ഞാൻ ജോലിക്ക് പോകുന്നത് ഭർത്താവിന് ഇഷ്ടമല്ല. എന്നിട്ടും, ഇന്റർവ്യൂക്ക് പോകാൻ അങ്ങേര് എന്നെ അനുവദിച്ചു. പത്തരയ്ക്കൊരു ബസ്സുണ്ട്. അതിൽ കയറിയാൽ പതിനൊന്നിന് മുമ്പേ…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

ഞാൻ ജോലിക്ക് പോകുന്നത് ഭർത്താവിന് ഇഷ്ടമല്ല. എന്നിട്ടും, ഇന്റർവ്യൂക്ക് പോകാൻ അങ്ങേര് എന്നെ അനുവദിച്ചു. പത്തരയ്ക്കൊരു ബസ്സുണ്ട്. അതിൽ കയറിയാൽ പതിനൊന്നിന് മുമ്പേ ടൗണിലേക്ക് എത്താം. അറിഞ്ഞത് വെച്ച് നോക്കിയാൽ സ്റ്റാന്റിൽ നിന്ന് നടക്കേണ്ട ദൂരമേയുള്ളൂ ഇന്റർവ്യൂ നടക്കുന്ന സ്ഥാപനത്തിലേക്ക്. ആഗ്രഹങ്ങളിലേക്ക് എത്താനുള്ള യാത്ര ആരംഭിച്ച നാളായിരുന്നുവത്.

പഠിച്ചത് വിഷ്യുവൽ മീഡിയയാണ്. ടീവിയിൽ സിനിമ കാണുന്ന കാലം തൊട്ടേ പരസ്യങ്ങളിലായിരുന്നു ശ്രദ്ധ. അതിനായി ചില്ലറ തല്ലൊന്നുമല്ല വീട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്. എല്ലാവർക്കും പരസ്യം വരുമ്പോൾ ചാനൽ മാറ്റണം. ഞാനുണ്ടോ സമ്മതിക്കുന്നു. ഏട്ടനും, അമ്മയും, അച്ഛനും, എല്ലായിപ്പോഴും എനിക്ക് വഴങ്ങി തരാറൊന്നുമില്ല. പരസ്യം കാണാൻ സമ്മതിക്കാതെ വരുമ്പോൾ ടീവിയുടെ സ്വിച്ചങ്ങ് ഓഫ് ചെയ്ത് ഞാനങ്ങ് പോകും. അവർ വീണ്ടും ഓൺ ചെയ്ത് കാണും. അത്രേയുള്ളൂ…

പറഞ്ഞ് വരുന്നത് പരസ്യങ്ങളെ കുറിച്ചാണ്. മുഴുവൻ ജനങ്ങളേയും ആകർഷിക്കാൻ പാകമുള്ള അതിലെ വാചകങ്ങളെ കുറിച്ചാണ്. പരസ്യചിത്രങ്ങളുടെ ക്യാപ്ഷൻ ഡിസൈനർ ആകുകയെന്നതാണ് എന്റെ മോഹം. അതിനുള്ള സാഹചര്യം വീട്ടിൽ ഉണ്ടായിരുന്നില്ല. ആ മോഹം പൂവണിയിക്കാമെന്ന് പറഞ്ഞ് പിറകേ നടന്ന് പ്രേമിച്ച് കെട്ടിയവനാണ് ഇപ്പോഴൊരു മനമാറ്റം.

സ്വന്തമായെന്ന് തോന്നിയാൽ പിന്നെ മനുഷ്യർക്ക്‌ മതിഭ്രമമാണ്. സ്നേഹമെന്ന് പറഞ്ഞ് തന്നിൽ കെട്ടിയിട്ടങ്ങ് ജീവിക്കും. ആ കുരുക്കിൽ വലിഞ്ഞ് ശ്വാസം മുട്ടുന്നതൊരു പ്രാണനാണെന്ന് അവർ ഓർക്കാറേയില്ല. ബന്ധങ്ങളിൽ പോലും മനുഷ്യർ വളരെയേറെ സ്വാർത്ഥരാണ്. തനിക്ക് കീഴേയെന്ന മനോഭാവം പുലർത്താൻ പ്രായഭേദമന്യേ എല്ലാവരും ശ്രമിക്കുന്നു. എതിർപ്പ് പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്താനും തുനിയുന്നു. എന്തുകൊണ്ടൊ, ആ ഗതികേട് എനിക്ക് വന്നില്ല. ജോലിക്ക് പോകുന്നതിൽ അതൃപ്തിയുണ്ടെങ്കിലും പോകരുതെന്ന് കൽപ്പിച്ചില്ലല്ലോ…

‘സുനിത വന്നിട്ടുണ്ടോ… സുനിത എം…’

കിതപ്പോടെ ഉണ്ടെന്ന് ഞാൻ പറഞ്ഞു. ബസ്റ്റോപ്പിൽ ഇറങ്ങി നടന്നെത്തിയത് കൃത്യ നേരത്തായിയിരുന്നു. അടുത്തത് നിങ്ങളാണെന്ന് പറഞ്ഞ് ആ സ്റ്റാഫ് ഇന്റർവ്യൂ നടക്കുന്ന ക്യാബിനിലേക്ക് തന്നെ പോയി. അതേ ജോലിക്കായി കാത്തിരിക്കുന്ന മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് തോന്നിയില്ല. എന്നാൽ, ആ മനോഭാവം ഇല്ലാതിരുന്ന ചിലർ എന്നോട് ചിരിച്ചു. തിരിച്ച് ചിരിക്കാൻ പ്രയാസ്സപ്പെടുന്ന നേരത്ത് തന്നെ ആ സ്റ്റാഫ് വീണ്ടും സുനിതായെന്ന് വിളിക്കുകയായിരുന്നു. തൂവാല കൊണ്ട് തൊണ്ടയും മുഖവും തുടച്ചാണ് ഞാൻ അകത്തേക്ക് പോയത്.

‘ഹാവ് യുവർ സീറ്റ്‌…’

ഞാൻ ഇരുന്നു. എതിരിൽ ഇരിക്കുന്നത് പ്രായമായ ഒരാളായിരുന്നു. നെർവസ് ആകേണ്ടായെന്ന് എന്റെ വെപ്രാളം കണ്ടിട്ടായിരിക്കണം അദ്ദേഹം പറഞ്ഞത്. അത് എനിക്കൊരു ആശ്വാസമായിരുന്നു. ദീർഘശ്വാസമെടുത്ത് അഭിമുഖത്തിനായി ഞാൻ തയ്യാറായി.

‘നമ്മുടെ പ്രൊഡക്റ്റ് ചന്ദനത്തിരിയാണ്. ആയുർ അഗർബത്തീസ്. നല്ലൊരു ക്യാപ്ഷൻ പറയൂ…’

ആദ്യത്തെ ചോദ്യം ഇങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. എങ്കിലും, ഏറെ നേരം ആലോചിക്കാതെ ഞാൻ മറുപടി പറഞ്ഞു.

‘ നോക്കൂ… ഇത് നിങ്ങളുടെ വീടിന്റെ മണമാണ്. ആയുർ അഗർബത്തീസ്…’

‘ആയുർ അഗർബത്തീസ്… ജീവിതത്തിൽ സുഗന്ധം നിറയട്ടെ…’

‘ആത്മീയതയുടെ ഗന്ധം… ആയുർ അഗർബത്തീസ് ‘

ഞാൻ പറഞ്ഞ മൂന്ന് ക്യാപ്ഷനുകളും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെന്നത് വ്യക്തമായിരുന്നു. അല്ലെങ്കിൽ പിന്നെ, തന്റെ കണ്ണടയൂരി കൈയ്യിൽ പിടിച്ച് സുനിതയ്ക്ക് ഈ ജോലി തന്നെ വേണമോയെന്ന് അദ്ദേഹം ചോദിക്കില്ലായിരുന്നുവല്ലോ…

‘അതെന്താ സാർ, അങ്ങനെ ചോദിച്ചത്…?’

മറുപടിക്കായി കൂടുതൽ മിഴിച്ചാണ് ഞാൻ ഇരിക്കുന്നത്. ഈ ജോലിക്കായി കുറച്ച് കൂടി അനുഭവ സമ്പത്തുള്ള ആളെയാണ് താൻ തേടുന്നതെന്നായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ഓഫീസിൽ ഒരു ഡോക്യുമെന്റ് കണ്ട്രോളറുടെ ഒഴിവിലേക്ക് വേണമെങ്കിൽ പരിഗണിക്കാമെന്നും അദ്ദേഹം ചേർത്തൂ. അതെങ്കിൽ അതെന്ന ചിന്തയിൽ സമ്മതിക്കാൻ എനിക്ക് തോന്നിയില്ല. അവസരമുണ്ടായാലല്ലേ അനുഭവമുണ്ടാകൂ സാറേയെന്ന് പറഞ്ഞാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്.

വീട്ടിലെത്തി. ജോലി കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ ഭർത്താവിന്റെ സന്തോഷമൊന്ന് കാണേണ്ടത് തന്നെയായിരുന്നു. വലിയ ആഡ് കണ്ടന്റ് റൈറ്റർ വന്നിരിക്കുന്നുവെന്നും കളിയാക്കാനായി മൊഴിഞ്ഞു. ഞാൻ മിണ്ടിയില്ല. ലോകമൊരു പരസ്യം ചിത്രം പോലെയാണെന്ന് ഞാൻ മനസിലാക്കുകയാണ്. പിന്തുടരാൻ പാകം എത്രയേറെ അടിക്കുറിപ്പുകളാണ് ചുറ്റും കറങ്ങുന്നത്. എന്നിട്ടും പരസ്യത്തിലൊരു പരസ്യമെന്ന പോലെ ഞാൻ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ഇന്റർവ്യൂ ചെയ്ത ആ മനുഷ്യനെ ഇഷ്ട്ടപ്പെടുത്താൻ പറ്റാത്തിരുന്നത് കഴിവില്ലായ്മ തന്നെയാണെന്ന് ഞാൻ വിശ്വസിച്ചു. ആ വിശ്വാസം പിന്മാറാൻ ആയിരുന്നില്ല. കൂടുതൽ പരസ്യ പഠനങ്ങൾ നടത്തി ശ്രമം തുടരാനായിരുന്നു…

‘ഇനിയും ഞാൻ ഒഴിവുകളിലേക്ക് അപ്ലൈ ചെയ്യും… എന്റെ വാചകത്തിൽ ഒരു പരസ്സ്യമെങ്കിലും നിങ്ങളെ കാണിച്ചിട്ടേ ഞാൻ ചാകൂ…’

എന്നും പറഞ്ഞ് ഞാൻ കുളിമുറിയിലേക്ക് കയറി. ഭർത്താവ് കട്ടിലിൽ ഇരിക്കുകയായിരുന്നു. ഷവറിൽ നിന്ന് തണുത്ത ചാറൽ ദേഹത്ത് വീഴുമ്പോൾ ആയൂർ അഗർബത്തീസിനെ കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്. വീടുകളിലും ആരാധനാലയങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആ ഉൽപ്പന്നത്തിന് ഞാൻ പറഞ്ഞതല്ലാതെ യോജിക്കുന്ന മറ്റെന്ത് ക്യാപ്ഷനാണ് ഉള്ളതെന്ന് ദേഹത്ത് സോപ്പ് തേക്കുമ്പോഴും സ്വയം ചോദിച്ചു. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റൊന്നും ഇല്ലാത്തത് കൊണ്ട് മാത്രമായിരിക്കുമോ ആ മനുഷ്യന് എന്നെ ബോധിക്കാതിരുന്നത്…

‘നിന്നോട് ഞാൻ പറഞ്ഞതല്ലേ… സ്വന്തമായി ജോലിയും വരുമാനവുമാണ് വേണ്ടതെങ്കിൽ ഞാൻ തരാമെന്ന്… നമ്മുടെ സൂപ്പർമാർക്കറ്റ് തന്നെയുണ്ടല്ലോ… അവിടെ ബില്ലിൽ ഇരിക്കുന്നത് കുറച്ചലായിട്ടല്ലേ..?’

കുറച്ചിലായിട്ടൊന്നുമല്ലായെന്ന് പറഞ്ഞ് ആ വൈകുന്നേരമേ രാത്രി വേഷത്തിലേക്ക് ഞാൻ കയറി. ആഗ്രഹിക്കുന്ന ജോലിക്കായി ശ്രമിക്കാനുള്ള സാഹചര്യമുണ്ടായത് കൊണ്ടല്ലേ ഇങ്ങനെ തേടുന്നതെന്നും പറഞ്ഞു. നിങ്ങളോടൊപ്പം വന്നത് കൊണ്ട് രണ്ട് വർഷമെടുത്തു അതിനായെന്നും ചേർത്തൂ…

അപ്പോൾ എന്റെ ഭർത്താവിന്റെ മുഖമൊരു വിഷാദത്തിന്റെ പരസ്യം പോലെ ഇരുളുകയായിരുന്നു. നിന്നെയെന്നും അടുത്ത് കിട്ടാനല്ലേയെന്ന് പറഞ്ഞ് അങ്ങേര് തന്റെ തല താഴ്ത്തി. രാവിലെ പോയാൽ വൈകുന്നേരം വരുന്ന നിങ്ങൾക്ക് ഞാൻ വീട്ടിലിരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് ചോദിച്ചപ്പോൾ ഭർത്താവിന് ഉത്തരമുണ്ടായിരുന്നു.

‘ജോലിയാണെങ്കിൽ നമ്മുടെ സൂപ്പർ മാർക്കറ്റിലേക്ക് വന്നൂടെ നിനക്ക്… നിന്റെ പഠിപ്പിനുള്ള ശമ്പളവും തരാന്ന് പറഞ്ഞതല്ലേ ഞാൻ…’

ആവർത്തന വിരസതയിൽ തല കറക്കുന്ന കാര്യമായിരുന്നുവത്. ഇഷ്ട്ടത്തോടെ മുഴുകി ചെയ്യാൻ സാധിക്കുന്നയൊരു ജോലി കിട്ടുകയെന്നത് ചില്ലറ വിഷയമൊന്നുമല്ല. ലക്ഷത്തിൽ ഒന്നോ രണ്ടോ പേർക്ക് പോലും അതിനുള്ള ഭാഗ്യമുണ്ടോയെന്ന് സംശയമാണ്. അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ലായെന്ന് പറഞ്ഞ് ഞാനും കട്ടിലിൽ ഇരുന്നു. ആ നേരത്താണ് എന്റെ ഫോൺ ശബ്ദിച്ചത്.

അറ്റന്റ് ചെയ്തതും, ലൗഡ് സ്പീക്കറിൽ ഇട്ടതും, ഭർത്താവായിരുന്നു. ഹലോയെന്ന് പറഞ്ഞപ്പോൾ ആയുർ അഗർബത്തീസിൽ നിന്നാണെന്ന് ഇംഗ്ളീഷിൽ പരിചയപ്പെടുത്തികൊണ്ടുള്ള ഒരു പെണ്ണിന്റെ റെക്കോർഡിംഗ് വോയിസ് കേട്ടു. തുടർന്ന് ഞങ്ങളുടെ എം.ഡിയുമായി കണക്റ്റ് ചെയ്യുകയാണെന്നും പറഞ്ഞു. മൂന്നുനാല് കാത്തിരിപ്പിന്റെ ബീപ്പ് ശബ്ദത്തിനപ്പുറം എന്നെ ഇന്റർവ്യൂ ചെയ്ത ആ പ്രായമായ മനുഷ്യൻ സംസാരിച്ച് തുടങ്ങി.

‘സോറി സുനിത… എനിക്ക് വേണ്ടിയിരുന്നതും താങ്കളെപ്പോലെ ഒരാളെ തന്നെയായിരുന്നു. എത്രത്തോളം ഈ ജോലിയിൽ പാഷൻ ഉണ്ടെന്ന് അറിയാനാണ് ഡോക്യുമെന്റ് കണ്ട്രോളറുടെ ജോലിയുണ്ടെന്നൊക്കെ പറഞ്ഞത്. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ലക്ഷ്യമില്ല. ഉണ്ടെങ്കിൽ തന്നെ അതിന് വേണ്ടിയുള്ള ശ്രമമോ, കാത്തിരിപ്പോ ഇല്ല. സ്വപ്നം കണ്ട ലോകമൊക്കെ മറന്ന്, കിട്ടിയ ജോലിയുമായി എവിടെയെങ്കിലുമൊക്കെയായി കൂടും. അവരെ കുറ്റം പറയുകയല്ലാട്ടോ… സാഹചര്യമല്ലേ നമ്മുടെയൊക്കെ ജീവിതത്തെ തീരുമാനിക്കുന്നത്. എന്തായാലും വൺസ് എഗൈൻ കൺഗ്രാജുലേഷൻസ് സുനിതാ… ഇരുന്ന ഇരുപ്പിൽ മോശമല്ലാത്ത മൂന്ന് പരസ്യവാചകങ്ങൾ പറഞ്ഞ താങ്കൾക്ക് ഏറെ സംഭാവനകൾ കമ്പനിക്ക് വേണ്ടി ചെയ്യാൻ പറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഓഫർലെറ്റർ ലെറ്റർ മെയിൽ ചെയ്തിട്ടുണ്ട്. പ്ലീസ് ചെക്ക് ഇറ്റ് ഔട്ട്‌… താങ്ക് യു…’

ആ നീളൻ ഫോൺ സംഭാഷണം അവസാനിച്ചു. ഭർത്താവ് എഴുന്നേറ്റ് ആദ്യമായി കാണുന്നത് പോലെ എന്നെ നോക്കുകയാണ്. തന്റെ ഭാര്യയ്ക്ക് ഇത്രേയും കഴിവോയെന്ന അത്ഭുതമായിരുന്നു ആ മുഖത്ത്. അത് തിരിച്ചറിയാതെ കൂട്ടിലാക്കിയതിന്റെ കുറ്റബോധത്തിലായിരിക്കണം അങ്ങേരുടെ കണ്ണുകൾ നിറഞ്ഞത്. ആ നനവ് കണ്ടപ്പോൾ വിഷമമാണ് തോന്നിയത്. വിശ്വസിക്കാൻ തന്നെ പ്രയാസപ്പെടുത്തുന്ന രംഗമായത് കൊണ്ട് അങ്ങേരോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പുഞ്ചിരിയോടെ ഭർത്താവിന്റെ മാറിലേക്ക് തല ചായ്ക്കാനായി ഞാൻ പതിയേ എഴുന്നേറ്റു. ശേഷം, അവിടുത്തെ ചുരുൾ രോമങ്ങളിൽ വിരൽ ചുഴറ്റി ഞാനത് പറഞ്ഞു.

‘നിങ്ങളെ കിട്ടിയത് കൊണ്ടല്ലേ മനുഷ്യാ, ഈ ആഗ്രഹം ഇപ്പോഴെങ്കിലും നടന്നത്…!’

എന്റെ മൂർദ്ധാവിൽ ചുംiബിക്കാൻ അങ്ങേർക്ക് അത്രയും കേട്ടാൽ മതിയായിരുന്നു. പറഞ്ഞ് തീർന്നിട്ടും ആ ശബ്ദം മുറിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. മുറിയിൽ മാത്രമല്ല. ജീവിതത്തിന്റെ നീളത്തോളം അങ്ങേരുടെ സ്നേഹ തരംഗങ്ങൾ വേണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്തെന്നാൽ, സ്വന്തമാണെന്ന് പറഞ്ഞ് ചേർക്കുന്ന ബന്ധങ്ങളിലെ മനുഷ്യരുടെ സന്തോഷങ്ങളെ തടയാതിരിക്കുന്നവർ ഭൂമിയിൽ വിരളമാണ്. അങ്ങനെ വരുമ്പോൾ, എന്റെ ഭാഗ്യമെന്ന് പറഞ്ഞാൽ ഭർത്താവ് തന്നെയാണല്ലോ…!!!

Leave a Reply

Your email address will not be published. Required fields are marked *