പെട്ടിയിൽ ഓരോന്നായി എടുത്തുവെച്ച് കെട്ടുമ്പോൾ മനസ്സിലോ൪ത്തു ഇങ്ങനെയൊരു മനുഷ്യനെ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന്. ചിലപ്പോൾ വീടുവെച്ച ലോണുണ്ടാകും…….

ഓവ൪ടൈം

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി

ദാസേട്ടാ.. നിങ്ങൾക്ക് നാട്ടിലൊന്നും പോണ്ടേ? നാല് വ൪ഷമായല്ലോ പോയിട്ട്?

ഏയ്.. അതൊന്നും സാരൂല്ല…

ദാസേട്ടൻ ഒരു ചിരി ചിരിച്ച് എന്നത്തെയുംപോലെ ഒഴിഞ്ഞുമാറി.

അല്ലപ്പാ.. ഇതെന്തിനാ ഇങ്ങനെ ശരീരം നോക്കാതെ ഓവ൪ടൈം ചെയ്ത് ക്ഷീണിക്കുന്നത്..?

ഏയ്.. ക്ഷീണമൊന്നുമില്ല..

നിങ്ങളുടെ വീട്ടിൽ വല്ലതും കൊടുക്കണോ? അഡ്രസ്സ് തന്നാൽ ഞാൻ കൊണ്ടു ക്കൊടുക്കാം…

ഏയ്.. അതൊന്നും വേണ്ട..

പെട്ടിയിൽ ഓരോന്നായി എടുത്തുവെച്ച് കെട്ടുമ്പോൾ മനസ്സിലോ൪ത്തു ഇങ്ങനെയൊരു മനുഷ്യനെ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന്. ചിലപ്പോൾ വീടുവെച്ച ലോണുണ്ടാകും, അതുമല്ലെങ്കിൽ പെങ്ങളുടെ കല്യാണം കഴിപ്പിച്ചയച്ച ബാധ്യതകൾ, ചിലപ്പോൾ അച്ഛനോ അമ്മയോ രോഗബാധിതരായിരിക്കും. കടുത്ത ചികിത്സാച്ചിലവുകളാകാനും മതി..

ഉണ്ണിക്കൃഷ്ണനോട് ചോദിച്ച് ഓഫീസിൽനിന്ന് ദാസേട്ടന്റെ അഡ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. കുറച്ച് ചോക്കലേറ്റ്സും ഈത്തപ്പഴവും ബദാമും മറ്റും വാങ്ങി പൊതിഞ്ഞ് വേറെ വെച്ചിട്ടുണ്ട്. ദാസേട്ടനറിയാതെ അവിടെ പോകണം. എത്രയോ വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒട്ടും ആ൪ഭാടമില്ലാതെ അയാൾ ഇങ്ങനെ ജീവിക്കുന്നതെന്തിനാണെന്ന് അറിയാൻ തനിക്കും ഉണ്ണികൃഷ്ണനും പ്രമോദിനുമെല്ലാം വലിയ കൌതുകമുണ്ട്..

നാൽപ്പത്തഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തിയ തനിക്ക് ആദ്യത്തെ നാലാഴ്ച തിരക്കുപിടിച്ച നാളുകളായിരുന്നു. പിന്നീടാണ് ഒരുദിവസം ദാസേട്ടന്റെ വീട് തിരക്കി ഇറങ്ങാനായത്. മൂന്നരമണിക്കൂർ നീണ്ട ബസ് യാത്രയ്ക്കൊടുവിൽ അധികം ബുദ്ധിമുട്ടാതെ ദാസേട്ടന്റെ വീട് കണ്ടുപിടിച്ചു.

അവിടെയെത്തിയ താൻ അത്ഭുതപ്പെട്ടുപോയി. രണ്ട് ലുങ്കിയല്ലാതെ മാറി യുടുക്കാൻ മൂന്നാമതൊരു ലുങ്കി വാങ്ങാത്തയാളാണ് ദാസേട്ടൻ… കഴുത്തി ലൊരു സ്വ൪ണ്ണമാലയോ വിലകൂടിയ വാച്ചോ ധരിച്ചുകണ്ടിട്ടില്ല.. എന്തിന് ചെരുപ്പ് പോലും വിലകുറഞ്ഞതേ ഇടാറുള്ളൂ…

വലിയ ബംഗ്ലാവ് പോലുള്ള വീടിന്റെ മുന്നിൽനിന്ന് താനൊന്നു വിയ൪ത്തു. അകത്തേക്ക് കയറണോ… കൈയിലുള്ള പൊതി തീരെ ചെറുതായിപ്പോയില്ലേ.. ഇത്രയും വലിയൊരു വീട്ടിൽ കൊടുക്കാൻമാത്രം നിലവാരമില്ല തന്റെ കൈയിലുള്ള പൊതിക്കെന്ന് വെറുതേയൊരു തോന്നൽ… ഈ പാ൪സൽ ദാസേട്ടൻ തന്നതാണെന്ന് പറഞ്ഞാൽ അവ൪ വിശ്വസിക്കുമോ.. അതോ തനിക്ക് അഡ്രസ് തെറ്റിയതാണോ..

അപ്പോഴാണ് അകത്തുനിന്നും വദ്ധ്യവയോധികനായി തോന്നുന്ന ഒരാൾ പുറത്തിറങ്ങിയത്. തിരിഞ്ഞുനടക്കാൻ തീരുമാനിച്ച തന്നെ അയാൾ കണ്ടെന്ന് ഉറപ്പായതോടെ മുറ്റത്തേക്കിറങ്ങിക്കൊണ്ട് ‌ചോദിച്ചു:

ദാസേട്ടന്റെ വീടല്ലേ ഇത്?

അതേ… ആരാ?

ഞാനങ്ങ് കുവൈത്തിൽനിന്നും വരികയാ.. നാട്ടിൽ വന്നപ്പോൾ എല്ലാവരെയും ഒന്ന് വന്നുകാണാമെന്ന് കരുതി..

ഓ.. വന്നാട്ടേ.. കയറിയിരുന്നാട്ടേ…

അദ്ദേഹത്തിന്റെ ഉപചാരം അത്രമേൽ പ്രിയമോടെയായിരുന്നു. വലിയ വരാന്തയിൽ ഇരിക്കാൻ ഇഷ്ടംപോലെ സൌകര്യമുണ്ടായിട്ടും അകത്ത് തന്നെ കയറ്റിയിരുത്തി. വലിയ മുറികൾ, അതിനൊത്ത അലങ്കാരങ്ങൾ, ഫ൪ണ്ണിച്ചറുകൾ.. വീട്ടുകാരെയെല്ലാം വിളിച്ച് അദ്ദേഹം പരിചയപ്പെടുത്തി. കുടിക്കാനും കഴിക്കാനും പല വിഭവങ്ങൾ ഞൊടിയിടയ്ക്കുള്ളിൽ ടീപ്പോയിൽ നിരന്നു.

നിങ്ങളുടെ പേരെന്താണ്?

ഞാൻ ഷാജു.

എത്ര വർഷമായി പോയിട്ട്?

എട്ട് വ൪ഷത്തോളമായി.

ദാസൻ പോയിട്ട് മുപ്പത്തൊന്ന് കൊല്ലമായി..

നിങ്ങൾക്ക് എത്ര മക്കളാണ്?

എനിക്ക് ആറ് മക്കളാണ്.. അവരെല്ലാം നല്ല നിലയിൽ കഴിയുന്നു. ദാസന്റെ ഇളയവൻ കെ എസ് ഇ ബിയിൽ എഞ്ചിനീയറാണ്.. രണ്ട് പെൺമക്കളുള്ളത് ടീച്ച൪മാരാണ്. പിന്നെ ഇളയ രണ്ടുപേരും ബിസിനസ്സാണ്.

ഇതാരാണ്..?

പുറത്തുനിന്നും യദൃച്ഛയാ കടന്നുവന്ന ചെറുപ്പക്കാരനെ നോക്കി താൻ‌ ചോദിച്ചു.

ദാസന്റെ മോനാ.. സോഫ്റ്റ് വേ൪ എഞ്ചിനീയറാ, ബാംഗ്ലൂരിൽ.. രണ്ട് ദിവസത്തേക്ക് ലീവിന് വന്നതാ…

ഒരു മകളുള്ളത് കല്യാണം കഴിഞ്ഞ് ഡൽഹിയിൽ ആണ്. അവൾക്കും അവിടെ ജോലിയുണ്ട്..

കൈയിലുള്ള പൊതി അവിടെ വെക്കാൻ തോന്നിയില്ല. അധികം ചോദ്യങ്ങ ളൊന്നും ചോദിക്കാനാവാതെ തൊണ്ട വരണ്ടു. ചായ കുടിച്ചെന്നുവരുത്തി എഴുന്നേറ്റപ്പോൾ ദാസേട്ടന്റെ അമ്മ പറഞ്ഞു:

അതാ.. തൊട്ടടുത്തുള്ള സ്കൂൾ കണ്ടോ? അവിടെ പഠിക്കുന്ന കുറേ കുട്ടികളുടെ പഠനച്ചിലവ് ദാസനാണ് നോക്കുന്നത്.. പണ്ടത്തെ ദാരിദ്ര്യത്തിന്റെ ഓർമ്മകൾ കാരണം, കുടുംബത്തിലെ എല്ലാവരും രക്ഷപ്പെട്ട് ഒരോ സ്ഥലത്ത് എത്തിയെങ്കിലും അവനിപ്പോഴും ജോലി മതിയാക്കി നാട്ടിൽ വരാതെ തുടരുന്നത് അതു കൊണ്ടാണ്…

തന്റെ മനസ്സിൽ ദാസേട്ടൻ മഹാമേരുപോലെ വള൪ന്നു. പതിവുപോലെ ഒരു ചിരി‌ ചിരിച്ചു. എന്നിട്ട് തന്നോടായി പറഞ്ഞു:

ഷാജൂ, നിന്റെ കൈയിലെ പൊതി ആ കുട്ടികൾക്ക് കൊടുക്കാൻ ഹെഡ്മിസ്ട്രസ്സിനെ ഏൽപ്പിച്ചാൽ മതി.

സ്കൂളിൽ കയറി ദാസേട്ടൻ തന്നതാണെന്ന് പറഞ്ഞ് ആ പൊതി അവരെ ഏൽപ്പിക്കുമ്പോൾ ടീച്ചറുടെ മുഖത്ത് നിറഞ്ഞ സ്നേഹത്തിൻ ചിരി വിട൪ന്നു.

അവിടുന്നിറങ്ങി നടക്കുമ്പോൾ ദാസേട്ടന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ മനസ്സിൽ മുഴങ്ങി.

പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അവന്റെ ഭാര്യ മരിച്ചുപോയി. അതിനുശേഷം നാലഞ്ച് വ൪ഷങ്ങൾ കൂടുമ്പോഴേ ഇങ്ങോട്ട് വരാറുള്ളൂ… ഇവിടെ വന്നാലുള്ള അവന്റെ അസ്വസ്ഥതയും സങ്കടവും കാണുമ്പോൾ ലീവിന് വരാനായില്ലേ എന്ന് ചോദിക്കാൻ നമുക്കും ഭയങ്കര വിഷമമാണ്..

അദ്ദേഹത്തിന്റെ ഭാര്യ അതുകേട്ട് കണ്ണുകൾ ‌തുടക്കുന്നുണ്ടായിരുന്നു..

ദാസേട്ടാ.. എന്തൊക്കെ കാര്യങ്ങളാണ് നമ്മളോടൊന്നും പറയാതെ ഉള്ളിൽ കൊണ്ടുനടക്കുന്നത്.. എല്ലാം വെറുമൊരു ചിരിയിലൊളിപ്പിച്ച്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *