാണ് ,അയാൾ വന്ന് വാതില് തുറന്നത്

തൻ്റെ മുന്നിൽ നില്ക്കുന്ന കമ്പനിയിലെ തൊഴിലാളികളെ കണ്ട് അയാൾ അമ്പരന്നു.

“എന്താ എല്ലാവരും കൂടി രാവിലെ? ഞാൻ നിങ്ങളെയെല്ലാവരെയും കാണാൻ അവരവരുടെ വീട്ടിൽ വരാനിരിക്കുകയായിരുന്നു”

അത് ഞങ്ങളറിഞ്ഞു ഷാഹുൽക്ക, മാനേജർ സാറ് ഞങ്ങളെ വിളിച്ച്, എല്ലാ വിവരങ്ങളും പറഞ്ഞു ,അത് കൊണ്ടാണ് ഞങ്ങൾ രാവിലെ തന്നെ വന്നത് ,ഞങ്ങളുടെ മുതലാളിയായ ഇക്കാക്ക്, ഞങ്ങളെ കുറിച്ചുള്ള ഈ ഉത്ക്കണ്ഠ യുണ്ടല്ലോ ?അത് തന്നെ ഞങ്ങൾക്ക് കിട്ടുന്നൊരു സദഖയാണ് , ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിൽ, തൊഴിലാളികളുടെ ക്ഷേമമന്വേഷിക്കുന്ന നിങ്ങളെ പ്പോലൊരു മുതലാളിയുള്ളപ്പോൾ, ഞങ്ങൾക്കെന്ത് ബുദ്ധിമുട്ടുണ്ടാവാനാ ,കമ്പനി അടച്ചെങ്കിലും, ഞങ്ങളെല്ലാവരും അറിയാവുന്ന കൂലിപ്പണികൾക്കൊക്കെ പോകുന്നുണ്ടായിരുന്നു, അത് കൊണ്ട് ഞങ്ങളാരും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല ,മാത്രമല്ല കഴിഞ്ഞ രണ്ട് മാസവും ഞങ്ങൾ ബുദ്ധിമുട്ടില്ലാതെ, സന്തോഷത്തോടെ തന്നെയാണ് ജീവിച്ചത്,

പക്ഷേ നിങ്ങൾ ഞങ്ങളെക്കുറിച്ച് ആശങ്കപ്പെട്ടത് പോലെ ,ഒരിക്കൽ പോലും ഞങ്ങളാരും അങ്ങയെ കുറിച്ച് ചിന്തിച്ചില്ല ,അത് ഞങ്ങളുടെ തെറ്റാണ് ,അത് തിരുത്താൻ കൂടിയാണ് ഞങ്ങളിപ്പോൾ വന്നത്, ഇക്ക ആഗ്രഹിച്ച് കെട്ടിപ്പൊക്കിയ ഈ വീട് കൊടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല , എപ്പോഴും ഇക്ക ഞങ്ങൾക്കല്ലേ നോമ്പിൻ്റെ പങ്ക് തരുന്നത് ,ഇപ്രാവശ്യം ഞങ്ങളെല്ലാവരും മിച്ചം വച്ച ഒരു ചെറിയ തുകയുണ്ട്, അത് ഇക്കാക്ക് ഞങ്ങൾ സ്നേഹപൂർവ്വം തരുന്നതാണ്, നിരസിക്കരുത്.

അവർ തൻ്റെ നേരെ നീട്ടിയ, നോട്ട് കെട്ടുകൾ കണ്ടപ്പോൾ ഷാഹുലിൻ്റെ കണ്ണ് നിറഞ്ഞു.

അപ്പോൾ അയാൾ ഒരു വേദ വാക്യമോർത്തു.

നീ നിൻ്റെ ആശ്രിതരെ അനുഭാവപൂർവ്വം കാണുകയാണെങ്കിൽ, അവരെന്നും നിന്നോട് കടപ്പെട്ടവരായിരിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *