സാരിത്തുമ്പ് എടുത്ത് അവൻ്റെ തല നന്നായി തോർത്തിക്കൊടുത്തു. അപ്പോഴാണ് അവൻ്റെ കണ്ണ്……

Story written by Sanal Sbt

“അമ്മേ ഞാൻ ഇറങ്ങുവാ .”

“നീ ചോറ് എടുത്തോ മോനെ. “

“ഹോ വേണ്ട ഞാൻ കാൻ്റീനിൽ നിന്ന് കഴിച്ചോളാം’ “

“ഇതൊക്കെ പിന്നെ ആർക്ക് വേണ്ടിയാ രാവിലെ തന്നെ ഞാൻ വെച്ചുണ്ടാക്കുന്നത്. നിക്ക് ചോറ് എടുത്തിട്ട് പോയാൽ മതി നീ. “

“ഈ അമ്മേടെ ഒരു കാര്യം ഇപ്പോഴും ഞാൻ കൊച്ചു കുട്ടിയാ എന്നാ വിചാരം.”

” അതെ എല്ലാ അമ്മമാരുടെ കണ്ണിലും മക്കൾ എത്ര വളർന്നാലും കൊച്ചു കുട്ടികളാ.”

“അമ്മ രാവിലെ തുടങ്ങിയോ ഈ പഴമ്പുരാണം നേരം വൈകിയമ്മേ ഞാൻ ഇറങ്ങാൻ നോക്കട്ടെ.”

കിരൺ പോർച്ചിൽ കിടന്നിരുന്ന ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് നിർത്തി. അപ്പോഴേയ്ക്കും ഊർമിള ചോറ്റുപാത്രം സാരിത്തുമ്പ് കൊണ്ട് തുടച്ച് അവൻ്റെ ബാഗിൽ വെച്ചു കൊടുത്തു. ഗെയ്റ്റ് തുറന്ന് കിരൺ റോഡിലേക്ക് ഇറങ്ങാൻ നോക്കിയതും പാറു വീട്ടിലേക്ക് ഓടിക്കയറി വന്നതും ഒരുമിച്ചായിരുന്നു.

“അമ്മേ ഇതെ പാറു വരുന്നുണ്ട് അടുക്കളയിൽ ഉള്ള ബേക്കറി മൊത്തെം എടുത്തു മാറ്റിക്കോ ഇല്ലേൽ പിന്നെ എല്ലാം അവൾ കാലിയാക്കും കൊതിച്ചി.”

കിരൺ മുറ്റത്തു നിന്ന് വിളിച്ച് പറഞ്ഞതും പാറു അവൻ്റെ മുതുകിനിട്ട് ഒരു അടി കൊടുത്തതും ഒരുമിച്ചായിരുന്നു.

“ബാക്കി കോളേജ് വിട്ട് വന്നിട്ട് തരാം ട്ടോ.”

” ഹോ ഈ പെണ്ണിൻ്റെ ഒരു കാര്യം. നിനക്ക് ഇന്ന് ക്ലാസില്ലേ പാറൂസേ .”

” ഇല്ലാ സ്റ്റഡി ലീവാണ്.”

” എന്നാൽ പതുക്കെ പോ പെണ്ണെ ഇല്ലേൽ തട്ടിത്തടഞ്ഞ് അവിടെണ്ടാനും വീഴും നീ.”

“ങ്ങാ ശരി. “

പാറൂസ് ഇരുകരങ്ങൾ കൊണ്ടും പട്ടുപാവാട ഒന്നൂ കൂടി പൊക്കിപ്പിടിച്ച് നേരെ മുറ്റത്ത് നിന്ന് കിരണിൻ്റെ വീട്ടിലേക്ക് ഓടിക്കയറി .അവൻ ബുള്ളറ്റും എടുത്ത് നേരെ റോഡ് സൈഡിൽ ഉള്ള തൊട്ടടുത്ത വീടിൻ്റെ ഗെയ്റ്റിന് മുൻപിൽ വണ്ടി നിർത്തി. ഗെയ്റ്റ് തള്ളിത്തുറന്ന് വീടിൻ്റെ അകത്തേക്ക് കയറി.

“അച്ചുവേച്ചി എവിടെ അമ്മേ ?”

“ആ ആരിത് കിച്ചുവോ? “

മുറ്റം തൂക്കുന്ന അവർ തിരിഞ്ഞ് നിന്നു ചോദിച്ചു. ഇതാണ് അച്ചുവിൻ്റെയും പാറുവിൻ്റെയും അമ്മ സരസ്വതി .

“ഹോ അവൾ കണ്ണാടിയുടെ മുന്നിൽ തന്നെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങീട്ടില്ല .”

“അയ്യോ ഇപ്പോൾ തന്നെ നേരം വൈകി. “

കിരൺ അച്ചുവിൻ്റെ റൂമിലേക്ക് ഓടിക്കയറി

” അച്ചുവേച്ചി മെയ്ക്കപ്പ് ഒന്നും ഇതുവരെ കഴിഞ്ഞില്ലേ. “

“ഹാ കഴിഞ്ഞു ഈ സാരിയൊന്ന് ഉടുക്കട്ടെ .”

“ൻ്റെ മാതാവേ സാരി ഉടുക്കുന്ന കോലമാണോ ദേ ഈ കാണുന്നത്. ഇതെന്താ കല്യാണത്തിന് പന്തല് വലിച്ച് കെട്ടുവാണോ? “

” കിച്ചൂ ഇത് ഉടുത്താൽ നിക്കണില്ലെടാ . “

“അപ്പോ അറിയാവുന്ന പണിക്ക് നിന്നാൽ പോരെ ?”

” അതിപ്പോ കോളേജിൽ ആട്സ് ഡേ ഒക്കെയല്ലേ പിന്നെ എൻ്റെ എല്ലാ ഫ്രണ്ട്സും ഇന്ന് സാരിയാണ് ഉടുക്കുന്നത് സോ ഞാനും ഒന്ന് ഉടുത്തു നോക്കി. “

” ആ ബെസ്റ്റ് ഇപ്പോ കാണാൻ അസ്സല് കണ്ണേറുകോലം പൊലെ ആയിട്ടുണ്ട്.”

” നീ നിന്ന് ഡയലോഗ് അടിക്കാതെ ഈ സാരിയുടെ ഞൊറി ഒന്ന് എടുക്കാൻ സഹായിക്ക്.”

” ആ ശരി ഈ തല ഇങ്ങ് താ മറ്റേ തല അച്ചുവേച്ചി പിടിച്ചോ .”

അവൻ സാരിയുടെ മുന്താണി ഓരോന്നോരോന്നായ് കൈവിരലുകൾ കൊണ്ട് മടക്കി. അച്ചു കണ്ണിമ വെട്ടാതെ കിച്ചുവിനെ നോക്കിക്കൊണ്ട് നിന്നു. അവസാനം അവൻ സാരിയുടെ ഞൊറികൾ എല്ലാം പിടിച്ച് അച്ചുവിൻ്റെ അടിവയറിലേക്ക് കുത്തിയിറക്കി. ഒരു നിമിഷം അച്ചുവിൻ്റെ കാലുകൾ രണ്ടും നിലത്തു നിന്ന് ഒരല്പം പൊങ്ങി രോമങ്ങൾ എല്ലാം എണീറ്റ് നിന്നു അവളെ കുളിരണിയിച്ചു കണ്ണുകൾ രണ്ടും കൂമ്പിയടയുന്ന പൊലെ അവൾക്ക് തോന്നി.

“അതെ അച്ചുവേച്ചി നമുക്ക് പോണ്ടേ. “

“ആ പോണം. “

“എന്നാൽ ഇങ്ങ് വാ ഇത് കഴിഞ്ഞു. “

“ശ്ശോ ഈ ചെക്കൻ . അല്ലെടാ കിച്ചൂ നിനക്ക് സാരി ഉടുക്കാൻ പഠിപ്പിച്ചത് ആരാ ?”

