പങ്കുവെക്കലിലൂടെ വളർന്നു വരുന്ന ബന്ധങ്ങൾക്കെപ്പോഴും മധുര പതിനേഴിന്റെ സൗന്ദര്യമായിരിക്കും, മീശയുള്ളതിന്റെ അധികാരം മാത്രം….

എഴുത്ത്: സമീർ ചെങ്ങമ്പള്ളി

പെൺകോന്തൻ എന്ന വിളി പലകുറി കേട്ടിട്ടുണ്ട്….

ജോലിയും കൂലിയുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നപ്പോൾ അവളുടെ അധ്വാനത്തിന്റെ വിഹിതം ഒരു മടിയും കൂടാതെ വെട്ടി വിഴുങ്ങിയിരുന്നു, അന്നേരം പലരും എന്നെ ഒളിഞ്ഞും തെളിഞ്ഞും വിളിച്ചു

“ഭാര്യയുടെ ചിലവിൽ കഴിയുന്ന പെൺകോന്തൻ ഭർത്താവെന്ന്”….

സ്വന്തമായി ഒരു കാർ വാങ്ങാൻ ബാങ്കിൽ നിന്ന് ലോണെടുക്കാമെന്ന സുഹൃത്തിന്റെ ഉപദേശത്തിന് മറുപടിയായി ” അവളോടും കൂടെ ചോദിക്കട്ടെ ” എന്ന് പറഞ്ഞപ്പോൾ അവനും അത് തന്നെ ആവർത്തിച്ചു

” സ്വന്തമായി ഒരു തീരുമാനംപോലും എടുക്കാൻ കെൽപ്പില്ലാത്ത നാണം കെട്ട പെൺകോന്തൻ ഭർത്താവാണ് ഞാനെന്ന്…..

കുടുംബക്കാർ മുഴുവൻ കൂടി നിൽക്കെ ഞാൻ പറഞ്ഞ ഒരു മണ്ടൻ അഭിപ്രായം അവൾ തിരുത്താൻ ധൈര്യം കാണിച്ചപ്പോൾ വീട്ടുകാർ മുഴുവൻ പരസ്പരം പിറുപിറുത്തുകൊണ്ട് വീണ്ടും പറഞ്ഞു

“അവിടത്തെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അവളാണ്, അവനൊരു പെൺകോന്തനാണെന്ന്”….

അടുക്കളയിൽ കറി വെക്കാൻ സവാള അരിഞ്ഞു കൊടുത്തപ്പോഴും, തിരക്കുള്ള വേളകളിൽ അവളെ സഹായിക്കാൻ വസ്ത്രങ്ങൾ അലക്കിയപ്പോഴും ഇസ്തിരിയിട്ടപ്പോഴുമൊക്കെ അവരത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചു

” ആ വീട്ടിലെ ഭർത്താവ് അവളാണ്, അവനിങ്ങനെ ഒരു മണകൊണാഞ്ചൻ ഭർത്താവാണ് “…..

അവളുടെ വീട്ടിൽ വല്ലപ്പോഴുമൊക്കെ താമസിച്ചാൽ ഉടനെ തന്നെ എന്നിലെ പൗരുഷം ഒലിച്ചുപോയി എന്ന് അവർ പരാതി പറയാൻ തുടങ്ങും, നാണമുള്ള ഒരു ഭർത്താവും കെട്ടിയോളുടെ വീട്ടിൽ താമസിക്കില്ലത്രേ….

ആണധികാരത്തിന്റെ നിയമപുസ്തകത്തിൽ പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ആണ് ഇവയൊക്കെ.പക്ഷേ, ആ തെറ്റുകൾ പലകുറി ആവർത്തിച്ചപ്പോൾ ഞാനവരുടെയൊക്കെ മുൻപിൽ ഒരു പെങ്കോന്തനായി മാറിയെങ്കിലും എന്റെ ജീവിതം സുന്ദരവും മനോഹരവുമായ മാറുകയായിരുന്നു…..

രണ്ടുപേർക്കും ജോലി ഉള്ളത്കൊണ്ട് ഒരു സാമ്പത്തിക മാന്ദ്യവും എന്റെ വീടിന്റെ പടി കടന്ന് കയറിട്ടില്ല,ആരുടേയും മുൻപിൽ കൈ നീട്ടാതെ നല്ല അന്തസ്സോടെ ഞാൻ എന്റെ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയി….

എന്റെ കുട്ടികളുടെ പഠനം, അവരുടെ ഭാവി, ജോലി ഇതെല്ലാം ഇന്നെന്റെ മാത്രം ഉത്തരവാദിത്വമല്ല, ഞാനും അവളും മാത്രം അടങ്ങുന്ന ഒരു ചെറിയ ട്രസ്റ്റിന്റെ ഭാഗമാണ്….

ഏകപക്ഷീയമായ തീരുമാനങ്ങളുടെക്കുമ്പോൾ ഉണ്ടാകാറുള്ള അപകടരമായ സാഹചര്യങ്ങൾ എന്റെ കുടുംബത്തിൽ ഉണ്ടായിട്ടില്ല…

അടുക്കളയിൽ വല്ലപ്പോഴുമൊക്കെ കയറി ശീലമുള്ളതുകൊണ്ട് അവൾ വീട്ടിലില്ലാത്ത സന്ദർഭങ്ങളിൽ പട്ടിണി കിടക്കേണ്ടിയും വന്നിട്ടില്ല….

ഒരാൾ ചെയ്യേണ്ട ജോലി രണ്ടാൾ ചെയ്യുമ്പോൾ കിട്ടുന്ന സുഖവും അനായാസതയും ഞാനിന്ന് ആസ്വദിക്കുന്നു, കുടുംബത്തിനെ ബാധിക്കുന്ന സകല പ്രശ്നങ്ങളും പ്രതിസന്ധികളും പങ്കുവെക്കാനും പരിഹാരം കാണാനും ഈ “പെൺകോന്തന്” മറ്റുള്ളവരെക്കാൾ എളുപ്പമാണ്….

പങ്കുവെക്കലിലൂടെ വളർന്നു വരുന്ന ബന്ധങ്ങൾക്കെപ്പോഴും മധുര പതിനേഴിന്റെ സൗന്ദര്യമായിരിക്കും, മീശയുള്ളതിന്റെ അധികാരം മാത്രം മുഴച്ചു നിൽക്കുന്ന ബന്ധങ്ങളേക്കാൾ ആഴവും വ്യാപ്തിയും അതിന് കൂടുതലാകും….

അവളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുക , അവളുടെ അഭിപ്രായങ്ങൾക്ക് മൂല്യം കൊടുക്കുക…

പിന്നെ ആ വിളി, അത് ഒറ്റക്ക് ഓടിത്തളർന്നവന്റെ നിരാശ മാത്രം….

Related Posts

Leave a Reply

Your email address will not be published. Required fields are marked *