മമ്മാലിയുടെ ഫാൻസിസ്റ്റോറിൽ തൂങ്ങിക്കിടക്കുന്ന ആ പാവക്കുട്ടി അവനെ യാശിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി……

എഴുത്ത്:-രാജീവ് രാധാകൃഷ്ണ പണിക്കർ

ഇടവഴിയിൽ കെട്ടിക്കിടന്ന മഴവെള്ളം കാലുകൊണ്ടു തട്ടിത്തെറുപ്പിച്ചു കുസൃതി കാണിച്ചുകൊണ്ട് അപ്പുണ്ണി നടന്നു.

അമ്മിണിയേച്ചിക്കുള്ള പാലുകൂടി ഇനി കൊടുക്കാനുണ്ട്.

കവലയിലെത്തിയപ്പോൾ മമ്മാലിയുടെ കടയിലേക്ക് അവനൊന്നു പാളിനോക്കി.

മമ്മാലിയുടെ ഫാൻസിസ്റ്റോറിൽ തൂങ്ങിക്കിടക്കുന്ന ആ പാവക്കുട്ടി അവനെ യാശിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി

നാളെ അനുമോളുടെ നാലാംപിറന്നാളാണ്. അവൾക്കാ പാവക്കുട്ടിയെ സമ്മാനമായി നൽകണമെന്നവനാഗ്രഹമുണ്ട്.

പക്ഷേ കയ്യിലെ കാശു തികയില്ല. അമ്മയോട് ചോദിക്കാമെന്നുവച്ചാൽ ഈയിടെയായി മൂക്കത്താണ് ശുണ്ഠി.

അച്ഛൻ തെങ്ങിൽ നിന്നു വീണു കിടപ്പായതോടെ വീട്ടിലെ കാര്യങ്ങൾ അവതാളത്തിലാണ്.

അമ്മ അടുത്തുള്ള തുണിക്കടയിൽ തയ്ക്കാൻപോയിരുന്നു.

കൊറോണ മൂർച്ഛിച്ചതോടെ അതുനിലച്ചു.

ഇപ്പോൾ വീട്ടിലിരുന്ന് ചെറിയ തയ്യൽ ജോലികൾ ചെയ്തും, പശുവിനെ വളർത്തിയുമാണ് കുടുംബം പുലർത്തുന്നത്.

കഴിഞ്ഞയാഴ്ച അടുത്ത വീട്ടിലെ രേച്ചുവിന്റെ പാവക്കുട്ടി അനുമോളെടുത്ത് കളിച്ചെന്നും പറഞ്ഞ് രേച്ചുവിന്റമ്മ ചില്ലറ കോലാഹല മൊന്നുമല്ല ഉണ്ടാക്കിയത്.

അന്ന് അമ്മയുടെ കയ്യിൽ നിന്നും അനുമോൾക്കൊരുപാട് ത ല്ലുകിട്ടി.

അവൾ വേദനയോടെ തന്നെ വന്നു കെട്ടിപ്പിടിച്ചപ്പോൾ താനവൾക്കു കൊടുത്ത വാക്കാണ് പിറന്നാളിന് അതുപോലൊരു പാവക്കുട്ടിയെ വാങ്ങിത്തരാമെന്ന്.

പക്ഷേ തന്റെയടുത്തത്രയും പണമില്ല. കഴിഞ്ഞ വിഷുവിന് ആരൊക്കെയോ തന്ന ഏതാനും പത്തുരൂപ നോട്ടുകളാണാകെ സമ്പാദ്യം.

പാവയെ വാങ്ങാനത് തികയില്ല.

മമ്മാലിക്കയുടെ കടയിൽ കയറി രണ്ടു മൂന്നു തവണ വിലചോദിച്ചതാണ്.

അവസാനം അല്പം മനസ്സലിവോടെ പുള്ളിക്കാരൻ പറഞ്ഞു.

“എല്ലാവർക്കും മുന്നൂറുറുപ്പ്യക്കാണ് കൊടുക്കണത്. അനക്കത് ഇരുന്നൂറ്റി അയ്മ്പത് ഉറുപ്പ്യക്ക് തരാം.കായും കൊണ്ട് വാ.അനക്കായി ഞാനൊരെണ്ണം മാറ്റിവച്ചേക്കാം”

പക്ഷേ അതിനു പോലും കയ്യിലുള്ളത് കൂടാതെ നൂറു രൂപ കൂടി സംഘടിപ്പിക്കണം.

ആരോടെങ്കിലും കടംവാങ്ങാമെന്ന് വച്ചാൽ തന്നെ പോലൊരു പത്തു വയസ്സുകാരന് ആരു കടം തരാനാണ്.

ഭഗവതിക്കാവിന്റെ വളപ്പിനകത്തൂടെ നടന്നാൽ അമ്മിണിയേച്ചിയുടെ വീട്ടിലേക്കെളുപ്പമെത്താം.

ക്ഷേത്രത്തിനുമുന്നിലെത്തിയപ്പോൾ അവനൊരു നിമിഷം കൈകൾകൂപ്പി.

“ദേവീ പിറന്നാളിനുമുൻപ് നൂറുരൂപകിട്ടണെ “

ദേവി കൈവിടില്ലെന്ന പ്രതീക്ഷയോടെമുന്നോട്ടു നടക്കുമ്പോഴാണ് അവനാ കാഴ്ച്ചകണ്ടത്.

പ്രദക്ഷിണ വഴിയിലായി ഒരു പേഴ്സ് കിടക്കുന്നു.

തെല്ലൊരു ശങ്കയോടെ പേഴ്സ് കുനിഞ്ഞെടുത്തു കൊണ്ടവൻ ചുറ്റും നോക്കി.

ആരെയും കാണാനില്ല. പേഴ്സിനുള്ളിൽ നിറയെ നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ്.

ദേവി തനിക്കായി തന്നതാണോ.

“നമുക്കർഹതയില്ലാത്തവസ്തു ആരുടെയായാലും എടുക്കരുത് “

പെട്ടെന്നവൻ അമ്മയുടെ വാക്കുകളോർത്തു.

ശരിയാണ് ഈപൈസ തനിക്കവകാശപ്പെട്ടതല്ല.

ഇത്രയും പൈസ പോയ സ്ഥിതിക്ക് ഉടമസ്ഥൻ എന്തായാലും അന്വേഷിച്ചുവരും.

ക്ഷേത്രത്തിലെ തിരുമേനിയെ ഏൽപ്പിച്ചാൽ അദ്ദേഹമത് ഉടമസ്ഥന് നല്കി ക്കൊളും.

‘ഒരുനൂറുരൂപ അതിൽനിന്നെടുത്താലോ’ ഉടമസ്ഥൻ അത് ശ്രദ്ധിക്കാൻ പോകുന്നില്ല.തനിക്ക് പാവക്കുട്ടിയെ വാങ്ങാനും കഴിയും’

തിരുമേനിയുടെ സമീപത്തേക്ക് നടക്കുമ്പോൾ അവന്റെ കുഞ്ഞുമനസ്സിൽ ചെറിയൊരു സംഘർഷം നടന്നു.

വേണ്ട താനിന്നുവരെ കളവൊന്നും ചെയ്തിട്ടില്ല. ഇനിയിതായിട്ടൊരു ചീത്തപ്പേര് കേൾപ്പിക്കേണ്ട.

അച്ഛന്റെയും അമ്മയുടെയും മനസ്സ്നീറും.

പേഴ്‌സ്‌ തിരുമേനിയെ ഏൽപ്പിച്ചു കാര്യവും പറഞ്ഞവൻ പാലുകൊടുക്കാനായി പോയി.

തിരിച്ചു വരുമ്പോൾ തിരുമേനി അവനെയും പ്രതീക്ഷിച്ചു നില്പുണ്ടായിരുന്നു.

“ഞാൻ തന്നെക്കാത്തു നിൽക്കായിരുന്നു. ആ പേഴ്‌സു നമ്മുടെ കാവുമ്പാട്ടെ കുറുപ്പിന്റേതായിരുന്നു.

അയാളതിവിടെയെങ്ങാൻ വീണിട്ടുണ്ടോ എന്നറിയാൻ വന്നിരുന്നു.ഞാനതങ്ങട് കൊടുത്തു.

തനിക്ക് തരാൻപറഞ്ഞ് ഒരഞ്ഞൂറുറുപ്യ തന്നിട്ടുണ്ട് ഇതാ.

തിരുമേനി നീട്ടിയ അഞ്ഞൂറിന്റെ നോട്ട്കണ്ട് അവന്റെ മനസ്സാനന്ദത്തിലാറാടി.

പക്‌ഷേ അവനത് വാങ്ങാൻമടിച്ചു.

“തിരുമേനി അമ്മയറിഞ്ഞാൽ ചീ ത്തപറയും”

അതിന് താനിത് കട്ടതും മോഷ്ടിച്ചതുമൊന്നുമല്ലല്ലോ.സത്യസന്ധതക്ക് കിട്ടിയ സമ്മാനമല്ലേ. തന്റമ്മയോട് ഞാൻ പറഞ്ഞേക്കാം. ഇതങ്ങട് വാങ്ങിക്യ”

തിരുമേനി നൽകിയപണം വാങ്ങിക്കൊണ്ടവൻ സന്തോഷത്തോടെ ശ്രീകോവിലിനു നേരെ കൈകൾ കൂപ്പി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *