പെൺകുട്ടി വേഗത്തിൽ നടന്നു നീങ്ങി, പയ്യൻ ഒരു കള്ളച്ചിരിയോടെ തലയാട്ടി ഞങ്ങളെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു. ഞാൻ അവനെ നോക്കി…..

Story written by Shaan Kabeer

ആണായാലും പെണ്ണായാലും നൊന്ത് പെറ്റ മക്കൾ ഉള്ള മാതാപിതാക്കൾ സമയം ഉണ്ടേൽ വായിക്കുക. ലൈക്കിനോ കമന്റിനോ വേണ്ടി ഞാൻ ഒന്നും എഴുതാറില്ല…

ഞാനും കൂട്ടുകാരും ബസ്റ്റോപ്പിനോട് ചേർന്ന് ആളൊഴിഞ്ഞ ഒരു പോക്കറ്റ് റോഡിൽ നിന്ന് കുശലം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആ കാഴ്ച്ച എന്റെ ശ്രദ്ധയിൽപ്പെട്ടത്. അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ പിറകെ അതേ യുണിഫോം ധരിച്ച് ആ കുട്ടിയുടെ അത്രേം പൊക്കം ഇല്ലേലും ഏകദേശം അവളുടെ അതേ പ്രായം തോന്നിപ്പിക്കുന്ന ഒരു പയ്യൻ എന്തൊക്കയോ പറഞ്ഞ് പോവുന്നു. അവൾക്ക് വല്യ മൈൻഡ് ഒന്നും ഇല്ലേലും അവന്റെ സംസാരം അവളെ ബോറടിപ്പിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി. അവൾക്ക് നേരെ അവൻ ഡയറിമിൽക്ക് ചോക്ലേറ്റ് നീട്ടി, ആദ്യമൊന്ന് മടിച്ചെങ്കിലും നാണത്തോടെ അവൾ അത് വാങ്ങി.ഒരു പേപ്പറിൽ അവന്റെ മൊബൈൽ നമ്പർ എഴുതി കൊടുത്ത് രാത്രി വിളിക്കാൻ കൈകൊണ്ട് ആഗ്യം കാണിച്ചു. അവൾ നാണത്തോടെ തലയാട്ടി.

പെൺകുട്ടി വേഗത്തിൽ നടന്നു നീങ്ങി, പയ്യൻ ഒരു കള്ളച്ചിരിയോടെ തലയാട്ടി ഞങ്ങളെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു. ഞാൻ അവനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു. പക്ഷേ മനസ്സിൽ നമുക്ക് വല്യ കുഴപ്പം ഒന്നുമില്ലായിരുന്നു, കാരണം ഞാനും ഈ പ്രായം കഴിഞ്ഞ് വന്നവനാണ്. ഇത്രേം വായിച്ചപ്പോൾ നിങ്ങൾക്ക് തോന്നിയ അതേ ഫീലിലാണ് ഞാൻ അവരുടെ ഓരോ മൂവ്മെന്റും നോക്കി കണ്ടത്.

സൊറയൊക്കെ പറഞ്ഞു കഴിഞ്ഞ് ഞാനും കൂട്ടുകാരും അടുത്തുള്ള ബേക്കറിയിൽ ഒരു ചായ കുടിക്കാൻ കയറി. അപ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്. ആ പെൺകുട്ടിയുടെ പിറകെ നടന്ന പയ്യന്റെ കൂടെ വേറെ രണ്ട് പയ്യന്മാർ. ഏകദേശം ഇരുപതിൽ കൂടുതൽ വയസ്സ് പ്രായം ഉണ്ടാവും അവർക്ക്. ചുണ്ടൊക്കെ വരണ്ടുണങ്ങി, മുടിയൊക്കെ നീട്ടിവളർത്തി ഒരു മര്യാദയും ഇല്ലാതെ അവിടെ കിടന്ന് സംസാരിക്കുന്ന അവരെ ശ്രദ്ധിക്കാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടായിരുന്നു. ആ പിഞ്ചു പൈതലായ എട്ടും പൊട്ടും തിരിച്ചറിയാത്ത പെൺകുട്ടിക്ക് ചോക്ലേറ്റും അതിൽ ഒരുത്തന്റെ ഫോൺ നമ്പറും കൊടുത്ത ധീരനായ കുട്ടിക്ക് ചേട്ടന്മാരുടെ വക പാർട്ടി നടക്കായിരുന്നു അപ്പോൾ. ആ കൊച്ചു പയ്യൻ അവൻ ചെയ്ത ചതിയുടെ ആഴത്തിന്റെ വലിപ്പം അറിയാതെ ഷവർമ ആർത്തിയോടെ വാരിവലിച്ചു കഴിക്കുന്നു. ആ പയ്യന് വയറ് നിറഞ്ഞാലും ഒരു പ്ലേറ്റ് ഷവർമ കൂടെ ഓർഡർ ചെയ്യുന്ന ആ കാട്ടാളൻമാരുടെ മനസ്സിൽ അവനെ വെച്ച് അടുത്ത ഇരയെ തേടാനുള്ള വെപ്രാളമായിരുന്നു.

കാട്ടാളന്മാർക്കുള്ള സൽക്കാരവും കൊടുത്ത് ഞാനും കൂട്ടുകാരും ആദ്യം കുട്ടികളുടെ അടുത്തും പിന്നെ അവരുടെ വീട്ടിലും കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കി. ആ കാ ട്ടാളന്മാർ പിന്നെ ഞങ്ങളുടെ നാട്ടിൽ വന്നിട്ടില്ല. പക്ഷേ, അവർ മറ്റൊരിടത്ത് തങ്ങൾക്കുള്ള ഇരയേയും തേടി നഖവും കൂർപ്പിച്ച് ഇരിക്കുന്നുണ്ടാകും, ഉറപ്പാണ്.

നമ്മുടെ കുട്ടികൾ എവിടെ പോവുന്നു, ആരുടെ കൂടെ പോവുന്നു, എന്തിന് പോവുന്നു എന്നൊക്കെ നമ്മൾ അന്വേഷിച്ചേ പറ്റൂ, കാരണം നമ്മൾ കളിച്ചു വളർന്ന ആ ജോക്കർ മിടായിയും, നാരങ്ങ അച്ചാറും, തേനാറും കൊതിയോടെ തിന്നിരുന്ന കാലം അല്ല ഇന്ന്. ഇന്ന് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് വരെ ക ഞ്ചാവ് കിട്ടാൻ വല്യ പണിയൊന്നും ഇല്ല. നമ്മൾ പഠിക്കുമ്പോൾ കയ്യിൽ ഒട്ടിച്ചിരുന്ന ടാറ്റു സ്റ്റിക്കറിന്റെ വലിപ്പത്തിൽ വരെ ഇന്ന് ലഹരി സുലഭമാണ്.അത് നാവിന്റെ അടിയിൽ വെച്ചാൽ ആ കുട്ടി മൂന്ന് ദിവസം വരെ വേറെ ഏതോ ഒരു ലോകത്ത് ആയിരിക്കും.

ഇതൊക്കെ പറയാൻ കാരണം എനിക്കും ഒരു മകൾ ഉണ്ട്‌, മകനും ഉണ്ട്‌… അവരെ ഒരു പരുന്ത്കൾക്കും റാഞ്ചാൻ ഞാൻ കൊടുക്കില്ല. എപ്പോഴും നമ്മുടെ മക്കളുടെ ചുറ്റിലും നമ്മുടെ കണ്ണുകൾ തുറന്നിരിക്കണം.

വായിക്കാത്തവർക്ക് വേണ്ടി മാത്രം വീണ്ടും പോസ്റ്റുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *