സത്യവാങ് മൂലം എടുക്ക് .. ഞാൻ പോക്കറ്റിൽ ഇരുന്ന എന്റെ സത്യ സന്തമായ സത്യവാങ് മൂലം എടുത്തു അങ്ങേർക്ക് കൊടുത്തു.നീ എന്താടാ ആളെ കളിയാക്കുന്നോ……

എഴുത്ത് :- സൽമാൻ സാലി

” എടാ സാലിയെ നീ എങ്ങോട്ടാ ..?

ലോക്‌ ഡോൺ ആയത് കൊണ്ട് വല്ലാതെ പുറത്തിറങ്ങാൻ പറ്റില്ല എങ്കിലും ന്തെലും കാരണം പറഞ്ഞു ഒന്ന് വീട്ടീന്ന് മുങ്ങൽ പതിവാണ് ..

” സാലിയെ പോകുന്നത് ഒക്കെ കൊള്ളാം ആ മൂലം കൊണ്ട് പൊയ്ക്കോ വല്ല പോലീസും കണ്ടാൽ ആസനം പൊളിയും കേട്ടാ …

” ഹോ .. ന്റുമ്മാ ഒരു കാര്യത്തിന് പോകുമ്പോൾ ഇങ്ങള് ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ .. ന്റെ സത്യവാൻ മൂലം ഒക്കെ ഞാൻ എടുത്തിട്ടുണ്ട് ..

വീട്ടീന്ന് വണ്ടിയുമെടുത്ത് ടൗണിലേക്ക് വിട്ടു .. ടൗൺ എത്താൻ നേരം ദേ കിടക്കുന്ന സാറന്മാർ മുന്നിൽ ..

” ഉം . എങ്ങോട്ടാ ..?

” ടൗണിൽ പോവാ സാറെ ..

” സത്യവാങ് മൂലം എടുക്ക് .. ഞാൻ പോക്കറ്റിൽ ഇരുന്ന എന്റെ സത്യ സന്തമായ സത്യവാങ് മൂലം എടുത്തു അങ്ങേർക്ക് കൊടുത്തു ..

” നീ എന്താടാ ആളെ കളിയാക്കുന്നോ .. എന്നും പറഞ്ഞു അങ്ങേര് ഡോർ തുറന്ന് എന്നെ വണ്ടിയിൽ നിന്നിറക്കി ..

” അല്ല സാർ സത്യമായ കാര്യം ആണ് ഞാൻ എഴുതിയത് ..

” വായിക്കെടാ .. എന്താണ് എഴുതിയത് എന്ന് ..

അങ്ങേര് ന്റെ സത്യവാങ് തിരിച്ചു തന്ന് വായിക്കാൻ പറഞ്ഞു

” നിങ്ങളുടെ മൂലക്കുരു മാറാൻ ഞങ്ങളെ സമീപിക്കൂ വേദനയില്ലാതെ ഓപ്പറേഷൻ ഇല്ലാതെ പതിനാല് ദിവസം കൊണ്ട് മാറ്റി തരുന്നതാണ് ..

സംഗതി പണി പാളിയിട്ടുണ്ട് വായിച്ചു തീർന്നതും എന്റെ മുട്ട് കാല് വിറക്കാൻ തുടങ്ങി .. ഒരു വെള്ളപേപ്പർ എവിടേം കാണാഞ്ഞിട്ട് ഏതോ മൂലക്കുരു ഡോക്ടറുടെ പരസ്യം വന്ന പേപ്പറിന്റെ മറുഭാഗത്തായിരുന്നു എന്റെ മൂലം ഇരുന്നത് പേപ്പർ കീറി പോക്കറ്റിൽ ഇടുന്ന നേരത് എന്റെ സത്യവാങ് മൂലം മേശപ്പുറത്തും ഡോക്റുടെ കുരു ഉള്ള മൂലം പോക്കറ്റിലും ആയി ..

”സാർ ന്റെ സ.മൂലം ഇതല്ല.. ന്റെ സ.മൂലം വീട്ടിൽ മറന്നു പോയി സാർ …

” ഉം നീ എന്തിനാ പോകുന്നത് എന്ന് പറഞ്ഞത് ..

” സാർ പാഡ് വാങ്ങാൻ പോകുവാണ് .അപ്പോഴത്തെ ബുദ്ധിയിൽ അങ്ങിനെ പറയാനാണ് തോന്നിയത് ..

” നീ ആളൊരു ഉഡായിപ്പ് ആണെന്ന് കണ്ടാൽ അറിയാം .. പത്ത് മിനിറ്റ് നിനക്ക് തരും പോയി പാഡ് വാങ്ങി ബില്ലും കൊണ്ട് ഇവിടെ വന്ന് കാണിച്ചിട്ട് വീട്ടിൽ പോയിക്കോണം ..

പോലീസുകാരൻ കലിപ്പിൽ ആണ് പറഞ്ഞത് .. ജീവൻ തിരിച്ചു കിട്ടിയ അവസരം വണ്ടിയും എടുത്ത് മെഡിക്കൽ ഷോപ്പിൽ പോയി ഒരു സ്റ്റൈഫ്രീ വാങ്ങി തിരിച്ചു വണ്ടീൽ കേറിയതും വയറ്റി നുള്ളിൽ ഒരു ബഹളം ..

ആകെ കൂടെ എടങ്ങാറായി നിക്കുകയാണ് .. ലോക്‌ഡോൺ ആയതുകൊണ്ട് ഒരു പള്ളിയോ ഹോട്ടലോ തുറന്നിട്ടുമില്ല ..

വണ്ടീൽ കേറി ഇരുന്ന് ഒന്ന് ഞെരിപിരി കൊണ്ടതും ഒരു എയർ ഇന്ത്യ ശബ്ദമില്ലാതെ കടന്നു പോയി .. അതോടെ കുറച് ആശ്വാസം കിട്ടി .. നേരെ വണ്ടിയും എടുത്ത് പോലീസുകാരന് ബില്ലും പാടും കാണിച്ചു വീണ്ടാമത് വണ്ടീൽ കേറിയപ്പോ ദേ വയറിനുള്ളിൽ വീണ്ടും ബഹളം ..

” പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കുതിക്കാനാണ് എന്ന ഡയലോഗ് അപ്പോഴാണ് ഓര്മ വന്നത് .. വയറ്റിനുള്ളിലെ കുതിപ്പ് ഏകദേശം മൂലമറ്റം പവർസ്റ്റേഷൻ വിട്ട് പുറത്തോട്ട് വരും എന്ന് തോന്നിപോയ നിമിഷം ..

അല്ലേലും ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ പിന്നീന്ന് വിളിച്ചു സത്യവാങ്മൂലത്തിന്റെ കാര്യം പറഞ്ഞപ്പോഴേ തോന്നിയത് ന്തെലും പണി കിട്ടും എന്ന് .. പക്ഷെ ഇങ്ങനെ ഇരട്ട പണി മൂലം വഴി വരുമെന്ന് കരുതീല്ല

വണ്ടീൽ ലൈറ്റും ഇട്ടോണ്ട് വന്ന ഞാൻ ഇറങ്ങി ബാത്റൂമിലേക്ക് ഓടുന്നത് കണ്ടപ്പോ കെട്യോളും ഉമ്മേം കരുതി ഏതോ പോലീസുകാരൻ എന്റെ ആസനം പൊളിച്ചു എന്നാണ് ..

ബാത്‌റൂമിൽ കേറിയപ്പോ അരയിൽ തിരുകിയ സ്റ്റൈഫ്രീ പുറത്ത് വന്നു .. ബാത്രൂം ആയതുകൊണ്ട് നിലത്ത് വെക്കാനും തോന്നീല്ല ..

പരിപാടികൾ എല്ലാം കഴിഞ്ഞു സ്റ്റൈഫ്രീയും കടിച്ചു പിടിച്ചോണ്ട് വാതിൽ തുറന്നതും ഉമ്മയും കെട്യോളും മുന്നിൽ …

ന്റെ പൊന്നോ ആ രംഗം ഓർക്കുമ്പോൾ ഇപ്പോഴും ഒരു തരിപ്പ് ആണ് .. പൂച്ച കുഞ്ഞിനേം കടിച്ചോണ്ട് വരുന്ന പൂച്ച പട്ടീടെ മുന്നിൽ പെട്ട അവസ്ഥ ആയിരുന്നു ..

പോലീസുകാരന്റെ കയ്യിൽ നിന്നും രക്ഷിച്ച പാട് തന്നെ കെട്യോളുടെ മുന്നിൽ എന്നെ കുടുക്കിയിരിക്കുന്നു ..

ഒരു മാസം എടുത്തു ആ സ്റ്റൈഫ്രീ പോലീസുകാരന്റെ കയ്യിൽ നിന്നും രക്ഷപെടാൻ വേണ്ടി വാങ്ങിയതാണ് എന്ന് അവൾ വിശ്വസിക്കാൻ .. ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *