വിച്ചൂ … നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ആ സുചിത്രേടെ വീട്ടിൽ പോകരുതെന്ന്……..

”പൊരുത്തം”

Story written by Sebin Boss J

”’ വിച്ചൂ … നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ആ സുചിത്രേടെ വീട്ടിൽ പോകരുതെന്ന് . “”

വിഷ്ണു സ്‌കൂട്ടർ സ്റ്റാൻഡിലേക്ക് വെച്ചയുടനെ വത്സല തിണ്ണയിലേക്കിറങ്ങിവന്നു പറഞ്ഞു .

“‘ പോയാലെന്താ .””

”’ നിനക്കറിയില്ലേ ? ആളുകൾ പലതും പറയുന്നേ ?”

”ആളുകൾ പലതും പറയും അമ്മെ .. ആരുടേം വാ മൂടിക്കെട്ടാൻ ആവില്ലല്ലോ . ശിവേട്ടൻ മരിച്ചിട്ടും അവരന്തസ്സായിട്ട് ജോലിയെടുത്താ ജീവിക്കുന്നെ “”

“” ”’എന്ത് അന്തസ് ? തുണിക്കടേൽ പോകുന്നതോ ..സർക്കാരുദ്യോഗ മൊന്നുമല്ലല്ലോ .എന്നിട്ടവളുടെയൊരു പത്രാസും “” സംസാരം കേട്ട് അകത്തുനിന്നും വീണ ഇറങ്ങിവന്നു .

”എന്ത് ജോലിക്കും അതിന്റെതായ അന്തസുണ്ടടി ചേച്ചീ . ജോലി ചെയ്ത് കുടുംബം പുലർത്തിയാൽ അറിയാം ഏത് ജോലീടേം മഹത്വം “‘

“‘ രാജീവേട്ടൻ എന്നെ അന്തസായിട്ട് ജോലിയെടുത്തു തന്നെയാ നോക്കുന്നെ . “” വീണയുടെ മുഖം കനത്തു

“‘ഹ്മ്മ്മ് “‘ എന്തോ പറയാനാഞ്ഞിട്ട് ഇരുത്തിയൊന്ന് മൂളിയിട്ട് വിഷ്‌ണു അകത്തേക്ക് നടന്നു .

”ഡാ … കൊച്ചിന്റെ ലാക്ടോജൻ തീർന്നു . നീ കടേലേക്കിറങ്ങുന്നുണ്ടെൽ അതോടെ വാങ്ങിച്ചോണേ “”

മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ നിന്ന് കട്ടൻചായയും റസ്കും കഴിക്കുമ്പോൾ വീണ അവിടേക്ക് വന്നു പറഞ്ഞു .

“‘ ഞാനിറങ്ങുവാ . ഇന്ന് ക്ലബ്ബിലോരു മീറ്റിങ്ങുണ്ട് . നീ ഒരു അഞ്ഞൂറ് രൂപയിങ്ങെടുത്തേ “‘ അതിനകം തണുത്ത കാപ്പി ഒറ്റവലിക്ക് കുടിച്ചിട്ട് ഗ്ലാസ് കഴുകാനായി എടുത്തുകൊണ്ട് വിഷ്ണു പറഞ്ഞു .

“‘ അഞ്ഞൂറോ ..എന്ത് കാര്യത്തിന് ? കഴിഞ്ഞാഴ്ച അയ്യായിരം ചോദിച്ചു . ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല . “” വീണയവനെ തറപ്പിച്ചു നോക്കി

“‘എന്നിട്ട് നീ തന്നോ ? “‘

“‘ഇല്ല … മിന്നൂന് വയസ് അഞ്ചാകുവാ . സെയിന്റ് തെരേസാസ് സ്‌കൂളിൽ എന്നാ ഡൊണേഷൻ ആണെന്നറിയാമോ ? ഡൊണേഷൻ കൊടുത്താലും അഡ്മിഷൻ കിട്ടുമോ .. രാജീവേട്ടന്റെ ഒരു ഫ്രണ്ട് വഴി പറഞ്ഞൊപ്പിച്ചിരിക്കുന്നതാ . പിന്നെ പോളിസി ഒരെണ്ണം എടുക്കണം . പെൺകൊച്ചല്ലേ . പിന്നെയഭീടെ ചോറൂണ് . ഗുരുവായൂര് വെച്ച് നടത്താണോന്നാ രാജീവേട്ടൻ പറഞ്ഞെ .”‘

“” അതിനൊക്കെയൊത്തിരി കാശ് ചെലവല്ലേ ചേച്ചീ . “‘

”അതിന് നിനക്ക് വല്ല മുടക്കുമുണ്ടോ ? പിള്ളേർക്കും എനിക്കും വേണ്ടിയാ രാജീവേട്ടൻ കഷ്ടപ്പെടുന്നെ . “‘

“‘എന്നിട്ട് മിന്നൂന്റെ ചോറൂണിന് കഷ്ടപ്പെട്ടത്. ഞാനല്ലേ “‘

”അത് പിന്നെ നമ്മളല്ലേ പ്രസവം നോക്കേണ്ടത് . “‘ വത്സല ചെടികൾക്ക് വെള്ളമൊഴിച്ചിട്ടകത്തേക്ക് കേറിവന്നു

“” എന്നിട്ട് രണ്ടാമത്തെ പ്രസവമോ …അതും നമ്മളല്ലേ നോക്കിയത് “‘ വിഷ്ണു മുഖം തുടച്ചിട്ട് സ്‌കൂട്ടറിന്റെ താക്കോലുമെടുത്ത് പുറത്തേക്കിറങ്ങി .

