നിർമലയെ ആശ്വസിപ്പിച്ചിട്ടു പ്രകാശ് പുറത്തേക്കു വന്നപ്പോളെക്കും അവന്റെ അമ്മ വീട്ടിലേക് പോയിരുന്നു. അമ്മയുടെ സ്വഭാവം അവിടെയുള്ള എല്ലാവർക്കും അറിയാമെങ്കിലും ഇപ്പോൾ ഈ ചെയ്തത് ശരിയായില്ല…….

പെൺകുഞ്ഞ്

Story written by Angel Kollam

ലേബർ റൂമിന്റെ മുൻപിൽ ആകാംഷയോടെ കാത്തു നിന്ന ആളുകളുടെ മുന്നിലേക്ക് നേഴ്സ് വന്നു പറഞ്ഞു

“നിർമല പ്രസവിച്ചു, പെൺകുട്ടിയാണ് “

അവിടെ കൂടി നിന്ന ബന്ധുക്കളിൽ ചിലരുടെ മുഖം ഇരുളുന്നത് പ്രകാശ് ശ്രദ്ധിച്ചു. “പിന്നെയും പെൺകുട്ടിയോ? “ഒന്ന് രണ്ടു പേർ പരസ്പരം പിറുപിറുക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു. നേഴ്സ് കുഞ്ഞിനെ കൊണ്ട് വന്നപ്പോൾ നിർമലയുടെ അമ്മയാണ് ഇരുകൈകളും നീട്ടി ഏറ്റു വാങ്ങിയത്. പ്രകാശിന്റെ അമ്മ വല്യ താല്പര്യം ഒന്നും കാണിക്കാതെ അവിടെ ഇരുന്നു. അവൻ കുഞ്ഞിനെ വാത്സല്യത്തോടെ നോക്കിയിട്ട് നഴ്സിനോട്‌ ചോദിച്ചു.

“സിസ്റ്റർ, ഞാൻ നിമ്മിയെ ഒന്ന് കണ്ടോട്ടെ “.

“വരൂ.. “

പ്രകാശ് നഴ്സിനോടൊപ്പം അകത്തേക്കു പോയി. നിർമലയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവനെ കണ്ടതും അവൾ സങ്കടത്തോടെ പറഞ്ഞു.

“ഏട്ടാ, അമ്മ എന്ത് പറഞ്ഞു? “

“അമ്മ പറയുന്നതൊന്നും നീ ശ്രദ്ധിക്കണ്ട നിമ്മി, ഞാൻ അല്ലേ നിനക്കും മക്കൾക്കും ചിലവിന് തരുന്നത്, കുഞ്ഞ് പെണ്ണായാലും ആണായാലും ആരോഗ്യത്തോടെ കിട്ടിയാൽ മതിയെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ “

“ഒരു ആൺകുഞ്ഞ് വേണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു ഏട്ടാ, ഒരുപാട് തവണ എന്നോട് പറയുകയും ചെയ്തു “

“ഈ സമയത്ത് ആവശ്യമില്ലാത്തത് ചിന്തിക്കണ്ട, ഞാൻ അമ്മയെ പറഞ്ഞു മനസിലാക്കാം “

നിർമലയെ ആശ്വസിപ്പിച്ചിട്ടു പ്രകാശ് പുറത്തേക്കു വന്നപ്പോളെക്കും അവന്റെ അമ്മ വീട്ടിലേക് പോയിരുന്നു. അമ്മയുടെ സ്വഭാവം അവിടെയുള്ള എല്ലാവർക്കും അറിയാമെങ്കിലും ഇപ്പോൾ ഈ ചെയ്തത് ശരിയായില്ല എന്ന് എല്ലാവരും മനസ്സിൽ കരുതി.

മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിർമലയെ ഡിസ്ചാർജ് ചെയ്തു. പ്രകാശിന്റെ അമ്മയായ ഭവാനി അവളെയും കുഞ്ഞിനേയും വേണ്ട വിധത്തിൽ പരിപാലിക്കാൻ സാധ്യതയില്ലെന്ന് തോന്നിയത് കൊണ്ട് അവളുടെ മാതാപിതാക്കൾ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. നിർമല രണ്ടാമത് പ്രെഗ്നന്റ് ആയെന്ന് അറിഞ്ഞപ്പോൾ മുതൽ അവളുടെ മൂത്ത കുട്ടിയായ മീനാക്ഷിയെ അവളുടെ മാതാപിതാക്കൾ കൊണ്ട് പോയിരുന്നു. കുറേ നാളുകൾക്കു ശേഷം അമ്മയെ കണ്ടപ്പോൾ മീനാക്ഷി ഓടി വന്നു കെട്ടിപിടിച്ചു. നിർമലയുടെ മിഴികളും നിറഞ്ഞൊഴുകി.

രണ്ടു മാസത്തോളം സ്വന്തം വീട്ടിൽ നിന്നിട്ട് അവൾ പ്രകാശിനോടൊപ്പം ഭർതൃഗൃഹത്തിലേക്ക് പോയി. ആ വീട്ടിൽ പ്രകാശിന്റെ അമ്മയും, അനിയൻ പ്രസാദുo അവന്റെ ഭാര്യ ആരതിയും ഉണ്ടായിരുന്നു, പ്രകാശിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു അവൾ ഭർത്താവിന്റെ വീട്ടിലാണ്.

പ്രകാശിന്റെ അമ്മയുടെ മുഖത്തു നീരസം പ്രകടമായിരുന്നു. നിർമലയെ കാണുമ്പോളൊക്കെ അവർ ദേഷ്യത്തിൽ എന്തൊക്കെയോ പറയാൻ തുടങ്ങി. ആദ്യമൊക്കെ നിർമല കേൾക്കാത്ത ഭാവത്തിൽ ഇരുന്നു, തീരെ സഹികേട്ടപ്പോൾ അവൾ പ്രകാശിനോട് പറഞ്ഞു.

“ഏട്ടാ, എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിയേക്ക്, നിങ്ങളുടെ അമ്മയുടെ കുത്തുവാക്കുകൾ കേട്ട് ഞാൻ എന്നെത്തന്നെ വെറുത്തു തുടങ്ങിയിരിക്കുന്നു “

“നിമ്മി, അമ്മയ്ക്ക് പ്രായമായതല്ലേ, അമ്മ പറയുന്നതിനൊന്നും നീ ചെവി കൊടുക്കണ്ട “

“പ്രസാദ് ആരതിയെ വിളിച്ചിറക്കി കൊണ്ട് വന്നത് പോലെ വന്നു കയറിയതൊന്നുമല്ലല്ലോ ഞാൻ, അന്തസായിട്ട് എന്റെ വീട്ടുകാർ കെട്ടിച്ചു തന്നതല്ലേ, അമ്മയ്ക്ക് ആരതിയോട് ഒരു പ്രശ്നവും ഇല്ല, എന്നെ കാണുന്നത് തന്നെ ചതുർഥിയാണ്, ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഓരോരുത്തർ കല്യാണം കഴിഞ്ഞു വർഷങ്ങൾ കുഞ്ഞുങ്ങളില്ലാതെ സങ്കടപെടുന്നു, ദൈവം നമുക്ക് ഒരു കുറവും ഇല്ലാത്ത രണ്ടു കുഞ്ഞുങ്ങളെ തന്നല്ലോ എന്നോർത്തു സന്തോഷിക്കുകയല്ലേ വേണ്ടത്? “

“നിമ്മി, ഞാൻ ഒരിക്കൽ പോലും നിന്നെ കുറ്റപ്പെടുത്തിയിട്ടില്ലല്ലോ, പെൺകുട്ടികൾ ഉണ്ടാകുന്നതിന് സ്ത്രീകൾ അല്ല പുരുഷൻമാർ തന്നെയാണ് കാരണമെന്ന് മനസിലാക്കാനുള്ള വിദ്യാഭ്യാസം എനിക്കുണ്ട്”

നിർമല പ്രകാശിന്റെ മുഖത്തു നോക്കി സങ്കടത്തോടെ ചോദിച്ചു.

“ഏട്ടൻ മാത്രം മനസിലാക്കിയിട്ട് എന്താ കാര്യം? അമ്മയെ ഒന്ന് പറഞ്ഞു മനസിലാക്കു, അമ്മയുടെ സ്വഭാവം കാരണമല്ലേ മീനുട്ടിയെ ഇപ്പോളും എന്റെ വീട്ടിൽ തന്നെ നിർത്തേണ്ടി വന്നത്, അമ്മയ്ക്ക് പെൺകുട്ടികളോടുള്ള മനോഭാവം മാറിയെങ്കിൽ എനിക്ക് എന്റെ കുഞ്ഞിനെ പിരിഞ്ഞു കഴിയെണ്ടി വരുമായിരുന്നില്ല, ഈ പിഞ്ചു കുഞ്ഞിനോട് വരെ എന്തിനാ ഈ ശത്രുത? “

“ഞാൻ നാളെ അമ്മയോട് സംസാരിക്കാം നിമ്മി, നീ സമാധാനത്തോടെ ഉറങ്ങിക്കോ “

അവൾ അവന്റെ കരങ്ങൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

“എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യമാണ് ഏട്ടനെ ഭർത്താവ് ആയിട്ട് കിട്ടിയത്, എന്നെ ഇതുപോലെ ആശ്വസിപ്പിക്കാൻ ഏട്ടനും കൂടി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഞാൻ എന്റെ കുഞ്ഞുങ്ങളെയും കൊണ്ട് ആത്മഹത്യ ചെയ്തേനെ “

“വിഡ്ഢിത്തം പറയാതെ നിമ്മി, മീനുട്ടിയെ അവിടെ കൊണ്ട് നിർത്തിയതിൽ എനിക്കും സങ്കടം ഉണ്ട്, പക്ഷേ നീ ഒരു കാര്യം ഓർക്കണം, അതെന്റെ അമ്മയാണ്, അച്ഛന്റെ മരണശേഷം ഒരുപാട് കഷ്ടപെട്ടാണ് ഞങ്ങളെ മൂന്നുപേരെയും വളർത്തിയത്, അമ്മയുടെ സ്വഭാവം ഇങ്ങനെയായിപ്പോയി എന്ന് കരുതി എനിക്ക് അമ്മയെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ, ഞാൻ പറഞ്ഞു മനസിലാക്കാം, നീ വേണ്ടാത്തതൊന്നും ചിന്തിക്കരുത് “.

പ്രകാശ് അവളെ സമാധാനിപ്പിച്ചു , അവളുടെ തലയിൽ സ്നേഹത്തോടെ തലോടി, നിർമല പെട്ടന്ന് തന്നെ ഉറങ്ങി . അവളുടെ മുഖത്തെക്ക് നോക്കിയപ്പോൾ അവനു സഹതാപം തോന്നി. അമ്മയുടെ കുറ്റപ്പെടുത്തൽ കേട്ട് ആ പാവത്തിന്റെ മനസ് വേദനിക്കുന്നു എന്നറിയാം, എന്നാലും സ്വന്തം അമ്മയെ തള്ളിപറയാൻ പറ്റില്ലല്ലോ.

പിറ്റേന്ന് രാവിലെ പ്രകാശ് എഴുന്നേറ്റു ചെല്ലുമ്പോൾ അമ്മയും നിർമലയും അടുക്കളയിൽ ഉണ്ട്, അവനെ കണ്ടതും അവൾ ചായ പകർന്നു നൽകി. ആരതിയ്ക്ക് എട്ടുമണിക്ക് ഉണരുന്ന ശീലമാണ്, ആരതിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പ്രസാദ് അപ്പോൾതന്നെ പ്രതികരിക്കും എന്നറിയാവുന്നത് കൊണ്ട് ഭവാനി അവളോട് സ്നേഹം അഭിനയിച്ചു നിൽക്കുകയാണ് പതിവ്. ചായ കുടിച്ച ഗ്ലാസ്‌ തിരിച്ചു കൊടുത്തിട്ട് അവൻ അമ്മയോട് പറഞ്ഞു .

“അമ്മ ഒന്ന് വന്നേ, എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “

“ഈ സമയമില്ലാത്ത സമയത്താണോ സംസാരിക്കുന്നത്, നിങ്ങൾ രണ്ടു പേരും ഡ്യൂട്ടിക് പോകുമ്പോളെക്കും ബ്രേക്ഫാസ്റ്റും ഉച്ചയ്ക്കുള്ളതും റെഡി ആകണ്ടേ? “

“രണ്ട് മരുമക്കൾ ഉള്ള വീടല്ലേ ഇത്? ഒരാൾ വെളുപ്പിന് എഴുന്നേൽക്കണം, മറ്റെയാൾക്ക് അവൾക്ക് തോന്നുമ്പോൾ എഴുന്നേറ്റു വന്നാൽ മതി, എന്തൊരു വേർതിരിവാണ് ഇത്? “

“ഒന്ന് പതിയെ പറയടാ, പ്രസാദ് കേട്ടാൽ പിന്നെ അതുമതി “

“ഞാൻ എന്തിനാ അവനെ പേടിക്കുന്നത്, അവന്റെ ചിലവിൽ അല്ല ഞാൻ കഴിയുന്നത്, അമ്മയ്ക്ക് പറയാൻ മടിയാണെങ്കിൽ ഞാൻ പറയാം, ഇതു ഹോട്ടൽ അല്ല കൈ കഴുകി ഇരുന്നാലുടൻ ഭക്ഷണം മുന്നിലെത്താൻ “

“ഓ, നിന്റെ ഭാര്യ അടുക്കളയിൽ കയറിയതിന്റെ വിഷമമാണോ നിനക്ക്? “

“ഞാൻ വിഷമിച്ചിട്ടു എന്താ കാര്യം? എന്റെ ഭാര്യയ്ക് ഇവിടെ ഒരു വേലക്കാരിയുടെ സ്ഥാനമല്ലേ ഉള്ളൂ? “

“വീട്ടിലെ ജോലി ചെയ്താൽ ഉടനെ വേലക്കാരിയാകുമോ? “

“എങ്കിൽ പിന്നെ ആരതിയ്ക്ക് കുറച്ച് നേരത്തെ എഴുന്നേറ്റു വന്നാലെന്താ, അവൾക്ക് ഭക്ഷണം ഉണ്ടാക്കാൻ മടിയാണെങ്കിൽ കുഞ്ഞിനെ നോക്കുകയെങ്കിലും ചെയ്യാമല്ലോ, അങ്ങനെയാണെങ്കിൽ ഞങ്ങളുടെ മീനുട്ടിയെയും കൂടി ഞങ്ങൾക്ക് ഇവിടെ കൊണ്ട് വന്നു നിർത്താമായിരുന്നു “

“പിന്നെ കണ്ടവന്റെ കൊച്ചുങ്ങളെ നോക്കാനല്ലേ, ആരതി ഇവിടെക്ക് വന്നത്?”

നിർമല തേങ്ങികരഞ്ഞു കൊണ്ട് റൂമിലേക്കു പോയി, അതുനോക്കിയിട്ട് പ്രകാശ് നൊമ്പരത്തോടെ ചോദിച്ചു.

“ആരാണമ്മേ കണ്ടവന്റെ കൊച്ചുങ്ങൾ, അമ്മയ്ക്ക് എങ്ങനെ തോന്നുന്നു എന്റെ മുഖത്ത്‌ നോക്കി ഇങ്ങനെ പറയാൻ?”

ഭവാനി പ്രകാശിന്റെ മുഖത്ത്‌ നോക്കി കടുത്ത സ്വരത്തിൽ പറഞ്ഞു.

“പെൺകുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടാനല്ലേ നിന്റെ ഭാര്യയ്ക് കഴിയുള്ളൂ, അവളുടെ പ്രസവം നിർത്തിയില്ലല്ലോ, ഇനിയും ഉണ്ടാകുന്നത് പെണ്ണ് തന്നെയായിരിക്കും, നിനക്ക് ഒരു ആൺകുട്ടി വേണമെങ്കിൽ അവളെ ഉപേക്ഷിച്ചു വേറെ കെട്ടിക്കോ “

“നിങ്ങളെപോലുള്ള സ്ത്രീകൾ തന്നെയാണമ്മേ സ്ത്രീ സമൂഹത്തിനു ശാപം”

“ഞാൻ എങ്ങനെ ശാപമാകും, ഞാൻ അന്തസായിട്ട് രണ്ടു ആൺകുട്ടികളെ പ്രസവിച്ചു വളർത്തിയതാണ്, ഒരു പെൺകുഞ്ഞിനെ മാത്രമേ ഞാൻ പ്രസവിച്ചുള്ളൂ, അവൾക്കുള്ളത് രണ്ടും ആൺകുട്ടികൾ ആണ്. പെൺകുട്ടികളെ മാത്രം പ്രസവിച്ചു കൂട്ടുന്ന നിന്റെ ഭാര്യയെ പോലെ ഉള്ളവരാണ് ഈ ലോകത്തിന് തന്നെ ശാപം “

“അമ്മേ ഒരു കുട്ടി ആണായാലും പെണ്ണായാലും അതിൽ സ്ത്രീകൾക് ഒരു റോളും ഇല്ല, ഞാൻ പറയുന്നത് അമ്മയ്ക്ക് മനസ്സിലാകുമോ എന്നെനിക്കറിയില്ല, എന്നാലും കുറ്റപ്പെടുത്തൽ കേട്ട് മടുത്തത് കൊണ്ടു മാത്രം പറയുകയാണ്. സ്ത്രീകളുടെ ശരീരത്തിൽ എക്സ് എക്സ് എന്ന ക്രോമോസോം ആണുള്ളത്, പുരുഷന്റെ ശരീരത്തിൽ എക്സ് വൈ എന്ന ക്രോമോസോം ആണ് . സ്ത്രീയുടെ ശരീരത്തിൽ ഉള്ള എക്സും പുരുഷന്റെ ശരീരത്തിൽ ഉള്ള വൈയും കൂടിചേർന്നാലാണ് ആൺകുഞ്ഞുങ്ങൾ ഉണ്ടാകുന്നത്, അല്ലാതെ കുട്ടി ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നതിൽ സ്ത്രീകൾക്ക് ഒരു റോളും ഇല്ല “

“നീ ഈ പറയുന്നതൊക്കെ ശുദ്ധ മണ്ടത്തരമാണെന്ന് എനിക്കറിയാം, വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ട് എന്നെ പറ്റിക്കാൻ നോക്കണ്ട, നിന്റെ ഭാര്യയുടെ കുഴപ്പം കൊണ്ട് തന്നെയാണ് അവൾക്ക് ആൺകുഞ്ഞു ജനിക്കാത്തത് “

അപ്പോളേക്കും പ്രസാദ് അവിടേക്കു കടന്ന് വന്നു.

“എന്തൊരു ബഹളമാണ് ഇവിടെ? മനുഷ്യന് സ്വസ്ഥത തരത്തില്ലല്ലോ? “

ഭവാനി അവനു ചായ എടുത്തു കൊടുത്ത് കൊണ്ട് പറഞ്ഞു.

“ഈ വയസാംകാലത്ത് എന്നെ പഠിപ്പിക്കാൻ വന്നതാണ് നിന്റെ ചേട്ടൻ “

അവരെപറഞ്ഞു മനസിലാക്കാൻ പറ്റില്ലെന്ന് മനസിലാക്കിയപ്പോൾ പ്രകാശ് അവിടെ നിന്ന് പോയി. നിർമല കുഞ്ഞിന്റെ അടുത്ത് കട്ടിലിൽ ഇരിക്കുന്നു, അവളുടെ മുഖം കണ്ടപ്പോൾ അവന്റെ മനസ് വേദനിച്ചു.

“നിമ്മി, നിനക്ക് സങ്കടമായെന്ന് എനിക്കറിയാം, അമ്മയ്ക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കാം “

“സാരമില്ല ഏട്ടാ, എല്ലാം എന്റെ വിധിയാണെന്ന് ഓർത്ത് ഞാൻ സമാധാനിക്കാം, ഏട്ടൻ ഡ്യൂട്ടിക് പോകാൻ റെഡി ആകൂ, ഏട്ടൻ ചെന്നിട്ട് വേണ്ടേ നൈറ്റ് ഡ്യൂട്ടി സ്റ്റാഫ്‌സിന് പോകാൻ “

പ്രകാശ് റേഡിയോഗ്രാഫർ ആണ്, മാതാ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്യുന്നത്, അവന്റെ സഹോദരി പ്രസീതയും ആ ഹോസ്പിറ്റലിൽ ലാബ് ടെക്‌നിഷ്യൻ ആയി ജോലി ചെയ്യുന്നുണ്ട്.

പ്രകാശ് പോയി കഴിഞ്ഞപ്പോൾ നിർമല കുഞ്ഞിനെ കുളിപ്പിച്ച് ഉറക്കിയിട്ട് വീട് വൃത്തിയാക്കാൻ തുടങ്ങി. ഭവാനി അവളുടെ അടുത്തേക് വന്നു

“എടീ, നീ പറഞ്ഞിട്ടാണോ രാവിലെ എന്റെ മോൻ എനിക്ക് ക്ലാസ്സ്‌ എടുത്തത്, നിന്റെ തലയണമന്ത്രം കാരണമാണ് അവനിങ്ങനെ പെൺകോന്തനായിപ്പോയത്, നീ ഈ വീട്ടിൽ വന്നു കയറിയതിൽ പിന്നെ ഈ വീട് ഇങ്ങനെ നശിച്ചത് “

“അമ്മയ്ക്ക് നാണമില്ലേ അമ്മേ മെഗാസീരിയലിലെ അമ്മായിയമ്മമാരെപ്പോലെ വായിൽ വന്നത് വിളിച്ചു പറയാൻ, ഞാൻ വന്നതിനു ശേഷം എങ്ങനെയാ ഈ വീട് നശിച്ചത്? എന്റെ അച്ഛന്റെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങി ഈ വീടിന്റെ പണി പൂർത്തിയാക്കിയപ്പോളും, പ്രസീതയ്ക്ക് കൊടുക്കാനുള്ള സ്ത്രീധനതുകയുടെ ബാക്കി കൊടുത്തപ്പോളും ഞാനും എന്റെ വീട്ടുകാരും കൊള്ളാമായിരുന്നു, ഇപ്പോൾ നാശങ്ങൾ ആയോ? അതിനു വേണ്ടി എന്ത് തെറ്റാണ് ഞാൻ ചെയ്തത്? “

“നിന്റെ വീട്ടിൽ രണ്ടും പെണ്മക്കൾ അല്ലേ? നിന്റെ പാരമ്പര്യം അനുസരിച്ചു നിനക്ക് ആൺകുട്ടി ഉണ്ടാകത്തില്ല “

നിർമല ഭവാനിയുടെ അടുത്തേക്ക് നടന്നു വന്നിട്ട് പറഞ്ഞു

“കല്യാണം കഴിഞ്ഞു വർഷങ്ങളായി മക്കളില്ലാതെ എത്രയോ പേർ സങ്കടപെടുന്നു, എന്നിട്ടും അമ്മ ജനിച്ച കുഞ്ഞു പെണ്ണായതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നതെന്തിനാ?”

“എന്റെ മോന്റെ അനന്തരാവകാശി ആയിട്ട് എനിക്കൊരു ആൺകുട്ടി വേണം, അവൻ മരിക്കുമ്പോൾ അവന്റെ ചിതയ്ക്ക് തീ കത്തിക്കാൻ വേണ്ടി… നിനക്ക് അതിനുള്ള കഴിവ് ഇല്ല, ഇന്നല്ലെങ്കിൽ നാളെ എന്റെ മോനത് മനസിലാകും, അപ്പോൾ നിന്നെ ഒഴിവാക്കിയിട്ട് അവൻ തന്നെ വേറെ കെട്ടിക്കോളും”

“എങ്കിൽ പിന്നെ വൈകിക്കണ്ട ഇന്ന് തന്നെ ആയിക്കോട്ടെ, ഞാനല്ലേ തടസ്സം? ഞാൻ മാറിതന്നേക്കാം “

നിർമല അകത്തു പോയി തന്റെയും കുഞ്ഞിന്റെയും ഡ്രസ്സ്‌ ഒരു ബാഗിൽ പാക്ക് ചെയ്തു കുഞ്ഞിനെയും എടുത്തു പുറത്തേക്കിറങ്ങി. ഭവാനിയുടെ മുഖത്തു ഭാവവ്യത്യാസം ഒന്നുമില്ല. ആരതി ‘ഇതൊന്നുo തന്നെ ബാധിക്കുന്ന പ്രശ്നമല്ല ‘ എന്ന രീതിയിൽ ഏതോ ഒരു മാഗസിൻ വായിച്ചു കൊണ്ടിരുന്നു.

വൈകുന്നേരം പ്രകാശ് വീട്ടിലെത്തിയപ്പോൾ ഭവാനി കള്ളക്കരച്ചിലോടെ പറഞ്ഞു.

“മോനെ, അവൾ പിണങ്ങി പോയെടാ, ഞാൻ പോകണ്ടെന്നു നൂറാവർത്തി പറഞ്ഞതാണ്, അവൾ കേട്ടില്ലടാ “

“ഒരു കാരണവുമില്ലാതെ അവൾ പോകില്ലല്ലോ? “

“പ്രത്യേകിച്ച് ഒരു കാരണവും ഇല്ല, ഞാൻ എപ്പോളും പറയുന്നത് പോലെ എന്തോ ഒന്ന് പറഞ്ഞു, അവൾ കൊച്ചിനെയും എടുത്തു കൊണ്ടങ്ങു പോയി “

“എന്നിട്ട് നിമ്മി എന്നെ ഒന്ന് ഫോൺ വിളിച്ചു പറഞ്ഞത് പോലുമില്ലല്ലോ “

“അവൾ നിനക്ക് അത്രയും വിലയെ തന്നിട്ടുള്ളൂ, നീ ഇനി അഹങ്കാരിയെ വിളിക്കാനൊന്നും പോകണ്ട, എന്റെ മോന് അവളെക്കാളും നല്ല പെണ്ണിനെ കിട്ടും “

“അമ്മയുടെ മനസ്സിലിരുപ്പ് അതാണെന്ന് എനിക്കറിയാം അമ്മേ, പക്ഷേ അമ്മ കീ കൊടുത്താൽ പ്രവർത്തിക്കുന്ന ഒരു പാവയല്ല ഞാൻ, അമ്മ പറയുന്നതെല്ലാം അനുസരിക്കാൻ “

“അപ്പോൾ നൊന്ത് പ്രസവിച്ച എന്നെക്കാളും നിനക്ക് വലുത് അവളാണോ? “

“എന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമാണ് നിമ്മി, അമ്മയുടെ വാക്ക് കേട്ട് എനിക്കവളെ ഉപേക്ഷിക്കാൻ പറ്റില്ല “

പ്രകാശ് ഫോൺ എടുത്തു നിർമലയെ വിളിച്ചു. അവൻ ഒന്നും പറയുന്നതിനു മുൻപ് തന്നെ മറുതലയ്ക്കുൽ നിന്ന് അവളുടെ ശബ്ദം കേട്ടു.

“ആ വീട്ടിലേക്ക് ഇനി ഞാൻ വരില്ല ഏട്ടാ, അതു പറയാൻ വേണ്ടി ഏട്ടൻ ഇനിയെന്നെ വിളിക്കണ്ട, ഒരു റൂം മാത്രമാണെങ്കിലും സാരമില്ല ഏട്ടൻ ഒരു വാടകവീട് എടുത്തിട്ട് എന്നെ വിളിക്ക് ഞാൻ വരാം, പക്ഷേ അമ്മയോടൊപ്പം ആ വീട്ടിൽ ഇനി ഞാൻ താമസിക്കില്ല “

“നിമ്മി, പ്രായമായ അമ്മയെ ഉപേക്ഷിക്കുന്നത് എങ്ങനെയാണ്? “

“ഏട്ടൻ അമ്മയെ ഉപേക്ഷിച്ചു വരാൻ ഞാൻ പറഞ്ഞില്ലല്ലോ, ഏട്ടന് എപ്പോൾ വേണമെങ്കിലും അമ്മയെ പോയി കാണാമല്ലോ, ഞാൻ പറഞ്ഞതിനോട് ഏട്ടന് യോജിപ്പില്ലയെങ്കിൽ അവിടെ തന്നെ താമസിച്ചോളൂ, എന്നെയും മക്കളെയും കാണണമെന്ന് തോന്നുമ്പോൾ ഇങ്ങോട്ട് വന്നാൽ മതി “

“നീയെന്നെ ധർമസങ്കടത്തിലാക്കല്ലേ നിമ്മി, ഒരു പ്രാവശ്യത്തെക്ക് നീ ക്ഷമിക്കൂ “

“സോറി ഏട്ടാ, നിങ്ങളുടെ അമ്മയുടെ ആട്ടും തുപ്പും കേട്ട് ഒരു അടിമയെപ്പോലെ ജീവിക്കാൻ ഇനി എനിക്ക് പറ്റില്ല, അതു പറയാൻ വേണ്ടി ഇനി എന്നെ വിളിക്കരുത്, പ്ലീസ്. “

നിർമല ഫോൺ കട്ട്‌ ചെയ്തു. പ്രകാശ് ഒരു തീരുമാനം എടുക്കാൻ കഴിയാതെ വിഷമിച്ചു. അവൻ പ്രസീതയെ ഫോൺ ചെയ്തു അഭിപ്രായം തിരക്കി .

“ചേട്ടാ, അമ്മയിങ്ങനെ ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്തു കൊണ്ടിരിക്കും, അതു കേട്ട് പ്രവർത്തിച്ചാൽ നഷ്ടമാകുന്നത് ചേട്ടന്റെ കുടുംബജീവിതം ആയിരിക്കും “

“എന്നാലും അച്ഛന്റെ മരണശേഷം അമ്മ നമ്മളെ കഷ്ടപ്പെട്ട് വളർത്തിയതല്ലേ? “

പ്രകാശിന്റെ ചോദ്യം കേട്ട് ഒരു നിമിഷം മൗനമായി നിന്നിട്ട് പ്രസീത പറഞ്ഞു

“മക്കളെ വളർത്തെണ്ടത് മാതാപിതാക്കളുടെ കടമയാണ്, അച്ഛനില്ല എന്ന കുറവ് അറിയിക്കാതെ അമ്മ ആ കടമ നിറവേറ്റി, അതുകൊണ്ട് ചേട്ടൻ ആ കടപ്പാടിനു വേണ്ടി സ്വന്തം ജീവിതം നശിപ്പിച്ചു കളയരുത് . നിർമലേട്ടത്തി ഒരു പാവം ആയത് കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്, ചേട്ടൻ ഒരു വാടക വീട് നോക്കൂ, ഇനിയെങ്കിലും സമാധാനമായി ജീവിക്കാൻ നോക്ക് “

പ്രസീതയും കൂടി അങ്ങനെ പറഞ്ഞപ്പോൾ അവൻ വാടകവീട് നോക്കാൻ തീരുമാനിച്ചു . രണ്ടു ദിവസത്തിനകം വീട് ശരിയായി. പ്രകാശ് അമ്മയോട് വന്നു വിവരം പറഞ്ഞു. അവർ അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. കണ്ണുനീർ തുടച്ചു കൊണ്ടു അവർ പറഞ്ഞു.

“നിന്റെ നല്ല ഭാവിയ്ക്ക് വേണ്ടിയാണ് അമ്മ അങ്ങനെ പറഞ്ഞത്, പെൺകുട്ടികളെ കെട്ടിച്ചു വിട്ടാൽ പിന്നെ അവർ നമ്മളെ നോക്കത്തില്ല, പ്രസീതയുടെ കാര്യം തന്നെ നോക്കിക്കേ, അവൾ വല്ലപ്പോഴും അല്ലേ ഇങ്ങോട്ട് വരുന്നത്, എനിക്ക് നീയും പ്രസാദുo ഉള്ളത് കൊണ്ടല്ലേ നിങ്ങൾ എന്നെ നോക്കുന്നത് “

“ഇതൊക്കെ അമ്മയുടെ വെറും തോന്നൽ മാത്രമാണ്, പ്രസീത ജോലിയ്ക്ക് പോകുന്നത് കൊണ്ട് അവൾക്ക് സമയം കിട്ടാത്തത് കൊണ്ടാണ് അവൾ വല്ലപ്പോഴും ഇവിടെയെത്തി അമ്മയുടെ കാര്യം തിരക്കി പോകുന്നത്, നമ്മൾ മരിക്കുമ്പോൾ തലയ്ക്കൽ ഇരുന്നു കരയാൻ പെണ്മക്കൾ തന്നെയാണ് നല്ലത് “

“ഞാൻ പറഞ്ഞത് നീ മനസിലാക്കുന്ന ഒരു സമയം വരും “

“അത് തന്നെയാണ് എനിക്കും പറയാനുള്ളത്, ഞാൻ പറഞ്ഞത് അമ്മ മനസിലാക്കുന്ന ഒരു സമയം വരും”

പ്രകാശ് യാത്ര പറഞ്ഞു പോയി, നിർമലയും പ്രകാശുo കുഞ്ഞുങ്ങളുമായി ആ ചെറിയ വീട്ടിൽ തങ്ങളുടെ ജീവിതം ആരംഭിച്ചു.

ഇതേസമയം, ഭവാനിയും ആരതിയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി. ആരതി രാവിലെ എഴുന്നേൽക്കാത്തതും വീട്ടിലെ ജോലികൾ ചെയ്യാത്തതുമൊക്കെ ഭവാനിയ്ക്ക് ദേഷ്യം ഉണ്ടാക്കി, ആദ്യമൊക്കെ അവർ പ്രതികരിക്കാതെ ഇരുന്നു. പക്ഷേ പിന്നീട് പലപ്പോഴും സഹനത്തിന്റെ അതിർവരമ്പുകൾ താണ്ടിയപ്പോൾ അവർ ആരതിയോട് ദേഷ്യം പ്രകടിപ്പിക്കാൻ തുടങ്ങി.

പതിവ് പോലെ ആരതി എഴുന്നേറ്റു വന്നപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു. ഭവാനി ഉണർന്നെങ്കിലും ആരതിയോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ ഭക്ഷണമൊന്നും ഉണ്ടാക്കിയില്ല. ആരതി കിച്ചണിൽ വന്നു നോക്കുമ്പോൾ ചായ പോലും ഉണ്ടാക്കിയിട്ടില്ല എന്ന് മനസിലായി. അവൾ ഭവാനിയുടെ മുറിയിലേക്കു ചെന്നു.

“എന്തു പറ്റി അമ്മേ സുഖമില്ലേ? “

“എനിക്ക് അസുഖമൊന്നും ഇല്ല, ഞാൻ വെളുപ്പിന് എഴുന്നേറ്റു ചോറും കറിയും വച്ച് പൊതി കെട്ടി കൊടുത്തു വിടാൻ എനിക്ക് സ്കൂളിൽ പോകുന്ന കൊച്ചുകുട്ടികൾ ഒന്നുമില്ലല്ലോ? എന്റെ മക്കൾ എല്ലാവരും വലുതായി, കല്യാണവും കഴിഞ്ഞു, ഇനി അവരുടെ പിന്നാലെ നടക്കാൻ എന്നെകൊണ്ട് പറ്റില്ല. നിനക്ക് വേണമെങ്കിൽ നേരത്തെ എഴുന്നേറ്റു നിന്റെ ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം”

ആരതി പ്രസാദിനോട്‌ വിവരം പറഞ്ഞു. നേരം വൈകിയതു കാരണം അവൻ ഹോട്ടലിൽ നിന്നു ഭക്ഷണവുമായി എത്തി. ഭവാനി ഹോട്ടൽ ഭക്ഷണം കഴിക്കാറില്ല, അൽപ്പസമയം കഴിഞ്ഞപ്പോൾ അവർ എഴുന്നേറ്റു ഭക്ഷണം ഉണ്ടാക്കി കഴിച്ചു. പിന്നീടുള്ള പല ദിവസങ്ങളിലും ഇതു ആവർത്തിച്ചു. ഭവാനി തന്റെ പ്രതിഷേധവുമായി മുന്നോട്ട് പോയി. ആരതി ഹോട്ടൽ ഭക്ഷണം വാങ്ങുന്നതു തുടരുകയും ചെയ്തു. ഇതിനിടയിൽ ആരതിയും ഭവാനിയും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തു.

പ്രസാദ് ജോലിക്ക് പോയതിന് ശേഷം ആരതി ഹാളിൽ ടീവിയും കണ്ടിരിക്കുമ്പോൾ ഭവാനി അവളുടെ അടുത്തേക്ക് നടന്നു വന്നു.

“ഈ വീടൊക്കെ ഒന്ന് തൂത്തു തുടച്ചു ഇട്ടു കൂടെ നിനക്ക്? ആ നിർമല ഉണ്ടായിരുന്നപ്പോൾ എങ്ങനെ കിടന്നിരുന്ന വീടാണ് ഇത്, ഇപ്പോൾ ഇതിനുള്ളിൽ പാമ്പ് കയറിയിരുന്നാൽ പോലും അറിയില്ലല്ലോ? “

ഭവാനിയുടെ ചോദ്യം കേട്ട് ആരതി ദേഷ്യത്തിൽ തന്നെ മറുപടിയും നൽകി.

“നിങ്ങളല്ലേ നിർമലേട്ടത്തിയെ ഇവിടുന്നു ഓടിച്ചത്, അവരെ ഭരിക്കുന്നതു പോലെ എന്നെ ഭരിക്കാമെന്ന് വെറുതെ വ്യാമോഹിക്കണ്ട “

ആരതിയുമായുള്ള വഴക്ക് പതിവായപ്പോൾ ഭവാനിയ്ക്ക് നിർമലയുടെ നന്മ മനസിലായി. പ്രകാശ് ഇടയ്ക് അമ്മയെ കാണാൻ വരുമായിരുന്നു, അപ്പോൾ അയാളെ ബോധിപ്പിക്കാൻ വേണ്ടി അവർ സന്തോഷം അഭിനയിച്ചു.

ദിവസങ്ങൾ കടന്നു പോയി, ബാത്‌റൂമിൽ തെന്നി വീണ് ഭവാനി ഹോസ്പിറ്റലിൽ അഡ്മിറ്റായി. മക്കൾ എല്ലാവരും അമ്മയെ കാണാൻ എത്തി, കാലിന്റെ എല്ലിനു പൊട്ടൽ ഉള്ളത് കൊണ്ട് പ്ലാസ്റ്റർ ഇട്ടു രണ്ടു മാസം റസ്റ്റ്‌ വേണമെന്ന് ഡോക്ടർ നിർദേശിച്ചു. അമ്മയെ തനിക്ക് നോക്കാൻ പറ്റില്ലെന്ന് ആരതി അറിയിച്ചു, പ്രസീത എല്ലാവരോടുമായി പറഞ്ഞു .

“അമ്മയുടെ കാര്യം ഓർത്ത് നിങ്ങൾ വിഷമിക്കണ്ട, ഞാൻ കൊണ്ട് പൊയ്ക്കോളാം അമ്മയെ “

പ്രകാശിനു ആശ്വാസം തോന്നി. നിർമലയെ അമ്മ ഒരുപാട് മാനസികമായി വേദനിപ്പിച്ചിട്ടുണ്ട് അതുകൊണ്ടാണ് തങ്ങൾ വാടക വീട്ടിലേക്ക് മാറേണ്ടി വന്നത് തന്നെ, എന്നാലും സ്വന്തം അമ്മയെ തള്ളികളയാൻ ആർക്കും കഴിയില്ലല്ലോ.

പ്രസീത കുറച്ച് ദിവസം ലീവ് എടുത്തു, അവൾ അമ്മയെ പരിചരിക്കാൻ തുടങ്ങി. അമ്മയ്ക്ക് ഭക്ഷണം കൊടുക്കുമ്പോൾ പ്രസീത പറഞ്ഞു.

“അമ്മേ, കുഞ്ഞുങ്ങൾ ആണായാലും പെണ്ണായാലും കാര്യമൊന്നുമില്ല, അവരെ എങ്ങനെ വളർത്തുന്നു എന്നതിലാണ് കാര്യം, അമ്മ ഏറ്റവും വാത്സല്യം കൊടുത്ത് വളർത്തിയതല്ലേ പ്രസാദിനേ, എന്നിട്ട് വിവാഹകാര്യത്തിൽ പോലും അവൻ അമ്മയുടെ അഭിപ്രായം കേട്ടില്ല, അവന് ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വന്നു, എന്നിട്ടും അമ്മയ്ക്ക് അവനോട് സ്നേഹകൂടുതൽ ആയിരുന്നല്ലോ, ഇപ്പോൾ ഒന്ന് വീണപ്പോൾ കണ്ടോ നോക്കാൻ ഞാൻ വേണ്ടി വന്നു, അമ്മയ്ക്ക് പെണ്മക്കളേ പുച്ഛമായിരുന്നല്ലോ, ആ പേരും പറഞ്ഞല്ലേ നിർമലേട്ടത്തിയെ ദ്രോഹിച്ചത്, അമ്മ അവരോട് മോശമായി പെരുമാറിയില്ലായിരുന്നുവെങ്കിൽ അവർ അമ്മയെ പൊന്നു പോലെ നോക്കിയേനെ “

പ്രസീത പറയുന്നതിൽ കാര്യം ഉണ്ടെന്ന് അവർക്ക് മനസിലായി. ആ രണ്ട് മാസം കൊണ്ട് അവരുടെ പല കാഴ്ച്ചപ്പാടുകളും മാറി. അമ്മയെകാണാൻ പ്രകാശ് എല്ലാ ആഴ്ചയിലും എത്തിയിരുന്നു. ആരതി പ്രെഗ്നന്റ് ആയത് കൊണ്ട് അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഡോക്ടർ പറഞ്ഞു അതുകൊണ്ട് തന്നെ പ്രസാദ് വല്ലപ്പോഴും അമ്മയെ കാണാൻ വന്നിരുന്നുള്ളൂ..

രണ്ടു മാസത്തിനു ശേഷം കാലിലെ പ്ലാസ്റ്റർ എടുത്തിട്ട് ഭവാനി നേരെ പോയത് നിർമലയെ കാണാനാണ്. ആ വാടക വീട്ടിൽ എത്തി നിർമലയെ ചേർത്ത് നിർത്തി അവർ പറഞ്ഞു.

“നീ എന്നോട് ക്ഷമിക്കണം മോളെ, നിന്നെ ഞാൻ ഒരുപാട് ദ്രോഹിച്ചു അതിനെല്ലാം എനിക്ക് പരിഹാരം ചെയ്യണം, നീ നമ്മുടെ വീട്ടിലേക്ക് വരണം “

പ്രകാശാണ് മറുപടി പറഞ്ഞത്.

“അമ്മേ ആ വീട്ടിലേക്ക് ഇനി ഞങ്ങൾ വരത്തില്ല, നിമ്മി ആ വീട്ടിൽ വെറും വേലക്കാരി ആയിരുന്നു ഇവിടെ വന്നപ്പോളാണ് ഞങ്ങൾക്ക് പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാനും സ്നേഹിക്കാനും കഴിഞ്ഞത് “

നിർമല അവരോട് പറഞ്ഞു .

“അമ്മയോട് എനിക്ക് ഒരു പിണക്കവും ഇല്ല, അമ്മയ്ക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാമല്ലോ, എന്തായാലും ആ വീട്ടിലേക്ക് ഇനി തിരിച്ചു വരില്ലെന്ന് അവിടുന്ന് ഇറങ്ങിയപ്പോൾ തന്നെ തീരുമാനിച്ചതാണ് “

ഭവാനി യാത്ര പറഞ്ഞിറങ്ങി, സ്വന്തം വീട്ടിലെത്തി ആരതിയുമായി അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ തുടങ്ങി.

ഒരു അപകടം പറ്റി കിടപ്പിലായപ്പോളാണ് പെണ്മക്കളുടെ മഹത്വം ഭവാനിയ്ക്ക് മനസിലായത്. എന്നാൽ ഇപ്പോളും അത് മനസിലാക്കാത്ത ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ട്. മക്കൾ ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് ദമ്പതികൾ ഈ ലോകത്തുണ്ട്, അതുകൊണ്ട് ആണായാലും പെണ്ണായാലും ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കണം.

ശുഭം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *