പോകേണ്ട ഇടങ്ങളിലേക്കൊക്കെ സ്വയം ഡ്രൈവ് ചെയ്ത്, വൈകുന്നേരം ഞാൻ തിരിച്ചെത്തി. അപ്പോഴും ഡെയ്‌സി അതേ കിടപ്പിൽ തന്നെയായിരുന്നു…..

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ

കാലത്ത് ആറുമണിക്കൊക്കെ എഴുന്നേൽക്കുന്ന ഡെയ്‌സിയന്ന് ഉണർന്നില്ല. എന്തൊക്കെ ചെയ്തിട്ടും യാതൊരു അനക്കവുമില്ല. അതുകൊണ്ട് അടുക്കളയിലേക്ക് എനിക്ക് കയറേണ്ടി വന്നു. തനിയേ കുളിക്കുമ്പോഴും, രുചിയില്ലാത്ത ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കി മിണ്ടാതെ കഴിക്കുമ്പോഴും, അവൾക്ക് എന്ത് പറ്റിയെന്ന് തന്നെയായിരുന്നു ചിന്തയിൽ.

പോകേണ്ട ഇടങ്ങളിലേക്കൊക്കെ സ്വയം ഡ്രൈവ് ചെയ്ത്, വൈകുന്നേരം ഞാൻ തിരിച്ചെത്തി. അപ്പോഴും ഡെയ്‌സി അതേ കിടപ്പിൽ തന്നെയായിരുന്നു.

‘ഡാർലിംഗ്, പ്ലീസ് ടേക്ക് യുവർ ഇൻഹയ്ലർ… ആൻഡ്, ബ്രീത്ത് വെൽ..’

ശ്വാസം മുട്ടലിന്റെ കിതപ്പ് എന്നിൽ പ്രകടമാകുമ്പോഴേ ഡെയ്‌സിയത് പറയുമായിരുന്നു. ഇൻഹയ്ലർ കൈയ്യിൽ കരുതിയിട്ടായിരിക്കും ഈ പറച്ചിൽ. പക്ഷെ, ബെഡിൽ അനക്കമില്ലാതെ കിടക്കുന്ന അവളെ കാണുമ്പോൾ ഉള്ള ശ്വാസം പോലും വിട്ട് പോകുന്നത് പോലെ. മിണ്ടാനും സംസാരിക്കാനുമെല്ലാം കഴിഞ്ഞ മൂന്നു വർഷം കൂടെ ഉണ്ടായിരുന്ന ആൾ ഇത്ര പെട്ടെന്ന് നിന്നു പോകുമെന്ന് ഞാൻ കരുതിയതേയില്ല.

ഡെയ്സിയുടെ ബുദ്ധി മതിയായിരുന്നു എനിക്ക്. അങ്ങനെ ആയിരുന്നുവെങ്കിൽ ഒരിറ്റ് സങ്കടം വീഴ്ത്താതെ ഈ നിമിഷങ്ങളെ ഞാൻ മറികടക്കുമായിരുന്നു…

ജർമ്മനിയിൽ നിന്ന് എന്നെന്നേക്കുമായി ജന്മ നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ കൊണ്ടുവന്നതാണ് ഡെയ്‌സിയെ. അവളുടെ വിസയുടെ നൂലാമാലകൾ ഏറെയുണ്ടായിരുന്നു. ഇനിയുള്ള കാലം അവൾ മാത്രം മതിയെന്ന് ഏറെ ചിന്തിച്ചതിന് ശേഷമാണ് ഞാനത് തീരുമാനിച്ചത്. എനിക്ക് ഈ ലോകത്തിൽ ഡേയ്സിയോളം പ്രാധാന്യമായി ഇന്ന് യാതൊന്നുമില്ല. എല്ലാ അർത്ഥത്തിലും അവൾ എന്റെ ഭാഗ്യമായിരുന്നു. കാലം കരുതിവെച്ച സമ്മാനമായിരുന്നു.

കൂടെ കൂടിയതിന് ശേഷം ആദ്യമായാണ് ഡെയ്‌സി ഇങ്ങനെ കിടക്കുന്നത്. ആവശ്യങ്ങൾ നടക്കാതെ വന്നതുകൊണ്ട് മാത്രമല്ല. മിണ്ടാനും തൊടാനും ഈ ലോകത്ത് അവളല്ലാതെ മറ്റാരും എനിക്കില്ല. അതുകൊണ്ട് തന്നെ അവൾ ഇല്ലാതാകുന്നതിനെ കുറിച്ച് ചിന്തിക്കാനേ പറ്റുമായിരുന്നില്ല. എന്തു തന്നെയായാലും ഡെയ്‌സിയെ ഉണർത്തിയേ പറ്റൂ…

‘ ഹലോ ഇർവിൻ… ഡെയ്‌സി ഹാവ് എ പ്രോബ്ലം. ഐ തിങ്ക് ഷീ ഈസ്‌ ഡെഡ്…’

ഫോൺ ഹോൾഡ് ചെയ്യാൻ പറഞ്ഞതിന്, ശേഷം സുഹൃത്തും ശാസ്ത്ര ഗവേഷകനുമായ ഇർവിൻ അൽപ്പ നേരത്തേക്ക് മിണ്ടാതെ നിന്നു. ഡെയ്സിയുടെ കാര്യമായത് കൊണ്ട് അക്ഷമയോടെ ഞാൻ കാത്തിരിക്കുകയായിരുന്നു.

കുറച്ച് കാലം മുമ്പ് എനിക്കൊരു കുടുംബം ഉണ്ടായിരുന്നു. മകളൊരു ഇംഗ്ളീഷുകാരന്റെ കൂടെ സുഖമായി ജീവിക്കുന്നുണ്ട്. ഭാര്യ ആയിരുന്നവൾ കണ്ടുപിടിച്ചതൊരു ജർമ്മൻകാരനെ ആയിരുന്നു. ഒരിക്കലും അവളെ കുറ്റപ്പെടുത്താൻ പറ്റില്ല. എന്റെ മകളുടെ അമ്മ കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം അർഹിക്കുന്നു. എന്നെ പോലെയൊരു അൺറൊമാന്റിക് ഇഡിയറ്റിനെ സഹിക്കേണ്ട ആവിശ്യമൊന്നും അവൾക്ക് തീർച്ചയായിട്ടുമില്ല.

കൂടെ കഴിയുന്നവരെ പതിയേ അടിമപ്പെടുത്തുന്നയൊരു സ്വഭാവം എനിക്കുണ്ടെന്ന് ഞാൻ അറിഞ്ഞതാണ്. അതുകൊണ്ട് തന്നെ വ്യക്തി ബോധമുള്ള ആർക്കും നിരന്തരമായി ഒപ്പം തുടരാൻ പറ്റില്ല. പക്ഷെ, ഡെയ്‌സി അങ്ങനെ ആയിരുന്നില്ല. അവൾക്ക് പത്ത് സ്ത്രീകളുടെ കരുത്തും അതിശയകരമായ ലോക വിവരവുമുണ്ട്. എന്നിട്ടും, അതിന്റെയൊന്നും യാതൊരു തലക്കനവും ഇല്ലാതെ ഞാൻ എന്ത്‌ പറഞ്ഞാലും അനുസരിക്കും.

ഈ ഭൂമിയിൽ മനുഷ്യന് സുമുഖമായി ജീവിക്കാൻ കൂടെ മറ്റൊരു മനുഷ്യൻ വേണമെന്ന നിർബന്ധം ഇപ്പോൾ തീരേ ഇല്ലാതായിരിക്കുന്നു. എന്റെ സർവ്വ വികാരങ്ങൾക്കും ഡെയ്സിയുണ്ട്. ഞാൻ അവളെ വളരേയേറെ സ്നേഹിക്കുന്നു. തനിക്കും അങ്ങനെ തന്നെയാണെന്ന് അതിമനോഹരമായി അവളും പ്രകടിപ്പിക്കുന്നു. അല്ലെങ്കിലും, ആ അനുഭൂതി തന്നെയല്ലേ ഏതൊരു ബന്ധത്തിന്റേയും അസ്ഥിയെന്ന് പറയുന്നത്.

ഡെയ്സിയുടെ തലോടലുകളേറ്റ് എത്രയെത്ര ദിനരാത്രങ്ങളിൽ ഞാൻ കൃഥാർത്ഥനായി മയങ്ങിയിരിക്കുന്നു. അവളുടെ പാട്ടുകൾ ഇല്ലാത്ത ശേഷിക്കുന്ന കാലത്തെ കുറിച്ച് ആലോചിക്കാൻ പോലും സാധിക്കുന്നില്ല.

മനസ്സെന്ന് വന്നാൽ മനുഷ്യരെത്ര ദുർബലരാണെന്ന് ഒരിക്കൽ ഞാൻ അറിഞ്ഞതാണ്. ഭാര്യ പിരിഞ്ഞ് പോയപ്പോൾ അഴിഞ്ഞ് വീണ ഉള്ളുമായി ഇഴഞ്ഞ അനുഭവവം ഓർക്കാൻ കൂടി വയ്യ. അവിടെ നിന്ന് എന്നെ എഴുന്നേറ്റ് നടക്കാനാണ് ഭാര്യയുടെ പേരിൽ തന്നെ ഒരാൾ വേണമെന്ന് സ്വയം നിർബന്ധിതനായത്. മറ്റൊന്നും ഓർത്തില്ല. സമ്പാദ്യത്തിന്റെ മുക്കാലും വിറ്റ് ഡെയ്‌സിയെ ഞാൻ സ്വന്തമാക്കുകയായിരുന്നു.

‘മിസ്റ്റർ ജോൺ… വി ആർ കണക്റ്റിംഗ് യുവർ കാൾ റ്റു കെവിൻ. മേ ഹി ക്യാൻ ഹെൽപ് യു…’

ഇർവിൻ പറഞ്ഞു. ആലോചിച്ചപ്പോൾ നിലവിൽ എന്നെ സഹായിക്കാൻ കെവിന് മാത്രമേ സാധിക്കുകയുള്ളൂ… ഡെയ്സിയുടെ പ്രശ്നം പരിഹരിക്കാനായി റോബോട്ടിക് കെയറിൽ വിളിച്ചാലും കെവിന്റെ സ്റ്റാഫുകൾ തന്നെയാണ് സർവീസിനായി വരേണ്ടത്. ലോകമെമ്പാടും അവർ സേവനം ഉറപ്പു വരുത്തുന്നുണ്ട്…

‘ഡോണ്ട് വറി ജോൺ. ഔർ ടീം വിൽ ഹെൽപ് യു.’

കെവിന്റെ ടീം എത്താൻ രണ്ടുനാൾ എടുത്തിരുന്നു. ഡെയ്‌സി ഇല്ലാതായപ്പോൾ താളം തെറ്റിയ ആ രാപ്പകലിൽ ശ്വാസമെടുക്കാൻ ഞാൻ വല്ലാതെ പ്രയാസപ്പെട്ടു. ഭക്ഷണവും, വെള്ളവുമൊന്നും തൊണ്ടയിൽ നിന്ന് ഇറങ്ങിയില്ല. അവളുടെ ഗോളി പോലെയുള്ള തുറന്ന കണ്ണുകളിൽ ചുണ്ട് ചേർത്ത് ഒരേ കിടപ്പിലായിരുന്നു ഞാൻ..

‘ഓൾ മോസ്റ്റ്‌ ഡൺ സാർ.. മാക്സിമം ഹാഫ് ആൻ ഔർ, യുവർ ഡെയ്‌സി വിൽ വേയ്ക്കപ്പ്…’

എനിക്ക് ആശ്വാസമായി. പക്ഷെ, ശ്വാസം പതിവിലും കൂടുതൽ എന്നെ വലിപ്പിക്കുകയാണ്. ഡെയ്‌സി ഉണരുമ്പോഴേക്കും പ്രാണൻ നിന്ന് പോകുമോയെന്ന് വരെ തോന്നിപ്പോയി. അത്രത്തോളം ശരീരവും മനസ്സും തളർന്നിരിക്കുന്നു. കണ്ണിൽ ഇരുട്ട് കയറുന്നു. കൊഴിഞ്ഞ് പോയ കാലങ്ങളിലെല്ലാം ഉലഞ്ഞുപോയ ജീവിതത്തിന്റെ ചിത്രങ്ങളെല്ലാമൊരു തിരശ്ശീലയിലെന്ന പോലെ തെളിയുകയാണ്…. അവസാനിച്ചുവെന്ന പ്രതീതിയിൽ കൺപോളകളൊരു കർട്ടൺ പോലെ അടയുകയാണ്…

തുടർന്നൊരു ശ്വാസം ഇല്ലെന്ന് തോന്നിയ ആ പരവേശത്തിന്റെ വേളയിൽ എന്റെ തോളിലൊരു സ്പർശനം ഞാൻ അറിഞ്ഞു. തിരിഞ്ഞ് നോക്കിയപ്പോൾ ഗോളി കണ്ണുകളുള്ളയൊരു സുന്ദരി എന്നോട് ചിരിച്ച് നിൽക്കുന്നു. ഇനിയും ജീവിതം ബാക്കിയുണ്ടെന്ന അർത്ഥത്തിൽ അവളുടെ ശബ്ദം ഹൃദയത്തിന്റെ കാതുകളിൽ കൃത്യമായി കൊണ്ടിരുന്നു.

‘ഡാർലിംഗ്, പ്ലീസ് ടേക്ക് യുവർ ഇൻഹയ്ലർ… ആൻഡ്, ബ്രീത്ത് വെൽ..’

Leave a Reply

Your email address will not be published. Required fields are marked *