“‘ നിനക്ക് ഞാനിവിടെ നിൽക്കുന്നതിഷ്ടമില്ലേൽ പറഞ്ഞാൽ മതി .””വീണ പുറകെ വന്നു . വിഷ്ണുവതിന് മറുപടിയൊന്നും പറഞ്ഞില്ല .

*********************

“” എടാവേ … സരോജിനീടെ വീടിന്റെ മൊത്തം പണിച്ചെലവും ഞാൻ തന്നോളാം . മൊത്തമെത്രയായി പൈസ . “‘

ക്ളബ്ബ് പ്രസിണ്ടന്റ് ജയകുമാർ പോക്കറ്റിൽ നിന്ന് ചെക്ക് ലീഫ് എടുത്തു എല്ലാവരെയും നോക്കി .

“‘ മൊത്തം ഏഴുലക്ഷത്തി പതിനായിരത്തി മുന്നൂറ്റി പതിനെട്ട് രൂപ ജയൻ സാറെ “” ട്രെഷറർ ബുക്കെടുത്തു നോക്കി പറഞ്ഞപ്പോൾ ജയകുമാർ ചെക്കിൽ എമൗണ്ട് എഴുതി നീട്ടി .

“‘ ഏഴര ലക്ഷം എഴുതീട്ടുണ്ട് വിഷ്ണൂ. ഞാൻ എം എൽ എ വർഗീസിനെ വിളിച്ചു പറഞ്ഞോളാം . അടുത്ത ഞായർ പുള്ളിക്ക് സൗകര്യമുണ്ടേൽ അന്ന് വൈകിട്ട് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് താക്കോല് കൈമാറാം .എന്താ ? . അതിനുള്ള ചെലവും ചേർത്തെഴുതിയിട്ടുണ്ട് “‘

“” ജയേട്ടാ …സരോജിനി ചേച്ചീടെ വീടിന്റെ പണി ഞങ്ങളെല്ലാരും കൂടെ തീർത്തതല്ലേ? . ഈ പൈസ ഞാൻ സുചിത്രേച്ചിക്ക് ഒരു തൊഴുത്ത് ഉണ്ടാക്കാൻ എടുക്കുവാ . ഒരു ചെറിയ വരുമാനം വീട്ടിൽ നിന്നുണ്ടേൽ പിന്നെ സുചിത്രേച്ചിക്ക് തുണിക്കടേൽ ജോലിക്ക് പോകണ്ടല്ലോ . കൊച്ചിനേം ഡേ കെയറിൽ ആക്കീട്ട് പാവം എത്രനാളാ ഇങ്ങനെ കഷ്ടപ്പെടുന്നെ ? ഇനി തൊഴുത്തിന്റെ ഉൽഘാടനം നടത്തണോന്നുണ്ടേൽ ആവാം . “‘ വിഷ്ണു പറഞ്ഞിട്ട് ചുറ്റുമിരിക്കുന്നവരെ നോക്കി

”’ .ആ തള്ളക്കും കാർന്നോർക്കും കേറിക്കിടക്കാനൊരു പെര .അതിനാ ഞാൻ കാശ് തന്നത് . അല്ലാതെ കണ്ട മറ്റവളുമാർക്ക് തൊഴുത്തിനും പട്ടിക്കൂടിനു മൊന്നുമല്ല ”’ ജയകുമാർ മേശയിൽ കൈചുരുട്ടിയിടിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു . ട്രെഷറർ ദീപു തന്റെ കയ്യിലിരുന്ന ചെക്ക് ലീഫ് യാന്ത്രികമായി അയാളുടെ മുന്നിലേക്ക് നീക്കി വെച്ചപ്പോൾ വിഷ്‌ണു ആ ചെക്ക് ലീഫ്‌എടുത്തു പോക്കറ്റിലിട്ടു .

“‘ ജയേട്ടാ … കണ്ട മറ്റവളുമാരൊന്നുമല്ലോ . സ്വന്തം അനിയന്റെ ഭാര്യയല്ലേ . നിങ്ങടെ പിള്ളേരുടെ പഠിപ്പിന് വേണ്ടിയാണ് ശിവേട്ടൻ ലോണെടുത്തതും കടം കേറി ആത്മഹ ത്യ ചെയ്‌തതും . പിള്ളേരുടെ ശമ്പളംവരാൻ തുടങ്ങിയപ്പോ നിങ്ങൾ വന്നവഴി .മറന്നു . ആ പാവം കടം കേറി കഴുത്തിൽ കുരുക്കിട്ടപ്പോൾ നിങ്ങള് മണിമാളിക കെട്ടിപ്പൊക്കുന്ന തിരക്കിലായിരുന്നു . . ആ മതില് കെട്ടിയ പൈസ മതിയാരുന്നല്ലോ ജയേട്ടാ ആ ലോണിന്റെ ഒരടവിന് . ജയേട്ടാ രാഷ്ട്രീയ പാർട്ടികൾക്കും ആരാധനാലയങ്ങൾക്കുമല്ല സംഭാവന കൊടുക്കേണ്ടത് . നിങ്ങളിരൊരാൾ പട്ടിണിയാണെങ്കിൽ ആ പട്ടിണി മാറ്റിയിട്ട് ദാനം കൊടുത്താലേ അതിന് ഫലമുണ്ടാകൂ . ഈ പൈസ എന്തായാലും ഞാനെടുക്കുവാ . നിങ്ങൾ ചെക്ക് മടക്കിയാൽ ഞാൻ കേസ് കൊടുക്കും . ആ കുഞ്ഞിന് അവകാശ പ്പെട്ടതാണ് ഈ പൈസ “‘

“‘ ഓ ..അപ്പോ നാട്ടുകാര് പറയുന്നത് ശെരിയാണല്ലേ ..നീയാണവളെ വെച്ചോണ്ടിരിക്കുന്നേന്ന് “‘ ജയകുമാർ മുഖം കോട്ടി വിഷ്ണുവിനെ നോക്കി പ്പറഞ്ഞു

“‘എടോ …. “‘ വിഷ്ണു കൈ ചുരുട്ടിയയയാൾക്ക് നേരെ അടുത്തപ്പോൾ ട്രെഷററും കമ്മറ്റിയിൽ ഉണ്ടായിരുന്നവരും കൂടെ അവനെ തടഞ്ഞു .

“” നീ ചെവിയില് നുള്ളിക്കോടാ … ഏഴര ലക്ഷം പോയാല് ജയകുമാറിന് പുല്ലാ . ..വെറും പുല്ല് .. “‘ ഒച്ചയും ബഹളവും കേട്ട് മുകളിലേക്ക് കയറി വന്ന കെട്ടിട ഉടമയും ക്ലബ്ബിന്റെ താഴത്തെ നിലയിൽ ചായക്കടനടത്തുന്നതുമായ മക്കാറിക്ക മുകളിലേക്ക് കയറി വന്നു ജയകുമാറിനെ അനുനയിപ്പിച്ചു താഴത്തേക്ക് കൊണ്ടുപോയി .

“‘എന്റെ വിഷ്ണൂ ..നിനക്കിതെന്നാ പറ്റി . നമ്മള് സരോജിനി ചേച്ചീടെ വീട് പണിക്കായി പിരിവിന് ചെന്നപ്പോ അയാള് പറയാത്തതൊന്നുമില്ല . അയാളീ പൈസ തന്നത് തന്നെ ഫ്ലെക്സിൽ പേരും ഫോട്ടോയും വരാനാ . ആർക്ക് ചേതം .നിനക്കാ പൈസ വാങ്ങി പോക്കറ്റിലിട്ടാൽ പോരായിരുന്നോ . നമ്മള് ആർക്ക് കൊടുക്കുന്നൂന്ന് അയാളോട് പറയണ്ട കാര്യമില്ലല്ലോ . “” ക്ലബ്ബിന്റെ മുതിർന്ന അംഗവും മാർഗ്ഗദർശിയുമായ ശിവദാസൻ മാഷ് വിഷ്ണുവിനെ ശാസിച്ചു .

“”’ ഹ്മ്മ് … നിങ്ങള് തീരുമാനിക്ക് . തീരുമാനം എന്തായാലും എനിക്ക് സമ്മതമാണ് “‘ വിഷ്ണു സ്റ്റെപ് ഇറങ്ങിയതും ചായക്കടയിൽ നിന്ന് മക്കാറിക്ക വിളിച്ചു

“‘ വിഷ്ണൂ …”

”’എന്താ മക്കാറിക്കാ . പറ്റ് കാശ് ആണേൽ ഞാൻ നാളെ തന്നേക്കാം “‘

;”” ഞാനിത് വരെ നിന്നോട് പറ്റ് കാശ് തീർക്കാൻ പറഞ്ഞിട്ടുണ്ടോ വിഷ്ണു ..””മക്കാർ അവനെ വിളിച്ചു ഉള്ളിലേക്കിരുത്തി .

“” അതല്ലിക്ക … ജമീലാടെ ഡേറ്റ് നാളെയോ മറ്റോ അല്ലെ . കാശിനാവശ്യമുണ്ടെന്ന് കരുതി ഞാൻ … അല്പം പൈസ മുൻകൂർ വേണോന്ന് പറഞ്ഞിട്ടുണ്ട് ചന്തേല് “‘

ചന്തയിൽ കുറച്ചു കടകളുടെ കണക്കെഴുത്താണ് വിഷ്ണുവിന്റെ പണി . കൂടാതെ ലോഡുമിറക്കാൻ കൂടും . എന്ത് തൊഴില് ചെയ്യാനും മടിയില്ല അവന് . കടം കയറി അച്ഛൻ നാടുവിട്ടപ്പോൾ ആ കടബാദ്ധ്യത തീർത്തതും കുടുംബം നോക്കുന്നതും പെങ്ങളെ കെട്ടിച്ചതുമൊക്കെ അവന്റെയധ്വാനഫലം കൊണ്ടാണ് .

“‘ അതല്ലടാ … സുചിത്രേടെ കാര്യമാ “‘

“‘എന്നാ മക്കാറിക്കാ … സുചിത്രേച്ചി പറ്റ് വല്ലതും തരാനുണ്ടോ ? ‘ഞാൻ തന്നോളാം അത് ”

“‘ അവൾക്കിവിടെ പറ്റുണ്ടേൽ അവള് തീർത്തോളും . അല്ലെങ്കിൽ വേണ്ടന്ന് വെക്കാനെനിക്കറിയാം . അവളുടെ കെട്ടിയോൻ ശിവനാ എനിക്കീ ചായക്കടയിടാനുള്ള സഹായം ചെയ്ത തന്നെ . അവളുടെ പറ്റ് തീർക്കാൻ നീ ആരാടാ … ഈ നാട്ടുകാര് പറയുന്നതിൽ വല്ല കാര്യവുമുണ്ടോ ? ”’

”മക്കാറിക്കാ ..നിങ്ങളുമിങ്ങനെ പറഞ്ഞാൽ …”” വിഷ്ണുവിന്റെ മുഖം കനത്തു .

“‘ കുടുംബത്തിലെ കുറ്റം അരുമറിയില്ലടാ വിഷ്ണു .. അത് നമ്മളറിഞ്ഞു വരുമ്പോഴേക്കും പുഴുത്തു നാറിയിട്ടുണ്ടാകും . നാട്ടുകാര് പലതും പറഞ്ഞു തുടങ്ങി . ആരുടേം വായടച്ചുമൂടാൻ നമ്മളെക്കൊണ്ടാവില്ലല്ലോ . കാര്യം നീ ചെയ്യുന്നത് ഞാനടക്കം ഈ നാട്ടുകാര് ചെയ്യണ്ടതാ ,.അത്രക്കുപകാരി അല്ലായിരുന്നോ ശിവൻ . നാട്ടിലെന്ത് പ്രശ്നമുണ്ടെലും ആദ്യമോടിയെത്തുന്നത് അവനായിരുന്നു . എന്തിന് ..നിങ്ങടീ ക്ലബ്ബ് കൊണ്ടെത്ര പേർക്ക് വീടും കിടപ്പാടോം ഉണ്ടാക്കി കൊടുത്തു . എന്നിട്ടും നന്ദിയില്ലാത്ത നാട്ടുകാര് … ഭൂ “‘ മക്കാർ . നീട്ടിത്തുപ്പി

“‘ ദെണ്ണം കൊണ്ട് പറഞ്ഞതാടാ വിഷ്ണൂ …നിനക്കിപ്പോ എത്രവയസായി ? മുപ്പത്തിയഞ്ചോ മുപ്പത്താറോ ?… ചൊവ്വാദോഷവും നാളും പൊരുത്തവും … എന്നിനി ഒരു ജീവിതമുണ്ടാകും മോനെ . കടമൊക്കെ തീർത്ത് വീടും പുതുക്കി . ചേച്ചീടേം കല്യാണം കഴിഞ്ഞെല്ലാ ഉത്തരവാദിത്വോം തീർന്നില്ലേ ? ഇനിയെങ്കിലും നിന്റെ കാര്യം നോക്കി ജീവിക്കാൻ നോക്ക് “‘

“‘നോക്കാഞ്ഞിട്ടല്ലിക്കാ .. ഒന്നും നടക്കുന്നില്ല . അച്ഛന്റെ കാര്യം തന്നെ ആദ്യം . പിന്നെ ജാതകോം പൊരുത്തവും . അതും കുഴപ്പമില്ലേൽ സൗന്ദര്യമില്ല . മുടിയില്ല എന്നൊക്കെ പറഞ്ഞമ്മയും ചേച്ചിയും “”

“‘ എന്തിനാടാ കൂടുതൽ സമ്പത്തും പണവുമൊക്കെ ? എന്തുണ്ടായാലും കുടുംബത്തിൽ സമാധാനമില്ലേൽ ഒരു . കാര്യവുമില്ല . നിന്റച്ഛന്റെ കാര്യം തന്നെയെടുക്ക് . നാത്തൂനെക്കാൾ മേലെ നിക്കണോന്ന് പറഞ്ഞേന്തൊക്കെയാ വത്സല കാട്ടിക്കൂട്ടിയത് . ഉള്ള ലോണൊക്കെ എടുത്തു അതുമിതും വാങ്ങിക്കൂട്ടി. വല്യ കുഴപ്പമില്ലാത്ത വീടല്ലേ വാർക്കവീട് വേണോന്ന് പറഞ്ഞ് നിന്റമ്മ ബഹളം വെച്ചിട്ട് ഇടിച്ചു കളഞ്ഞത് . എന്നിട്ട് പൂർത്തിയാക്കാൻ പറ്റിയോ ? സ്വസഥത യില്ലാതെയാ നിന്റച്ഛൻ നാട് വിട്ടത് . വിഷ്ണൂ … സുചിത്ര ഒരു പാവം പെണ്ണാ . നിന്നെയെനിക്കറിയാവുന്നത് കൊണ്ട് പറയുവാ . പറ്റൂങ്കിൽ അവൾക്കൊരു ജീവിതം കൊടുക്ക് :”””

മക്കാർ ചായ നീട്ടിയടിച്ചവന്റെ മുന്നിൽ വെച്ചു . . ഗ്ലാസിൽ നിന്ന് പറക്കുന്ന ചൂടിനേക്കാൾ പുകയുന്നുണ്ടായിരുന്നു അവന്റെ മനസ്

“” സുചിത്രേച്ചീ … കേറ് “” ബസിറങ്ങി നടക്കുകയായിരുന്ന സുചിത്രയുടെ മുന്നിൽ കൊണ്ടുപോയി സ്‌കൂട്ടർ നിർത്തിയിട്ട് വിഷ്ണു മോളെ കൈനറ്റിക്കിന്റെ മുന്നിൽ കേറ്റി നിർത്തി .

“” വേണ്ട വിച്ചൂ ..ഞാൻ നടന്നു പൊക്കോളാം …. അച്ചൂട്ടി നീയിറങ്ങിക്കെ “‘ സുചിത്രയുടെ മുഖം കനത്തിരുന്നു .

“‘…അമ്മെ സ്‌കൂട്ടറി പോകാമമ്മേ ..പ്ലീസ് “”

തുണിക്കടയിൽ തിരക്കുള്ള ദിവസം താസിച്ചു വരുമ്പോൾ സുചിത്ര വിഷ്ണുവിനെ വിളിച്ചു പറയുമായിരുന്നു . അവൻ ബസ്റ്റോപ്പിൽ വന്നവരെ വീട്ടിൽ കൊണ്ടാക്കും .

“” നിന്നോടിറങ്ങാൻ അല്ലെ പറഞ്ഞെ .. ഇവിടെ വാടീ “‘ സുചിത്രയവളുടെ കയ്യിൽ പിടിച്ചിറക്കിയപ്പോൾ അച്ചൂട്ടി വിതുമ്പി

“‘ എന്താ സുചിത്രേച്ചീ ഇത് ..എന്നോടെന്തലും ദേഷ്യമുണ്ടെൽ അവളോട് കാണിക്കണോ ? എന്ത് പറ്റി ..ഹ്മ്മ് ..എനിക്കറിയാം കാര്യമെന്താകുമെന്ന് “”

”മനസ്സിലായല്ലോ … വിച്ചൂ …നിന്നെയെനിക്കിഷ്ടമാണ് . നീ ചെയ്തുതന്ന ഉപകാരങ്ങളൊക്കെയും മറക്കുന്നുമില്ല . പക്ഷെ ഉപദ്രവിക്കരുത് മോനെ . എനിക്കൊരു പെൺകുഞ്ഞാണ് .നാളെ നാട്ടുകാർ അതുമിതും പറഞ്ഞാൽ നശിക്കുന്നതെന്റെ മോളുടെ ഭാവിയാണ് “‘

സുചിത്ര പറഞ്ഞിട്ട് അച്ചൂട്ടിയുടെ കൈ പിടിച്ചു നീട്ടിവലിച്ചു നടന്നു .

വീടിന് അകലെ നിന്നെ വിഷ്ണു കണ്ടു പത്രക്കാരൻ വിനോദ് ഗേറ്റിനരികിൽ നിന്ന് സംസാരിക്കുന്നത് . സ്‌കൂട്ടറിന്റെ ശബ്ദം കേട്ടതും വിനോദ് വണ്ടിയെടുത്തു പോയി .

“‘നീയിന്നും ആ അലവലാതി സ്ത്രീയുടെ അടുത്ത് പോയി അല്ലെ ശൃംഗരിക്കാൻ ? “” വണ്ടി നിർത്തുന്നതിന് മുൻപേ വത്സല പുറകെയെത്തി .

“‘ ഏത് സ്ത്രീയുടെ കാര്യമാണമ്മ പറയുന്നത് ? സുചിത്രേച്ചിയുടെ കാര്യമാണോ ?”’

“‘ആ …ആ പെണ്ണ് തന്നെ . അവളുടെ കയ്യിലിരുപ്പ് ഒന്ന് കൊണ്ട് മാത്രാ ആ ചെറുക്കൻ തൂങ്ങിച്ച ത്തെ . ഇനി അവൾ നിന്നേം കൊ ലക്ക് കൊടുക്കുമല്ലോ എന്റീശ്വരാ !! ”’

“‘അമ്മയോടാരാ ഈ അനാവശ്യമൊക്കെ പറഞ്ഞെ ..ആ വിനോദാരിക്കും . നാട്ടിലെ പ്രധാന പരദൂഷണക്കാരൻ അവനാ “‘

ഗേറ്റിനരികിൽ നിന്ന് വിനോദിനോട് സംസാരിക്കുകയായിരുന്നു വീണക്കൊപ്പം വത്സലയെയുമവൻ കണ്ടിരുന്നു .

“””‘ പറഞ്ഞതാരായാൽ എന്നാ ..സത്യമല്ലേ … എന്തിനാടാ ഇങ്ങനെ ആളുകളെ കൊണ്ട് പറയിപ്പിക്കുന്നെ ?”’

“‘ രാവിലേം പിന്നെ സമയം കിട്ടുമ്പോഴെല്ലാം നീയാ വിനോദുമായിട്ട് കൊഞ്ചി ക്കുഴയുവാണെന്ന് നാട്ടുകാര് പറയുന്നുണ്ട് . അവനെ കാണാനാ കെട്യോന്റെ വീട്ടിൽ നിക്കാതിവിടെ വന്നു നിക്കുന്നേന്നും “‘

”അപരാധം പറയരുത് നീ ..അവൻ എന്റെ കൂടെ പഠിച്ചതാ . കാണുമ്പോ സംസാരിക്കും .. അമ്മയുമുണ്ടായിരുന്നല്ലോ എന്റെ കൂടെ . .”‘വീണ ദേഷ്യത്തോടെ അവന്റെ നേർക്ക് കൈ ചൂണ്ടി .

“‘അതെ ..സ്വന്തം കാര്യം വന്നപ്പോൾ അപരാധമായി . ഇത്പോലൊ ക്കെത്തന്നെയേ ഞാൻ സുചിത്രേച്ചി ആയിട്ട് സംസാരിക്കുന്നുള്ളൂ . “”

“” നീയിനിയവടെ മേത്തേക്ക് കേറിക്കോ . ഓതിക്കൊടുത്തു വിട്ടേക്കുവാ അവള് . .ഈശ്വരാ ..മുടിഞ്ഞു പോകത്തേയുള്ളൂ . “‘വത്സല തലയിൽ കൈവെച്ചു പ്രാകി .

“‘ പ്രാകീട്ടൊന്നും കാര്യമില്ല തള്ളെ .ഈ പ്രാക്ക് കൊണ്ടാ അച്ഛൻ ഓടിപ്പോയെ .””

പറഞ്ഞു തീർന്നില്ല അതിനുള്ളിൽ വത്സലയുടെ കൈ അവന്റെ ചെകിടിൽ പതിഞ്ഞു

”’നശിച്ചവനെ … സ്വന്തം അമ്മേനെ നീ തള്ളേന്ന് വിളിക്കാറായോ . ഇറങ്ങടാ ഇവിടുന്ന് . എന്റെ ദേവീ .. ആ ഒരുമ്പെ ട്ടോള് എന്ത് കൂടോത്രമാണോ ഇവന് കൊടുത്തേ “”

“” ഇവനെ പറഞ്ഞിട്ട് കാര്യമില്ല . കൊറച്ചു തൊലിവെളുപ്പുണ്ടായാൽ മതീല്ലോ .നാണമില്ലാത്തവൻ . അവളുടെ സാരിത്തുമ്പേൽ തൂങ്ങി നടന്നോളും എപ്പോ .നോക്കിയാലും . മനുഷ്യനിവിടെ തൊലിയുരിഞ്ഞിട്ട് നടക്കാൻ വയ്യ . എന്റീശ്വരാ . ചേട്ടനെങ്ങാനും അറിഞ്ഞാൽ ഞാനെന്നാ പറയും . എന്തേലും കിട്ടാൻ നോക്കിയിരിക്കുവാ ആ തള്ള “‘ വീണ ഏറ്റുപിടിച്ചു

വിഷ്ണു ഒന്നും മിണ്ടാതെ കവിളിൽ തിരുമ്മിക്കൊണ്ട് സ്‌കൂട്ടറിനടുത്തേക്ക് നടന്നു

“‘സുചിത്രേച്ചീ …”‘

പതിഞ്ഞ ശബ്ദം കേട്ടാണ് സുചിത്ര ജനാലപ്പാളി തുറന്നു നോക്കിയത് .

“‘വിച്ചൂ ..നീ ..നീയെന്താ ഈ നേരത്ത് ?”’ സുചിത്ര പെട്ടന്ന് വാതിൽ തുറന്നു .

“‘എന്താടാ വിച്ചൂ .. വീട്ടിലെന്തേലും വഴക്കുണ്ടായോ ..വത്സലേച്ചി ആയിട്ടോ ..അതോ വീണയായിട്ടോ ?”’ സുചിത്ര അവന്റെ മുഖഭാവം കണ്ട് ചോദിച്ചു . അവനൊന്നും മിണ്ടിയില്ല .

“‘ വിച്ചൂ ..എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല . ഞാൻ പറഞ്ഞില്ലേ എന്റെ മോളുടെ ഭാവി . ഇന്ന് ജയേട്ടൻ തുണിക്കടയിൽ വന്നിരുന്നു . അവിടെവച്ചതുമിതൊക്കെ പറഞ്ഞു . മടുത്തിട്ടാ വിച്ചൂ “” . സുചിത്ര വിതുമ്പി

“‘നീയിനി ഇവിടെ വരരുത് . എന്നെ കാണരുത് . ഞാൻ കാരണം നീ കൂടെ നശിക്കാൻ ഞാൻ സമ്മതിക്കില്ല . നീ വീട്ടിലേക്ക് പോ .പകൽ സമയത്തെന്നെ കണ്ടിട്ട് തന്നെ ആളുകൾ അതുമിതും പറയുന്നു ..അപ്പോഴാണ് ഈ സന്ധ്യക്ക് “‘ “”

“‘സുചിത്രേച്ചീ .. നാട്ടുകാരുടെ വായടക്കാൻ പറ്റില്ല . പക്ഷെ ഒന്ന് ചെയ്യാൻ പറ്റും ..ഞാൻ …ഞാൻ അച്ചൂട്ടിയുടെ അച്ഛനാവട്ടെ ?”’

“‘ എന്ന് വെച്ചാൽ ..നീ എന്നെ കല്യാണം കഴിക്കുമെന്ന് ? ..സുചിത്രേച്ചി എന്ന് വിളിച്ച നാവുകൊണ്ടാണോ നീയിത് പറഞ്ഞത് . എന്താടാ ഇത് ? ഒരു വിധവയ്ക്ക് ജീവിതം കൊടുക്കുന്നെന്നുള്ള സഹതാപമോ ? നിന്റെ ക്ളബ്ബ് പാവങ്ങൾക്ക് വീട് വെച്ച് കൊടുത്തു കഴിഞ്ഞു വിധവകൾക്ക് ജീവിതം കൊടുത്തു തുടങ്ങിയോ ?”’ സുചിത്രയുടെ വാക്കുകളിൽ പരിഹാസവും വേദനയും ദേഷ്യവും കലർന്നിരുന്നു

“” സുചിത്രേച്ചിക്കല്ല ജീവിതം . പറ്റുമെങ്കിൽ നിങ്ങളെനിക്കൊരു ജീവിതം താ . കാരണം അല്പമെങ്കിലും കരുണയോടെ ഇടപെട്ടിട്ടുള്ളത് ചേച്ചിയാണ് . പിന്നെ ഈ വിളി . അത് രാജീവേട്ടനോടുള്ള ബഹുമാനമാണ് . എത്ര വയസുണ്ട് . ഒന്നെങ്കിൽ എന്റെയൊപ്പം ..അല്ലെങ്കിൽ രണ്ടോ മൂന്നോ കൂടുതൽ . സൗന്ദര്യവും ജാതിയും പൊരുത്തവും ഒന്നും ഞാൻ നോക്കുന്നില്ല . ഒന്ന് മാത്രമുറപ്പ് തരാം . അച്ചൂട്ടിയെ ഞാൻ സ്വന്തം മോളെ പോലെ സ്നേഹിക്കും . എനിക്കാരോഗ്യമുള്ളിടത്തോളം കാലം നിങ്ങളെ പോറ്റുകയും ചെയ്യും . ആലോചിച്ചിട്ട് മതി .””

“”’ അമ്മേയിങ്ങുവന്നെ …”’ കയ്യിലിരുന്ന ചൂല് വലിച്ചെറിഞ്ഞിട്ട് വീണ ഉള്ളിലേക്കോടി . അവളോട് സംസാരിക്കുകയായിരുന്ന പത്രക്കാരൻ വണ്ടി സ്റ്റാർട്ട് ചെയ്ത് അല്പം നീങ്ങി വണ്ടിയെവിടെ സ്റ്റാൻഡിൽ വെച്ചിട്ട് നടന്നു ഗേറ്റിനടുത്തേക്ക് വന്നു .

“” നീയോ …എന്ത് ധൈര്യത്തിലാണിവളേം കൂട്ടിക്കൊണ്ടിങ്ങോട്ട് വന്നേ ? .. എടാ വിഷ്ണൂ … നീയിവളെ കൊണ്ട് പോയി വിടാൻ നോക്ക് . അല്ലെങ്കിൽ ചൂലെടു ത്തടിച്ചിറക്കും ഞാൻ “‘ വത്സല കയ്യിലിരുന്ന തവിക്കണയും കൊണ്ട് അടുക്കളയിൽ നിന്നോടിയിറങ്ങി വന്നു .

” മോളെയും വിളിച്ചുകൊണ്ട് അകത്തേക്ക് കേറിക്കോ സുചിത്രേച്ചീ . “” വിഷ്ണു കൂസലെന്യേ സുചിത്രയെ നോക്കിപ്പറഞ്ഞു

“‘ അടിച്ചതിനകത്തു കേറ്റത്തില്ലവളെ …സുചിത്രേച്ചിയോ ? ആരെ ബോധിപ്പിക്കാൻ വേണ്ടിയാടാ ഇനിയുമീ പ്രഹസനം . ഞങ്ങളെ പറ്റിക്കാനോ ? ഈ നശിച്ച വള് വന്നു കേറിയേ പിന്നെയാ ശിവേട്ടൻ കടം കേറി മുടിഞ്ഞു തൂങ്ങിച്ചത്തെ”’ വീണ നൈറ്റി എടുത്തുകുത്തി കൈചൂണ്ടി മുരണ്ടു .

“” സുചിത്രേച്ചി ഒന്നും കാര്യമാക്കണ്ട . വലത് കാല് ..അല്ലങ്കിൽ വേണ്ട ..ഏതേലും കാലു വെച്ചകത്തേക്ക് കേറിക്കോ “”

“‘ എടി …ഇതെന്റെ വീടാ . ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്നെ ഈ വീട്ടിൽ കാലുകുത്താൻ ഞാൻ സമ്മതിക്കില്ല “‘ വത്സല ചീറിക്കൊണ്ട് മുന്നിലേക്ക് കേറി നിന്നു

“‘ ഈ വീടിപ്പോഴും അച്ഛന്റെ പേരിൽ തന്നെയാ . ബാധ്യതകൾ ഉള്ളത് തീർത്തു ആധാരം എടുത്തത് ഞാനും . അച്ഛൻ ജീവിച്ചിരിപ്പുണ്ടല്ലോ . അച്ഛൻ വന്നു പറയട്ടെ ഞാൻ ഇറങ്ങണോന്ന് . സുചിത്രേച്ചി കേറി വാ അകത്തേക്ക് :”” വിഷ്ണു സുചിത്രയുടെ കൈ പിടിച്ചു . അവളുടെ പുറകിൽ പേടിച്ചരണ്ട നിലയിൽ നിൽക്കുകയായിരുന്നു അച്ചൂട്ടി

“‘ആണ്ടെ … ആ പിശാച് പിടിച്ച തള്ളയും എത്തി ..എന്റെ ദേവീ ഞാനിനി അവരുടെ മുഖത്തെങ്ങനെ നോക്കും . ഏത് സമയത്താണോ ? ഇവരെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയെ “” മുറ്റത്തൊരോട്ടോ വന്നു നിന്നപ്പോൾ അതിൽ നിന്നിറങ്ങുന്ന സ്ത്രീയെ കണ്ട് വീണ പിറുപിറുത്തോണ്ട് അവരുടെ അടുത്തേക്ക് നടന്നു .

“‘അമ്മയെന്നാ ഇങ്ങോട്ട് ?”’ വീണ വെളുക്കെ ചിരിച്ചുകൊണ്ടാവരുടെ കൈ പിടിച്ചു .

“‘ ലക്ഷ്മിയാന്റീ വാ ..കേറിയിരിക്ക് . ഞാൻ വിളിച്ചിട്ടാ ലക്ഷമിയാന്റി വന്നേ . കല്യാണം കഴിഞ്ഞാൽ അതാണ് നിന്റെ വീട് . ഭർത്താവിന്റെ അമ്മ സ്വന്തം അമ്മയും . ഭർത്താവ് സ്ഥലത്തില്ലങ്കിലും അത് തന്നെയാ നിന്റെ വീട് “‘ വീണക്ക് ദേഷ്യം വന്നെകിലും ലക്ഷ്മിയമ്മയുടെ മുന്നിലായതിനാൽ അവളൊന്നും മിണ്ടിയില്ല .

”’ഇതാണല്ലേ സുചിത്ര . മോളെന്നാ പേടിച്ചു പോയോ ..ഇങ്ങുവന്നെ . മോളെ പ്പോലൊരു മോളിവിടേം ഉണ്ട് കേട്ടോ “‘ ലക്ഷ്മിയമ്മ ബാഗിൽ നിന്ന് ചോക്കലേറ്റ് എടുത്തു , സുചിത്രയുടെ പുറകിൽ നിൽക്കുന്ന അച്ചൂട്ടിക്ക് നീട്ടി .

“‘ നീ എന്നാ വത്സലേ ഇങ്ങനെ നിൽക്കുന്നെ ? പിള്ളേരയകത്തേക്ക് വിളിച്ചേ .. ചെല്ല് .. നിലവിളിക്കില്ലേ അകത്ത് ? ചെന്ന് കത്തിച്ചോണ്ട് വാ “”

”അതിപ്പ … ഇവളുടെ ജാതകോം പൊരുത്തോമോക്കെ നോക്കാതെ .. ഇവളുടെ ചെറുക്കൻ ച ത്തപോലെ വല്ല ദോഷോം വിഷ്ണൂണ് ….”‘

“‘എന്ത് ജാതകവും പൊരുത്തവും വത്സലേ .. സ്ത്രീകൾക്ക് സ്ത്രീ തന്നെയാ ശത്രു . പൊരുത്തവും നാളും ദോഷവും . അതിന്റെ പേരിൽ എത്ര വിഷമങ്ങൾ അനുഭവിച്ചാലും പിന്നേം അതിന്റെ പുറകെ പോകും.കുറെ പണവും സൗന്ദര്യവും ഉണ്ടായിട്ടെന്താ കാര്യം വത്സലെ? നിനക്കിപ്പോ ആരോഗ്യമുണ്ട്. നാളെ നീ കിടപ്പിലായാൽ നാളെ നീ പെറ്റ മകൾ നിന്നെ നോക്കുന്നതിനെക്കാൾ ഇവൾ നിന്നെ നോക്കുമെന്നെനിക്കുറപ്പുണ്ട്. വീണ നോക്കുമായിരുന്നേൽ എന്നെയവിടെ തനിച്ചാക്കി ഇവളിങ്ങോട്ട് പോരില്ലായിരുന്നു”” ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ
വീണയുടെ മുഖം കുനിഞ്ഞു

“”അമ്മയുടെ സമ്മതം കിട്ടില്ലന്നെനിക്കറിയാം. പകരം എനിക്കൊരാളുടെ സമ്മതം മതി….”” വിഷ്ണു പറഞ്ഞതും വത്സല അവനെ ഉദ്വേഗത്തോടെ നോക്കി.

അവൻ ഫോണെടുത്തു കോൾ ചെയ്തിട്ട് ,സ്പീക്കർ മോഡിലിട്ടു.

“”അച്ഛാ…”

“”എഹ് “”വിഷ്‌ണുവിന്റെ വിളി കേട്ട് വത്സല പുറകോട്ട് മലച്ചു.

“”അച്ഛാ… ഞാൻ സുചിത്രേച്ചിയെ കൂട്ടിക്കൊണ്ടു വന്നു””

“”നല്ല കാര്യമാണ് മോനെ നീ ചെയ്തത്. നിന്റമ്മ സമ്മതിച്ചു കാണില്ലല്ലോ അല്ലെ. സാരമില്ല… അവളുടെ സ്വഭാവം അതാണ്,മറ്റുള്ളവരെക്കാൾ ഒരുപടി ഉയർന്നു നിൽക്കണമെന്നാണ് അവളുടെ ചിന്ത. അതിന് വേണ്ടി വരവ് നോക്കാതെ ചിലവഴിക്കും.കുടുംബത്തിൽ വഴക്കും വക്കാണവും ഉണ്ടാകണ്ടല്ലോ എന്നു കരുതി ഞാൻ അവളെ എതിർത്തൊന്നും പറഞ്ഞിട്ടില്ല. അത് പാടില്ലായിരുന്നു എന്നിപ്പോൾ തോന്നുന്നുണ്ട്. കാരണം വത്സലയുടെ അതേ സ്വാഭാവമാണ് വീണ മോൾക്ക്. രാജീവൻ അല്പം മുൻപ് ഞാൻ ജോലി ചെയ്യുന്ന കമ്പനീൽ വന്നിരുന്നു. വത്സലക്ക് സുഖമില്ലാന്ന് പറഞ്ഞാണ് അവൾ അവിടെ വന്നു നിന്നതെന്ന് അവൻ പറഞ്ഞു.അവൻ ഒരു പാവമാ.അവന്റെയച്ഛൻ മരിച്ചു കഴിഞ്ഞ് ലക്ഷ്മി കഷ്ടപ്പെട്ട് ആണ് അവനെ വളർത്തിയതും പഠിപ്പിച്ചതും. അവരെ വിഷമിപ്പിച്ചാൽ ഞാൻ വത്സലയെ കൊണ്ടിറങ്ങി പോന്നത് പോലെ അവൻ പോരില്ല .വീട്ടിൽ നിൽക്കുന്നത് വീണമോൾ ആയിരിക്കും. “”

“”” ഹ്മ്മ് “‘

“‘ നയാപൈസ സ്ത്രീധനം വാങ്ങാതെയാണ് ഞാൻ നിന്റമ്മയെ കല്യാണം കഴിച്ചത് .എന്റെ അധ്വാനമാണ് ആ വീട് . അതുകൊണ്ട് നീയും സുചിത്രയും മോളും ഞാൻ വരുമ്പോൾ അവിടെയുണ്ടാകണം . അതിഷ്ടമില്ലാത്തവർ എവിടേയ്ക്കെന്നാൽ ഇറങ്ങി പൊക്കോട്ടെ “”

കോൾ കട്ടാകുന്നതിന് മുൻപ് വത്സലയും വീണയും അകത്തേക്ക് കയറിപോകുന്നത് കണ്ട് അമ്പരന്നു നിന്ന സുചിത്രയുടെ കൈ ലക്ഷ്മിയമ്മ ആശ്വാസപൂർവ്വം പിടിച്ചപ്പോൾ വരന്തയിലേക്ക് തിരിച്ചിറങ്ങി വന്ന വത്സലയുടെ കയ്യിൽ കത്തിച്ച നിലവിളക്ക് ഉണ്ടായിരുന്നു.ഒപ്പം മിറങ്ങി വന്ന വീണയുടെ കയ്യിൽ ബാഗും കൂടെ കുഞ്ഞുങ്ങളും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *