ആരുമറിയാതെ.
എഴുത്ത്:- ഭാവനാ ബാബു
തിരക്കേറിയ ബസിന്റെ വിന്റോ സീറ്റി ലിരിക്കുമ്പോൾ ചെറിയൊരിളം തെന്നലെന്നെ മെല്ലെ തഴുകി…….. ഓർമ്മകൾക്ക് കനം കൂടിയത് കൊണ്ടാകും മിഴികൾ മെല്ലെ അടയാൻ തുടങ്ങി….മനസ്സിന്റെ ഒരു കോണിലിപ്പോഴും അവന്റെ മാഞ്ഞു തുടങ്ങിയ ചിരിയും, ദിവസങ്ങൾക്ക് മുൻപ് അയച്ച മെസ്സേജിലെ വരികളും മാത്രം……
“റെഹ്‌ന, അവളൊന്നും മിണ്ടാതെ എന്നിൽ നിന്നും അകന്നു പോയി. ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നും പറഞ്ഞ് ….”
“എനിക്കൊരു മാറ്റം വേണം…. എന്തോ മനസ്സ് ശെരിയല്ല. ജീവനോളം അവളെ സ്നേഹിച്ചത് കൊണ്ടാകും, അവൾ പോയപ്പോൾ ജീവിതവും നിലച്ചത് പോലെ “
എപ്പോഴാണ് അവന്റെ മാറ്റം ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്…. ഉച്ചയൂണിന്റെ സമയത്ത് നിവർത്തി വച്ച എന്റെ പൊതിച്ചോറിൽ നിന്നും അവൻ കട്ടെടുക്കാൻ മറന്നു പോയ മീൻ പൊരിച്ചതിന്റെയും, തോരന്റെയും, അച്ചാറിന്റെയും അളവ് കൂടിയപ്പോഴോ? അതോ ഓഫീസിൽ നിന്നിറങ്ങുമ്പോൾ ദാമോദരേട്ടന്റെ തട്ട് കടയിൽ നിന്നും ചായയും, ചൂട് ഉഴുന്നുവടയും, ചമ്മന്തിയും ഞങ്ങളെ കാത്തിരുന്നു മടുത്തപ്പോഴോ. ഓർമ്മളിലെന്നും ആ സുന്ദര നിമിഷങ്ങളെന്റെ ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നു…..
കഴിഞ്ഞ വർഷം ക്രിസ്തുമസ് പാർട്ടിയുടെ മടുപ്പിക്കുന്ന ബഹളങ്ങളിൽ നിന്ന് ഒരൽപമൊന്ന് മാറി മൂലയ്ക്കൽ ഒഴിച്ചിട്ടിരുന്ന സോഫയിലിരുന്ന് കേക്കും, വൈനും രുചിച്ചിരിക്കുമ്പോഴാണ് അവൻ അവന്റെ പ്രണയത്തക്കുറിച്ച് എന്നോടു പറയുന്നത്.
“റെഹ്‌ന, സത്യത്തിൽ ഈ പെണ്ണും വീഞ്ഞും ഒരു പോലെയാണല്ലേ ” രുചിക്കുന്തോറും രണ്ടും മനസ്സിനെ മെല്ലെ മത്ത് പിടിപ്പിച്ചുകൊണ്ടിരിക്കും “.
“ഉം…. ശെരിയാണ് പക്ഷെ , സൂക്ഷിച്ചില്ലെങ്കിൽ കുറച്ചു കഴിയുമ്പോ പുളിച്ചു പോകും.” എന്റെ അസ്ഥാനത്തുള്ള സംസാരം അവനെ തെല്ലോന്ന് വിഷമിപ്പിച്ചത് പോലെ.
അത്രയും വേണ്ടായിരുന്നു എന്നെനിക്കപ്പോൾ തോന്നി.
“എടാ പോട്ടെടാ നീയൊന്ന് ക്ഷമി…. ന്നിട്ട് ബാക്കി പറ “
പാതിയിൽ മുറിഞ്ഞു പോയ അവന്റെ പ്രണയം കേൾക്കാനുള്ള കൊതിയിൽ ഞാൻ പറഞ്ഞു.എന്നെയൊന്നു മെല്ലെ തറപ്പിച്ചു നോക്കി അവൻ തുടർന്നു. അവന്റെ ഓരോ വാക്കുകളും ഞാൻ ശ്രദ്ധിച്ച് കേട്ടിരുന്നു. അവന്റെ തിളങ്ങുന്ന കണ്ണുകളും, ചിരി പൊന്തി വരുന്ന അവന്റെ ചുണ്ടുകളും എനിക്കൊരു പുതിയ കാഴ്ച്ചയായിരുന്നു. പ്രതീക്ഷകളുടെ തീരത്ത് അവൻ പ്രണയത്തിന്റെ സുന്ദരമായൊരു കൂട് കൂട്ടുന്നത് പോലെയായിരുന്നു അവന്റെ ചുവന്നു തുടുത്ത മുഖം.
അവൻ കഥ പറഞ്ഞു നിർത്തിയതും, ഞാൻ സ്വയം മറന്ന് അവനെയും ഉറ്റു നോക്കി മറ്റേതോ ലോകത്തായിരുന്നു.
“റെഹ്‌ന, എടോ താനെന്താ ഓർത്തിരിക്കുന്നത് “? എന്നെ കുലുക്കി വിളിച്ചു കൊണ്ട് അവൻ ചോദിച്ചു.
“കഥ പറയുമ്പോഴുള്ള നിന്റെയൊരു ഉത്സാഹം. സത്യത്തിൽ നിനക്ക് അവളെ അത്രക്ക് ഇഷ്ടമാണോടാ “? ചെറിയൊരു കുശുമ്പോടെയായിരുന്നു എന്റെ ചോദ്യം
“ഉം……മൂന്ന് വർഷമായി ജീവനെപ്പോലെ അവളെ കാത്തിരിക്കാൻ തുടങ്ങീട്ട് “
ഒരൽപ്പം നാണത്തോടെയായിരുന്നു അവന്റെ മറുപടി.
“സത്യത്തിൽ നിന്റെ നാണം കണ്ടപ്പോൾ, നിന്റെ ഉള്ളിലെവിടെയോ ഒരു പെൺകുട്ടി മറഞ്ഞു നിൽക്കുന്നത് പോലെയെനിക്ക് തോന്നി…….?അവനെ ചൊടിപ്പിക്കാണെന്നോണം ഞാൻ പറഞ്ഞു.
അവൻ ദേഷ്യം പിടിച്ച് എന്നെ അവിടെ ഒറ്റക്കാക്കി ഇറങ്ങിപ്പോകുമെന്നാണ് ഞാൻ കരുതിയത്.
എന്നാൽ എന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ച് അവൻ ഒന്നു കൂടി എന്നോട് ചേർന്നിരുന്നു.
“അതിപ്പോ എല്ലാ ആണുങ്ങളിലും ഒരു നിമിഷമെങ്കിലും പെണ്ണിന്റെ ഭാവങ്ങൾ ഉണ്ടാകില്ലേ “വൈൻ ചുണ്ടോട് ചേർത്ത് നുണഞ്ഞു കൊണ്ട് അവൻ ചോദിച്ചു.
“നീ യൊരു പെണ്ണായിരുന്നെങ്കിൽ ഞാനിപ്പോ നിന്നെ കെട്ടി പിടിച്ചേനെ. “
അവന്റെ കണ്ണുകളിൽ ഉറ്റു നോക്കിയാണ് ഞാനത് പറഞ്ഞത്.
“അതെന്താടോ, ഒരു ആണിനെ ഒരു പെണ്ണിന് കെട്ടിപ്പിടിക്കാൻ പാടില്ലേ “?
ആ ചോദ്യം എന്നെ ഒട്ടും അതിശയ പ്പെടുത്തിയില്ല.
“എന്തായാലും താനങ്ങനെ പറഞ്ഞ സ്ഥിതിക്ക് നല്ലൊരു ഫ്രണ്ട്ഷിപ്പ് ഹഗ് തന്നിട്ട് തന്നെ കാര്യം. ” ചാടിയെഴുന്നേറ്റ് ഇരു കൈകളും നീട്ടി അവനെന്നെ കണ്ണുകൾ കൊണ്ട് മാടി വിളിച്ചു.
ചുറ്റിലുമുള്ള, ബഹളങ്ങളും, കാഴ്ച്ചകളു മൊന്നും എന്നെ ആശങ്കപ്പെടുത്തിയില്ല.
എന്റെ ഹൃദയത്തിൽ ഉച്ചത്തിൽ അലയടിക്കുന്ന തിരമാലകളെ ഉള്ളിലൊതുക്കി ഞാൻ അവന്റെ നെഞ്ചോട് ചേർന്നു നിന്നു. എന്തൊരു രസമായിരുന്നു ആ നിമിഷങ്ങൾ. എത്ര നേരം അവനെന്നെ അങ്ങനെ ഒതുക്കി വച്ചിരുന്നു എന്നെനിക്കിപ്പോൾ ഓർമ്മയില്ല…. എന്തൊക്കെയോ പറയാൻ ഞാൻ കൊതിച്ചെങ്കിലും, ആ മനസ്സിൽ മറ്റൊരാൾ ഉണ്ടെന്ന ഓർമ്മയിൽ ഞാൻ മെല്ലെ അവനിൽ നിന്നും അകന്നു മാറി.
ഇറങ്ങാനുള്ള സ്ഥലം ഉച്ചത്തിൽ വിളിച്ചു പറയുന്ന കണ്ടക്ടറുടെ ശബ്ദം കേട്ടാണ് പാതി മയക്കത്തിലായിരുന്ന ഞാൻ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നത്….. സ്റ്റോപ്പിലിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ എന്നും ഇത് പോലെ എനിക്ക് വേണ്ടി കാത്ത് നിൽക്കുന്ന അവനില്ലാത്തത് വലിയൊരു ശൂന്യതയായി എനിക്കപ്പോൾ തോന്നി.
ക്യാബിനിൽ ചെന്ന് സിസ്റ്റം ഓൺ ആക്കി അതിന്റെ മുന്നിലിരിക്കുമ്പോൾ അവനെ ഞാൻ തിരഞ്ഞു…. അവന്റെ ക്യാബിൻ ശൂന്യമായിരുന്നു. എത്ര ദിവസത്തേക്കാണ് അവന്റെ ലീവ്? അറിയില്ല.ചെറിയൊരു വിരസത നിറഞ്ഞ നിമിഷത്തിലാണ് ഞാൻ കണ്ണുകളുയർത്തി അവനെ വീണ്ടും തിരഞ്ഞത്….. അവിശ്വസനീ യതയോടെ വീണ്ടും വീണ്ടും നോക്കി…. അവൻ തന്നെ. ചാടിപ്പിടഞ്ഞെഴുന്നേറ്റ് അവന്റെ അരികിലേക്ക് പോയി.
എന്നെ കണ്ടതും അവനൊട്ടും സന്തോഷം തോന്നിയില്ല. അവന്റെ തൂങ്ങിപ്പിടിച്ച കണ്ണുകളിൽ ഉറക്കത്തിന്റെ അലസ്യം ഉള്ളത് പോലെ….
എന്നെ കണ്ടതും അവന്റെ ചുണ്ടിലൊരു വരണ്ട ചിരി വിടർന്നു.
“ലീവ് എക്സ്റ്റന്റ് ചെയ്യാൻ ഇനിയും പറ്റില്ലെന്ന്. അപ്പോൾ പിന്നെ രാവിലെ ജോയിൻ ചെയ്തു.
ഞാനെന്തെങ്കിലും ചോദിക്കും മുന്നെ അവൻ പറഞ്ഞു.
“എടാ നീ ഓക്കേ ആണോ “?
എന്നെ ഒന്ന് വെറുതെ ഒന്ന് നോക്കി അവൻ മിണ്ടാതെയിരുന്നു.
“നീ അവളോടൊന്ന് സംസാരിക്ക്. സത്യത്തിൽ എന്താ നിങ്ങളുടെ പ്രോബ്ലം. അതെങ്കിലും നിനക്കെന്നോടൊന്ന് പറഞ്ഞൂടെ “? അത്രക്കും ഞാൻ നിന്റെ ആരുമല്ലേ “?
സങ്കടം പൊട്ടിയ കണ്ണുകളെ മറച്ചു വച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“അത് കഴിഞ്ഞു. ഇനി അതിനെപ്പറ്റി എന്നോടൊന്നും ചോദിക്കരുത്. പ്ലീസ് “
കൈകൂപ്പി കൊണ്ട് താഴ്ന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.
എപ്പോഴും ചിരിച്ചു കളിച്ചു നടന്ന അവന്റെ മാറ്റം എനിക്കൊട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
ഞാനൊന്നും മിണ്ടാതെ അവന്റെ തൊട്ടരികിൽ നിന്നു. ചീകി ഒതുക്കാത്ത അവന്റെ മുടുയിഴകളിൽ മെല്ലെയൊന്ന് തഴുകണമെന്ന് തോന്നി….. തന്റെ ദുഖങ്ങളെ ഒളിപ്പിച്ചു വയ്ക്കുന്ന അവന്റെ മിഴിയിണകളിൽ അമർത്തിയൊന്ന് ചുംബിക്കണമെന്നും.
“താൻ വിഷമിക്കേണ്ടെടോ…. ഞാൻ വേഗം ഓക്കേ ആയി വരും…. കുറച്ചു ടൈം അതെനിക്ക് വേണം ” എന്റെ വിരലുകളെ മെല്ലെ സ്പർശിച്ചു കൊണ്ടാണ് അവനത് പറഞ്ഞത്.
ഒന്നും മിണ്ടാതെ ചെറിയൊരു വിങ്ങലോടെ തിരിഞ്ഞു നടക്കുമ്പോൾ, ഒരിക്കൽ കൂടി അവനെന്നെയാ നെഞ്ചോട് ചേർത്തു പിടിച്ചെങ്കിലെന്ന് ഞാൻ വെറുതെ കൊതിച്ചു പോയി.
✍️ ചെമ്പകം.

