എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അച്ഛന്റെ എഴുപതാം പിറന്നാളാണ്. ആരോഗ്യ സ്ഥിതി കുറച്ചു മോശമാണെന്ന് അറിയാമായിരുന്നിട്ടും അയൽക്കാരെയൊക്കെ വിളിച്ചൊരു സദ്യ കൊടുക്കാൻ ഞാൻ തീരുമാനിച്ചു. പ്രായത്തിൽ താഴെയുള്ള പെങ്ങൾമ്മാരെ അറിയിച്ചപ്പോൾ അവർക്കും സന്തോഷം. എപ്പോൾ വേണമെങ്കിലും എത്താനുള്ള ദൂരത്തു തന്നെ രണ്ടു പേരുമുണ്ട്. വേണ്ടായെന്ന് അച്ഛൻ പറഞ്ഞിട്ടും ഞാൻ കേട്ടില്ല. ഒടുവിൽ ഒരു നിബന്ധനയോടെ അച്ഛൻ സമ്മതിക്കുകയായിരുന്നു.
‘ മരിക്കും മുമ്പെ, നിങ്ങളുടെ അമ്മയെയൊന്ന് കാണണം…’
അതു കേട്ടയുടൻ അച്ഛന്റെ മുറിയിൽ നിന്ന് ഞാൻ പുറത്തേക്കു പോയി. കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ആദ്യമായാണ് അമ്മയെ കുറിച്ച് അച്ഛൻ സംസാരിക്കുന്നത്. പ്രായമാകുമ്പോൾ മനുഷ്യർക്ക് ക്ഷമിക്കാനുള്ള വിശാലത ഉണ്ടാകുമെന്നൊക്കെ കേട്ടിട്ടുണ്ട്. അച്ഛൻ എല്ലാം മറന്നു പോയോയെന്ന് ഞാൻ സംശയിച്ചു.
ഇളയ പെങ്ങൾക്ക് അമ്മയുടെ യാതൊരു ഓർമ്മയുമുണ്ടാകില്ല. അമ്മയെന്ന് കേൾക്കുമ്പോഴേ അവളുടെ കാറലാണ് എന്റെ കാതുകളിൽ മുഴങ്ങുക. ഏതോയൊരു ഓട്ടോക്കാരന്റെ കൂടെ അമ്മ പോകുമ്പോൾ അവൾക്ക് പ്രായം മൂന്നാകുന്നതേയുള്ളൂ…
‘ഇളയോള് വലതും കഴിച്ചോ…?’
അമ്മ പോയ പകൽ ഇരുട്ടിയിരുട്ടി വീണ്ടും വെളുക്കാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ എന്നെ തട്ടിയുണർത്തി ചോദിച്ചതാണ്. പത്തിൽ പഠിക്കുന്ന പാകത ഉള്ളതു കൊണ്ട് പെങ്ങൾമ്മാരെ കഴിപ്പിച്ചിതിനു ശേഷമാണ് ഞാൻ കിടന്നത്.
‘നീ കഴിച്ചോടാ…?’
അച്ഛൻ ചോദിച്ചും. ഞാൻ വെറുതേയൊന്ന് മൂളി. അതോടൊപ്പം അച്ഛനിലേക്ക് വീണു കരയുകയും ചെയ്തു. മക്കളെ ഉപേക്ഷിച്ചു പോകാൻ മാത്രം മനസ്സുള്ളയൊരു സ്ത്രീയെ അമ്മയായി കരുതാൻ പിന്നീട് എനിക്കു സാധിച്ചില്ല. തന്റെ കുടുംബം ഉപേക്ഷിച്ച് എന്തു കൊണ്ടാണ് അമ്മ മറ്റൊരാളുടെ കൂടെ പോയതെന്നും അച്ഛനോട് ഞാൻ തിരക്കിയില്ല. ആ കാരണം അറിഞ്ഞു വെച്ചാൽ പോയവരാരും തിരിച്ചു വരില്ലല്ലോ…
അമ്മയൊരു കള്ളിയായിരുന്നു. എനിക്ക് ഓർമ്മയുണ്ട്. ഇത്രേം നാൾ നീയെന്നെ പറ്റിക്കുക ആയിരുന്നുവല്ലേയെന്ന് പറഞ്ഞാണ് അന്നു അച്ഛൻ ശബ്‌ദിക്കുന്നുണ്ടായിരുന്നത്. തെറ്റു ചെയ്തവരുടെ കുനിഞ്ഞ തലയുമായി അമ്മ പതുങ്ങി നിൽക്കുകയാണ്. അങ്ങേയറ്റം കബളിപ്പിക്കപ്പെട്ട വേദനയിൽ അച്ഛന്റെ തേങ്ങലും കേൾക്കാമായിരുന്നു. അതിന്റെ പിറ്റേനാളാണ് ഓട്ടോക്കാരന്റെ കൂടെ അമ്മ ഇറങ്ങിപ്പോയത്. ശേഷമുള്ള പെങ്ങൾമ്മാരുടെ അവസ്ഥ എത്രത്തോളം സങ്കടകരമായിരുന്നുവെന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ…
അന്നു ഞാൻ അച്ഛന്റെ എഴുപതാം പിറന്നാൾ ആഘോഷത്തിന്റെ തലേ നാളിലെ തിരക്കിലായിരുന്നു. പെങ്ങൾമ്മാരൊക്കെ എത്തിച്ചേർന്നിട്ടുണ്ട്. കുട്ടികളുടെയൊക്കെ ശബ്ദം കൊണ്ട് വീടിനൊരു പുതു ജീവൻ വിരുന്നു വന്നതു പോലെ. അച്ഛന്റെ മുഖത്തും സന്തോഷം തന്നെയാണ്.
ആ തിരക്കിലും മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം അച്ഛൻ എന്തിനായിരിക്കും അമ്മയെ കാണാൻ ആഗ്രഹിച്ചതെന്ന് വെറുതേ ഞാൻ ഓർക്കുന്നുണ്ടായിരുന്നു…
അങ്ങനെയെങ്കിൽ, ആദ്യമായല്ല ഇങ്ങനെ പറയുന്നത്. എന്റെ വിവാഹത്തിന് അമ്മയെ വിളിക്കണമെന്ന് അച്ഛൻ ചെറുതായൊന്ന് സൂചിപ്പിച്ചതു പോലെ ഓർമ്മയിലുണ്ട്. അന്നു ഞാനത് കാര്യമായി എടുത്തില്ല. എന്റെ ഊഹം ശരിയാണെങ്കിൽ അമ്മ ഇപ്പോൾ എവിടെയാണ് ഉള്ളതെന്നു വരെ അച്ഛനു അറിയാമായിരിക്കും.
അന്നു രാത്രിയിലും പതിവുപോലെ അച്ഛന്റെ മുറിയിലേക്ക് ഞാൻ പോയിരുന്നു. മനഃപൂർവം അമ്മയുടെ വിഷയം തന്നെ സംസാരിക്കാനായി എടുത്തിടുകയും ചെയ്തു.
‘മതിയെടാ… കൊല്ലം കുറേ ആയില്ലേ….’
അങ്ങനെ ക്ഷമിക്കാൻ പറ്റുന്ന കാര്യമാണൊ അമ്മ ചെയ്തതെന്ന് ഞാൻ ചോദിച്ചു. ഇളയോളുടെ കരച്ചില് അച്ഛൻ മറന്നോയെന്നും ചേർത്തു.
‘എല്ലാരും തെറ്റു ചെയ്തിട്ടുണ്ട്. ക്ഷമിക്ക്… നീ പോയി വിളിച്ചാൽ ഓള് വരും…’
അച്ഛന് എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാൻ പറ്റുന്നതെന്ന് എനിക്കു മനസ്സിലായില്ല. അച്ഛൻ എന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ച് ഉത്തരത്തിനായി ഞാൻ കാതോർത്തൂ…
‘നിനക്ക് വേണ്ടിയാണ് നിന്റെ അമ്മയോട് കലഹിച്ചത്.’
അപ്പോഴും എനിക്കൊന്നും മനസിലായില്ല. എനിക്കു വേണ്ടിയോയെന്നു ചോദിക്കുമ്പോഴേക്കും അച്ഛൻ പറഞ്ഞു തുടങ്ങിയിരുന്നു. ഇളയോള് വന്നതിനു ശേഷമാണ് താൻ ആ സത്യം അറിയുന്നതു പോലും! അച്ഛൻ കിടക്കയിലേക്ക് പാതി ചാiഞ്ഞു. പറയാൻ ഏറെ ബുദ്ധിമുട്ടുള്ളയൊരു സത്യത്തെയാണ് അച്ഛൻ നാക്കിലേക്ക് എടുക്കുന്നതെന്ന് ഞാൻ കാണുകയാണ്.
‘നിന്റെ അമ്മ ഒപ്പം പോയ ഓട്ടോക്കാരന്റെ പേര് അറിയോ നിനക്ക്…?’
തപ്പി തടഞ്ഞ് ഒടുവിൽ അച്ഛന്റെ ശബ്ദം പുറത്തേക്കു വന്നു. അറിയില്ലെന്ന് പറയാൻ ഏറെ നേരം എനിക്കു വേണ്ടി വന്നില്ല.
‘മോഹനൻ’
നാലായി വിട്ടു വിട്ടാണ് അച്ഛൻ ആ പേരു പറഞ്ഞത്. കൂടെ അതാണ് നിന്റെ അച്ഛനെന്നും മൊഴിഞ്ഞു. ഒരു ആയുസ്സിന്റെ വരിയിൽ രണ്ട് പിതാവോയെന്ന് ചിന്തിക്കുമ്പോഴേക്കും അച്ഛന്റെ കണ്ണുകൾ അടഞ്ഞിരുന്നു. കട്ടിലിന്റെ മൂലയിൽ ഇരുന്നിരുന്ന ഞാൻ വിങ്ങലിന്റെ കുലുക്കത്തിൽ തറയിലേക്ക് വീണു. ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നൂ, ഭാര്യയും പെങ്ങൾമ്മാരുമൊക്കെ ഓടി വന്നത്. തുടർന്ന് മൂന്നുപേരുടെയും കരച്ചിൽ ഒന്നായി ഉയരുകയായിരുന്നു…
തറയിൽ നിന്നും എഴുന്നേറ്റ് ഞാൻ പുറത്തേക്ക് നടന്നു. നേരം പുലരുമ്പോഴേക്കും മറ്റു കാര്യങ്ങളൊക്കെ ഏർപ്പാടു ചെയ്യണം. എന്തായാലും ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന ചിന്തയിൽ തണുത്ത വെള്ളത്തിൽ ഞാൻ മുഖം കഴുകി. ആ രാത്രിയിൽ തന്നെ വിറകിന്റെ ലഭ്യതയും ഉറപ്പു വരുത്തി.
എനിക്ക് ആകെയൊരു അച്ഛനെയുള്ളൂ.. ആ മനുഷ്യൻ മരിച്ചിരിക്കുന്നു. ഞാൻ തന്നെയാണ് ചിത കൊളുത്തേണ്ട ആളും. അല്ലെന്ന് തോന്നാൻ പാകം അച്ഛൻ യാതൊന്നും എന്നോടു പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ തന്നെ ഞാനതു കേട്ടിട്ടില്ല. കേട്ടെങ്കിൽ തന്നെ മരണത്തിന് തൊട്ടു മുമ്പ് അച്ഛനു ഭ്രാന്തു പിടിച്ചതാണെന്ന് കരുതാനേ എനിക്ക് സാധിക്കുമായിരുന്നുള്ളൂ…!!!