ചങ്കെന്ന വാക്കിന് ഉത്തമോദാഹരണമായ ഒരു കൂട്ടുകാരൻ എനിക്കുണ്ട്.ഒരു ഒറ്റ രാത്രി കൊണ്ട് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം തന്നതിന് അവനെ എത്ര സ്തുതിച്ചാലും മതിയാവില്ല……..

എഴുത്ത്:- ഷേര്‍ബിൻ ആന്റണി

ചങ്കെന്ന വാക്കിന് ഉത്തമോദാഹരണമായ ഒരു കൂട്ടുകാരൻ എനിക്കുണ്ട്.ഒരു ഒറ്റ രാത്രി കൊണ്ട് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം തന്നതിന് അവനെ എത്ര സ്തുതിച്ചാലും മതിയാവില്ല!

കാണാൻ സുന്ദരനും സുമുഖനും ആയിരുന്ന അവൻ്റെ സ്വഭാവവും എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ് ഒരു വയസ്സിന് ഇളപ്പമേ ഉള്ളൂ എങ്കിലും ചേട്ടാന്ന് തികച്ച് വിളിക്കൂല്ല. മെസ്സേജ് അയക്കുമ്പോൾ ”Chetta” എന്ന് കാണുമ്പോൾ ആദ്യം എനിക്ക് ദേഷ്യം വന്നിരുന്നെങ്കിലും അവൻ്റെ നിർലോഭമായ സ്നേഹം തിരിച്ചറിഞ്ഞപ്പോൾ ഞാനാകേ വല്ലാണ്ടായി.എന്നോടുള്ള അവൻ്റെ ബഹുമാനവും ആരാധനയുമൊക്കെ തിരിച്ചറിഞ്ഞ ആ ഒരു സംഭവത്തിലേക്ക് കടക്കാം:

ഒരിക്കൽ ഒരു ഇൻ്റർവ്യൂന് കണ്ണൂർ വരെ പോകേണ്ടി വന്നു. തിരിച്ച് എറണാകുളം റെയിൽ വേസ്റ്റേഷനിൽ എത്തിയപ്പോൾ ഒത്തിരി രാത്രിയായി. വീട്ടിലേക്ക് എത്തിച്ചേരാൻ പറ്റാത്തതു കൊണ്ട് അവിടെ അടുത്ത് റൂമെടുത്ത് താമസിക്കുന്ന നേരത്തേ പറഞ്ഞ കൂട്ടുകാരനെ ഞാൻ ഫോൺ ചെയ്ത് വിവരങ്ങൾ ധരിപ്പിച്ചിരുന്നു.

പത്ത് മിനിട്ടിനുളളിൽ വണ്ടിയുമായ് അവനെത്തി. നിറഞ്ഞ ചിരിയുമായ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോകും നേരം അവൻ ചോദിച്ചു ചേട്ടാ റൂമില് ചോറും കറിയുമൊക്കെ ഇരിപ്പുണ്ട് അത് മതിയോ അല്ലെങ്കിൽ പൊറോട്ടയോ വല്ലതും വാങ്ങണോ എന്ന്?

നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ഫോർമാലിറ്റിക്ക് വേണ്ടി ഞാൻ പറഞ്ഞു ഇത്ര ലേറ്റായില്ലേ ഇനി അതൊന്നും വേണ്ടാന്ന്. പക്ഷേ മാന്യനായ ചങ്ക് എൻ്റെ മനസ്സ് അറിഞ്ഞോണ്ട് തന്നെ പോകുന്ന വഴിക്ക് വണ്ടി നിർത്തി നല്ല ചൂട് പൊറോട്ടേം കണ്ടാൽ കൊതിയൂറുന്ന ബീഫും ഫ്രൈയും പാഴ്സലായ് വാങ്ങി.

അവൻ്റെ വണ്ടിയുടെ പുറകിലാണ് ഞാനിരുന്നെങ്കിലും, എൻ്റെ ഉള്ളിൽ അവനെ നെഞ്ചിനകത്താണ് പ്രതിഷ്ഠിച്ചത്. സഹജീവികളോട് ഇത്ര കരുണയുള്ള ഒരു മനുഷ്യനെ ആദ്യമായിട്ടാണ് ഞാൻ നേരിൽ കാണുന്നത് തന്നെ.

അങ്ങനെ റൂമിലെത്തി വളരെ മാന്യമായിട്ട് തന്നെ എന്നെ ആനയിച്ച് ഫ്രഷാവാൻ ബാത്ത് റൂമും കാട്ടിത്തന്നു. കുളിക്കുമ്പോഴൊക്കെ എൻ്റെ ഉള്ളിലാ ചൂട് പൊറോട്ടേം ആവി പറക്കുന്ന ബീഫും മാത്രമായിരുന്നു.

കുളിയൊക്കെ കയ്ഞ്ഞ് ഡ്രസ്സൊക്കെ മാറി ഞാൻ ഡൈനിംഗ് ടേബിളിലേക്ക് ചെല്ലുമ്പോൾ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. ഫ്രൈയായ പോത്തും, ജീവനുള്ള പോത്തും കൂടി ഗുസ്തി പിടിക്കുന്നു, നടുവിൽ തടസ്സം നിക്കുന്നത് പിച്ചി ചീന്തിയ പൊറോട്ടയും.

രാത്രി ചേട്ടന് ഇതൊന്നും ഇഷ്ട്ടോല്ലാത്തത് കൊണ്ട് എല്ലാം ഞാൻ തന്നെ കുത്തി കയറ്റി എന്ന് നല്ലവനായ കൂട്ടുകാരൻ എന്നോട്. ഇച്ചിരി ചാറ് പോലും ബാക്കി വെച്ചില്ല ആ കച്ചറ!

ചിരിച്ചോണ്ട് പച്ച വെള്ളോം കുടിച്ച് ഒന്നും മിണ്ടാതെ ഞാൻ സ്ഥലം വിട്ടു. പക്ഷേ എന്തൊക്കെ ആയാലും കിടക്കാം നേരം ആള് ഡീസെൻ്റാന്ന് എനിക്ക് കാട്ടി തന്നു. സ്വന്തം തലയണേം ബെഡ്ഷീറ്റും എനിക്ക് തന്നിട്ട് ഉടുത്തിരുന്ന മുണ്ടും പുതച്ചാണ് ആ മഹാൻ തണുപ്പത്ത് കിടന്നത്.

കണ്ണടച്ച് കിടന്നിട്ട് ഉറക്കം വന്നില്ല എനിക്ക്, കാരണം വയറ്റീ കിടന്ന് കുടല് ത ന്തയ്ക്കും തള്ളയ്‌ക്കും വിളിക്കുവല്ലേ പിന്നെങ്ങനെ ഉറങ്ങാനാ! ഒടുവിൽ മെല്ലെ കിച്ചണിൽ പോയി കലം തുറന്ന് നോക്കുമ്പോൾ ചോറിനകത്ത് വെള്ളം ഒഴിച്ചിട്ടിരിക്കുന്നു ആ മഹാപാപി. നാളെ പഴങ്കഞ്ഞി അടിക്കാനുള്ള പ്ലാനിലാണ്, ഇവൻ ഇത്ര കഞ്ഞിയാണോ? പച്ച വെള്ളം തന്നെ ശരണം. അതും കുടിച്ച് വന്ന് ഒരു കണക്കിന് എങ്ങനെയോ വന്ന് കിടന്ന് മയങ്ങി പോയി.

കുറേ നേരം കഴിഞ്ഞപ്പോൾ നല്ല തണുപ്പും, കൂടാതേ കൊച്ചിയിലെ കൊതുകിൻ്റെ DJ സോംഗും കൂടി കേട്ടപ്പോൾ ഞാൻ ഞെട്ടിയുണർന്നു. പുതച്ചിരുന്ന ബെഡ് ഷീറ്റുമില്ല, തലയണേം കാണുന്നില്ല!

അർദ്ധ നiഗ്നനായ ഞാൻ മൊബൈല് കത്തിച്ച് നോക്കുമ്പോഴുണ്ട് നേരത്തേ പറഞ്ഞ ആ മഹാൻ എനിക്ക് തന്ന പുതപ്പൊക്കെ പുതച്ച് സുഖായിട്ട് കിടന്നുറങ്ങുന്നു.

പകുതി പുതപ്പിന് വേണ്ടി ഞാനൊരു ശ്രമം നടത്തി. ചെറുതായിട്ടൊന്ന് വലിച്ച് നോക്കി.അപ്പഴേക്കും അവനുണർന്നു. ചേട്ടാ ഞാനാ ട്ടൈപ്പല്ല, ഇങ്ങക്ക് ആള് തെറ്റിയെന്ന്. ബാക്കി പറഞ്ഞത് കൂടി കേട്ടപ്പോൾ എനിക്ക് എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയാലോന്ന് തോന്നിയതാണ്. നിങ്ങക്കുമില്ലേ അച്ഛനും അനിയന്മാരും എന്നൊക്കെ!

എല്ലാം ഞാൻ സഹിച്ചു പക്ഷേ പിറ്റേ ദിവസം രാവിലെ പോകാൻ നേരം എന്നോട് പറഞ്ഞ കാര്യം കേട്ടാൽ പെറ്റ തള്ള സഹിക്കൂല്ല. ചേട്ടൻ ഇന്നലെ രാത്രി നല്ല സുഖമായിട്ട് കിടന്ന് ഉറങ്ങിയല്ലേ, പോകുന്നേന് മുന്നേ കടേന്ന് വല്ലതും കഴിച്ചിട്ട് പോകാം ഓന് നല്ല വിശപ്പുണ്ടത്രേ!!

എനിക്ക് തന്ന സ്നേഹ വിരുന്നിന് പ്രത്യുപകാരമായ് ഞാനവനെ വീട്ടിലേക്ക് ക്ഷണിച്ചു ഒരു ഞായറാഴ്ച.ഉച്ചയ്ക്ക് ഊണിന് എത്താമെന്ന് അവനെനിക്ക് ഉറപ്പും തന്നിരുന്നു.

ഇത് തന്നെ അവസരം എന്ന് ഞാനും മനസ്സിൽ കരുതി. അവൻ എത്തും മുന്നേ ഫോണും സ്വിച്ച് ഓഫ് ചെയ്ത് എങ്ങോട്ടെങ്കിലും മുങ്ങാം. എന്നെ കാണാതേ വിഷമിച്ച് ഇത്രയും ദൂരം വണ്ടിയോടിച്ച് വന്നിട്ട് തിരിച്ച് പോകുന്ന അവൻ്റെ അവസ്ഥ ഓർത്തപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

പക്ഷേ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണറിഞ്ഞത് ലവൻ എങ്ങനെയോ തപ്പി പിടിച്ച് വീട്ടിലെത്തിയെന്നും മുക്കുമുട്ടേ തട്ടിയേച്ചാണ് സ്ഥലം വിട്ടതും എന്നൊക്കെ.മൊബൈല് ഓണാക്കിയതും അവൻ്റെ മെസ്സേജ് കണ്ടപ്പോൾ ശരിക്കും എൻ്റെ കണ്ണ് നിറഞ്ഞ് പോയി.ചേട്ടൻ ഇല്ലാതിരുന്നിട്ട് കൂടി ഇത്രയും നല്ല വിരുന്നൊരുക്കിയതിന് സന്തോഷമുണ്ടെന്നും, ഇനി ഇടയ്ക്കിടെ വരാമെന്നുമൊക്കെ അതിലുണ്ടായിരുന്നു.

പക്ഷേ ഇതിത്രയും മലയാളത്തിൽ എഴുതിയ അവൻ ഇടയ്ക്കിടെ chetta എന്ന് ഇംഗ്ലീഷിൽ എഴുതിയത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല എനിക്ക്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *