എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ക്രിക്കറ്റ് കളിക്കുകയെന്നതിനും അപ്പുറം മറ്റെന്തെങ്കിലുമൊരു ഉന്മാദം എന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് ക്രിസ്റ്റീനയുടെ മടിയിൽ കിടക്കുകയെന്നതാണ്.
പറഞ്ഞു വരുന്നത് പെണ്ണിന് ഈയിടെയായി എന്നോട് വലിയ താൽപര്യമൊന്നുമില്ല. എന്നും സംസാരിക്കുകയും കാണുകയും ചെയ്യുന്ന ഒരാൾ പെട്ടെന്ന് പിൻവാങ്ങണമെങ്കിൽ ഒരു കാരണമുണ്ടായിരിക്കണം. ചോദിച്ചപ്പോൾ യാതൊന്നും പറയുന്നുമില്ല. ഈ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് മാത്രമായിരുന്നു മറുപടി.
കാരണമറിയാതെ വേർപിരിയുന്നതിലെ വേദന എന്നിൽ നന്നായി കൊണ്ടു. അവളെ ഞാൻ വിടാതെ പിന്തുടർന്നു. തിരിച്ചും മറിച്ചും ചോദിച്ചിട്ടും ക്രിസ്റ്റീനയ്ക്ക് ഒരേയൊരു മറുപടി മാത്രം..
‘ഈ ബന്ധം തുടരാൻ താൽപര്യമില്ല..’
പരിചയപ്പെട്ടിട്ട് മൂന്ന് മാസമേ ആയുള്ളൂവെങ്കിലും പെണ്ണെന്റെ മനസ്സിൽ മലർന്നു വീണ് വ്യാപിച്ചിരുന്നു. പ്രാക്ടീസ് കഴിഞ്ഞ് അവളുടെ മടിയിലേക്ക് വീഴാനുള്ള എന്റെ വേഗത എത്രയോ നാളുകളിൽ ഞാൻ അറിഞ്ഞതാണ്. മൂന്ന് മാസം മാത്രം അടുപ്പമുള്ള ഒരാൾക്ക് വേണ്ടി എന്തിനാണ് ഇത്രയും അസ്വസ്ഥമാകുന്നതെന്ന് ഞാൻ ചിന്തിച്ചിരുന്നു. ഒരു മനുഷ്യന്റെ ഓർമ്മകളുമായി മറ്റൊരു മനുഷ്യന് തകർന്ന് വീഴാൻ പരസ്പരമുള്ള ഒരുനാൾ മതിയാകുമായിരിക്കുമെന്നേ എനിക്ക് കണ്ടെത്താനായുള്ളൂ..
അന്ന് എനിക്ക് ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ളയൊരു മത്സരമുണ്ടായിരുന്നു. അവളെ വിളിച്ചതിന് ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങാമെന്ന ധാരണയിൽ ഞാൻ ഫോണെടുത്തു.
‘ ക്രിസ്റ്റീ… എന്നോടിങ്ങനെ ചെയ്യരുത്… എനിക്ക് നിന്നെ വേണം..”
അതിന് തനിക്ക് നിന്നെയിനി വേണ്ടായെന്ന് പറയാൻ അവൾക്ക് അധിക നേരം വേണ്ടി വന്നില്ല. തന്നെ തുടർന്നും ശല്ല്യപ്പെടുത്തിയാൽ പോലീസിൽ പരാതിപ്പെടുമെന്ന് വരെ അവൾ പറഞ്ഞു. എനിക്കത് താങ്ങാനായില്ല. എന്നിട്ടും ഞാൻ എന്നെ താങ്ങി മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.
ഉള്ളിലെ അരിശം കൊണ്ടാണോയെന്ന് അറിയില്ല. ആദ്യത്തെ പന്തിനെ തന്നെ ഞാൻ സിക്സറിലേക്ക് പറത്തി. കാണികളുടെ ആരവം ഉയർന്നപ്പോൾ എനിക്ക് കൂടുതൽ ആവേശം തോന്നി. എന്തൊക്കെ സംഭവിച്ചാലും തളരില്ലെന്ന് ഉറപ്പിക്കാൻ എനിക്കത് മതിയായിരുന്നു.
രണ്ടാമതായി വന്ന പന്തിനേയും അഞ്ഞടിക്കാൻ ഞാൻ ശ്രമിച്ചു. കരുതിയത് പോലെയായിരുന്നില്ല സംഭവിച്ചത്. ബാറ്റിന്റെ എഡ്ജിൽ തട്ടി ഉയർന്ന പന്തിനെ എറിഞ്ഞവൻ തന്നെ പിടിക്കുകയായിരുന്നു. അടിച്ചില്ലെങ്കിൽ വൈഡ് ആകേണ്ട ബോളായിരുന്നു! തോന്നിയിട്ട് എന്തുകാര്യം! ഞാൻ ഔട്ട്!
മഹാരാഷ്ട്രയുമായുള്ള ആ കളി ദയനീയമായി ഞങ്ങൾ പരാജയപ്പെട്ടു. ഇനിയൊരു കളി കൂടി തോറ്റാൽ ആ ഇന്റർസ്റ്റേറ്റ് യൂണിവേഴ്സിറ്റി ടൂർണമെന്റിൽ നിന്ന് തന്നെ ഞങ്ങൾ പുറത്താണ്. അതുകൊണ്ട് തന്നെ കോച്ച് വളരേ ദേഷ്യത്തിലായിരുന്നു. ബുദ്ധിയുള്ള ഒറ്റയെണ്ണം പോലും ടീമിൽ ഇല്ലെന്നായിരുന്നു അന്ന് കൊച്ച് പറഞ്ഞിരുന്നത്. ഞങ്ങൾ എല്ലാവരും വട്ടം കൂടി തലകുനിച്ചിരുന്നു.
കൊച്ച് പറഞ്ഞപ്പോഴാണ് എവിടെയാണ് ഞങ്ങൾക്ക് തെറ്റുപറ്റിയെന്നത് മനസ്സിലായത്. ബാറ്റിംഗ് നിര ദയനീയമായി പരാജയപ്പെട്ടത് എല്ലാ പന്തുകളും അടിച്ച് പറത്താനുള്ളതാണെന്ന കരുതൽ കൊണ്ടാണ്. പ്രതിരോധിക്കേണ്ട പന്തുകളെ പ്രതിരോധിക്കുക തന്നെ വേണം. തന്റെ നേരെ വരുന്ന പന്തിന്റെ വേഗവും ദിശയും അറിഞ്ഞിട്ടുവേണം ബാറ്റ് ഉയർത്താൻ. നിർണ്ണായക നേരത്ത് പുറത്താകാതെ നിൽക്കുന്നതിലാണ് ഒരു ബാറ്റ്സ്മാന്റെ മിടുക്ക്.
ബോളിംഗ് കൂട്ടത്തിനും അതു തന്നെയാണ് സംഭവിച്ചത്. ബാറ്റ് വീശാൻ എത്തിയവരെയെല്ലാം പുറത്താക്കുകയെന്ന ലക്ഷ്യം മാത്രം പോര പന്തെറിയുന്നവർക്ക്. റൺസ് എടുക്കാൻ കെൽപ്പില്ലാത്തവരെ ക്രീസിൽ തുടരാൻ അനുവദിക്കുന്നതും തന്ത്രമാണ്.
ശരിയാണ്. കോച്ച് പറഞ്ഞതെല്ലാം വളരേ ശരിയാണ്. ഇതിനു മുമ്പും ഇതൊക്കെ പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും കേട്ടത് പോലെയായിരുന്നില്ല ഇത്തവണ ആ ശബ്ദം എന്റെ കാതിൽ പതിഞ്ഞത്. പ്രത്യേകിച്ചും വൈഡ് പോകുന്ന ബോളിനെ അടിക്കാൻ ശ്രമിച്ച് സ്റ്റമ്പിങ്ങിലൂടെ പുറത്തായവനോട് കോച്ച് കയർത്തപ്പോൾ കാര്യങ്ങൾ എനിക്ക് കൂടുതൽ വ്യക്തമായി.
ജയിക്കാൻ സാധ്യതയുള്ള കളിയായിരുന്നു. എന്നിട്ടും എന്റെ നേർക്കാണെന്ന് കരുതി പരിധിക്കപ്പുറത്തേക്ക് ദിശമാറി പോയ പന്തിനെ നേരിടാൻ ശ്രമിച്ച ഞാനൊരു വിഡ്ഢി തന്നെയാണ്. ഇനിയൊരിക്കലുമത് ആവർത്തിക്കരുത്. നമ്മിൽ നിന്ന് ഗതി മാറി പോകാൻ ശ്രമിക്കുന്ന മനുഷ്യരുടെ കാര്യത്തിൽ ഇനിയെന്ത് ചെയ്യണമെന്ന ബോധവും ആ നേരമെനിക്ക് വന്നിരുന്നു.
ജീവിതത്തിന്റെ പിച്ചിൽ നിന്നും ദിശ തെറ്റി പോകുന്ന മനുഷ്യരോട് കാരണം ചോദിക്കരുത്. മനസ്സിന്റെ തേയ്മാനത്തിൽ കൊണ്ട് അവർക്ക് വ്യതിചലിക്കാം. പരിഭവപ്പെട്ടിട്ട് കാര്യമില്ല. പ്രായോഗിക ബുദ്ധിയില്ലെങ്കിൽ എങ്ങോട്ട് വേണമെങ്കിലും തെറിച്ച് പോയേക്കാവുന്നയൊരു കളിപ്പന്ത് തന്നെയാണ് ജീവൻ. ആ ചിന്തയെനിക്ക് തന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല.
അല്ലായിരുന്നുവെങ്കിൽ അടുത്ത കളിയിൽ മാൻ ഓഫ് ദി മാച്ചായി എന്നെ തിരഞ്ഞെടുക്കില്ലായിരുന്നു…!!!