വളകിലുക്കം
എഴുത്ത്:-ഷെർബിൻ ആൻ്റണി
നിനക്ക് സുഖമാണോടാ…?വാട്ട്സപ്പ് മെസ്സേജായിരുന്നത്.സേവ് ചെയ്യാത്ത നമ്പർ ആയതിനാൽ റിപ്ലൈ കൊടുക്കാനും തുനിഞ്ഞില്ല.
പക്ഷേ ആ ചോദ്യം മനസ്സിൽ എവിടെയൊ ഒന്ന് കൊണ്ടു. വേണ്ടപ്പെട്ട ആരോ എന്നൊരു തോന്നലുണ്ടായി.
നിനക്കെന്നെ മനസ്സിലായില്ലേടാന്നായിരുന്നു അടുത്ത ചോദ്യം.ഡി.പ്പി ഇട്ടിരുന്നത് ഒരു ചെറിയ കുട്ടിയുടേതായിരുന്നു. കൂടേ പഠിച്ച ആരുടെയെങ്കിലും മക്കളുടെ പ്രൊഫൈലായിരിക്കും.കഴിഞ്ഞ ദിവസം പത്താം ക്ലാസ്സിൻ്റെ റീയൂണിയന് വേണ്ടി ഒരു വാട്ട്സപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യപ്പെട്ടിരുന്നു.ട്ടെൻത്ത് കഴിഞ്ഞിട്ട് എട്ട് വർഷമാകുന്നു ഇപ്പോഴാണ് ആദ്യ റീയൂണിയൻ സംഘടിപ്പിക്കുന്നത്.
പൊതുവേ അന്തർമുഖനായിരുന്ന എനിക്ക് അധികം ഫ്രണ്ട്സൊന്നും കോണ്ടാക്ട് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല.
മനസ്സിലായില്ല…. ആരാണ്?
നിൻ്റെ കൂടെ പഠിച്ച ശ്രുതിയാടാ…. നീ എന്നെ ഓർക്കുന്നുണ്ടോ?
മറുപുറത്ത് ശ്രുതിയാണെന്നറിഞ്ഞപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ട്ടെൻത് കഴിഞ്ഞതിൽ പിന്നെ നേരിട്ടൊന്ന് കണ്ടിട്ട് പോലുമില്ല.കുറേ വർഷ മായെങ്കിലും അവളുടെ മുഖം മാത്രം മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല ഇപ്പോഴും!
ഹായ് ശ്രുതി…. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
എന്നും ഇല്ലെങ്കിലും ഓൺലൈനിൽ കാണുമ്പോഴൊക്കെ പരസ്പരം വിശേഷങ്ങൾ പങ്ക് വെയ്ക്കാൻ തുടങ്ങി.
നിനക്ക് ജോലിയൊക്കെ ആയോടാ….?
കൊച്ചിയിലുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സിവിൽ എഞ്ചിനീയർ പോസ്റ്റിലാണ്. കുഴപ്പമില്ല നല്ല രീതിയിൽ പോകുന്നു. ആട്ടേ നിൻ്റെ വിശേഷങ്ങൾ പറയൂ….? അവളെ പറ്റി അറിയാൻ എനിക്ക് തിടുക്കമായി.
ജോലി ഒന്നും ആയില്ലെടാ…. ഡിഗ്രി കഴിഞ്ഞ് Pടc എഴുതാൻ തുടങ്ങിയതാണ്. ഇപ്പഴാ മെയിൻ ലിസ്റ്റിൽ വന്നത്.
ആണോ കൺഗ്രാറ്റ്സ്ടീ.റീയൂണിയന് വരുമ്പോൾ ചെലവ് ചെയ്യണോട്ടോ. ഞാനവളോട് കുറച്ച് കൂടി ഫ്രണ്ട്ലിയായി.
വരാൻ പറ്റുമെന്ന് തോന്നുന്നില്ലെടാ. അടുത്ത മാസം എൻ്റെ എൻഗേജ്മെൻ്റാണ്. മിക്കവാറും റീ യൂണിയൻ ടൈമിലായിരിക്കും മര്യേജ്!
കല്ല്യാണം കഴിഞ്ഞില്ലാര്ന്നോ….?ഉള്ളിലെ സന്തോഷം ഒളിപ്പിച്ച് വെച്ച് ഞാൻ ചോദിച്ചു.അപ്പോ ഡീപ്പീലെ കുട്ടി ഏതാ?
ആലോചനകൾ കുറേ വന്നു ജോലി കിട്ടിയിട്ട് മതിയെന്നായിരുന്നു എൻ്റെ തീരുമാനം.പ്രൊഫൈലില് ഇട്ടിരിക്കുന്നത് ചേച്ചിയുടെ മോനാണ്.
അന്ന് രാത്രി കിടക്കാൻ നേരം ഞാനാ പഴയ സ്കൂൾ മുറ്റത്തേക്ക് ഓർമ്മകളുടെ ചിറകിലേറി പറന്ന് നടന്നു.
ഒരേ ഡിവിഷനിൽ അല്ലെങ്കിലും ഇടയ്ക്കിടെ ഞങ്ങൾ കണ്ടിരുന്നു. ഓടിട്ട ക്ലാസ്സ് റൂമിൻ്റെ ലാസ്റ്റ് ബഞ്ചിൽ ജനലിനോട് ചേർന്നായിരുന്നു അവളിരുന്നത്. അവളറിയാതെ അവളെ കാണാനായ് ഞാനാ ക്ലാസ്സ് റൂമിൻ്റെ വെളിയിലുള്ള ചാന്തിട്ട് മങ്ങിയ വരാന്ത വഴി പമ്മി പമ്മി പോകാറുണ്ടായിരുന്നു.
ഒരു ദിവസം അവളെ, ആ തുരുമ്പ് പിടിച്ച ജനൽ കമ്പി ഇഴയിലൂടെ ഏറ് കണ്ണിട്ട് നോക്കി ഒന്നുമറിയാത്ത ഭാവത്തിൽ നടന്ന് നീങ്ങിയപ്പോൾ പിന്നിൽ നിന്നൊരു വളകിലുക്കം കേട്ട് തിരിഞ്ഞ് നോക്കിയെങ്കിലും ആരേയും കണ്ടില്ല.
രണ്ട് സ്റ്റെപ്പ് കൂടി മുന്നോട്ട് വെച്ചെങ്കിലും സംശയത്തോടേ ഒന്ന് കൂടി തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ജനൽ കമ്പിയിഴയിലൂടെ നീണ്ട് വരുന്ന കുപ്പിവള ഇട്ട വെളുത്ത് കൊലുന്നനെ ഉള്ള കൈ ആയിരുന്നു. ചുണ്ടിലൊരു പുഞ്ചിരിയു മായാണ് തിരികെയന്ന് ക്ലാസ്സിലേക്ക് മടങ്ങിയത്.
ഓർമ്മകൾ മങ്ങി തുടങ്ങിയെങ്കിലും അവളുടെ മുഖം ഇപ്പോഴും തിളങ്ങി തന്നെ നില്ക്കുന്നു മനസ്സിൽ.
കുത്തി കിറുക്കിയ ഇsനാഴിയിൽ കൂട്ടുകാരുമൊത്ത് കളി പറഞ്ഞിരിക്കുമ്പോൾ പിന്നിലൂടെ അവൾ അടുത്തെത്തുന്നത് അറിയുന്നത് ആ കുപ്പിവള കിലുക്കത്തിലൂടെ ആയിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ അവളുടെ കണ്ണുകൾ എന്നിൽ നിന്നും തെന്നി മാറുന്നതും കാണാം.
നീണ്ട ഇടനാഴിയുടെ വളവിലെത്തുമ്പോൾ അവൾ തിരിഞ്ഞ് നോക്കില്ലെങ്കിലും പ്രതീക്ഷയോടെ ഉറ്റുനോക്കുമായിരുന്നു എന്നും! ഒരിക്കൽ മാത്രം അവളെന്നെ നോക്കി.വളവ് തിരിഞ്ഞ് പോയവൾ റിവേഴ്സ് ഗീയറിട്ട പോലേ പിന്നിലേക്ക് വന്ന് കഴുത്ത് മാത്രം പുറകിലേക്ക് നീട്ടി ഒരു പുരികം മാത്രം ഉയർത്തി ഒന്ന് നോക്കി. അപ്രതീക്ഷിതമായ ആ നോട്ടത്തിൽ പോലീസ്കാരൻ്റെ മുന്നിൽ പെട്ട കള്ളനെ പോലേ ഞാൻ നിന്ന് പരുങ്ങി.
ക്ലാസ്സ് വിടുന്ന നേരത്ത് പെയ്യുന്ന മഴ തോരാൻ വരാന്തയിൽ കൂട്ടത്തിനിടയിൽ അവളെ തിരയുന്ന മഴയോർമ്മകളിൽ മനം കുളിർന്നപ്പോൾ അവളുടെ മെസ്സേജും വന്ന് തുടങ്ങി.
സാധാരണ രാത്രി സമയങ്ങളിൽ അവളെ ഓൺ ലൈനിൽ കാണാത്തതാണ്. അവളുടെ ഹായ്ക്ക് മറുപടിയായി ഞാൻ ചോദിച്ചു ഇന്നെന്ത് പറ്റി ഉറക്കം വരുന്നില്ലേന്ന്.
ഇന്നത്തോടേ എൻ്റെ നെറ്റ് തീരും. ഞാനിനി ഇപ്പോഴൊന്നും റീ ചാർജ് ചെയ്യുന്നില്ല. റീ ചാർജ് മാത്രമല്ല മൊബൈലിൻ്റെ ഉപയോഗം തന്നെ കുറയ്ക്കാൻ പോകുവാ. ഏത് നേരവും ഇതിൽ കു ത്തിയിരുന്ന് ഇപ്പോ അഡിക്ഷൻ പോലേയാ. വാട്ട്സപ്പും എഫ്ബിയുമെല്ലാം ഇന്നത്തോടേ ഉപേക്ഷിക്കും കുറച്ച് നാളത്തേക്ക് ശ്രുതി പറഞ്ഞ് നിർത്തി.
ഇനി ഏകദേശം ഒരു മണിക്കൂർ കൂടിയേ നിന്നെ ഓൺലൈിൽ കിട്ടൂല്ലേ… ഞാൻ സങ്കടത്തോടേ ചോദിച്ചു.
എടാ ഒരു കാര്യം ചോദിക്കട്ടേടാന്നായിരുന്നു. എൻ്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ പറഞ്ഞ് തുടങ്ങി.
ഇപ്പോൾ പറയുന്നതിൽ കാര്യമില്ലെന്നറിയാം… എങ്കിലും പറയാം. നിന്നെയെനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നെടാ അന്ന്.
വർഷങ്ങൾക്ക് മുന്നേ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ഇതൊന്ന് കേൾക്കാൻ. പക്ഷേ ഒരിക്കൽ പോലും അവളോട് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു നഷ്ട്ടപ്പെടുമെന്ന ചിന്തായാലാവാം!
നിനക്ക് അങ്ങനെ വല്ലതും തോന്നിയിരുന്നോടാ എന്നോട്?
ആ ചോദ്യത്തിന് എന്ത് മറുപടി പറയുമെന്നറിയാതെ ഞാനൊന്ന് തയങ്ങി കൊണ്ട് ചോദിച്ചു.എന്നിട്ടെന്താ ശ്രുതീ നീ എന്നോടൊന്നും പറയാതിരുന്നതെന്ന്.
ഞാൻ കരുതിയിരുന്നത് നിനക്കെന്നോടും ഉണ്ടെന്നാണ്.അതുകൊണ്ട് മാത്രമല്ല പറയാതിരുന്നത് അന്ന് ആ പ്രായത്തിൽ തോന്നിയ ഇഷ്ട്ടത്തിന് വേറേ അർത്ഥമൊന്നും ഇല്ലായിരുന്നു. ഒന്നിച്ച് ജീവിക്കണമെന്നോ, കല്യാണം കഴിക്കണമെന്നോ ഒന്നും ചിന്തിക്കാനുള്ള പക്വതയൊന്നും അന്നില്ലായിരുന്നു.ഇപ്പോഴിത് പറയാൻ കാര്യം ഇനി നമ്മളൊരിക്കലും കണ്ടില്ലെങ്കിലോന്ന് കരുതിയാണ്.
നീ നടന്ന് വരുമ്പോൾ ജനലിലൂടെ വള കിലുക്കി ഞാൻ വിളിച്ചിരുന്നു. നിൻ്റെ ശ്രദ്ധ പിടിക്കാൻ മാത്രമായിരുന്നത്. ക്ലാസ്സ് വിടുന്ന നേരത്ത് മഴയാണെങ്കിൽ കുട ബാഗിലൊളിപ്പിച്ച് വരാന്തയിൽ നിന്നെയും നോക്കി നില്ക്കുമായിരുന്നു അന്നൊക്കെ.
കൊല്ല പരീക്ഷയ്ക്ക് ഒടുവിൽ എല്ലാവരോടും വിട പറഞ്ഞ് പോകുന്ന നേരം നിൻ്റെ കണ്ണിൽ പെടാതിരിക്കാൻ മാത്രം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.നിന്നോട് മാത്രമാണ് ഞാൻ യാത്ര പറയാതിരുന്നത്. അത്രേം ഇഷ്ട്ടമായിരുന്നെടാ നിന്നെ എനിക്ക്!
തുരുതുരാ വരുന്ന അവളുടെ മെസ്സേജുകൾ ഞാനാർത്തിയോടേയാണ് വായിച്ചോണ്ടിരുന്നത്. ടൈം പതിനൊന്ന് അമ്പത്തഞ്ചായത് കണ്ടപ്പോൾ എൻ്റെ നെഞ്ച് പടപടാന്ന് ഇടിച്ചു കൊണ്ടിരുന്നു.എന്നിട്ടും അവളോടൊന്നും തുറന്ന് പറയാൻ എന്നെ കൊണ്ടായില്ല!
അവസാനമായി സ്കൂളിൻ്റെ പടിയിറങ്ങും മുന്നേ ഞാനൊരു കുസൃതി ഒപ്പിച്ചിരുന്നു. നിനക്ക് വേണ്ടി ഞാനെൻ്റെ ഒരു നോട്ട് ബുക്ക് ക്ലാസ്സിൽ വെച്ചിട്ടാണ് അന്ന് മടങ്ങിയത്.അതിനുള്ളിൽ നിന്നോട് പറയാനുള്ളതെല്ലാം ഞാൻ ഒളിപ്പിച്ചിരുന്നു. നമ്മുടെ സ്നേഹം സത്യമാണെങ്കിൽ അത് നിൻ്റെ കൈയ്യിൽ കിട്ടുമെന്ന് വെറുതെ ആശ്വസിച്ചു.ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചിരി വരുന്നുണ്ട്.
ഇത്തവണ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഫോൺ ബെഡ്ഡിലേക്ക് വലിച്ചെറിഞ്ഞ് മുകളിലെ ഷെൽഫ് വെച്ചിരിക്കുന്ന റൂമിലേക്ക് കുതിച്ചു.
പുസ്തകങ്ങൾക്കിടയിലെ ബ്രൗൺ അട്ട കൊണ്ട് പൊതിഞ്ഞ ആ പഴയ നോട്ട് ബുക്ക് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ലാസ്റ്റ് പരീക്ഷയ്ക്ക് ശേഷം അവളെ കാണാതെ വരാന്തയിലൂടെ അലഞ്ഞ് നടന്ന് ഒടുവിൽ അവളുടെ ക്ലാസ്സ് റൂമിൽ ചെന്നെങ്കിലും അവിടം ശൂന്യമായിരുന്നു. അവളുടെ ഇരിപ്പിടത്തിൽ ചെന്നിരുന്നപ്പോഴാണ് ഡസ്കിനുള്ളിൽ വെച്ചിരുന്ന നോട്ട് ബുക്ക് കാണുന്നത്. തുറന്ന് നോക്കിയപ്പോൾ മനസ്സിലായി അതവളുടേതാണെന്ന്. ഉരുട്ടി ഉരുട്ടി എഴുതിയിരുന്ന അവളുടെ കൈയ്യക്ഷരം മനോഹരമായിരുന്നു.
പിന്നീട് ഇടയ്ക്കൊക്കെ ആ ബുക്കെടുത്ത് നോക്കുമായിരുന്നു. ചില രാത്രികളിൽ മുഖത്തോട് ചേർത്ത് വെച്ച് കണ്ണടച്ച് പിടിച്ച് ഉറങ്ങും. ആ അക്ഷരങ്ങളിൽ നിന്ന് സ്വപ്നത്തിലെങ്കിലും അവളിറങ്ങി വരുമെന്നോർത്ത്!
എനിക്കായ് എന്താണവൾ അതിനുള്ളിൽ കരുതിയിരിക്കുന്നത്? ഓരോ പേജും അരിച്ച് പെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഒടുവിൽ ആ പഴകിയ ബ്രൗൺ പേപ്പർ അഴിച്ച് നോക്കി. കുനുകുനാന്ന് ചെറിയക്ഷരത്തിൽ ആ നോട്ട് ബുക്കിൻ്റെ പുറം മുഴുവൻ എന്തോ എഴുതി വെച്ചിരിക്കുന്നത് കണ്ടു.കണ്ണിനോട് ചേർത്ത് സൂക്ഷിച്ച് നോക്കിയപ്പോൾ മനസ്സിലായി എൻ്റെ പേരിനോട് ചേർത്ത് അവളുടെ പേരും എഴുതി വെച്ചിരുന്നു ആ പുറം മുഴുവനും!
വേഗം തന്നെ താഴേ ചെന്ന് ക്യാമറ ഓൺ ചെയ്ത് ഫോട്ടോ എടുത്തു ശ്രുതിക്ക് അയച്ചു കൊടുത്തു. കിതപ്പോടേ ബെഡ്ഡിലേക്ക് മറിഞ്ഞപ്പോഴാണ് ക്ലോക്കിലെ ടൈം ശ്രദ്ധിക്കുന്നത്.
ചെറിയ സൂചിയും വലിയ സൂചിയും ഒരു നിമിഷത്തെ ആലിംഗനത്തിന് ശേഷം അകന്നിരുന്നു അന്നേരം!