“എൻ്റെ അമ്മയ്ക്ക് സാരിയുടെ ഞൊറി പിടിച് കൊടുക്കാറുള്ളത് ഞാനാ അങ്ങിനെ പഠിച്ചതാ. “

“ഓഹോ “

“അച്ചുവേച്ചി വേഗം വന്ന് വണ്ടിയിൽ കയറിക്കേ ഇപ്പോൾ തന്നെ നേരം വൈകി.”

” ഉം. ശരി വാ പോകാം.”

അച്ചു കിരണിൻ്റെ തോളിൽ കൈ വെച്ച് ബുള്ളറ്റിലേക്ക് കയറി ഇരുന്നു.

” അച്ചുവേച്ചീ “

” എന്താടാ”

” ആട്സ് ഡേ ആയിട്ട് പരിപാടിക്കൊന്നും കൂടിയില്ലേ.”

” ഹോ നമ്മളൊക്കെ എന്ത് അവതരിപ്പിച്ചാലും കുറെ യെണ്ണം കാണും കൂവാൻ അതു കൊണ്ട് ഇപ്രാവശ്യം ഒരു പരിപാടിക്കും ഇല്ല. അല്ല നീയോ?”

“അതിന് വായ് നോട്ടം ഒരു മത്സര വിഭാഗം അല്ലല്ലോ” .

“ഹോ നിൻ്റെ കോഴിത്തരം ഇനിയും മാറിയിട്ടില്ല അല്ലേ.”

” ഓ പിന്നെ കാണാൻ കൊള്ളാവുന്ന പിള്ളാരെ ആരാ നോക്കാത്തത്.”

” എന്നിട്ട് എനിക്ക് ലൈൻ ഒന്നും ഇല്ലല്ലോ?”

” ഞാൻ കാണാൻ കൊള്ളാവുന്ന പെമ്പിള്ളാരുടെ കാര്യാണ് പറഞ്ഞത് അല്ലാതെ അച്ചു വേച്ചിയെ പൊലുള്ളവരുടെ കാര്യല്ല .”

” ദേ കിച്ചൂ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.”

അതും പറഞ്ഞ് അച്ചു കിരണിൻ്റെ കവിളിൽ ഒന്ന് നുള്ളി.

” ദേ അടങ്ങി ഇരുന്നോ ഇല്ലേൽ രണ്ടും കൂടി ആ കുളത്തിലോട്ട് വീഴും .”

അച്ചു കിരണിൻ്റെ അടുത്തേക്ക് ഒന്നു കൂടി ചേർന്നിരുന്നു. ഈറനണിഞ്ഞ ഇളം തെന്നൽ അവളുടെ കാർകൂന്തലിനെ തഴുകി തലോടിക്കൊണ്ടിരുന്നു. നെൽപ്പാടത്തിൻ്റെ നടുവിലൂടെയുള്ള ഒറ്റയടിപ്പാത ഇരു വശങ്ങളിലും പൂത്തുലഞ്ഞ് നിൽക്കുന്ന നെൽക്കതിരുകൾ വയലോലകളിലെ കതിർക്കൊത്തി പറക്കുന്ന പച്ച പനം തത്തകൾ .പാടവരമ്പിന്റെ അരികിൽ നിൽക്കുന്ന ചെന്തെങ്ങിൻ ഓലത്തുമ്പത്ത് തൂക്കണാം കുരുവികൾ കൂട്ടുകൂട്ടിയിരിക്കുന്നു. ഒരു വശത്ത് വലിയൊരു ആമ്പൽക്കുളം .കുളത്തിൻ്റെ അടുത്ത് എത്തിയപ്പോഴേക്കും അച്ചുവിന് ഒരാഗ്രഹം..

“കിച്ചൂ എനിക്ക് ഒരു ആമ്പൽ പറിച്ചു തരുമോ? “

“അച്ചുവേച്ചിക്ക് ഇത് എന്തിൻ്റെ കേടാ ഒരു മാതിരി കുഞ്ഞു പിള്ളാരെ പൊലെ ഇതിലും ഭേദം നന്മുടെ പാറുവാ.”

“നിനക്ക് പറ്റുവോ ഇല്ലയോ അത് പറ .”

“ഇപ്പം തന്നെ നമ്മള് ലെറ്റാണ് വൈകിട്ട് പോരെ. “

“പോര എനിക്ക് ഇപ്പം കിട്ടണം. “

അച്ചുവൊന്ന് ശബ്ദം കനപ്പിച്ചു,

” ഹോ ഇനി അതിന് മുഖം കടന്നൽ കുത്തിയ പൊലെ ഊതി പെരുപ്പിക്കണ്ട.”

കിച്ചു ബുള്ളറ്റ് ആമ്പൽ ക്കുളത്തിൻ്റെ അരികിൽ നിർത്തി. പായൽ പിടിച്ച കൽപടവുകളിലൂടെ അവൻ പതിയെ കുളത്തിലേക്ക് ഇറങ്ങി .

” അച്ചുവേച്ചി ആ കിടക്കുന്ന വടി ഇങ്ങ് എടുത്തെ .ഇനി താഴോട്ട് ഇറങ്ങിയാൽ ഞാൻ മൊത്തം നനയും .”

” അങ്ങിനേലും ഒന്ന് വെള്ളം കാണട്ടെടാ ചെക്കാ.”

അച്ചു വടി അവന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

“ദേ ആമ്പല് വേന്നേൽ മിണ്ടാതിരുന്നോ. “

വളരെ കഷ്ട്ടപ്പെട്ട് നാലഞ്ച് ആമ്പൽ കിച്ചു പറിച്ചെടുത്ത് അച്ചുവിൻ്റെ കൈകളിൽ ഏൽപ്പിച്ചു. സൂര്യകാന്തി പൊലെ അവളുടെ മുഖം വിടർന്നു. ആമ്പൽപ്പൂക്കൾ അവൾ തൻ്റെ മുഖത്തോട് ചേർത്തു പിടിക്കുന്നത് കിരൺ കൗതുകത്തോടെ നോക്കി നിന്നു.

“വാ ഇനി പോവാല്ലോ .”

” ഉം ഇനി പോകാം.”

ഇരുവരും വീണ്ടും ബുള്ളറ്റിൽ കയറി കോളേജിലേക്ക് യാത്രയായി.പാതി വഴിയെത്തിയതും കാർമേഘങ്ങൾ ഉരുണ്ടു കൂടി ഒട്ടും പ്രതീക്ഷിക്കാതെയുള്ള ചാറ്റൽ മഴ ആകാശത്തു നിന്ന് ഭൂമിയിലേക്ക് പതിച്ചതും ഇരുവരും പാതി നനഞ്ഞു.

“അച്ചുവേച്ചീ മഴ ഇനിയും കനക്കും എന്നാ തോന്നുന്നത്. നമ്മുക്ക് അടുത്തുള്ള ആ ബസ്റ്റോപ്പിലേക്ക് കയറി നിന്നാലോ?”

“ഉം. ശരി, എന്നാൽ വേഗം ശ്ശോ ഏത് നേരത്താണാവോ സാരി ഉടുക്കാൻ തോന്നിയത് ഞാൻ ആകെ നനഞ്ഞു.”

കിച്ചു നേരെ അടുത്തുള്ള ബസ്റ്റോപ്പിൽ വണ്ടി നിർത്തി ഇരുവരും അതിനകത്തേക്ക് കയറി നിന്നു.

” ഹോ എന്തൊരു തണുപ്പ് ,”

” ടാ കിച്ചൂ നീയും നന്നായി നനഞ്ഞല്ലോ ഇങ് വാ ഞാൻ തല തോർത്തിത്തരാം ഇല്ലേൽ പനി പിടിക്കും.”

” വേണ്ട ചേച്ചീ അതൊന്നും കുഴപ്പമില്ല.”

” ഇപ്പോ ഞാൻ പറയണത് അങ്ങ് കേട്ടാൽ മതി. “

അച്ചു കിച്ചുവിൻ്റെ കൈ പിടിച്ച് വലിച്ച് അടുത്തേക്ക് നിർത്തി .സാരിത്തുമ്പ് എടുത്ത് അവൻ്റെ തല നന്നായി തോർത്തിക്കൊടുത്തു. അപ്പോഴാണ് അവൻ്റെ കണ്ണ് പെട്ടെന്ന് അച്ചുവിൻ്റെ മാ റിടത്തിൽ ഒന്നുടക്കിയത് കഴുത്തിലൂടെ ഒലിച്ചിറങ്ങിയ പളുങ്കു പോലുള്ള വെള്ളത്തുള്ളികൾ അവളുടെ മാ റിടത്തിലേക്ക് ഊർന്നിറങ്ങുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു. അച്ചു കിച്ചുവിനെ ഒന്നുകൂടി ചേർത്ത് നിർത്തി ആ നിമിഷം അവൻ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു.

“ആ മതി മതി ഇനിയും മഴ നനയാനുള്ളതല്ലേ. “

“ഉം. എന്താടാ ഇടയ്ക്ക് വെച്ച് നിൻ്റെ മനസ്സോന്ന് പാളം തെറ്റിയോ? “

“ഒന്നു പോ ചേച്ചി ചുമ്മാ ആളെ കളിയാക്കാതെ. “

അച്ചു കിച്ചുവിനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

ഇതാണ് പറ്റിയ സന്ദർഭം തൻ്റെ ഉള്ളിൽ ഉള്ള ഇഷ്ട്ടം കിച്ചുവിനോട് തുറന്നു പറഞ്ഞാലോ അച്ചുവിൻ്റെ മനസ്സ് മന്ത്രിച്ചു. ഹേയ് ഇല്ലേൽ വേണ്ട ചിലപ്പോൾ അവൻ എന്നെ ഒരു മോശം സ്ത്രീയായി കണ്ടാലോ ഒന്നും ഇല്ലെങ്കിലും അവനേക്കാൾ രണ്ടു വയസ്സ് മൂത്തതല്ലേ ഞാൻ അവൻ്റെ മനസ്സിൽ അങ്ങിനെ ഒന്നും ഉണ്ടാവില്ല ഞാനായിട്ട് ഇനി അവൻ്റെ ഉള്ള സ്നേഹം കളയണ്ട അച്ചു മൗനം പാലിച്ചു. മറുപുറത്ത് ഇതു തന്നെയായിരുന്നു കിച്ചു വിൻ്റെ മനസ്സിലും ഹോ ചേച്ചി സ്വന്തം അനിയനെ പൊലെയാവും എന്നെ കണ്ടിട്ടുണ്ടാവുക ഇഷ്ടം തുറന്ന് പറഞ്ഞ് ഇനി ഞാനൊരു മോശക്കാരൻ ആവണ്ട അങ്ങിനെയൊക്കെ ചിന്തിക്കുന്നത് തന്നെ തെറ്റാണ്. കിച്ചു സ്വന്തം മനസ്സിനെ പറഞ്ഞ് പിൻതിരിപ്പിച്ചു ഇരുവരും മനസ്സിലുള്ള ഇഷ്ടം പരസ്പരം തുറന്ന് പറയാതെ യാത്ര തുടർന്നു.

നന്മുടെ എല്ലാവരുടേയും ജീവിതത്തിൽ കാണും ഇതുപൊലെ ചില ഇഷ്ടങ്ങൾ നമുക്ക് അത് ഒരിക്കലും തുറന്ന് പറയാനും കഴിയില്ല അവരെ വിവാഹം ചെയ്യാനും പറ്റില്ല പക്ഷേ മരണം വരെ അവരുടെ ഓർമ്മകൾ നന്മുടെ കൂടെ ഉണ്ടാവും വെറുതെ ഇരിക്കുന്ന പല സന്ദർഭങ്ങളിലും നമ്മൾ അതോർത്ത് ദു:ഖിക്കാറും ഉണ്ട് അതാണ് ഈ ജീവിതം എന്ന് പറയുന്നത് ആഗ്രഹിച്ചത് എല്ലാം കിട്ടിയാൽ പിന്നെ ജീവിതത്തിന് എന്ത് അർത്ഥമാണ് ഉള്ളത് അല്ലേ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *