എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
അമ്പലമുക്കിൽ ബസിറങ്ങുമ്പോൾ അടുത്ത് കണ്ട ബേക്കറിയിലെ ക്ലോക്ക് പതിനൊന്നു മണി മുപ്പത് മിനിട്ടെന്ന് കാണിച്ചു.
മുണ്ടിന്റെ കേന്ദ്രക്കുത്തിൽ തിരുകിയിരുന്ന തൂവാല എടുത്തു മുഖം തുടച്ചു ലംബോധരൻ ചുറ്റുമൊന്നു കണ്ണോടിച്ചു ‘ബ്രോക്കർ കുമാരേട്ടൻ അവിടെയെങ്ങാനും ഉണ്ടോയെന്ന്.’
പുള്ളിക്കാരനെ കാണാനില്ല. ഇനി കാത്തുനിന്ന് മടങ്ങിയോ എന്ന വിഷമത്തോടെ ബേക്കറിയിലേക്ക് കയറി ഒരു സർബ്ബത്തിന് ഓർഡർ ചെയ്‌തപ്പോഴേക്കും വളിച്ച ചിരിയുമായി കുമാരേട്ടൻ മുന്നില് പ്രത്യക്ഷപ്പെട്ടു.
“ഞാൻ കൊറേ നേരായി കാത്തു നിൽക്കണു . നിന്നു മുഷിഞ്ഞപ്പോ ഒന്നു പൊകക്കാനായി പിന്നിലേക്ക് മാറ്യേതാ “
“ബസിന്റെ ടയർ വഴിക്ക് പഞ്ചർ ആയി.അതാ വൈക്യേ”
ഓന്റെ നോട്ടം സർബത് ഗ്ലാസിലേക്കാണെന്ന തിരിച്ചറിവിൽ ഒരെണ്ണം ഓനും ഓർഡർ ചെയ്ത് ഗ്ലാസ്സിലെ അവസാന തുള്ളിയും വലിച്ചു കുടിച്ച് കൊണ്ട് ലംബോധരൻ തുടർന്നു
“ഇബടന്ന് രണ്ട് മൈലോളം ദൂരണ്ട്ന്നല്ലേ പറഞ്ഞേ . ഒരു ഓട്ടോ വിളിക്കാം.”
കുമാരേട്ടൻ വേഗം ആട്ടോ സ്റ്റാൻഡിലേക്ക് നടന്നു.പുറകെ അയാളും.
ഓട്ടോയിൽ കയറി കണ്ണാടിയിലേക്കൊന്നു പാളി നോക്കി സൗന്ദര്യം കുറഞ്ഞിട്ടില്ലെന്നു ബോധ്യം വരുത്തുമ്പോൾ കുമാരേട്ടൻ വർണ്ണനകൾ ആരംഭിച്ചിരുന്നു . “ഇത്രേം നാളും കണ്ടവരെപ്പോലെയൊന്നോല്ല . നല്ല പളുങ്കുപോലത്തെ പെങ്കൊച്ചാ . നല്ല ഒന്നാംതരം തറവാട്ടുകാര്. ഇതെന്തായാലും നടക്കും.
ഉള്ളൊന്നു തണുത്തു.
ഇതെങ്കിലും ഒന്ന് ഒത്തെങ്കിൽ.
സുമംഗലിയുടെ ആലോചന ബ്രോക്കർ കുമാരേട്ടൻ കൊണ്ടു വന്നപ്പോൾ മുതൽ ലംബോധരൻ ആഹ്ലാദത്തിൽ ആയിരുന്നു.
കൂട്ടിനോക്കിയാൽ ഇത് ഇരുപത്തഞ്ചാമത്തെ ആലോചനയാണ്.
കണ്ടു കഴിഞ്ഞ എല്ലാ പെൺകുട്ടികളിലും ഒഴിവാക്കാൻ തക്ക എന്തെങ്കിലും കുറവുകൾ ഉണ്ടായിരുന്നു.
ഉയരമുള്ളവൾക്ക് നിറമില്ല, നിറമുള്ളവൾക്ക് കാർകൂന്തൽ കുറവ്
നിറവും കൂന്തലും ഉള്ളവൾക്ക് പൂച്ചക്കണ്ണ്.
നിറവും, ഉയരവും, തലമുടിയും, കണ്ണും മൂക്കും ഒത്തുവന്നാൽ സ്ത്രീധനം കിട്ടാൻ മാർഗ്ഗമില്ല.
പെണ്ണ് കിട്ടിയില്ലെങ്കിലും സ്ത്രീധനം മാത്രം കിട്ടിയാലും മതിയെന്ന പിടിവാശിക്കാരായ കുടുംബക്കാരെ എതിർക്കുവാനുള്ള ധൈര്യവുമില്ല.
ഇനി എല്ലാം ഒത്തുവന്ന പെൺകുട്ടികളുടെ കുടുംബക്കാർക്ക് തീപ്പെട്ടികൊള്ളിക്ക് കയ്യും കാലും വച്ച പോലിരിക്കുന്ന ലംബുവിനെ പിടിച്ചതുമില്ല.
അതു കൊണ്ടു തന്നെ ഇത്തവണ വീട്ടുകാരെ ആരെയും കൂട്ടാതെയാണ്
പെണ്ണുകാണാൻ ഇറങ്ങിത്തിരിച്ചത്.
വളവും തിരിവും കുണ്ടും കുഴിയുമുള്ള വഴിയിലൂടെ ഓട്ടോ കുലുങ്ങി മറിഞ്ഞു കടന്നു പോകുമ്പോൾ ഇവിടങ്ങളിലെ രണ്ടു മൈല് നാട്ടിലെ അഞ്ചു മൈൽ ആണെന്ന് തോന്നിപ്പിച്ചു.
ഒടുവിൽ ഒരു ഇടവഴിക്കു മുന്നിലായി യാത്ര അവസാനിച്ചു.
ആട്ടോക്കാരന് കാശും കൊടുത്ത് കണ്ണാടിയിൽ ഒന്നു കൂടി നോക്കി വട്ടച്ചീപ്പുകൊണ്ട് തലയൊന്നൊതുക്കി അല്പം ബലം പിടിച്ച് കുമാരേട്ടന്റെ പിന്നാ ലെ നടന്നു.
“ഇബഡന്ന് നേരേ ചെല്ലുന്നത് അവരുടെ വീട്ടിലേക്കാ “
ചെമ്പരത്തി പൂക്കൾ നിറഞ്ഞ വേലിക്കരികിലൂടെ നടക്കുമ്പോൾ കുമാരേട്ടൻ പറഞ്ഞു.
പെട്ടെന്നാണ് തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു കില്ലപ്പട്ടി കുരച്ചുകൊണ്ട് ചാടിയത്.
ലംബോധരന് പട്ടികളെ പേടിയാണ്. പേടീന്ന് പറഞ്ഞാ നല്ല അസ്സല് ഭയം .
പട്ടികൾക്ക് ഈ വിവരം അറിയാമോ എന്നറിയില്ല.എന്തായാലും ലംബോധരനെ കണ്ടാൽ ഏതു പട്ടിയും ഒന്നു കുരക്കും.
ഒരു നിമിഷം ലംബുവിന്റെ കൺട്രോൾ പോയി.
കുമാരേട്ടനെ തട്ടി മാറ്റിക്കൊണ്ട് ഒറ്റ ഓട്ടമായിരുന്നു.
തന്റെ കുരയ്ക്ക് ഇത്രയും പവർ ഉണ്ടെന്നു തിരിച്ചറിഞ്ഞ പട്ടി ലംബുവിന്റെ പുറകെ കൂടി.
അലറി വിളിച്ചു കൊണ്ട് ലമ്പുവും കുരച്ചുകൊണ്ട് പട്ടിയും ആരാണ് ആദ്യം ലക്ഷ്യസ്ഥാനത്ത് എന്ന ഭാവേന ഓട്ടം തുടർന്നു.
ഇതിനിടയിൽ വഴിയിൽ അഴിഞ്ഞു വീണ മുണ്ട് പട്ടി കടിച്ചെടുത്തു
പത്തരമണിക്ക് വരാമെന്നു പറഞ്ഞ ചെക്കനും കൂട്ടരും പതിനൊന്നര യായിട്ടും വരാത്തതിന്റെ വേവലാതിയിൽ കുറുപ്പുചേട്ടൻ അങ്ങോട്ടു മിങ്ങോട്ടും ഉലാത്തുമ്പോഴാണ് പടിക്കൽ പട്ടികുരയും അതോടൊപ്പം അലറി വിളിച്ചു കൊണ്ട് ഒരു രൂപവും പ്രത്യക്ഷപ്പെടുന്നത്.
നോക്കി നിൽക്കെ ഉടുമുണ്ടില്ലാത്ത ഒരു രൂപവും മുണ്ട് കടിച്ചെടുത്തു കൊണ്ട് ഒരു പട്ടിയും വീട്ടിലേക്കോടിക്കയറി വരുന്നു .
എന്താണ് സംഭവം എന്നറിയാനായി മുറിയിൽ നിന്നും പുറത്തിറങ്ങിയ സുമംഗലിയുടെ കാൽച്ചുവട്ടിലേക്ക് ലംബോധരൻ കിതച്ചുകൊണ്ട് വീണു.
തന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു കിടക്കുന്ന യുവകോമളനെ ആ ലലനാമണി കൈപിടിച്ചുയർത്തിയപ്പോഴാണ് പട്ടിയുടെ വായിലുള്ള ഉടുമുണ്ടിനെ കുറിച്ച് കോമളന് ഓർമ്മ വരുന്നത്.
കൈകൾകൊണ്ട് ഷർട്ട് വലിച്ചു പിടിച്ച് പട്ടി ഉപേക്ഷിച്ചു പോയ മുണ്ട് എടുക്കാൻ പോകുന്നതിനിടയിൽ അവരുടെ മിഴികൾ തമ്മിലിടഞ്ഞു.
ലംബോധരന്റെ മനസ്സിൽ ഇരുന്നാരോ പറഞ്ഞു.” ഇതു തന്നെ നിന്റെ പെണ്ണ്”
സുമംഗലിയുടെ മനസ്സ് അതേറ്റു ചൊല്ലി.
ശുഭം