എഴുത്ത്:-മഹാ ദേവന്‍
” ഈ നശിച്ച നാറ്റം കാരണം മനുഷ്യന് കിടന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലല്ലോ. നിനക്കൊന്ന് വൃiത്തിക്ക് കുളിച്ചൂടെ മായേ.. “
പതിവ് പരാതി തന്നെ ആയിരുന്നു അന്നും കിടക്കുമ്പോൾ. പലപ്പോഴും ഇതേ വിയർപ്പ് മണം
” എന്നെ മത്ത് പിടിപ്പിക്കുന്നു മോളെ ” എന്നും പറഞ്ഞു വാiരിപ്പുiണർന്ന് ആസ്വദിക്കാറുണ്ട്. ആ വിയർപ്പിനൊപ്പം കെട്ടിപിടിച്ചു കിടക്കുമ്പോൾ രാജകുമാരി ആവാറുണ്ട്. എന്നാൽ അതേ വിയർപ്പ്മണം മറ്റുള്ള ദിവസങ്ങളിൽ നാറ്റമായി മാറുന്ന പ്രക്രിയ ഓർത്തു ചിരിക്കാറുണ്ട് അവൾ.
“ഞാൻ മാറിക്കടന്നാൽ പ്രശ്നം തീർന്നല്ലോ ” എന്നും പറഞ്ഞവൾ താഴേക്ക് പാ വിരിക്കുമ്പോൾ പലപ്പോഴും ആ പായുടെ ഓരത്ത് അവനും കിടപ്പുണ്ടാവും രാവിലെ.
രാവിലെ മുതൽ വീട്ടിലുള്ള ഓട്ടം ഒന്ന് ഒതുങ്ങി കുളിക്കുമ്പോൾ വിളക്ക് വെക്കുന്ന സമയമായിട്ടുണ്ടാകും.
“ഈ വീട്ടിലെന്താ ഇത്ര പണി ” എന്ന് ചോദിക്കുന്നവർ പലപ്പോഴും ഒരു ദിവസം അത്യാവശ്യം വീട്ടിലെ പണി ഏറ്റെടുത്തു ചെയ്ത് ഇത്ര അല്ലെ ഉള്ളൂ ” എന്ന് വീമ്പു പറയുന്നവർ ആയിരിക്കും.
” രാവിലെ പോയാൽ വൈകുന്നേരം വരെ പൊരിവെയിലത്തും മറ്റും പണിയെടുക്കുന്ന അത്ര ഒന്നുമില്ലല്ലോ ഈ വീട്ടിൽ കിടന്ന് ന്തേലും ചെയ്യുന്നത് ” എന്ന് പുച്ഛത്തോടെ പറയുന്നവരും ഉണ്ടാകും.
പക്ഷേ, രാവന്തിയോളം ഒരു കൂലിയും പ്രതീക്ഷിക്കാതെ ഒരു യുഗം ഒരു അടുക്കളയിൽ ഓടുന്ന പെണ്ണ് ഒടുക്കം കേൾക്കുന്നത് ആണ് ” ഇവിടെ ന്താ ത്ര മല മറിക്കാൻ ” എന്ന്.
മായ പലപ്പോഴും ചിരിക്കും ആ ചോദ്യം കേൾക്കുമ്പോൾ. അന്നെല്ലാം ഉള്ളിൽ അത്രമേൽ വേദന ഉണ്ടാകും. എന്തൊക്കെ ചെയ്താലും പ്രിയപ്പെട്ടവനിൽ നിന്ന് കേൾക്കാൻ നല്ലൊരു വാക്ക്…….കേൾക്കാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്.. പക്ഷേ, ഒരിക്കൽ പോലും….
ജോലി കഴിഞ്ഞു വന്നാൽ കുളിച്ചു കൂട്ടുകാരുടെ അടുത്തേക്കെന്നും പറഞ്ഞു പോകുന്ന ആൾ കയറിവരുന്നത് പന്ത്രണ്ട് മണിക്കാവും.
കൂട്ടുകാരോടൊത്തുള്ള കമ്പനിയുടെ ആലസ്യം ശiരീരത്തിന്റെ ചലനങ്ങളിൽ മനസ്സിലാക്കാൻ പറ്റുന്നത് കൊണ്ട് “ഇന്ന് കുiടിച്ചിട്ടുണ്ടോ ” എന്ന് ചോദിക്കേണ്ടി വരാറില്ല ഒരിക്കലും.
വരുന്ന വരെ കാത്തിരുന്നു ചോറ് എടുത്തു മേശപ്പുറത്ത് വെക്കുമ്പോൾ
” ഞാൻ ചെക്കന്മാരുടെ കൂടെ കഴിച്ചു ” എന്നും പറഞ്ഞ് നേരെ പോയി കിടക്കുന്ന കെട്ട്യോനെ കാണുമ്പോൾ അവൾ നിരാശയോടെ ചിന്തിക്കും ” ഇതൊക്കെ ഉണ്ടാക്കി വെച്ചിട്ട് ന്തിനാ വെറുതെ… കഴിക്കാൻ ഉണ്ടാവില്ലെങ്കിൽ പറഞ്ഞൂടെ ” എന്ന്.
അടുക്കളയിലേക്കുള്ള അരിയും സാധനങ്ങളും തീർന്ന് എന്ന് പറയുമ്പോ ഒരു ചോദ്യമുണ്ട് ” ഇത്ര പെട്ടന്നോ, അരി വാങ്ങിയിട്ട് ആഴ്ച ഒന്നായില്ലല്ലോ ” എന്ന്.
അന്ന് രാത്രിയും അയാൾ അവളുടെ വിയർപ്പ് നാറ്റത്തെ കുറ്റം പറഞ്ഞ് തിരിഞ്ഞു കിടക്കുമ്പോൾ അവൾ താഴെ ഇറങ്ങിക്കിടന്നു.കുറ്റം രാത്രി കിടക്കുമ്പോൾ മാത്രമായുതുകൊണ്ട് രാവിലെ തനിക്കരികിൽ ചേർന്ന് കിടക്കുന്ന അയാളുടെ കൈ എടുത്തു മാറ്റി അവൾ എഴുനേറ്റ് രാവിലെ തന്നെ കുളിച്ചു റെഡിയായി.
അവൻ ജോലിക്ക് പോവാൻ നേരം എഴുനേൽക്കുമ്പോൾ അവളില്ലായിരുന്നു അവിടെ എങ്ങും. അമ്പലത്തിൽ പോയതാകുമെന്ന് കരുതി എട്ടു മണി വരെ കാത്തെങ്കിലും വരുന്നില്ലെന്ന് കണ്ടപ്പോൾ അവന് ദേഷ്യം പെരുത്തു കയറുന്നുണ്ടായിരുന്നു.
ജോലിക്ക് പോകുമ്പോൾ ഉച്ചത്തെക്കുള്ള ചോറ് കൊണ്ടുപോകേണ്ടതാണ്. അവളാണെൽ അടുക്കളയിൽ കയറിയ ലക്ഷണം പോലുമില്ലെന്ന് കണ്ടപ്പോൾ അവന്റെ ദേഷ്യം ഇരട്ടിയായി.
ദേഷ്യത്തോടെ ഫോണിൽ വിളിക്കുമ്പോൾ അപ്പുറത്ത് മായയുടെ ശബ്ദം അവന്റ കാതിൽ എത്തി.
” നീയിത് എവിടെ പണ്ടാരടങ്ങാൻ പോയേക്കുവാ.. എനിക്ക് ജോലിക്ക് പോണം എന്ന് അറിയില്ലേ? “
” പോണം… പോണ്ടെന്ന് ഞാൻ പറഞ്ഞോ? “
അവളുടെ ചോദ്യം കേട്ടപ്പോൾ അവനൊന്നു അന്താളിച്ചു.
“പോണമെങ്കിൽ ഉച്ചത്തെക്ക് കൊണ്ടോവാൻ ചോറ് എവിടെ. എവിടേലും പോവാണെങ്കിൽ നേരത്തെ എണീറ്റ് ഇതൊക്ക ഉണ്ടാക്കിവെച്ചിട്ട് വേണ്ടേ പോവാൻ. “
അവൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ മയത്തിൽ പറയുന്നുണ്ടായിരുന്നു,
” ചോറ് ഞാൻ വെച്ചൽ മാത്രമല്ല, നിങ്ങള് വെച്ചാലും വേവും. രാവിലെ എണീറ്റ് വെള്ളം വെച്ച് അരിയിട്ടാൽ ആണായത് കൊണ്ട് അരിക്ക് വേവ് കുറയത്തൊന്നും ഇല്ല. ഇനി നിങ്ങള് തന്നെ വെച്ചുണ്ടാക്കിയാ മതി. ഞാൻ ന്റെ വീട്ടിലേക്ക് പോന്നു.”
അത് വരെ ദേഷ്യത്തോടെ സംസാരിച്ചവൻ പെട്ടന്ന് നിശബ്ദനായി.
അങ്ങനെ ഒരു നീക്കം അവളിൽ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ അവനത് വല്ലാത്തൊരു ഷോക്ക് ആയിരുന്നു.
” അങ്ങനെ പോവാണേൽ നിനക്ക് പറഞ്ഞിട്ട് പൊക്കൂടെ. നിനക്ക് തിന്നാനും ഉടുക്കാനും വാങ്ങിത്തരുന്ന എനിക്ക് ഒരു വിലയുമില്ലേ.? നിന്റ കെട്ടിയോൻ അല്ലെ ഞാൻ.? “
അവന്റെ ചോദ്യം കേട്ടപ്പോൾ ആ നിമിഷം അവൾക്ക് ആണ് ദേഷ്യം വന്നത്.
” അല്ലെ, ഞാൻ ഒന്ന് ചോദിച്ചോട്ടെ… കെട്ടിയോൻ എന്നാ കെട്ടിക്കൊണ്ട് വരുന്നവളെ കെട്ടിയിട്ട് വളർത്തുന്ന ആൾ എന്നാണോ? നിങ്ങളെപ്പോലെ ഉള്ള ചില ആൾക്കാരുടെ ഭാഷയിൽ അങ്ങനെ ആയിരിക്കും. അല്ലാത്തവ രും ഉണ്ട്. കെട്ട്യോന്റെ അർത്ഥം ശരിക്ക് അറിയുന്നവർ. കെട്ടിയ പെണ്ണിന് സന്തോഷവും സമാധാനവും തരുന്നവർ. അവളുടെ ഇഷ്ടങ്ങൾ കൂടി ചോദിച്ചറിഞ്ഞു സാധിച്ചു കൊടുക്കുന്നവർ.. അവളിലെ നല്ല പ്രവർത്തികളെ സന്തോഷത്തോടെ അംഗീകരിക്കുന്നവർ.
നിങ്ങളോ?
എന്നെങ്കിലും എന്റെ ഇഷ്ടങ്ങൾ ചോദിച്ചിട്ടുണ്ടോ? എന്നെങ്കിലും എന്നിലെ എന്തെങ്കിലും പ്രവർത്തിയെ അംഗീകരിച്ചിട്ടുണ്ടോ? നിങ്ങൾക്ക് മൂഡ് വരുമ്പോൾ മാത്രം അല്ലാതെ നിങ്ങൾ എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ, ഒന്ന് കെട്ടിപിടിച്ചിട്ടുണ്ടോ? നിങ്ങൾ ഇതൊക്കെ ചെയ്യുമ്പോൾ എന്റെ സന്തോഷവും സംതൃപ്തിയും അല്ല, നിങ്ങളുടെ സുഖവും സംതൃപ്തിയും മാത്രം ആയിരുന്നു നിങ്ങൾ കണ്ടെത്തിയത്. അത് കഴിഞ്ഞാൽ പിന്നെ…… വേണ്ട, എന്നെക്കൊണ്ട് നിങ്ങൾ ഒന്നും പറയിപ്പിക്കണ്ട..
നിങ്ങൾ പലപ്പോഴും. പറയാറുണ്ടല്ലോ. കൂടെ കിടക്കുമ്പോൾ നാറുന്നു എന്ന്. ആ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ കുiടിച്ചു ലക്ക് കെട്ട് വായി തോന്നിയത് വലിച്ചുവാരി തിന്ന് വന്നു കിടക്കുന്ന നിങ്ങളിലെ വൃiത്തികെട്ട നാiറ്റത്തെ പറ്റി..
ഇല്ലല്ലോ… എന്നാ അത് നന്നായി അറിഞ്ഞവളാ ഞാൻ. ഞാൻ ഞാൻ ഇത്രേം കാലം. നിങ്ങൾ പറയുന്ന കുറ്റവും കുറവും കേട്ട് അവിടെ നിന്നെങ്കിൽ അത് നിങ്ങൾക്ക് എന്നെ കെട്ടിയതിൽ കിട്ടിയ ലാഭം ആണെന്ന് കരുതിക്കോ. ഉണ്ണാനും ഉടുക്കാനും തന്നതിന്റെ കണക്ക് ഒക്കെ ഉണ്ടല്ലോ. അങ്ങനെ ഉണ്ണാനും ഉടുക്കാണും കിട്ടുന്ന ഒരു വേലക്കാരി ആവാൻ ഞാനിനി ഇല്ല.
നിങ്ങൾക്ക് അംഗീകരിക്കാനും അവളുടെ സന്തോഷങ്ങൾകൂടി അറിയാനും കൂടെ നിൽക്കാനും പറ്റുന്ന ഒരു ഭർത്താവ് ആകാൻ പറ്റുമെങ്കിൽ മാത്രം എന്നെ തിരിഞ്ഞിങ്ങോട്ട് വന്നാ മതി. അല്ലാതെ കiള്ളിറങ്ങുമ്പോൾ കാണുന്ന നല്ലവനായ ഉണ്ണിയാവാൻ ആണേൽ എന്നെ വിട്ടേക്ക്. എന്റെ വിയർപ്പ്നാറ്റം ഞാൻ അങ്ങ് സഹിച്ചോളാം “
അവൾ ഫോൺ കട്ട് ചെയ്തെന്ന് മനസ്സിലായി അവന്.അല്ലേലും അവൾ പറഞ്ഞതിനൊക്കെ എന്ത് മറുപടി പറയാൻ.
മാറേണ്ടി വരും..
മനസ്സിൽ. ചിന്തിച്ചുകൊണ്ട് താടി തടവുമ്പോൾ ആണ് അവൾ പറഞ്ഞ ആ കാര്യം അവന്റെ ഓർമ്മയിലേക്ക് വന്നത്.
അവൻ പതിയെ കൈ വെള്ളയിലേക്ക് ഒന്ന് നന്നായി ഊതി.
പിന്നെ സ്വയം പറഞ്ഞു,
വിയർപ്പൊക്കെ സഹിക്കാലോ ന്റെ പോന്നോ…….