വേഷത്തിലും രൂപത്തിലും പഴയ ആത്മയെ നിന്റെ ഈ പുതിയ രൂപത്തിന്റെ ചെറുകോണിൽ നിന്ന് പോലും കണ്ണുകൾ കൊണ്ടെനിക്ക്…..

ആത്മ…..

എഴുത്ത്:- ലച്ചൂട്ടി ലച്ചു

നിറം പൂശിയ ചുരുണ്ട മുടികൾ ഒന്നായി കാതുകൾക്ക് പിറകിലേക്കൊളിപ്പിച്ച് വലിയ വട്ടക്കണ്ണട ഒന്നുകൂടി നാസികക്ക് മുകളിലായി ഉറപ്പിച്ചുകൊണ്ട് അവൾ മെല്ലെപുഞ്ചിരിച്ചു ….

“പറയൂ ഹർഷ് …!!”

“നീയൊരുപാട് മാറിപ്പോയിരിക്കുന്നു ആത്മ …

വേഷത്തിലും രൂപത്തിലും പഴയ ആത്മയെ നിന്റെ ഈ പുതിയ രൂപത്തിന്റെ ചെറുകോണിൽ നിന്ന് പോലും കണ്ണുകൾ കൊണ്ടെനിക്ക് വീണ്ടെടുക്കാനാകുന്നില്ല …..:

ആത്മയെ തന്നെ നോക്കിയിരുന്നുപോയി ഹർഷൻ ….

ഇടയ്ക്കൊരു നിമിഷത്തിൽ കാർ ചെറുതായൊന്നു പാളിയപ്പോൾ ആത്മ സ്റ്റിയറിങ്ങിൽ കൈകളമർത്തി ….

“ശ്രദ്ധിക്കൂ ഹർഷ് …സൂക്ഷിച്ച് ഡ്രൈവ് ചെയ്യൂ …”

ഹർഷൻ നോട്ടം അവളിൽ നിന്നു മാറ്റി വീണ്ടും ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു …

“മുഹൂർത്തത്തിന് ഇനി എത്ര സമയം ബാക്കിയുണ്ട്….??”

കൈത്തണ്ടയിലെ മുത്തുകൾ കൊരുത്തുകെട്ടിയ വാച്ചിലേക്ക് നോക്കിക്കൊണ്ടായിരുന്നു ആത്മയുടെ അടുത്ത ചോദ്യം ……

ഹർഷൻ മറുപടി പറഞ്ഞില്ല …

ആറുവർഷങ്ങൾ കൊണ്ട് കാലം അവൾക്ക് നേടിക്കൊടുത്ത പരിവേഷം …

ഹർഷേട്ടനിൽ നിന്നും ഹർഷ് എന്ന വിളിയിലേക്കുള്ള ചുരുക്കം തന്നെ അതിനുള്ള സൂചനയാണ് …

ഇടതൂർന്നതിൽ നിന്നും ചുരുളൻ ചെമ്പുനിറമാർന്ന തോളറ്റം മുട്ടുന്ന മുടിയിഴകളിലേക്കുള്ള പരിണാമം..

കവിളുകളിൽ അങ്ങിങ്ങായി പറ്റിയിരുന്ന രക്തചന്ദനത്തിന്റെയും മഞ്ഞളിന്റെയും സ്ഥാനം ഇന്ന് ലിപ്സ്റ്റിക്കുകളുടെയും ഫൌണ്ടേഷൻ ക്രീമുകളുടെയും കയറിയിറങ്ങലിനെ അടയാളപ്പെടുത്തുംവിധം ചുവപ്പാർന്നതായിരിക്കുന്നു ….

ഇടംകണ്ണിൽ എപ്പോഴും അവൾ തളംകെട്ടിനിർത്തിയിരുന്ന നീർക്കണം പോലും വറ്റിയിരിക്കുന്നു…. നിറഞ്ഞ ചിരിയിൽ അതിന്റെ തിളക്കമായിരുന്നു ആത്മയുടെ സൗന്ദര്യം….!!

ഹർഷൻ പതിയെ ഓർമ്മകളിലേക്ക് പോയി …

“ഈ ഇടക്കാലങ്ങളിലൊന്നും എന്നോടൊന്നു സംസാരിക്കണമെന്ന് തോന്നിയിട്ടില്ലേ ആത്മക്ക് ….??”

കുറച്ചുനേരം തങ്ങി നിന്ന മൗനത്തെ ഹർഷൻ വാക്കുകൾകൊണ്ട് അകറ്റി മാറ്റി….

” ഹർഷിനും സാധിക്കുമായിരുന്നു അത്….”

വിൻഡോ ഗ്ലാസ് പതിയെ താഴ്ത്തി അവൾ പുറത്തേയ്ക്കു നോക്കിയിരുന്നു….

കാറ്റിന്റെ ദിശയിൽ അവളുടെ ചുരുണ്ട മുടികൾ വീണ്ടും സ്ഥാനം തെറ്റി ഒരു ഉറപ്പിനായി അയാൾ വീണ്ടും ഇടംകവിളിലേക്ക് നോട്ടമയച്ചു….

ഇപ്പോഴുമുണ്ട് …..!!

അയാളുടെ ചുണ്ടിൽ മൃദുലമായ പുഞ്ചിരി വിരിഞ്ഞു…..

പണ്ടും ഈ കലയായിരുന്നു ആത്മയ്ക്കഴക് …..

അധികം നിറമില്ലെങ്കിലും ഇടംകവിളിനു താഴെയായുള്ള ഈ കറുത്ത വലിയ വട്ടപൊട്ടിനോട് സാദൃശ്യ൦ തോന്നിപ്പിക്കും വിധമുള്ള മറുക് …!!

“സൗരവിന്‌ സുഖമല്ലേ ഹർഷ്…..??”

പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ ഹർഷന്റെ മുഖം മങ്ങി …

“നേരിട്ട് ചോദിച്ചു നോക്കൂ …ആറുവർഷം കഴിഞ്ഞുള്ള കൂടിക്കാഴ്ചയല്ലേ ….എല്ലാം പരസ്പരം പറഞ്ഞറിയണം…”

ഹർഷൻ വീണ്ടും അവളിൽ നിന്ന് ശ്രദ്ധ തിരിച്ചു പിന്നെയും മൗനം തിരശീല നീക്കി…..

” എന്ത് നല്ല മുടിയായിരുന്നു ….

എന്തിനാവോ വെട്ടിമാറ്റിയത്….??:

ആത്മഗതം കുറച്ചുറക്കെയായിപ്പോയെന്നു അറിഞ്ഞത്‌ ആത്മയുടെ ശബ്ദം ഇല്ലാതെ നിറഞ്ഞ ചിരിയിലൂടെയാണ് …..

“എല്ലായ്പ്പോഴും ഒരേ വേഷം കെട്ടിയാടുമ്പോൾ ഏതു കഥാപാത്രത്തിനും ഒരു മടുപ്പ് തോന്നില്ലേ അങ്ങനെ കരുതിയാൽ മതിയാകും …

അഭിനയിക്കുന്നതിന് കുറിച്ച് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ…. എന്നെക്കാൾ നന്നായി ഹർഷന് അതറിയാം…”

ഒരു നിമിഷത്തേക്ക് അയാളുടെ ഹൃദയം പിടഞ്ഞു….

വിഷയത്തിൽ നിന്ന് വ്യതിചലിയ്ക്കാൻ പിന്നീട് ഹർഷനായിരുന്നു ഇഷ്ടപ്പെട്ടത് ….

“നമ്മൾ വൈകിയിട്ടില്ല ….സമയമാവുന്നതേയുള്ളൂ….”

ഓഡിറ്റോറിയത്തിലേയ്ക്ക് അവളോടൊപ്പം നടക്കുമ്പോൾ ഹർഷൻ പറയുന്നുണ്ടായിരുന്നു അവളെ സമാധാനിപ്പിക്കാനെന്നവണ്ണം പോലെ …

“വൈകരുത് ഹർഷ്….!!

സൗരവ് മറ്റൊരാൾക്ക് സ്വന്തമാകുന്നത് എനിക്ക് നേരിട്ട് കാണണം….”

വേദനയൊളിപ്പിച്ച ഒരായിരം തിരകൾ അവളുടെ മിഴികളിൽ അലയടിച്ചു….

താലികെട്ടിന്റെ മേളമുയർന്നപ്പോൾ അവളുടെ ഉള്ളിലൊരു തേങ്ങലുയർന്നോ ….!!

ഹർഷൻ സ്വന്തം കാഴ്ചയെ അവളിലേക്കൊരു ഒളിനോട്ടത്തിനായി നിയോഗിച്ചു ….

ഇല്ല …!!

ചുണ്ടുകളിലെ ചായം മേൽചുണ്ടിനു ചുറ്റും പരന്നിട്ടുണ്ടെന്നും കരിമഷി കണ്പീലിയിലൂടെ ഒളിച്ചിറങ്ങുന്നുണ്ടെന്നുമൊഴിച്ചാൽ അവൾ അസ്വസ്ഥയല്ലെന്നു തന്നെയാണ് തോന്നുന്നത് …….

വർണ്ണക്കടലാസിൽ പൊതിഞ്ഞ സാമാന്യം ചെറുതല്ലാത്ത ഒരു പായ്ക്കറ്റ് കയ്യിലെടുത്തുകൊണ്ട് അവൾ ഹർഷനോടൊപ്പം മണ്ഡപത്തിനടുത്തേക്ക് വന്നു ..

വധുവരന്മാരുടെ പല രീതിയിലുള്ള ഫോട്ടോസ് എടുക്കുന്നതിനിടയിലേക്ക് സൗരവ് എന്നെ നോക്കി ചിരിച്ചുകൊണ്ട് അടുത്തേക്ക് വിളിച്ചു…

” വരാൻ താമസിച്ചോ …??”

പറഞ്ഞുകൊണ്ട് ഹർഷനെ ആലിംഗനം ചെയ്തപ്പോഴാകാം സൗരവ് ഹര്ഷന് പിറകിലായി നിന്ന ആത്മയെ ശ്രദ്ധിച്ചത്…

പതിയെ സൗരവിന്റെ കൈകൾ അയാളുടെ ദേഹത്ത് നിന്നയഞ്ഞു ചോദ്യരൂപേണ ഹര്ഷന്റെ മുഖത്തേയ്ക്ക് നോക്കിയ സൗരവിനോടായി പറഞ്ഞു …

“നിന്റെ വിവാഹത്തിന് വരണമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു വരാനായിപ്പോയി ..അതാണ് എത്താൻ താമസിച്ചത് ….”

ആത്മ സൗരവിന്റെ അടുക്കലേക്ക് നടക്കുന്നത് കണ്ട ഹർഷൻ താഴേക്കിറങ്ങി …

ഇപ്പോഴും അവൾ മറ്റൊന്നിലേക്കടുക്കുന്നത് തനിക്ക് സഹിക്കാൻ കഴിയാത്ത ഒന്നാകുന്ന എന്തുകൊണ്ടെന്ന് ഹർഷൻ അമ്പരപ്പോടെ ചിന്തിച്ചു

അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തിയ വിലക്കപ്പെട്ട ഒന്ന് ഒരുപാടാഗ്രഹിച്ചിട്ടും വേദനയോടെ നഷ്ടപെടുത്തേണ്ടി വരുന്നതിന്റെ മൂല്യം ഓർമ്മകളായി എപ്പോഴും ഹൃദയത്തിനെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കും…..

ഒരുപക്ഷെ അതായിരിക്കാം നല്ലത് …..

സ്വന്തമാകുമ്പോൾ ആ മൂല്യത്തിന് ഭംഗമുണ്ടാവുകയാണെങ്കിൽ ……..!!

എന്തിനെന്നറിയാതെ ഹർഷന്റെ മിഴികൾ നിറഞ്ഞു….

” തിരിച്ചു പോകാം….!!”

ആത്മയുടെ ശബ്ദം ….!!

അവളുടെ മുഖത്തേക്ക് നോക്കാതെ ഇരുണ്ടുമൂടിയ നീർക്കണങ്ങളെ അയാൾ വിരൽത്തുമ്പു കൊണ്ട് തട്ടിയടർത്തി…

“താനൊന്നും കഴിച്ചിട്ടില്ലല്ലോ….??”

അവൾ ചോദ്യം കേൾക്കാതെ വീണ്ടും പുറംകാഴ്ചകളിലേക്ക് തിരിഞ്ഞിരുന്നു ….

“ട്രെയിൻ ഇനി നാലുമണിയ്ക്കല്ലേ….

ഇപ്പോഴേ സ്റ്റേഷനിൽ ചെന്നിരിയ്ക്കണോ തനിയ്ക്ക് ….??”

“പോകാൻ മറ്റൊരിടമില്ല ഹർഷ് ….!!”

അവൾ വീണ്ടും പുഞ്ചിരിച്ചു…

പല ഓർമ്മകളും അവളെ ഒരായിരം മുള്ളുകളായി
മുറിവേൽപ്പിക്കുന്നുണ്ടെന്ന് ഓരോ ചിരിയിലൂടെയും ഹർഷൻ അറിഞ്ഞു …

“ഹർഷ് ….!!

നേരെയാണ് പോകേണ്ടത് ….”

വഴിമാറി പോയത് ശ്രദ്ധിച്ച ആത്മ സ്റ്റീയറിങ്ങിനു മുകളിലെഹർഷിന്റെ കൈകളിൽ തടയാനെന്ന വണ്ണം അമർത്തി …

അതിനു മുകളിലായി കൈയമർത്തി ഹർഷൻ അവൾക്ക് നോട്ടം കൊണ്ട് താക്കീതു നൽകി ….

പിന്നീടവൾ എതിർപ്പ് പ്രകടിപ്പിച്ചില്ല …

പൂത്തുലഞ്ഞ വാകമരച്ചുവടും കടന്ന് പഴയ നാലുകെട്ടിന്റെ നടുമുറ്റത്തേക്ക് ആത്മയും ഹർഷനും ചുവടു വച്ചു ….

“അവസാനമായി ഞാൻ പോയപ്പോഴും ഈ വാകപ്പൂക്കൾക്കു ഇത്രയും നിറമുണ്ടായിരുന്നില്ല…..”

” താൻ പോയ ശേഷം ഈ വാക പൂവണിഞ്ഞിട്ടില്ല ആത്മ …..തന്റെ വരവറിഞ്ഞിരിയ്ക്കണം ….

അതോ ഇനി അമ്മ പോയതുകൊണ്ടാണോ….!!

അറിയില്ല….”

ഹര്ഷന്റെ മുഖം വിവർണ്ണമായി ….

“അമ്മ ….??”

താൻ പോയിക്കഴിഞ്ഞുകുറച്ചു നാളുകൂടിയെ ഉണ്ടായിരുന്നുള്ളൂ …. അതെനിക്കറി യാവുന്നതുകൊണ്ടു തന്നെ പെട്ടെന്ന് ഷോക്ക് ആയില്ല …..

പക്ഷെ പിന്നീടുള്ള ഓരോ നിമിഷവും ഞാൻ ഈ ജീവിതത്തിൽ പൂർണ്ണമായി ഒറ്റപ്പെട്ടു….

ഹൃദയത്തിന്റെ ഓരോ സ്പന്ദനവും ….ദേഹത്തിലെ ഓരോ അണുഭാഗങ്ങളും ഒരു തലോടലിനോ കരുതലിനോ വേണ്ടി കൊതിച്ചു …”

വറ്റിയിരുന്ന മിഴികളിൽ വീണ്ടും ഒഴുക്ക് കൂടുന്നുണ്ടെന്നറിഞ്ഞ അയാൾ പതിയെ
വെയ്പ്പുപുരയിലേക്ക് നടന്നു….

” എത്രനാളായി ഈ അടുക്കള പുക ശ്വസിച്ചിട്ട് ….??”

ആത്മ വേദനയോടെ ചോദിച്ചു ….

“അമ്മ പോയതിനു പിറ്റെന്നാൾ മുതൽ ….

അവസാനമായി അമ്മ ശ്വസിച്ചതിന്റെ ….സ്പർശിച്ചതിന്റെ … നടന്നതിന്റെ .. അടയാളങ്ങളുണ്ട് …..ഓർമ്മകളുണ്ട്…..

തല്ലിക്കെടുത്തേണ്ടെന്ന് തോന്നി … ഹോട്ടൽഭക്ഷണത്തിനെ കൂട്ടുവിളിച്ചു ….

ഇരുണ്ടുമൂടിയ മുറിയും ഹര്ഷന്റെ വാക്കുകളും….

ആത്മയ്ക്ക് വല്ലായ്മ തോന്നി ….

“എനിക്ക് ഇപ്പോൾ വിശപ്പില്ല ഹർഷ്…

നമുക്ക് വാകച്ചോട്ടിൽ പോയിരിക്കാം കുറച്ചു നേരം….”

പറഞ്ഞതും അവൾ പടിക്കെട്ടുകളിറങ്ങി ഹർഷനും അവളെ അനുഗമിച്ചു…

” പണ്ട് നമ്മൾ ഒത്തുകൂടിയിരുന്നതിവിടെയായിരുന്നു….

ഞാനും നീയും പിന്നെ സൗരവും….”

ആത്മ നിലത്തേക്ക് കാഴ്ചയൂന്നി …

“ഒരുപാട് സ്നേഹിച്ചിട്ടും എന്തിനാണ് ആത്മ പരസ്പരം അകന്നത് …??

അവനോടൊരുപാട് ചോദിച്ചു ഞാൻ…..

കാരണം പറഞ്ഞില്ല ….”

“നമുക്ക് വേറെയെന്തെങ്കിലും സംസാരിക്കാം ഹർഷ് …”

അവളുടെ മുടിയിഴകൾ പിന്നെയും മുഖത്തേക്ക് പറന്നു അനുസരണയില്ലാതെ ….

“വേണ്ടിയിരുന്നില്ല….!!”

അവളുടെ മുടിത്തുമ്പുകൾ ഒന്നായി കയ്യിലെടുത്തുകൊണ്ട് ഹർഷൻ പറഞ്ഞു….

നീണ്ട മുടിയുള്ള നിന്നിലെ നിറം കുറഞ്ഞ ആത്മയെയായിരുന്നു എനിക്ക് പ്രിയം….

നിന്നോട് വഴക്കു കൂടുമ്പോൾ അതിൽ പിടിച്ചു വലിയ്ക്കുന്നതും നീ കരഞ്ഞു കൊണ്ട് ദേഷ്യപ്പെടുന്നതും ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ …”

“അന്നത്തേതുപോലെ ഇനിയും മുടിയിൽ തൊട്ടു കളിച്ചേക്കരുത് ….!!”

അവൾ കുസൃതിയോടെ പറഞ്ഞു …

എനിയ്ക്ക് കുരുത്തക്കേട് കാണിക്കാനായി നിനക്ക് ദൈവം തന്ന ഇഴകളാണ് ആത്മ ….

അതെന്നിൽ നിന്ന് നിനക്കൊരിക്കലും മറച്ചുപിടിയ്ക്കാനാകില്ല …”

അവളെ വീണ്ടും ശുണ്ഠി പിടിപ്പിക്കാനായി ഹർഷൻ മുടിയിൽ പിടിത്തമിട്ടു …

പിടഞ്ഞെണീറ്റുകൊണ്ട് അവൾ അയാൾക്ക് നേരെ വാക്കുകൾ കൊണ്ടുള്ള നിറയൊഴിച്ചു …

“തൊടരുത് …കൈ മാറ്റൂ ഹർഷ് ദയവായി ….”

അവളുടെ കരഞ്ഞ കോപം നിറഞ്ഞ മുഖം കണ്ടുകൊണ്ടേയിരിക്കാൻ വേണ്ടി ഹർഷൻ കൈ മാറ്റിയതേയില്ല ….

കവിളിൽ അവളുടെ കൈ പതിഞ്ഞതും ഹർഷൻ കൈകൾ പിൻവലിച്ചതും ഒരുമിച്ചായിരുന്നു ….

പുകഞ്ഞ കവിൾത്തടത്തിനേക്കാൾ കൈകളിൽ തടഞ്ഞ ഒരു പിടി മുടിയിഴകൾ കണ്ട് അയാൾ സ്തബ്ധനായി പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആത്മ മുഖം പൊത്തി ….

“ഞാൻ ….ഞാൻ പറഞ്ഞതല്ലേ ഹർഷ്…”

കരച്ചിലിനിടയിലും അവൾ എന്തൊക്കെയോ വാക്കുകൾ അയാളെ വേദനിപ്പിച്ച കുറ്റബോധത്തിൽ പറയുന്നുണ്ടായിരുന്നു ….

“ആത്മാ ….!!”

ഹര്ഷന്റെ സ്വരം ആർദ്രമായി …

അയാൾ പതിയെ അവളുടെ മുടിയുടെ വിരലോടിച്ചു… ഓരോ സ്പര്ശനത്തിലുംപറ്റിപ്പിടിയ്ക്കുന്ന മുടിത്തുമ്പുകൾ കാണാനാകാതെ അയാൾ അവളെ ചേർത്ത് പിടിച്ചു …..

“എന്താടോ ഇതൊക്കെ….??”

അല്പനേരത്തെ കരച്ചിലിനൊടുവിൽ ആത്മ അയാളിൽ നിന്ന് അകന്നു മാറി ….

കവിളിലൂടെ അരിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുമാറ്റി….

വരണ്ട പുഞ്ചിരി മുഖത്ത് വീണ്ടും തെളിഞ്ഞു….

” സെക്കന്റ് സ്റ്റേജ് ആണ് ഹർഷ് ….

ഈ കാലങ്ങളിലൊക്കെയും നിങ്ങളെയൊന്നും കാണാൻ വരാഞ്ഞതും ഇതുകൊണ്ടൊക്കെ തന്നെയാണ്…..

ആരുടേയും കണ്ണുകളിൽ എന്നോടുള്ള സഹതാപം എനിക്ക് കാണണ്ടായിരുന്നു …

ഈ ചമയങ്ങളഴിച്ചാൽ ഹർഷും ഒരുപക്ഷെ എന്റെ ഈ മുഖം വെറുക്കും …m

ഒന്നുകിൽ കളിയാക്കൽ …അല്ലെങ്കിൽ സഹതാപം….. അതുമല്ലെങ്കിൽ വെറുപ്പ്…..ഇത്തരം വികാരങ്ങളൊന്നും എന്റെ ആവിശ്യങ്ങളല്ലായിരുന്നു …

ഒരാളുടെ സാമിപ്യം….!!

കീമോയുടെ ആധിക്യത്തിൽ പുളയുമ്പോൾ…. വേദനയുടെ അങ്ങേയറ്റം എത്തുമ്പോൾ ….ഒരാളുടെ തലോടൽ …!!

ചിരിച്ചുകൊണ്ട് എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് എല്ലാം ശരിയാവും ഞാൻ കൂടെയുണ്ട് എന്നൊരു വാക്ക്…!!

അതെല്ലാം ഞാൻ ആഗ്രഹിച്ചപ്പോൾ പതിയെ പതിയെ സൗരവ് എന്നിൽ നിന്നകന്നു …

അസുഖം ഞാൻ ആദ്യം വിളിച്ചറിയിച്ചത് അവനെയായിരുന്നു….

ഒഴിഞ്ഞു പോകുന്നെങ്കിൽ പൊയ്ക്കോളൂ എന്ന് ആദ്യം ഞാനാണ് പറഞ്ഞത് ..

പക്ഷെ അവൻ എന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന വാക്കു തന്നു….

ചികിത്സയ്ക്കായി എന്റെ ഒപ്പം വന്നു പക്ഷെ രക്ഷപെടലിനുള്ള സാധ്യത കുറഞ്ഞുവരികയാണെന്ന സത്യം എന്നേക്കാൾ മുൻപേ അവൻ ഉൾക്കൊണ്ടു …

എനിക്ക് പരാതിയില്ല….

ശവശരീരത്തിനായി എന്തിനു പുതിയൊരു താലി പണിയണം………!!!

ഇന്ന് ഞാൻ അവനു സമ്മാനിച്ചത് ഞങ്ങൾക്കിടയിലുള്ള ഓർമ്മകളുടെ എന്റെ കണ്ണുനീരിനാൽ ദഹിപ്പിച്ച ചിതാഭസ്മത്തെയായിരുന്നു…..!!”

ഹൃദയത്തിനെ മുറിയ്ക്കയാണ് പെണ്ണിന്റെ ഓരോ വാക്കുകളും ….

ഹർഷന്റെ മനസ്സ് വെന്തുനീറി ….

“എന്നോടൊരു വാക്കു പറയരുന്നില്ലേ….??

ഞാൻ നിനക്കന്യനായിരുന്നോ…!!

വീണ്ടും അയാൾ അവൾക്കടുക്കലേക്ക് നടന്നടുത്തു….

” കൂട്ടുകാരന് വേണ്ടി സ്നേഹിച്ച പെണ്ണിനെ ത്യജിച്ച ഹർഷൻ എനിക്ക് ആ നേരങ്ങളിൽ അന്യനായിരുന്നു ….

അങ്ങനെയൊരു ഹർഷനെ ഞാൻ അറിയില്ലായിരുന്നു ….”

പരിഹാസം കലർന്ന വാക്കുകൾ വീണ്ടും ഹർഷനിൽ വിള്ളലേൽപ്പിച്ചു….

നിശബ്ദനായി നിന്ന അയാളെ നോക്കി അവൾ തുടർന്നു …

“രണ്ടുപേരിൽ ആരാണ് എനിക്കായി എഴുത്തുകൾ എഴുതിയിരുന്നതെന്നു ഞാൻ ഒരുപാട് ചിന്തിച്ചിരുന്നു…..

കോളേജ് ലൈബ്രറിയിലെ പൊടിപിടിച്ച അഗ്നിസാക്ഷിയുടെ ഓരോ താളുകളിലും എനിയ്ക്കായി പതിവായുണ്ടായിരുന്ന എഴുത്തുകൾ ……

ആ വരികളെ ….ആ അക്ഷരങ്ങളുടെ ഉടമയെയായിരുന്നു ഞാൻ സ്നേഹിച്ചത് …

തെറ്റിദ്ധാരണ കൊണ്ടുമാത്രം ആ എഴുത്തുകളുടെഉടമയായി എന്റെ മുൻപിലേക്ക് സൗരവ് കടന്നു വന്നു…

നമ്മൾ മൂന്നുപേർ മാത്രമുണ്ടായിരുന്ന പല സന്ദർഭങ്ങളിലും ആ എഴുത്തുകളെ കുറിച്ചു ഞാൻ പങ്കുവച്ച വികാരങ്ങൾ കേൾക്കുമ്പോൾ നിങ്ങളുടെ മിഴികളിലെ പിടപ്പ് ഞാനറിഞ്ഞിരുന്നു ….

ഒരുപാട് വട്ടം ചോദിക്കണമെന്ന് വച്ചിട്ടും വേണ്ടാന്നു തോന്നിപ്പോയി ….

അത്രമേൽ എന്നെ സ്നേഹിക്കുന്ന ഒരാൾ …!!

അയാൾക്ക് മറ്റൊരാൾക്കുവേണ്ടി എന്നെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന ഉറപ്പ്….!!

എന്റെ ഇടം കവിളിലെ മറുകിനെപ്പോലും അഗാധമായി പ്രണയിച്ചു വർണ്ണിച്ചിരുന്ന ആ വാക്കുകളോടുള്ള അഭിനിവേശം ….!!

സൗരവ് തന്നെയാണ് എഴുത്തുകളെഴുതിയിരുന്നതെന്നു വിശ്വസിച്ചു …

എല്ലാം പറഞ്ഞവസാനിപ്പിച്ച വേളയിൽ സൗരവ് ഒന്നുകൂടി പറഞ്ഞു …എന്നെ കിട്ടാനായി ആ എഴുത്തുകളുടെ ഉത്തരവാദിത്തം വെറുതെ ഏറ്റെടുക്കുക യായിരുന്നുവെന്ന് …അതിന്റെ ഉടമയെ കുറിച്ച് അവനറിയില്ലെന്നും …

ഹർഷ് ചോദിച്ചില്ലേ എന്തുകൊണ്ട് ഒന്നും തുറന്നു പറഞ്ഞില്ലെന്നു ….??

സൗരവിനേക്കാൾ കൂടുതൽ പലപ്പോഴും നിങ്ങളെന്നെ മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നിയിരുന്നു ….എല്ലാം പറഞ്ഞുപിരിഞ്ഞ ശേഷം ഒന്ന് കണ്ടു യാത്ര പറയാനായി ഞാൻ ഇവിടേയ്ക്ക് വന്നിരുന്നു ….

മുറിയ്ക്കുള്ളിൽ പകുതിയിൽ നിർത്തിയ പൂർത്തിയാക്കാനാകാതെ വെട്ടിയും തിരുത്തിയും നിങ്ങൾ ചുരുട്ടിയിട്ടിരുന്ന പല കടലാസ്സുകളിലും സൗരവിനെ കണ്ടുമുട്ടിയതിനു ശേഷം എനിയ്ക്ക് കിട്ടാതെ പോയ പ്രണയലേഖനങ്ങളുടെ ബാക്കി ഞാൻ കണ്ടെത്തി …

ആ നിമിഷങ്ങളിൽ തീർച്ചയായും നിങ്ങളെനിക്ക് അന്യനായിരുന്നു ഹർഷ് ….

നോട്ടത്തിലും വാക്കിലും നിങ്ങളോടുള്ള വിളിപ്പേരിൽപോലും പിന്നീട് അപരിചിതത്വം പുലർത്താൻ ഞാൻ പഠിച്ചുകൊണ്ടേയിരുന്നു ….

എല്ലാ കെട്ടുപാടുകളെയും പഴയ നൊമ്പരങ്ങളുടെ ചെപ്പിനുള്ളിലടച്ചു ഞാനുറങ്ങി.. ഉണർന്നെണീക്കാൻ ഇത്രയും വർഷങ്ങൾ വേണ്ടി വന്നു …

സൗരവിനേക്കാൾ ഹർഷിനെ കാണാനായിരുന്നു ഈ വരവിനുദ്ദേശം നിങ്ങളെന്നെ വെറും പൊട്ടിപ്പെണ്ണാ ക്കിയിട്ടില്ലെന്നു തെളിയിക്കാൻ ..പിന്നെ ഈ രൂപമാറ്റം …..

ഏതു പ്രതിസന്ധിയിലും എനിക്ക് ഒറ്റയ്ക്ക് നേരിടാനും ജീവിച്ചുമുന്നേറാനും കഴിയുമെന്ന തെളിവാക്കി പ്രദര്ശിപ്പിക്കാമെന്നു വ്യാമോഹിച്ചു …”

കുറ്റബോധത്താൽ ഹർഷന്റെ തല താഴ്ന്നു…

” ഇനി നമ്മൾ തമ്മിലൊരു ബാധ്യതയുടെ ബന്ധത്തിന്റെ അവശേഷിപ്പില്ല ….

ചികിത്സയുടെ അവസാന ഘട്ടങ്ങളാണ്….

ചിലപ്പോൾ എന്റെ ജീവിതത്തിന്റെയും….”

പറഞ്ഞുതീരുന്നതിനു മുന്നോട് തന്നെ ഹർഷൻ അവളുടെ അധരങ്ങളിൽ വിരലമർത്തിയിരുന്നു ….

“ആത്മാ…!!

നിന്നെ നഷ്ടപ്പെടുമെന്ന ഭയം …നിന്റെ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയമായിരുന്നു എന്നെ എന്റെ പ്രണയം ഒളിപ്പിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചത്…

ഞാൻ ഒരിക്കലും നിന്നെ ത്യജിച്ചതല്ല ആ എഴുത്തുകൾ നീ വായിക്കുന്നുണ്ടെന്ന അറിവല്ലാതെ നിനക്കും അങ്ങനെയൊരു വികാരം എന്നോടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.. ആദ്യമാദ്യം സൗരവ് നിങ്ങൾ തമ്മിൽ ഇഷ്ടത്തി ലാണെന്നു മാത്രമാണ്എ ന്നെ അറിയിച്ചത് …

എഴുത്തുകളുടെ കാര്യം പിന്നീട് നീ പറയുമ്പോഴേക്കും നീ അവന്റേതായി ക്കഴിഞ്ഞിരുന്നില്ലേ …

അതുകൊണ്ട് എല്ലാം ഞാൻ ഉള്ളിലൊതുക്കി എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി…

നിങ്ങൾ രണ്ടാളുടെയും സനേഹത്തിനെ നഷ്ടപ്പെടുത്തേണ്ടന്നു കരുതി സൗരവ് നിന്നെ വിട്ടുപോയെന്നറിഞ്ഞ അന്ന് മുതൽ ഞാൻ തേടുകയായിരിക്കുന്നു….

പക്ഷെ ആരോടും ഒന്നുംപറയാതെ നീ പോയി പക്ഷെ എനിക്കറിയാമായിരുന്നു ഒരു നാൾ എനിക്ക് വേണ്ടി നീ തിരിച്ചുവരുമെന്ന് ….”

ഹർഷൻ പ്രണയാതുരമായി അവളെ നോക്കി….

അവൾ നഷ്ടബോധത്തോടെ ഒരു വിഷാദചിരി നൽകി…..

” ഞാൻ ഇപ്പോൾ കാത്തിരിക്കുന്നത് നിങ്ങളെയല്ല ഹർഷാ …!!

എന്റെ മരണത്തെയാണ് …

അവൻ വരും …!!

എരിയുന്ന അഗ്നിയിൽ ഞാനവന് വേണ്ടി ഹോമിക്കപ്പെടും …. ഞാനും അവനും ഒന്നാകുന്ന നിമിഷം…

നിങ്ങളവിടെ ഉണ്ടാകണം ഹർഷാ….!!

നിങ്ങൾ ത്യജിച്ച എന്നെ മറ്റൊരുവൻ സ്വന്തമാക്കുന്നത് കാണാൻ….

ഈ കണ്ണുകളിൽ അവനോടുള്ള അസൂയ സ്ഫുരിക്കുന്നത് എനിക്ക് കണ്ടനു ഭവിയ്ക്കണം….”

വല്ലാത്തൊരുതീക്ഷ്ണഭാവമായിരുന്നു അവളുടെ കണ്ണുകളിൽ……

വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ ഹർഷൻ വാകമരച്ചോട്ടിൽ പ്രജ്ഞയറ്റവനെ പോലെ നിന്നു …..

“ഞാൻ കാത്തിരിക്കും …. വേറൊരാൾക്കും നിന്നെ വിട്ടു കൊടുക്കില്ല ആത്മാ…!!!

എന്റെ ആത്മാവിന്റെ പൂർണ്ണതയ്ക്ക്കായി നീ എന്നിലാണ് അലിയേണ്ടത് …..

നിന്റെ ആത്മാവിന്റെ മോക്ഷമെന്ന സ്വാർത്ഥതയിൽ മരണത്തിനെ സ്വന്ത മാക്കാൻ ഞാൻ അനുവദിയ്ക്കില്ല…

അയാൾ നിശ്ശബ്ദതയോടെ വിതുമ്പുമ്പോഴേക്കും ആത്മ തിരികെ നോക്കാതെ നടന്നു തുടങ്ങിയിരുന്നു …..

കാത്തിരിയ്ക്കണം എന്നൊരു വാക്കിന്ഇനിയർത്ഥം ഉണ്ടോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു ….

പക്ഷെ നിങ്ങളെന്റെ ജീവിതത്തിലെ നൈമിഷികമെങ്കിലും സുന്ദരമായ ഒരനുഭൂതിയാണ് ഹർഷാ…..

ഈ ജന്മം അനുവദിച്ചാൽ ഞാൻ ഓടിയെത്തും…..

അഗ്നിസാക്ഷിയെപോലെ പ്രാണന്റെ പാതിയെ പിരിഞ്ഞുജീവിയ്ക്കാൻ ആത്മയ്ക്ക് ഇനിയും സാധിയ്ക്കില്ല….

ഒരിയ്ക്കൽ നിങ്ങളെന്നെ ത്യജിച്ച പോലെ മൃതിയും എന്നെ ത്യജിക്കട്ടെ ……!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *