സജുവിന്റെ അമ്മക്ക് കുറച്ചുദിവസം എന്താണ് വേണ്ടത് എന്ന് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. എന്തിനായിരിക്കും കൃഷ്ണൻമാഷ് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ടാവുക…..

ക്ലാസ്സിൽ പറഞ്ഞത്..

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി.

സജു ക്ലാസ്സിൽ മഹാവികൃതിയാണ്. അടങ്ങിയിരിക്കുകയേ ഇല്ല. മറ്റു കുട്ടികളുടെ ബേഗ് തുറന്നുനോക്കുക, അതിലെ സാധനങ്ങൾ എടുത്തു മാറ്റിവെക്കുക, പെന്നിലെ മഷി കുട്ടികളുടെ യൂണിഫോമിലാക്കുക, തുടങ്ങിയ നൂറ് നൂറ് കുസൃതികൾ ഒപ്പിക്കും അവൻ. എപ്പോഴും ക്ലാസ്ടീച്ചർക്ക് അവന്റെ പേരിലുള്ള കംപ്ലെയ്ന്റ് കേൾക്കലാണ് സ്ഥിരം പണി.

മലയാളം എടുക്കുന്ന ഒരു കൃഷ്ണൻമാഷ് ഉണ്ട്. അദ്ദേഹം ക്ലാസ്സിൽ വന്നാൽ സജുവിനെ കണക്കായി കളിയാക്കും. ആ ക്ലാസ്സിൽ മാത്രം അവൻ കുറച്ച് അടങ്ങിയിരിക്കും. മാഷുടെ കളിയാക്കൽ കേൾക്കുമ്പോൾ അവൻ തലകുനിച്ച് സങ്കടത്തോടെ ഇരിക്കും. ചിലപ്പോഴൊക്കെ അവൻ വീട്ടിൽപ്പോയി മാഷ് പറഞ്ഞതൊക്കെ അമ്മയോട് ചെന്നുപറയും. ഒരുദിവസം സജുവിന്റെ അമ്മ സ്കൂളിൽ വന്നു.

സ്റ്റാഫ് റൂമിൽച്ചെന്ന് കൃഷ്ണൻമാഷിനെ അന്വേഷിച്ചു. ആ സമയത്ത് അദ്ദേഹം ക്ലാസ്സിൽ ആയിരുന്നു. അദ്ദേഹം വരുന്നതുവരെ അമ്മ പുറത്ത് കാത്തുനിന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അവർ കാര്യങ്ങൾ പറഞ്ഞു.

തന്റെ മകന് ചില അസുഖങ്ങളുണ്ട് ജന്മനാൽ..

അവർ അതും പറഞ്ഞ് വിതുമ്പി.

സർ അവനെ കളിയാക്കുമ്പോൾ അവന് വലിയ പ്രയാസമാണ് ആ ദിവസം.. അവൻ അറിഞ്ഞുകൊണ്ട് വേണം എന്നുവെച്ച് ചെയ്യുന്നതല്ല…

സർ കുറച്ചുനേരം ഒന്നും സംസാരിച്ചില്ല. അതിനുശേഷം തന്റെ വീട് നിൽക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തിട്ട് പറഞ്ഞു:

ഒരു ദിവസം എന്റെ വീട്ടിലേക്ക് വരൂ സമയം കിട്ടുമ്പോൾ… അവനെക്കൂടെ കൂട്ടിക്കോളൂ…

സജുവിന്റെ അമ്മക്ക് കുറച്ചുദിവസം എന്താണ് വേണ്ടത് എന്ന് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. എന്തിനായിരിക്കും കൃഷ്ണൻമാഷ് വീട്ടിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ടാവുക..

കുറച്ചു ദിവസങ്ങൾക്കുശേഷം ആ വഴി വരുമ്പോൾ അവർ തീരുമാനിച്ചു, ഇന്ന് മാഷുടെ വീട്ടിൽ ഒന്നു കയറുകതന്നെ..

അവർ ആ വീട്ടിൽച്ചെന്ന് കോളിംഗ്ബെൽ അമർത്തി. മാഷുടെ ഭാര്യ വന്നു വാതിൽ തുറന്നു. അവർ കയറിയിരിക്കാൻ പറഞ്ഞു. കുറച്ചുസമയത്തിനകം തല തുവർത്തിക്കൊണ്ട് മാഷ് പുറത്തുവന്നു.

ഞാൻ കുളിക്കുകയായിരുന്നു, അകത്തേക്ക് വരൂ..എവിടെ പോയതാ?

മകനെ ഡോക്ടറെ കാണിക്കാൻ പോയതാണ്.. മൂന്നുമാസം കൂടുമ്പോൾ ഡോക്ടറുടെ അടുത്ത് പോകും.

കൃഷ്ണൻമാഷ് അവരെ രണ്ടുപേരെയും അകത്തെ മുറിയിലേക്ക് ക്ഷണിച്ചു. അല്പം ശങ്കയോടെ അവർ രണ്ടുപേരും ആ മുറിയിലേക്ക് ചെന്നു. അവിടെ മാഷുടെ മകൻ കിടക്കുന്നുണ്ടായിരുന്നു.. കാലിനു ചെറിയ അംഗവൈകല്യം ആയതിനാൽ സ്കൂളിൽ പോകാനോ പുറത്തു കളിക്കാൻ പോകാനോ പറ്റാത്ത ഒരു കുട്ടി.. അവൻ കഥാപുസ്തകം വായിക്കുകയായിരുന്നു. സജുവിനെ നോക്കി ആ കുട്ടി ചിരിച്ചു. കൃഷ്ണൻമാഷ് പറഞ്ഞു:

എന്റെ വീട്ടിലും ഇങ്ങനെ ഒരു കുട്ടി ഉള്ള കാര്യം കാണിച്ചുതരാനാണ് നിങ്ങളോട് ഇവിടെ വരാൻ പറഞ്ഞത്. ഇത്രയൊന്നും ബുദ്ധിമുട്ടില്ലാതെ നിങ്ങളുടെ മകന് സ്കൂളിൽ വരാനും കളിക്കാനും സാധിക്കുന്നുണ്ടല്ലോ.. അതിന് ദൈവത്തോട് നന്ദി പറയുക..

കൃഷ്ണൻമാഷ് സജുവിന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു:

എനിക്ക് ഇവനോട് അപ്രിയമൊന്നുമുണ്ടായിട്ടല്ല, മറ്റുകുട്ടികൾ ഇവന്റെ കുരുത്തക്കേട് കാരണം പൊറുതിമുട്ടി ഇരിക്കുകയായിരിക്കും. അപ്പോൾ അവർക്ക് ഒരു ആശ്വാസം ആകട്ടെ എന്ന് കരുതിയാണ് വല്ലതുമൊക്കെ പറയുന്നത്.. പിന്നെ അടി കൊടുക്കാൻ വയ്യ. മറ്റുകുട്ടികൾ ഇവന്റെ വികൃതി കാരണം പലതും സഹിക്കുന്നുണ്ട്.. അവരോടും നീതി പുലർത്തേണ്ടതുണ്ട് ഒരു അദ്ധ്യാപകന്… അവരുടെ അച്ഛനമ്മമാരും കംപ്ലെയിന്റുമായി സ്കൂളിൽ വന്നാൽ അദ്ധ്യാപകർ എന്തു ചെയ്യും?

കൃഷ്ണൻമാഷുടെ ആ സമയത്തെ വിശദീകരണം സജുവിന്റെ അമ്മയ്ക്ക് നന്നായി മനസ്സിലായി. മാഷിന്റെ ഭാര്യ അവരെ ചായ കുടിക്കാൻ ക്ഷണിച്ചു. സജു അപ്പോഴേക്കും മാഷുടെ മകനുമായി ചങ്ങാത്തത്തിലായി. അവന് കഥാപുസ്തകം വായിച്ചുകൊടുക്കുകയും കളിപ്പാട്ടം എടുത്തു കൊടുക്കുകയും ചെയ്ത്, അവൻ കുറേസമയം ആ കുട്ടിയെത്തന്നെ നോക്കിയിരുന്നു.

ആ സംഭവത്തിനുശേഷം സജുവിന് നല്ല മാറ്റം വന്നു. ഡോക്ടറുടെ അടുത്ത് പോകുമ്പോഴൊക്കെ സജുവിന് നല്ല കെയർ കൊടുക്കണമെന്ന് ഡോക്ട൪ പറയാറുള്ളതിനാൽ അവന്റെ അമ്മ ഒരുപാട് ഓമനിച്ചാണ് അവനെ വളർത്തിയിരുന്നത്. അവൻ കാണിക്കുന്ന വികൃതികൾ ഒന്നുംതന്നെ തിരുത്താൻ അവർ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ കൃഷ്ണൻമാഷുടെ വീട്ടിൽപ്പോയി വന്നതിനുശേഷം സജു കാണിക്കുന്ന അച്ചടക്കവും ഗൗരവവും കണ്ട് അവർ സ്വയം വിലയിരുത്തൽ തുടങ്ങി. കൂടുതലൊന്നും പറയാതെതന്നെ സജുവിന് വന്നമാറ്റം കണ്ട് അവർ ആഹ്ലാദിച്ചു.

കുറച്ചു നാളുകൾക്കുശേഷം അവർ വീണ്ടും സ്കൂളിൽ വന്നു. കൃഷ്ണൻമാഷെ കണ്ട് നന്ദി പറഞ്ഞു. തന്റെ മകനെ മാറ്റിയെടുക്കാൻ തനിക്ക് സാധിച്ചില്ലെന്നും സാറിന്റെ ആ പ്രവൃത്തികാരണം തന്റെ മകന് ഇപ്പോൾ നല്ല മാറ്റമുണ്ട് എന്നും പറഞ്ഞ് അവർ വീണ്ടും കരഞ്ഞു. മാഷുടെ കണ്ണിലും സന്തോഷാശ്രുക്കൾ നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *