എഴുത്ത്:- സൽമാൻ സാലി
‘’ ആകാശവാണി കോഴിക്കോട് .. പ്രാദേശിക വാർത്തകൾ വായിക്കുന്നത് ഹകീം കൂട്ടായി ..
ന്റുപ്പാപ്പാക്ക് ഒരു റേഡിയോ ണ്ടയ്നു .. രാവിലേ മദ്രസയിൽ പോകാനായി എണീറ്റ് അമൂൽ റസ്‌ക്കും കട്ടൻ ചായേം കുടിക്കുമ്പോ എന്നും കേൾക്കുന്നതാണ് ഈ വാർത്ത ..
വാർത്ത ഉപ്പാപ്പാക്കും അയ്ന്റെ ഇടയിൽ വരുന്ന പരസ്യം ഇന്‍കും ഉള്ളതാണ് .. നല്ല രസാണ് പരസ്യം കേക്കാൻ ..
” മൊതലാളി കൊഴച്ച മാവ് കണ്ടില്ലേ റബ്ബർ പോലെ .. ലിബർട്ടി ആട്ടാ മൈദാ സൂചി ..
” എല്ലാരും ചോദിച്ചു വാങ്ങുന്ന പാക്ക് നിജം പാക്ക് കുട്ടികളും മുതിർന്നവരും ഒരു പോലെ വാങ്ങുന്ന പാക്ക് നിജാം പാക്ക് ..
അത് കേട്ട് തുടങ്ങിയ അന്നുമുതൽ ഉള്ള സംശയം ആയിരുന്നു ഈ ആട്ടയുടെയും മൈദയുടെയും ഇടയിൽ എന്തിനാ സൂചിയുടെ പരസ്യം എന്ന് …
വാർത്ത കഴിഞ്ഞാൽ ഉള്ളൊരു ട്യൂൺ ഉണ്ട് ടൂ …. ടു ടു … ടുടു . ടുടു ട്ടു ..
” ഇയം ആകാശ വാണി സംപ്രതി വാർത്താ ഹേ ശുയന്ത പ്രവാചകമേ ബാലദേവനാന്ത സകരഹ .. പിടി വാർത്താ ഹാ .. ബാക്കി സംസ്‌കൃതം ആയൊണ്ട് കാണാതെ പഠിക്കാൻ പറ്റില്ല …
ഞായറാഴ്ച ദിവസം ഉച്ചക്ക് ഉപ്പാപ്പ കാണാതെ റേഡിയോ എടുത്തോണ്ട് അടുക്കള ഭാഗത്തു പോയി ഇരുന്ന് ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ എന്ത് രസമായിരുന്നു .. ഒരു ചിക് ചിക് ചിക് ചിറകിൽ മഴവില്ല് വിരിക്കും മനസ്സേ ശുക്റിയ .. അടുക്കള യിലിരുന്ന് ചുമ്മാ ഡാൻസ് കളിക്കാൻ പറ്റിയ പാട്ടുകൾ .. ഇന്നത്തെ ഒരു യൂട്യൂബിനും തരാൻ പറ്റാത്ത വൈബ് ..
പിന്നെ ഒന്നരമണിക്കുള്ള സിനിമ ശബ്ദരേഖ .. ദാദാ സാഹിബും നരസിംഹവും ദേവാസുരവുമൊക്കെ ശബ്ദത്തിലൂടെ മാത്രം കേട്ട് ആസ്വദിച്ച കാലം
വൈകിട്ടത്തെ വാർത്ത കഴിഞ്ഞാൽ പിന്നെ ” തെയ്യ തിനം തോം തെയ്യ തിനം തോം തെയ് തെയ് താരോം എന്ന പാട്ടും ബാഗ്രൗണ്ടിൽ ഹോയ് ഹോയ് ഹോയ് എന്ന കോറസും കഴിഞ്ഞു പ്രിയ ശ്രോതാക്കൾക്ക് വയലും വീടും പരിപാടിയിലേക്ക് നമസ്ക്കാരം എന്ന് കേൾക്കുമ്പോൾ അവിടെ പോയി ഇരിക്കും …
പ്രിയ കർഷകർക്ക് പാദ നമസ്ക്കാരം എന്നും പറഞ്ഞുകൊണ്ട് ഇടക്ക് പാട്ടും കഥകളും പോലെ കൃഷിയെ പറ്റി കേൾക്കാൻ ന്തു രസമായിരുന്നു ..
എന്നും റേഡിയോയിലെ പരസ്യം കേട്ട് എനിക്കും ഒരു പൂതി നിജാം പാക്ക് തിന്നണം എന്ന് ..
ഉമ്മാമനോട് അയിമ്പത് പൈസ വാങ്ങിച്ചു മദ്രസാ വിട്ട് വരുമ്പോൾ കുറുപ്പേട്ടന്റെ കടയിൽ കേറി നിജാം പാക്ക് ഉണ്ടോന്ന് ചോയ്ച്ചപ്പോ അവിടെ ഇല്ല ..
ഉള്ളതാണേൽ റോജാ പാക്ക് റോജാ എങ്കിൽ റോജാ അതും വാങ്ങി പോക്കറ്റിലിട്ട് വീട്ടിലെത്തിയപ്പോ അത് തിന്നാൻ മറന്നു പോയി .. അലക്കാൻ വേണ്ടി അഴിച്ചിട്ട പാന്റിൽ നിന്നും റോജാ പാക്ക് കിട്ടിയതും വീട്ടില് ആകെ പ്രശനം .. ഇപ്പൊ ആണേൽ ക ഞ്ചാവ് പിടിച്ചാൽ പോലും അന്ന് റോജാ പാക്ക് കിട്ടിയ അത്രെം ബഹളം കാണൂല ..
ഏഴാം വയസിൽ വലിയ എന്തോ അപരാധം ചെയ്ത പോലെ എല്ലാരും കൂടെ എന്നെ ചീ ത്ത പറഞ്ഞു . അവസാനം വാർത്ത ഉപ്പാപ്പന്റെ കാതിലും എത്തി ..
” വാപ്പാനേം വാപൊൻറെ വാപ്പാനേം വിളിച്ചു എല്ലാത്തിന്റെ അവസാനം എന്നെ മോനെ എന്നും വിളിച്ചോണ്ട് ഉപ്പാപ്പയുടെ ഒരു ചോദ്യം ഇയ്യെന്തിനാ അത് വാങ്ങിയേ എന്ന് ..
പരസ്യം കേട്ട് പൂതി കേറി വാങ്ങിയതാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞു അന്ന് തടി കൈച്ചലായി ..
പക്ഷെ പിറ്റേ ദിവസം മുതൽ രാവിലെ ഹക്കീം കൂട്ടായി വാർതേം ഇല്ലാ നിജാം പാക്കും ഇല്ല സംപ്രതി വാർത്ത ഹേ യും ഇല്ലാ എല്ലാം പിടി വാർത്താ ഹേ ശുയന്ത ആയി ഉപ്പാപ്പ വാർത്ത കേൾക്കുന്നത് ഉപ്പാപ്പടെ റൂമിലേക്ക് മാറ്റി ..
ഇന്നും ആ ആഗ്രഹം ബാക്കി ആണ് നിജാം പാക്ക് ഒന്ന് കാണണം എന്നത് …
പൂതി പെരുത്ത് പാൻപരാഗ് തിന്ന് പള്ളികുളത്തിൽ വീണ തള്ള് അടുത്താഴ്‌ച്ച ഉണ്ടായിരിക്കും ..
nb: ചിലപ്പോ റേഡിയോ പരിപാടിയിൽ പറഞ്ഞത് തെറ്റ് ഉണ്ടാകും ഉണ്ടേൽ ഇങ്ങള് അങ്ങോട്ട് ക്ഷമിച്ചോളി ..