വലിയ വീടിന്റെ ഉൾത്തളങ്ങൾക്കൊടുവിലെ എണ്ണയുടെയും കുഴമ്പിന്റെയും മിശ്രഗന്ധമുള്ള മുറിയിൽ, മുത്തശ്ശി കാത്തിരിക്കാൻ തുടങ്ങിയിട്ട്……….

മുത്തശ്ശി

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

    വലിയ വീടിന്റെ ഉൾത്തളങ്ങൾക്കൊടുവിലെ എണ്ണയുടെയും കുഴമ്പിന്റെയും മിശ്രഗന്ധമുള്ള മുറിയിൽ, മുത്തശ്ശി കാത്തിരിക്കാൻ തുടങ്ങിയിട്ട്, ഏറെ നേരമായി.

    “ഇന്നത്തെ വർത്തമാനപ്പത്രം, ആ പണിക്കാരിപ്പെണ്ണ് കൊണ്ടരാഞ്ഞതെന്താവോ? ഇന്നലെ സർക്കാർ അവധിയായിരുന്നില്ലല്ലോ; പത്രം ഇല്ലാതിരിക്കാൻ”

    മുത്തശ്ശി പിറുപിറുത്തു. കട്ടിക്കണ്ണടയും വച്ച്,.ചുവരിലെ ചിത്രങ്ങളിലേക്കു ആകമാനം കണ്ണോടിച്ചു. കറുപ്പും വെളുപ്പും മാത്രമുള്ള ചിത്രങ്ങൾ. ഓരോന്നും, ഓരോ പുരസ്കാരങ്ങളുടെ കഥ മൊഴിയുന്നു. കറുപ്പുവെളുപ്പിൽ, ഒരുകാലത്ത് താനെത്ര പ്രൗഢയായിരുന്നു. മുത്തശ്ശിയോർത്തു. കുറച്ചു വർഷങ്ങളായി, ആരും അഭിമുഖത്തിനും വരാറില്ല. ഓർമ്മകൾ അസ്തമിക്കാൻ തുടങ്ങിയിരിക്കുന്നു വെന്നു കുടുംബത്തിലുള്ളവർ തന്നേ പറയാൻ തുടങ്ങിയതാവാം ഹേതു.

    “മുത്തശ്ശീ”

    അകമുറിയിലേക്കു കൊലുസിന്റെ കിലുക്കവും, സുഖഗന്ധവും കടന്നുവന്നു. ഒപ്പം, കൊച്ചുമകളുടെ തേൻമൊഴികളും.

    “ഇന്നു മുത്തശ്ശിയ്ക്കു, പത്രം ഞാനാ കൊണ്ടരണേ, അതിലിന്നൊരു വിശേഷം ണ്ട്; എന്റെ, വിവാഹപ്പരസ്യം കൊടുത്തിട്ടുണ്ട്. ഞാൻ വായിച്ചരാം, മുത്തശ്ശി കമന്റ് പറയണം. പഴേ, പുല്യല്ലേ മുത്തശ്ശി”

    മുത്തശ്ശി ചിരിച്ചു.

    “ന്റെ മോള്, വായിക്ക്; മുത്തശ്ശി കേൾക്കട്ടെ, എന്റെ കുഞ്ഞ് മലയാളം പറയണത് കേൾക്കാലോ,

    വായിക്ക്”

    കൊച്ചുമകളുടെ ചിരിയുടെ കലമ്പലുകൾ.

    “ദാ, കേട്ടോ,

    അതിപ്രശസ്തവും, സാമ്പത്തിക ഭദ്രത ഏറെയുമുള്ള പുരാതന തറവാട്ടിലെ പെൺകുട്ടിക്ക് (ഏകമകൾ) വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡോക്ടർ, എഞ്ചിനീയർ, സിവിൽ സർവ്വീസ് വിഭാഗക്കാർ, വൻകിട ബിസിനസ്സുകാർ, കുത്തക തോട്ടമുടമകൾ, ആറക്ക ശമ്പളമുള്ള ഗവർമെന്റ് ഉദ്യോഗസ്ഥർ എന്നിവർക്കു മുൻഗണന. ഏകമകൻ ആണെങ്കിൽ കൂടുതൽ അഭികാമ്യം കൂടുതൽ വിവരങ്ങൾക്ക്….”

    അവൾ വായിച്ചു നിർത്തി.

    “കൊള്ളാമോ മുത്തശ്ശീ? മുത്തശ്ശി, പഴയ സാഹിത്യകാരിയല്ലേ, ഇതിലെ ഗ്രാമർ എങ്ങനെയുണ്ട് ?”

    മുത്തശ്ശി, ചിരിച്ചു. പതിയേ പറഞ്ഞു.

    “കൊള്ളാം മുത്തേ, ആറു വിഭാഗക്കാരെ പരിഗണിക്കണുണ്ടല്ലോ; അച്ഛനും അമ്മയും. അതു നന്നായി. പഴയ പാഞ്ചാലദേശത്തെ ദ്രുപദമഹാരാജാവു പോലും, മകൾ കൃഷ്ണയ്ക്കായി അഞ്ചുപേരേയെ ഉൾക്കൊണ്ടുള്ളൂ. ഈ പരസ്യത്തിൽ, യുവാക്കളുടെ യോഗ്യതയ്കൊപ്പം ‘മനുഷ്യത്വമുളള’ എന്നൊരു വാക്കൂടി ചേർത്താൽ ഉചിതമായിരുന്നു.”

    അവൾ ചിരിച്ചു.

    “ഈ മുത്തശ്ശീടെ ഒരു കാര്യം; എപ്പോളും കടിച്ചാൽ പൊട്ടാത്ത കാര്യങ്ങളേ പറയൂ. ഞാൻ, താഴേക്കു പോകട്ടെ. അവിടെ, എന്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട്. കല്യാണം ശര്യാവുമ്പോ, ‘സേവ് ദ് ഡേറ്റ്’ വേണ്ടേ? അതാ ചർച്ച; ഞാൻ പോണൂട്ടാ”

    അവൾ പുറത്തേക്കു പോയി. പാദസരക്കിലുക്കങ്ങളും. മുത്തശ്ശി, പത്രമെടുത്തു ആദ്യതാളിലേക്കു കണ്ണോടിച്ചു. വലുതും ഇടത്തരവുമായ അക്ഷരങ്ങളാൽ തീർത്ത തലക്കെട്ടുകൾ. അതിലൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.

    ‘ഉത്തരയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ, ഭർത്താവിനു ജീവപര്യന്തം.’

    ചോണനുറുമ്പു വരിയിട്ട ചേലിൽ, വാർത്തയുടെ വിശദീകരണങ്ങൾ. മുത്തശ്ശിയുടെ മനസ്സിലന്നേരം തെളിഞ്ഞത് ഒരേയൊരു മുഖമാണ്. സ്വന്തം, പേരക്കിടാവിന്റെ പ്രഫുല്ലമായ വദനം. അവൾ, നവവധുവായി നിൽക്കുന്ന രംഗം.

    അവർ പിറുപിറുത്തു.

    “ആ പരസ്യത്തിൽ, മനുഷ്യത്വമുള്ള എന്നുകൂടി ചേർക്കേണ്ടതായിരുന്നു.”

    ****************

    Related Posts

    Leave a Reply

    Your email address will not be published. Required fields are marked *