ഹോട്ടലിൽ കേറി വല്ലതും കഴിച്ചാൽ കുറഞ്ഞത് അമ്പതെങ്കിലുമാകും . ആ പൈസക്ക് വല്ല മീനോ മറ്റോ വാങ്ങിയാൽ എല്ലാർക്കും കൂടെ രണ്ട് ദിവസം……..

ഇരകൾ

Story written by Sebin Boss J

കനത്ത മഴയിൽ നിന്നും രക്ഷപെടാനായി ആളുകൾ തിങ്ങി നിറഞ്ഞ വരാന്തയിൽ നിന്നും ബാങ്കിലേക്കുള്ള ചവിട്ടുപടികളുടെ അടിയിലെ ഇടുക്കിലേക്ക് കയറി തലക്ക് മീതെ വല കെട്ടി കൊണ്ടിരുന്ന ചിലന്തിയെ തട്ടിക്കളഞ്ഞിട്ട് ജോമോൻ മടിക്കുത്തിലേക്ക് പണയം വെച്ച രശീതും ശേഷിച്ച നോട്ടുകളും ഭദ്രമായി വെച്ചു.

നാലോ അഞ്ചോ വർഷം നിന്നാൽ പിള്ളേരുടെ പഠിപ്പും അടച്ചുറപ്പുള്ള വീടും സ്വന്തമാക്കാമെന്നുള്ള ചിന്തയിൽ ഉള്ളതെല്ലാം പണയം വെച്ചും വിറ്റും ഗൾഫിലേക്ക് പോയപ്പോൾ ബാക്കിയുണ്ടായിരുന്നത് ഷീലയുടെ ഈ താലിമാല മാത്രമായിരുന്നു. ഒന്നൊന്നായി തിരികെ പിടിച്ചു തുടങ്ങിയപ്പോൾ കോവിഡെന്ന മഹാമാരിമൂലം ജോലി നഷ്ടപ്പെട്ട് തിരികെ പോരേണ്ടി വന്നു . അതോടെ എല്ലാം അവതാളത്തിലായി.

വീണ്ടും തലക്ക് മീതെ വല കെട്ടിത്തുടങ്ങിയ എട്ടുകാലിയെ തട്ടിത്തെറിപ്പിച്ചിട്ട് ജോമോൻ ആർത്തിരച്ചുപെയ്യുന്ന മഴയിലേക്ക് നിസ്സംഗതയോടെ നോക്കി നിന്നു . വയർ കത്തിക്കാളുന്നുണ്ട് . ഇന്നലെ രാത്രി പണി സൈറ്റിൽ നിന്നും നേരെ പോന്നതാണ്. സാമ്പത്തിക മാന്ദ്യം മൂലം നാട്ടിൽ പണിയില്ല, പോരാത്തതിന് പ്രവാസിയെന്ന ലേബലും. കൂലിപ്പണിക്കാരന്റെ മോൾക്ക് നല്ലൊരാലോചന വരില്ലെന്ന് ഭാര്യയും കൂടെ സൂചിപ്പിച്ചപ്പോഴാണ് അകലെ നഗരത്തിലേക്ക് ചേക്കേറിയത്.

ഹോട്ടലിൽ കേറി വല്ലതും കഴിച്ചാൽ കുറഞ്ഞത് അമ്പതെങ്കിലുമാകും . ആ പൈസക്ക് വല്ല മീനോ മറ്റോ വാങ്ങിയാൽ എല്ലാർക്കും കൂടെ രണ്ട് ദിവസം കഴിക്കാം . ”അപ്പാ ..പൊറോട്ട വാങ്ങിച്ചോണ്ട് വരുമോ” എന്ന് രാവിലെയെത്തു മെന്ന് അറിയിച്ചപ്പോൾ മോൻ ചോദിച്ചിരുന്നു. പോകുന്ന വഴി റേഷൻ കടയിൽ കേറി ആട്ട ഉണ്ടെങ്കിൽ വാങ്ങാം. ചപ്പാത്തിയുണ്ടാക്കാം, മീനും ഉണ്ടേൽ മോൻ തൃപ്തിയായിക്കോളും

താനൊന്ന് മുണ്ട് മുറുക്കിയാൽ ആരെയും ബോധിപ്പിക്കേണ്ടല്ലോ.

‘അവനെന്താണ് കുഴപ്പം നല്ലൊരു വീടുണ്ട് , മകൾ നേഴ്‌സിംഗിന് , പഠിച്ചിറങ്ങി പുറത്തേക്ക് പോയാൽ ലക്ഷങ്ങളാ വരുമാനം!! ‘

പുറത്തേക്കിറങ്ങുമ്പോൾ കേൾക്കുന്ന അടക്കിപ്പിടിച്ച മുറുമുറുക്കലുകൾ കേട്ട് കാത് തഴമ്പിച്ചിരുന്നു . മക്കളുടെ പഠിപ്പും അടച്ചുറപ്പുള്ളൊരു കൊച്ചുവീടും ഏതൊരാളുടെയും സ്വപ്നമല്ലേ? ആഡംബരമാണോ അത്?

വഴിക്ക് കുറുകെ വീണ്ടും വലകെട്ടി കൊണ്ട് തൂങ്ങിയിറങ്ങിയ എട്ടുകാലിയെ പുറം കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചു ജോമോൻ വരാന്തയിലേക്ക് ഇറങ്ങി ഇനിയും വൈകിയാൽ വിശന്നെവിടെങ്കിലും വീണുപോകും!.

”ഡാ ജോമോനെ … നിന്നേടാ ഒന്ന് ”’ ബാങ്കിൽ നിന്നുള്ള സ്റ്റെപ്പിൽ നിന്നും ആരുടെയോ വിളികേട്ടപ്പോൾ ജോമോൻ തിരിഞ്ഞു നോക്കി . വെളുക്കെ ചിരിച്ചുകൊണ്ട് നേതാവും കൂട്ടരും . ജോമോൻ മടിക്കുത്തിലെ നോട്ടുകളിൽ മുറുകെ പിടിച്ചു.

”’ ഞങ്ങള് നിന്റെ വീട്ടിൽ പോയിട്ടാ വരുന്നേ ?”

”എന്നാ നേതാവേ ഈ മഴയത്ത് ?” ജോമോൻ വിളറിയ ചിരിയോടെ ചോദിച്ചു.

” ഞങ്ങളെ പോലെ പൊതുപ്രവർത്തകർക്ക് മഴയും വെയിലും മാറുന്നതൊക്കെ നോക്കിയിരിക്കാൻ പറ്റുമോടാ. നീ ഒരു അഞ്ഞൂറിങ്ങെടുത്തേ ?”

” അഞ്ഞൂറോ ?എന്ത് കാര്യത്തിന് ?”

” അതുകൊള്ളാം!! പ്രളയവും മഴയും കാരണം ആയിരങ്ങളാ ക്യാമ്പിൽ കഴിയുന്നെ .നമ്മുടെ സഹോദരങ്ങൾ അല്ലെ അവരും?. നമ്മൾ അല്ലെ അവരെ സഹായിക്കേണ്ടത് ? അഞ്ഞൂറ് കുറഞ്ഞ തുകയാ .. പിന്നെ മഹായിന്ത്യ യാത്രയും നമ്മുടെ സുവർണ ജൂബിലി മന്ദിരത്തിന്റെ പണിയും വരുന്നുണ്ട് . നിന്റെ അവസ്ഥ അറിയാവുന്ന കൊണ്ട് എല്ലാം കൂടി അഞ്ഞൂറിൽ ഒതുക്കുവാ ” നേതാവ് അഞ്ഞൂറ് എഴുതിയ രശീത് കീറി കയ്യിൽ കൊടുത്തു .

” ജോമോനെ … അടുത്ത ആഴ്ച പെരുന്നാളാണ്. പിന്നെ ജൂബിലി കെട്ടിടം പണിയും. ഇനിയും അത്രടം വരുന്നത് കുറച്ചുപാടാണ് . ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും…”

പണവും വാങ്ങി അടുത്തയാളെ ലക്ഷ്യമാക്കി നേതാവ് നടന്നകന്നപ്പോൾ ആക്കൂട്ടത്തിലുണ്ടായിരുന്ന പള്ളി കൈക്കാരൻ ജോമോനെ നോക്കി വെളുക്കെ ചിരിച്ചു.

കയ്യിൽ ബാക്കിയുണ്ടായിരുന്ന നോട്ടുകൾ കൈക്കാരനെ ഏൽപ്പിച്ചു ജോമോൻ ഇനിയും തോരാത്ത മഴയിലേക്ക് ഇറങ്ങി നടക്കുമ്പോൾ പുറകിൽ ആ എട്ടുകാലി വല കെട്ടൽ പൂർത്തിയാക്കി ഇരയെ കാത്തിരിപ്പുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *