നിയോഗം
എഴുത്ത്:-ബിന്ദു എന്‍ പി
സ്കൂളിലെ അലങ്കരിച്ച കല്യാണപ്പന്തലിൽ വധൂവരന്മാരുടെ വേഷത്തിൽ ദിവ്യയുടെ കൂടെ ഇരിക്കുമ്പോൾ പ്രദീപ് ഓർക്കുകയായിരുന്നു .. കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് തന്റെ ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് ..
കൂട്ടുകാരാരോ ആണ് തന്നെ ആ വാട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തത് .1994 ലെ എസ് എസ് എൽ സി ബാച്ചിന്റെതായിരുന്നു ആ ഗ്രൂപ്പ് . ഗ്രൂപ്പിലെത്തിയപ്പോഴാണ് പണ്ട് കൂടെ പഠിച്ച പലരും പല നിലകളിയായി ജോലി ചെയ്യുന്നതായറിഞ്ഞത്…വർഷങ്ങളായി പ്രവാസ ജീവിതം നയിച്ചിരുന്നതുകൊണ്ട്തന്നെ ആ പത്താം ക്ലാസിനു ശേഷം പിന്നെ പലരെ കുറിച്ചും ഒരറിവും ഉണ്ടായിരുന്നില്ല .
ഗ്രൂപ്പ് തുടങ്ങിയപ്പോ ഒരുണർവ്വായിരുന്നു .. ചിരിയും കളി തമാശകളുമായി ദിവസങ്ങൾ കടന്നുപോയി .. അങ്ങനെ പ്രദീപ് നാട്ടിൽ വന്ന സമയത്താണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താൻ തീരുമാനിച്ചത് .. അങ്ങനെ ദിവസം നിശ്ചയിച്ചു . എല്ലാവരും ഉത്സാഹത്തിമിർപ്പിൽ ആയിരുന്നു . അങ്ങനെ ആ ദിവസം വന്നെത്തി ..അറുപതു പേരും അറുപതു വിഭവങ്ങളുമായാണ് സ്കൂളിൽ എത്തിയത് . കൂടെ ഓരോരുത്തരുടെ ഫാമിലിയും ഉണ്ടായിരുന്നു.പല തരം കലാപരിപാടികളുമായി ആ ദിവസം കടന്നുപോയി .. വീണ്ടും കാണാമെന്ന ഉറപ്പിൽ എല്ലാവരും പിരിഞ്ഞു .
ആ കൂട്ടത്തിൽ രണ്ടുപേർ മാത്രമാണ് അവിവാഹിതരായിട്ടുണ്ടായിരുന്നത് .. അതിൽ ഒരാൾ പ്രദീപ് ആയിരുന്നു . മറ്റെയാൾ ദിവ്യയും .. അന്നത്തെ ആ പൂർവ്വ വിദ്യാർത്ഥി സംഗമം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയെങ്കിലും കൂട്ടുകാർക്കിടയിൽ പ്രദീപും ദിവ്യയും സംസാര വിഷയമായി .. അവരെ തമ്മിൽ ഒന്നിപ്പിച്ചു കൂടെ എന്നൊരു അഭിപ്രായം ഉയർന്നു വന്നു . പിന്നോട്ടുമാലോചിച്ചില്ല കൂട്ടുകാർ രണ്ടുപേരുടെയും ഇഷ്ടങ്ങൾ തിരക്കി ..
വർഷങ്ങൾക്കപ്പുറം ഒരുമിച്ചു. പഠിച്ചുവെന്നല്ലാതെ രണ്ടുപേരും തമ്മിൽ കാണുന്നതുപോലും പിന്നീട് ഇപ്പോഴായിരുന്നു .. പക്ഷേ രണ്ടുപേർക്കും ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല .. അവർക്കിഷ്ടക്കേടില്ലെന്നറിഞ്ഞതോടെ കാര്യങ്ങൾ തകൃതിയായി നടന്നു .. രണ്ടു വീട്ടുകാരുമായി കൂട്ടുകാർ സംസാരിച്ചു .. കല്യാണം ഒരാഘോഷമായി തന്നെ നടത്താൽ അവർ തീരുമാനിച്ചു . അതിന് വേദിയായി തിരഞ്ഞെടുത്തത് അവരുടെ കൂടിച്ചേരലിനു സാക്ഷിയായ ആ സ്കൂൾ ഓഡിറ്റോറിയം തന്നെയായിരുന്നു ..
അങ്ങനെ കൂട്ടുകാരുടെ സാന്നിധ്യത്തിൽ നിറഞ്ഞ മനസ്സോടെ ആ നൽപ്പത്തഞ്ചാമത്തെ വയസ്സിൽ പ്രദീപ് ദിവ്യയുടെ കഴുത്തിൽ താലി ചാർത്തി ..അങ്ങനെ ആദ്യമായൊരു നല്ല കാര്യത്തിന് ആ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സാക്ഷിയായി …