പിന്നീട് ഒരിക്കലും അനിതയോട് ദിനേശൻ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. അനിത കഠിനാദ്ധ്വാനിയാണെന്ന് ദിനേശന് അറിയാം. അനിതയുടെ അനിയത്തിയും സമയം…….

സന്ധ്യ മയങ്ങുന്നേരം.

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

ദിനേശൻ വന്ന് ഇറയത്ത് കയറിയിരുന്നുകൊണ്ട് പറഞ്ഞു:

ഒരു ഗ്ലാസ് വെള്ളം തരൂ…

വെള്ളം എടുത്തു കൊടുത്തുകൊണ്ട് അനിത ചോദിച്ചു:

പോയ കാര്യം എന്തായി?

നടക്കുമെന്ന് തോന്നുന്നില്ല..

അനിതയുടെ മുഖം വാടി. അവൾ ദയനീയമായി അനിയത്തിയെ നോക്കി.

അനിത പത്ത്മുപ്പത്തഞ്ച് വയസ്സുവരെ ഒരു തൊട്ടാവാടി ആയിരുന്നു. അച്ഛൻ മരിച്ചപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിൽ വന്നപ്പോഴാണ് അവൾ ആദ്യമായി ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. വിവാഹം കഴിയാതെ അവളും അനിയത്തിയും ഏറെ നാളുകളായി വീടിന് ഭാരമായി തുടങ്ങിയിട്ട്…
മറ്റുള്ളവർ ഒളിഞ്ഞും തെളിഞ്ഞും അങ്ങനെ ഓരോന്ന് പറയുന്നത് അവ൪ കേൾക്കാറുണ്ട്.

പരസ്പരം നിസ്സഹായരായി നോക്കിനിൽക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും ഇല്ലായിരുന്നു അവർക്ക്. പതുക്കെ അനിത ചില സ്വയംതൊഴിലുകൾ കണ്ടെത്താൻ ശ്രമിച്ചു തുടങ്ങി.

അങ്ങനെ ചില ജോലികളിൽ ഏർപ്പെട്ടു നടക്കുന്നതിനിടയിൽ പരിചയപ്പെട്ട ഒരാളാണ് ദിനേശൻ. അദ്ദേഹവും ജീവിതത്തിന്റെ കളരിയിൽ ഏറെ പ്രയത്നിച്ച് പടവെട്ടി തളർന്നുപോയ ഒരാളാണ്.

ചില്ലറ ലോണും കുറി വിളിച്ചെടുത്ത പണവും മറ്റുമായി അയാൾ ഒരു ബിസിനസ് നടത്തി, പൊളിഞ്ഞതാണ്. അതിനുശേഷം സ്വയംതൊഴിൽ ചെയ്യാൻ അയാൾക്ക് താൽപ്പര്യമില്ലാതായി. അനിത ചെയ്യുന്ന ജോലികൾക്ക് ആവശ്യം വന്നാൽ സഹായിക്കുക എന്നത് മാത്രമായിരുന്നു ദിനേശന് അവരുമായുള്ള ബന്ധം.

തുന്നൽക്കടയിലെ കുട്ടിയുടുപ്പുകൾ ഷോപ്പുകളിൽ എത്തിക്കുക, നൈറ്റി തയ്ക്കാനുള്ള തുണികൾ കൊണ്ടുക്കൊടുക്കുക, അതിന്റെ കാശൊക്കെ കൃത്യസമയത്ത് എത്തിച്ചുകൊടുക്കുക തുടങ്ങിയ ചെറിയ ചെറിയ സഹായങ്ങൾ ആണ് ദിനേശൻ ചെയ്തുവന്നിരുന്നത്.

ഒരു ദിവസം ദിനേശൻ ചോദിച്ചു:

തന്നെ ഞാൻ വിവാഹം ചെയ്തോട്ടെ?

അനിത പറഞ്ഞു:

വേണ്ട, ഒരു നി൪ദ്ധനകുടുംബത്തിന്റെ ഉത്തരവാദിത്തം എന്റെ ചുമലിലാണ്. ഇനി വിവാഹം കൂടിയായാൽ എനിക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല. ഇത്രയും വൈകിയസ്ഥിതിക്ക് ഇനി അങ്ങനെ ഒരു ജീവിതത്തെക്കുറിച്ച് ഒരു സങ്കല്പവും എന്റെ മനസ്സിലില്ല.

പിന്നീട് ഒരിക്കലും അനിതയോട് ദിനേശൻ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. അനിത കഠിനാദ്ധ്വാനിയാണെന്ന് ദിനേശന് അറിയാം. അനിതയുടെ അനിയത്തിയും സമയം കിട്ടുമ്പോഴൊക്കെ തയ്യൽക്കടയിൽ വന്നിരുന്നു ചേച്ചിയെ സഹായിക്കും. വീട്ടുജോലികൾ ചെയ്യുന്നതും വയ്യാതെ കിടക്കുന്ന അമ്മയെ പരിചരിക്കുന്നതും അനിയത്തിയാണ്.

തയ്യൽക്കടയിലെ പിടിപ്പത് ജോലികൾ തീർത്ത് അനിത വീട്ടിലേക്ക് മടങ്ങുമ്പോഴേക്കും ഇരുട്ടുവീണുതുടങ്ങും. മിക്കപ്പോഴും ദിനേശൻ ടോർച്ചുമായി പുറകിൽ ഉണ്ടാകും. ആ നാട്ടിലുള്ള മിക്ക ആളുകൾക്കും ഈ കാര്യങ്ങളൊക്കെ അറിയാം. ആരുംതന്നെ അവരെക്കുറിച്ച് മോശമായി ഒന്നുംതന്നെ പറഞ്ഞില്ല.

അനിയത്തിക്കൊരു കല്യാണാലോചന വന്നത് നിനച്ചിരിക്കാതെയാണ്. അത് നടത്തണമെന്ന് അനിതക്ക് ഒരു വാശി തോന്നി. അവരാണെങ്കിൽ കുറച്ച് കാശൊക്കെയുള്ള കൂട്ടത്തിലാണ്. അവർ എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ട് എന്ന് ബ്രോക്കർ കുഞ്ഞിരാമേട്ടൻ പറഞ്ഞിരുന്നു. എന്തെങ്കിലും കൊടുക്കണം എന്നല്ല, പക്ഷേ ഇത്തിരി സ്വർണ്ണമെങ്കിലും കഴുത്തിലും കാതിലും കൈയിലും വിവാഹത്തിന് അണിഞ്ഞുകാണണം, അത്രയേ ഉള്ളൂ അവരുടെ ആഗ്രഹം.
കൊടുക്കാം എന്ന് ഉറപ്പു പറഞ്ഞതാണ് അനിത, പക്ഷേ…

ദിനേശന്റെ മുഖത്തു നോക്കുമ്പോൾ അനിത തളർന്നു. അവൾ പടിയിൽ ചാരിയിരുന്നു.

അവൾ കുറച്ച്കാശ് കടം ചോദിച്ചിരുന്ന ഷോപ്പുടമ കൈമല൪ത്തിയതോടെയാണ് എല്ലാവരും എന്തുചെയ്യുമെന്ന വേവലാതിയിൽ ആയത്.

ചോദിക്കുന്നവർക്കൊക്കെ നൂറും അഞ്ഞൂറും എടുത്തു കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു..

അനിയത്തിയുടെ നിരാശ ദേഷ്യമായി പുറത്തുവന്നു. അവൾ കൈയ്യിലിരുന്ന പാത്രം നിലത്തേക്ക് ശക്തിയിൽ വെച്ച് അകത്തേക്ക് കയറിപ്പോയി.

അനിതയുടെ സ്വഭാവം അങ്ങനെയാണ്… ദാരിദ്ര്യത്തിന്റെ നെല്ലിപ്പടി കണ്ടതു കൊണ്ടായിരിക്കാം, ആരെങ്കിലും മുന്നിൽ വന്ന് കൈനീട്ടിയാൽ അനിത പേഴ്സിലുള്ള കാശ് എടുത്തുകൊടുക്കും.

അനിതയുടെ വേദനമുറ്റിയ മുഖം കണ്ടുകൊണ്ടാണ് അന്ന് ദിനേശൻ പടിയിറങ്ങിപ്പോയത്. അടുത്തദിവസം തയ്യൽക്കടയിൽ പോകാനോ ജോലി ചെയ്യാനോ അനിതക്ക് ഒരു ഉന്മേഷവും തോന്നിയില്ല. ദിവസം ഇങ്ങടുത്തു. എന്തുപറയണം… കല്യാണം നടക്കില്ല എന്ന് അവരോട് വിളിച്ച് വിവരം പറയണോ… അനിയത്തിയുടെ മുഖത്ത് നോക്കാൻ വല്ലാത്ത വിഷമം. അവളാണെങ്കിൽ ഇന്നലെരാത്രിയിൽ ഒരു പോള കണ്ണടച്ചിട്ടില്ല എന്ന് അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ പറഞ്ഞു. അമ്മ ഇടയ്ക്കിടെ കിടന്നിടത്ത്നിന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു:

അനിതേ, അവൾ എന്തിയേ?

സന്ധ്യ മയങ്ങിയപ്പോൾ വീണ്ടും ദിനേശൻ കയറിവന്നു. അയാളുടെ കൈയ്യിൽ കുറച്ച് സ്വർണാഭരണങ്ങൾ നിറഞ്ഞ ഒരു പൊതിയുണ്ടായിരുന്നു. അനിത അത്ഭുതത്തോടെ ദിനേശന്റെ മുഖത്തേക്ക് നോക്കി.

ഇതെവിടെനിന്ന് സംഘടിപ്പിച്ചു?

അവളുടെ ശബ്ദം തീരെ നേ൪ത്തിരുന്നു. ആഭരണങ്ങൾ കണ്ടതും അനിയത്തി ഓടിവന്നു. എല്ലാം വാങ്ങിനോക്കി, വേഗം കഴുത്തിലണിഞ്ഞു. കൈയ്യിൽ ഇട്ടുനോക്കി. അതിന്റെ വിലയോ മറ്റു കാര്യങ്ങളോ ഒന്നുംതന്നെ നോക്കാതെ വേഗം അമ്മ കിടക്കുന്നതിന് അടുത്തുപോയി അമ്മയെ എല്ലാം കാണിച്ചു. അവളുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. അനിതയുടെ മുഖത്തും സന്തോഷം തുളുമ്പിനിന്നു. പക്ഷേ എങ്ങനെയാണ് ഇതൊക്കെ സംഘടിപ്പിച്ചതെന്ന് അറിയാത്തതുകൊണ്ട് അനിതയുടെ ഉള്ളിൽ ഒരു പരിഭ്രമം നിറഞ്ഞു.

അനിത ചോദ്യഭാവത്തിൽ പിന്നെയും ദിനേശന്റെ മുഖത്തേക്ക് നോക്കി. അയാൾ കീശയിൽനിന്നും ഒരു ലിസ്റ്റ് എടുത്ത് അനിതയുടെ കൈയ്യിൽക്കൊടുത്ത് പെട്ടെന്ന് ഇരുളിലേക്ക് ഇറങ്ങിപ്പോയി. അനിത ആകാക്ഷയോടെ പേപ്പർ തുറന്നുനോക്കി. അതിൽ ഒരു ഇരുപത്തിമൂന്ന്പേരുടെ പേര് എഴുതിയിട്ടുണ്ടായിരുന്നു. ഓരോരുത്തരും തന്ന തുകയുടെ വിവരവും.

പലപ്പോഴായി താൻ സഹായിച്ച ആൾക്കാർ… അവരെയൊക്കെ ദിനേശൻ പോയികണ്ടിട്ട് വിവരം പറഞ്ഞ്, അവർ അപ്പോഴപ്പോൾ അവരുടെ കൈയ്യിൽ ഉണ്ടായിരുന്നത് എടുത്തുകൊടുത്ത്, ആ പണം കൊണ്ടാണ് ഇതൊക്കെ വാങ്ങിക്കൊണ്ടുവന്നിരിക്കുന്നത് എന്ന് പെട്ടെന്ന്തന്നെ അനിതക്ക് മനസ്സിലായി.

റേഷൻകട നടത്തുന്ന അബ്ദുറഹിമാന് താൻ കമ്മൽ ഊരിക്കൊടുത്തത് മകളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയ സമയത്താണ്, അദ്ദേഹം ഇരുപതിനായിരം രൂപയാണ് തന്നിരിക്കുന്നത്. മത്സ്യം വിൽക്കുന്ന റഫീഖ് ഏഴായിരം രൂപ തന്നിരിക്കുന്നു. അവന്റെ വണ്ടി ഒരു കുട്ടിയുടെ സൈക്കിളിൽ ഇടിച്ചതിന് പെട്ടെന്ന് കാശ് കൊടുക്കാൻ ഇല്ലാത്തപ്പോൾ തന്റെ കടയിൽ വന്നുചോദിച്ചത് അനിത ഓർത്തു.

പുഷ്പലതച്ചേച്ചി മുപ്പതിനായിരം രൂപ കൊടുത്തിട്ടുണ്ട്. വീട് പണിയെടുക്കുമ്പോൾ തന്റെ വള ഊരിക്കൊടുത്തത് ഓർമ്മ വന്നു അനിതക്ക്. ഗൗരിയേടത്തി ആറായിരം രൂപ കൊടുത്തിട്ടുണ്ട്. കുറി വെക്കാൻ പൈസ ഇല്ലാത്തപ്പോഴൊക്കെ തന്റെ കടയിൽ വന്ന് അഞ്ഞൂറും ഇരുന്നൂറും ഒക്കെ വാങ്ങിക്കൊണ്ടുപോകാറുണ്ട്. എവിടെയും ഇതുവരെ താനതൊന്നും എഴുതിവെച്ചിട്ടില്ല.

അമ്മയ്ക്ക് മരുന്നു വാങ്ങാൻ എടുത്തുവെച്ച പണംപോലും ബാബു വന്നു വാങ്ങിക്കൊണ്ടുപോയിട്ടുണ്ട്… അവൻ മുപ്പത്തിഅയ്യായിരം രൂപ എങ്ങനെ ഒപ്പിച്ചു കൊടുത്തുവോ ആവോ… കാലിനു വയ്യാത്ത കുഞ്ഞിനെയുംകൊണ്ട് അവൻ കയറിയിറങ്ങാത്ത ആശുപത്രിയില്ല… അവന്റെ വിഷമം കാണുമ്പോൾ തന്റെ വിഷമങ്ങളൊക്കെ എത്രനിസ്സാരം എന്ന് അനിത ഓർക്കാറുണ്ട്.

അങ്ങനെ ലിസ്റ്റിലുള്ള ഓരോ പേരിന്റെ പിറകിലുമുള്ള മുഖങ്ങളോരോന്നും അനിത ഓർത്തെടുത്തു. ഒടുവിൽ ദിനേശന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ അനിത തീരുമാനിച്ചു. അനിയത്തിയുടെ കൈപിടിച്ചു കൊടുത്തതിനുശേഷം അന്ന് വൈകുന്നേരം ദിനേശനോട് സംസാരിക്കണം… പണ്ട് മനഃപൂ൪വ്വം മറന്നുവെച്ച ഒരു വാക്ക് പറയണം… തനിക്ക് സമ്മതമാണ് എന്ന്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *