ഇഫ്താർ …..
Story written by Suresh Menon
ഇഫ്താറിൻ്റെ വിഭവങ്ങൾ കണ്ണാടിക്കൂട്ടിൽ നിരത്തി വെച്ചിരിക്കുന്നത് കാണാൻ പ്രത്യേക രസമാണ്. നീണ്ട പ്രവാസ ജീവിതത്തിൽ കഴിച്ച ഇഫ്താർ വിഭവങ്ങളുടേയും വിരുന്നുകളുടേയും രുചി ഇപ്പഴും നാക്കിൻ തുമ്പത്തുണ്ട്. തനിക്ക് മാത്രമല്ല ലതക്കും നോമ്പ് തുറ പലഹാരങ്ങളോട് വല്ലാത്തൊരിഷ്ടമായിരുന്നു. ഓഫീസിൽ നിന്നിറങ്ങുന്നതിന് മുൻപെ ഫോൺ വരും
” അതേയ് നോമ്പൊറൊക്കണ്ടെ. പലഹാരം മേടിക്കാൻ മറക്കണ്ട”
അയാൾ ഓർമ്മകളിൽ മുഴുകി പതിയെ സമീപത്ത് കണ്ട വലിയ ബേക്കറിക്ക് മുൻപിൽ വണ്ടി നിർത്തി. കാറിൽ നിന്നിറങ്ങി. നിരത്തിവെച്ചിരിക്കുന്ന വിഭവങ്ങൾ കാണാൻ നല്ല രസം അയാൾ ഓരോന്നായി കൈചൂണ്ടി പറഞ്ഞു. QR code സ്കാൻ ചെയ്ത് ബില്ലടച്ച് വണ്ടിയിൽ കയറി……..
വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. നേരെ എതിർ വശത്തുള്ള കാനയുടെ പൊട്ടിയ സ്ലാബിൽ തൻ്റെ രണ്ട് കാൽമുട്ടുകളും കൈകൾ കൊണ്ട് കൂട്ടി പിടിച്ച് കുനിഞ്ഞിരിക്കുന്ന ഒരു മനുഷ്യൻ.വല്ലാതെ ശോഷിച്ച പ്രകൃതം. മുടി എണ്ണമയമില്ലാതെ പാറി പറന്ന് കിടക്കുന്നു കവിളുകൾ ഒട്ടി…… ദയനീയമായ കണ്ണുകൾ. അയാളുടെ നോട്ടം കണ്ണാടിക്കൂട്ടിലെ പലഹാരങ്ങളിലേക്കാണെന്ന് തോന്നുന്നു….വിശന്നിട്ടായിരിക്കും.
” ഈ ഭൂമിയിലെ അവസാനത്തെ മനുഷ്യനും വിശപ്പ് എന്തെന്നറിയരുത്. അതായിരിക്കണം ഓരോ ഭരണകൂടത്തിൻ്റെയും ലക്ഷ്യം…… “
പ്രവാസ ജീവിതത്തിൽ പങ്കെടുത്ത ഓരോ ഡിബേറ്റുകളിലും വീറോടെ പറഞ്ഞ വാക്കുകൾ വെറുതെ ഒന്നോർത്തു. അയാൾ കാറിൽ നിന്നിറങ്ങി. ഇഫ്താർ പലഹാരങ്ങൾ കുറച്ചുകൂടെ വാങ്ങി. കാറിൽ നിന്നെടുത്ത ഒരു പഴയ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് അയാൾ ആ മനുഷ്യന് നൽകി…. വല്ലാത്തൊരു അപരിചിത്വം അത് മേടിക്കുമ്പോൾ അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു.
കാറിൽ കയറി ആ മനുഷ്യനെ അതിശയത്തോടെയാണ് നോക്കിയിരുന്നത്. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ആ പലഹാരങ്ങൾ അയാൾ പതിയെ എടുത്ത് അടുത്തുള്ള ഒരു പഴയ ബാഗിനുള്ളിൽ വെക്കുന്നു. പിന്നീട് വളരെ ശ്രദ്ധയോടെ ആ പൊതിഞ്ഞു കൊടുത്ത ന്യൂസ് പേപ്പർ വായിക്കുന്നു .വായനയിൽ നിന്നറിയാം അതിൻ്റെ ആഴം. അയാളെ തന്നെ ശ്രദ്ധിച്ചിരുന്നു വായനയിൽ മുഴുകിയിരിക്കയാണ് ആ മനുഷ്യൻ’ കൊടുത്ത പലഹാരങ്ങളിലൊന്നും അയാൾക്ക് വല്യ താൽപ്പര്യമില്ലാത്തത് പോലെ . ഉള്ളറിഞ്ഞുള്ള ആ വായന നോക്കിയിരിക്കാൻ ഒരു വല്ലാത്ത കൗതുകം …….
പിറ്റെ ദിവസം ഇഫ്താറിൻ്റെ സമയമായപ്പോൾ എന്തോ അവിടം വരെ ഒന്നു പോണമെന്ന് തോന്നി. പലഹാരങ്ങൾക്കല്ലായിരുന്നു മറിച്ച് തലേന്ന് കണ്ട ആ മനുഷ്യനെ ഒന്നു കാണാൻ . അറിയാത്ത ഒരു കൗതുകം.
സ്ഥലത്ത് എത്തിയപ്പോൾ അയാളെയവിടെ കാണാനില്ലായിരുന്നു. വണ്ടിയിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള തട്ടുകടയിലേക്ക് ചെന്നു.
“ചേട്ടാ ഇന്നലെ ഇവിടെയിരുന്ന ആ മനുഷ്യൻ…… ” “അയ്യോ അയാള് മരിച്ചു പോയി “
“ങ്ങേ…… “
” ഇന്നുച്ചക്ക് ഇവിടെയിരിക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു പിന്നെ ആൾക്കാർ കൂടി. പോലീസ് വന്നു. ആശുപത്രി കൊണ്ടുപോയി മരിച്ചെന്നാ അറിഞ്ഞെ”
തട്ടുകടക്കാരൻ പറഞ്ഞത് ഒരു വല്ലാത്ത ഹൃദയമിടിപ്പോടെ അയാൾകേട്ടു നിന്നു.
“സാറ് അയാളെ അന്വേഷിച്ചു വന്നതാണൊ “
” കണ്ടപ്പോ വിശന്നിരിക്കയാണെന്ന് തോന്നി. ഞാൻ കുറച്ച് പലഹാരങ്ങൾ മേടിച്ചു കൊടുത്തിരുന്നു ഇന്നലെ “
” അയ്യോ സാറെ അതിന് പകരം അയാൾക്ക് വല്ലതും വായിക്കാൻ മേടിച്ചു കൊടുത്തിരുന്നെങ്കിൽ സന്തോഷമായേനെ.എൻ്റെ കടയിൽ വന്ന് ഞാൻ പൊതിയാൻ വച്ചിരിക്കുന്ന പഴയ പേപ്പറൊക്കെ എടുത്ത് കൊണ്ട് പോയി വായിച്ചു തിരികെ തരും. ഭക്ഷണത്തിനോടൊന്നും വലിയ താൽപ്പര്യമില്ല…… അങ്ങിനെ ആരോടും മിണ്ടത്തുമില്ല”
“എന്താ അയാളുടെ പേര്……. “
“തൃശൂരാണ് നാടെന്നറിയാം. പേര് പറഞ്ഞിരുന്നു ഓർക്കുന്നില്ല സാറെ “
കാറിൽ കയറാൻ ഡോർ തുറക്കുമ്പോൾ തട്ടുകടക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു
“സർ അയാളുടെ പേര് വാമദേവൻ എന്നൊ മറ്റൊ ആണെന്ന് ഓർക്കുന്നു”
അയാൾ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി ‘
കാർ പതിയെ സ്റ്റാർട്ട് ചെയ്തു. പൊടുന്നനെ എന്തോ ഓർത്തെന്നപോലെ പിൻസീറ്റിലേക്ക് നോക്കി. സീറ്റിൽ അലക്ഷ്യമായി വച്ചിരുന്ന ആ രണ്ട് പുസ്തകങ്ങളും കയ്യിലെടുത്തു.
“അറിയാതെപോയത്……. ” ചെറുകഥാസമാഹാരം ……. വാമദേവൻ
മാതൃഭൂമി പുസ്തകോത്സവസത്തിൽ നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ പുസ്തകം
പെട്ടെന്ന് ഒരു സ്തബ്ധമായ മൗനത്തിലേക്ക് വലിച്ചെറിയപെട്ട പോലെ അയാൾക്ക് തോന്നി. അയാൾ ഓരോ പേജുകളും പതിയെ മറിച്ചു. പുസ്തകത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മയിൽപീലി പരിശോധിക്കുന്ന പോലെ അയാൾ ഓരോ വരികളിലുടെയും കണ്ണുകൾ ശ്രദ്ധയോടെ പായിച്ചു
ആദ്യകഥ അറിയാതെ പോയത്.
അയാൾ മന്ത്രിച്ചു. അറിഞ്ഞില്ല ………ഒട്ടും അറിഞ്ഞില്ല……..
ഗ്ലാസിൻ്റെ ചില്ലു താഴ്ത്തി അയാളിരുന്നിടത്തേക്ക് കണ്ണുകൾ പായിച്ചു…..
അറിയാതെ പോയത്………..
(അവസാനിച്ചു)