എന്താല്ലേ പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലത്ത് ഒന്നിനും ഒരു മുടക്കവും വരുത്താതെ ഉള്ള ജീവിതം സ്വർഗം അല്ലേ…….

Story written by Sumayya Beegum T A

പാത്രം കഴുകിയപ്പോൾ വെള്ളം തെറിച്ചു നനഞ്ഞ നൈറ്റി എടുത്തു ഇടുപ്പിൽ കുത്തി അവൾ ഫ്രിഡ്ജ് തുറന്നു.

പച്ചക്കറി എല്ലാമുണ്ട്. മുട്ടയും പത്തിരുപതു എണ്ണം കാണും. കറിക്കുള്ളതെല്ലാം എടുത്തു അരിഞ്ഞു കഴിഞ്ഞപ്പോൾ അടുക്കളയിലെ ഷെൽഫിൽ നോക്കി.

വെളിച്ചെണ്ണ, പാമോയിൽ, മുളക് മല്ലി എല്ലാം പാത്രത്തിൽആവശ്യത്തിന് ഉണ്ട്.

കറിയെല്ലാം വെച്ചുകഴിഞ്ഞു തുണി അലക്കാനായി വാഷിംഗ്‌ മെഷീനിലിട്ടു. സോപ്പ് പൊടിയും രണ്ടു ദിവസത്തേക്ക് കൂടിയുണ്ട്.

ഇടയ്ക്ക് മക്കൾ ജ്യൂസ്‌ വേണമെന്ന് പറഞ്ഞപ്പോൾ തീൻ മുറിയിലെ കൊട്ടയിൽ നോക്കി ആപ്പിളും മാങ്ങാ പഴവുമുണ്ട്‌.അതിൽ നിന്നും ആപ്പിൾ എടുത്തു നുറുക്കി അടിച്ചെടുത്തു കൊടുത്തു.

വൈകുന്നേരം കൊടുക്കാനുള്ള ബേക്കറിയും സ്നാക്സും പാത്രത്തിലുണ്ട് എന്ന് ഉറപ്പുവരുത്തി .

എന്താല്ലേ പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലത്ത് ഒന്നിനും ഒരു മുടക്കവും വരുത്താതെ ഉള്ള ജീവിതം സ്വർഗം അല്ലേ?

അതേ സ്വർഗം തന്നെ.ആരൊക്കെയോ ഒരുപാട് പേർ നിന്നു ചുറ്റിലും പറയുന്നു അതോ എന്നോട് ഞാൻ തന്നെ പറയുന്നോ?

അന്ന് വൈകിട്ടത്തെ എച്ചിൽ പാത്രവും കഴുകി കേറുമ്പോൾ മനസിലൊരു തിക്കുമുട്ടൽ.

തിന്നതെല്ലാം തൊണ്ടയിൽ കുരുങ്ങുന്നു.

അതെന്താവും?

തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറുന്നത്. അല്ലാതെന്താണ് മനസ് വീണ്ടും മറുപടിയുമായി ഓടിയെത്തി.

ഉറങ്ങുന്നവരെ നോക്കി ഉറക്കം വരാതെ കണ്ണ് തുറന്നു കിടക്കുമ്പോൾ അവൾ വീണ്ടും അടുക്കളയിലും കബോർഡിലും ചെന്ന് ഓരോ പാത്രവും തുറന്നു നോക്കി.

ഇല്ല അതുമാത്രം ഇല്ല തേടുന്നതെന്തോ അതില്ല.

ഒരു പുഞ്ചിരി, ഒരു ചേർത്തുപിടിക്കൽ ഒരല്പം സ്നേഹപ്രകടനം അതിലൊക്കെ അപ്പുറം നീ എത്ര അകലെപോയാലും നിനക്ക് എന്തുവന്നാലും ഞാൻ കൂടെയുണ്ട് എന്നൊരു ബലം ആ ധൈര്യം അത് അത് മാത്രം എവിടെയുമില്ല.

ഭ്രാന്തമായി ഓരോ പാത്രങ്ങളും തപ്പിനോക്കുമ്പോൾ ചിലതൊക്കെ തട്ടി താഴെവീണു. മല്ലിപൊടിയും മുളകും മഞ്ഞപ്പൊടിയുമൊക്കെ അവളിൽ പുതിയൊരു രൂപം വരച്ചു അരിപ്പൊടിയും ഗോതമ്പു പൊടിയുമൊക്കെ പലതരത്തിലുള്ള കോലങ്ങൾ എഴുതി.

അവസാനം അവളൊരു വിചിത്ര രൂപമായി ചിലരവളെ ഭ്രാന്തി എന്ന് വിളിച്ചു ചിലരവളെ പിശാച് എന്നും മറ്റുള്ളവർ തന്റെടി എന്നും പല പല പേർ ചൊല്ലി വിളിച്ചു.

അതൊക്കെ കേട്ടപ്പോൾ അവൾ കൂടുതൽ ഉന്മത്തയായി ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.

കാലിൽ ചിലമ്പും കയ്യിലൊരു വാളുമായി ദേഹം മൊത്തം നിറങ്ങൾ പൂശി അവൾ നൃത്തം ചവിട്ടി.

പാതി രാത്രിയുടെ ഭീകരതയിൽആ രൂപം അടിത്തിമർക്കവേ അവൾ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു.

വിയർത്തുകുളിച്ച ദേഹം വിറയ്ക്കുന്നുണ്ട് അവളെഴുന്നേറ്റ് കണ്ണാടിയിൽ നോക്കി.

ഇല്ല ഒരു മാറ്റവും വന്നിട്ടില്ല. ചീകാത്ത മുടിയും ചിരിക്കാത്ത മുഖവുമുള്ള ഒരു സാധാ വീട്ടമ്മ…

അവൾ വീണ്ടും കട്ടിലിലേക്ക് കിടന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്നു ഇനിയും ഇതുപോലുള്ള സ്വപ്‌നങ്ങൾ കാണാതെ നേരം ഒന്ന് പുലർന്നെങ്കിൽ…

Leave a Reply

Your email address will not be published. Required fields are marked *