അല്ലെങ്കിലും മമ്മിയും പപ്പയും അങ്ങനെയാണ്. മമ്മിക്കാണ് കൂടുതൽ കർക്കശ ബുദ്ധി. ആഗ്രഹമായി ഞാനൊന്നും പറയാൻ പാടില്ല. മക്കൾക്ക് വേണ്ടതെന്താണെന്ന് മാതാപിതാക്കൾക്ക് അറിയാം പോലും…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഏഷ്യൻ പബ്ലിക് സ്കൂളിലെ ആറാം തരത്തിൽ പഠിക്കുകയായിരുന്നു. ഇംഗ്ലീഷ് മീഡിയമാണ്. എനിക്ക് നല്ല ഓർമ്മയുണ്ട്! മാതൃഭാഷ സംസാരിച്ചതിന് ഒരുനാൾ മുഴുവൻ എന്നെ എഴുന്നേറ്റ് നിർത്തിപ്പിച്ചു. ഇപ്പോഴും സ്കൂളെന്ന ഓർമ്മയിൽ ആദ്യം തെളിയുന്നത് ആ നിർത്തമാണ്.

കറുത്ത ഷൂസും വെളുത്ത സോക്സുമിട്ട് ടൈ കെട്ടിയ എന്റെ തല അന്നു വൈകുന്നേരം വരെ ഉയർന്നതേയില്ല…

ആ ദിവസത്തിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ടായിരുന്നു. കുട്ടികളുടെ അറിവും കഴിവുകളും ഓർമ്മ ശക്തിയും പരിശോധിക്കാൻ ആരൊക്കെയോ എത്തിച്ചേർന്ന വൈകുന്നേരം ആയിരുന്നവത്. എല്ലാവരുടെയുമെന്ന പോലെ എന്റെ മമ്മിയും വന്നിട്ടുണ്ട്. പേരെന്റ്സിന്റെ മുന്നിൽ വെച്ചാണ് ആ സെഷൻ നടക്കാൻ പോകുന്നത്.

അതിനായി ഞാനും മമ്മിയും സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് ഇരിക്കുകയാണ്. മാതൃഭാഷ പറഞ്ഞതിനെ തുടർന്നുണ്ടായ നിർത്തത്തിന്റെ കഥ അറിഞ്ഞതു കൊണ്ട് മമ്മി അപ്പോഴും എന്നോട് കയർക്കുകയായിരുന്നു. ഏതോ മഹാപാപം ചെയ്ത മനസ്സുമായി നിലത്തേക്ക് കാലെത്താത്ത ആ കസേരയിൽ ഞാൻ കൂനിയിരുന്നു.

അല്ലെങ്കിലും മമ്മിയും പപ്പയും അങ്ങനെയാണ്. മമ്മിക്കാണ് കൂടുതൽ കർക്കശ ബുദ്ധി. ആഗ്രഹമായി ഞാനൊന്നും പറയാൻ പാടില്ല. മക്കൾക്ക് വേണ്ടതെന്താണെന്ന് മാതാപിതാക്കൾക്ക് അറിയാം പോലും…

‘ആദർശ്… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മഴ നനയരുതെന്ന്…’

കഴിഞ്ഞ മഴക്കാലത്ത് മുറ്റത്തെ കോൺക്രീറ്റ് നിലത്തു നിന്നൊരു പെയ്ത്ത് കൊള്ളുമ്പോൾ മമ്മി പറഞ്ഞതാണ്. മഴയുടെ കുളിര് കൊള്ളാൻ കൊതിച്ച ആ കുഞ്ഞു മനസ്സ് ഇപ്പോഴും എന്റെ മുന്നിലുണ്ട്. അത്രയും ആഗ്രഹത്തോടെ പിന്നീടൊരു മഴ നനയാൻ എനിക്ക് സാധിച്ചിട്ടില്ല. മഴയെന്ന് കാണുമ്പോഴെല്ലാം മമ്മി വിലക്കിയ ആ പെയ്ത്തേ തലയിൽ കൊള്ളാറുള്ളൂ…

‘സിക്സ്ത്ത് ബി, ആദർശ് മാധവ്…’

എന്റെ ഊഴം വന്നു. കുട്ടികളുടെ ബുദ്ധി അളക്കാൻ വന്നവരുടെ അടുത്തേക്ക് തീരേ ഉത്സാഹമില്ലാതെ ഞാൻ നടന്നു. അവരുടെ അടുത്തെത്തിയപ്പോൾ ഞാൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അതു കണ്ടിട്ടാകണം അവരിൽ ഒരാൾ എനിക്ക് കുടിക്കാനായി വെള്ളം തന്നത്. തുടർന്ന് എന്നെ തലോടിക്കൊണ്ട് ടെൻഷനൊന്നും വേണ്ടാ മോനേയെന്നും പറഞ്ഞു. എനിക്ക് അതൊരു വലിയ ആശ്വാസമായിരുന്നു.

ഇന്ത്യാ മഹാ രാജ്യത്ത് എത്ര സംസ്ഥാനങ്ങളും ഭാഷകളുമുണ്ടെന്നായിരുന്നു ആദ്യ ചോദ്യം. ഇരുപതിയെട്ടും ഇരുപത്തി രണ്ടുമെന്ന് ചോദ്യം പോലെ ഇംഗ്ലീഷിൽ ഞാൻ പറഞ്ഞു. എല്ലാവരും കൈയ്യടിച്ചു. മമ്മിയുടെ മുഖത്തും സന്തോഷം കാണാമായിരുന്നു.

പിന്നീട് നിറങ്ങളുടെ ബോധത്തിലും ഓർമ്മ ശക്തിയുടെ കാര്യത്തിലും ചില ആക്റ്റിവിറ്റികൾ നടന്നു. ഭേദപ്പെട്ട നിലയിൽ ഞാൻ പെർഫോം ചെയ്തിരുന്നു. ഒടുവിൽ എല്ലാവരും കാൺകെയുള്ള വലിയ മേശയുടെ അരികിലായി എന്നെ അവർ നിർത്തി. അതിന്റെ മുകളിൽ മൂന്ന് കുഴിഞ്ഞ ഗ്ലാസ്സ് പാത്രങ്ങളുണ്ട്. അതിൽ എന്തൊക്കെയോ നിറച്ചു വെച്ചിട്ടുണ്ടായിരുന്നു.

ആകാംഷയോടെ ഞാൻ സൂക്ഷിച്ചു നോക്കി. മൂന്നിലും എന്താണെന്ന് എനിക്ക് തിരിച്ചറിയാനായില്ല. ക്ലൂവായി കഴിക്കുന്നതാണെന്ന് അവർ പറഞ്ഞിട്ടും എനിക്ക് മനസ്സിലായില്ല. ഇതുപോലും അറിയില്ലേയെന്ന ഭാവത്തിൽ അതിലൊരാൾ ചിരിക്കുക കൂടി ചെയ്തപ്പോൾ ഞാൻ വിഷമിച്ചു പോയി.

എന്റെ വിറ മനസിലാക്കി വെള്ളം തന്ന ആൾ തന്നെ അപ്പോഴും സാരമില്ലെന്ന് എന്നോട് പറഞ്ഞു. പോകും മുമ്പേ ആ കുഴിഞ്ഞ മൂന്ന് പത്രത്തിലും എന്തായിരുന്നുവെന്നും ആ മനുഷ്യൻ പറഞ്ഞു തന്നിരുന്നു.

യഥാക്രമം നെല്ലും ഗോതമ്പും ചോളവുമായിരുന്നു അതിൽ.

നെല്ല്!

ശരിയാണ്! എവിടെയോ ചിത്രത്തിൽ കണ്ടിട്ടുണ്ട്! ഇതിനകത്താണ് നമ്മളൊക്കെ എന്നും കഴിക്കുന്ന അരിയെന്ന് കൂടി പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. തൊട്ടു നോക്കിയിട്ടും മണത്തു നോക്കിയിട്ടും ഞാൻ കഴിക്കുന്നവയെ എനിക്ക് ആ നേരം തിരിച്ചറിയാൻ പറ്റിയില്ലല്ലോയെന്ന വിഷമം ഇപ്പോഴും എന്റെ നാൽപ്പതുകളുടെ തലയിലുണ്ട്.

മണ്ണുപോലും ചവിട്ടാതെയുള്ള എന്റെ കുട്ടിക്കാലത്തെ ഓർക്കുമ്പോൾ ഇപ്പോഴും ദുഃഖമാണ്. മാതൃഭാഷ പറഞ്ഞപ്പോൾ നിൽക്കേണ്ടി വന്ന ദുരവസ്ഥയോട് സഹതാപവുമുണ്ട്. അതിനും അപ്പുറം ഗൂഗിളിൽ പോലും നെല്ല് കാണിച്ചു തരാത്ത മമ്മിയോട്‌ വലുതല്ലാത്തയൊരു ദേഷ്യവുമുണ്ട്.

പപ്പയെ നിർബന്ധിപ്പിച്ച് കാറോടിപ്പിച്ച രാത്രിയായിരുന്നുവത്. എത്ര കിലോമീറ്റർ പോയിരുന്നുവെന്നൊന്നും എനിക്ക് ഓർമ്മയില്ല. കാറിൽ നിന്ന് ഇറങ്ങി ഇത്തിരി നടന്നപ്പോൾ ഞാൻ എത്തിയതൊരു പാടത്തായിരുന്നു. ഷൂസ് അഴിച്ചു മാറ്റി പഴുത്ത കതിരുകൾ ആടുന്ന ആ നിലത്തേക്ക് ഞാൻ നടന്നു.

ആദ്യമായി മണ്ണ് കൊണ്ടതിന്റെ നനഞ്ഞ തരിപ്പ് ഇപ്പോഴുമെന്റെ കാൽവെള്ളയിലുണ്ട്. മതിവരുവോളം ചെളിയിലൂടെ നടക്കാൻ എന്തുകൊണ്ടോ പപ്പയും മമ്മിയും അന്ന് എന്നെ അനുവദിച്ചിരുന്നു. അങ്ങനെയൊരു രംഗം കൂടി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ആ സ്കൂൾ ഓർമ്മയുടെ കൂടെ അവരെയും ഞാൻ വെറുക്കുമായിരുന്നു….!!!

Leave a Reply

Your email address will not be published. Required fields are marked *