അതിന് എപ്പോഴും മണ്ടത്തരം മാത്രം ചെയ്യുന്ന അമ്മയ്ക്കാണോ എഴുതാൻ സബ്ജക്ട് ഇല്ലാത്തെ” . മോനാണ് ഒന്നല്ലേ ഉള്ളൂന്ന് കരുതി ലാളിച്ചു എന്റെ…….

ഏയ്യ് ഞാൻ മണ്ടിയാണോ

Story written by Nisha Suresh Kurup

നിത്യ എന്ന ഞാൻ രാവിലെ എഴുന്നേറ്റ് ചായയിടാൻ തുടങ്ങിയപ്പോൾ നോട്ടിഫിക്കേഷൻ സൗണ്ട് . ഫോണെടുത്ത് ഓപ്പൺ ചെയ്ത ഞാൻ അതും കൊണ്ട് ഉറങ്ങി കിടന്ന കെട്ടിയോനെ വിളിച്ചുണർത്തി .

” ചേട്ടാ എഴുത്തുകാരുടെ ഗ്രൂപ്പിൽ ചലഞ്ച് വന്നു. എന്റെ മണ്ടത്തരത്തെ കുറിച്ച് എഴുതാൻ. ഞാൻ എന്ത് എഴുതും ഓർമയിൽ ഒന്നും വരുന്നില്ലല്ലോ”.

“അതിന് എപ്പോഴും മണ്ടത്തരം മാത്രം ചെയ്യുന്ന അമ്മയ്ക്കാണോ എഴുതാൻ സബ്ജക്ട് ഇല്ലാത്തെ” . മോനാണ് ഒന്നല്ലേ ഉള്ളൂന്ന് കരുതി ലാളിച്ചു എന്റെ മെക്കിട്ടു തന്നെ കയറുന്നു. ചേട്ടൻ സമ്മതിക്കും മട്ടിൽ ചിരിയോട് ചിരി . ഞാനെന്താ കോമഡി പീസാണോ ഇവർക്കൊക്കെ .ഏയ് ഞാൻ സംഭവം തന്നെയാ .സ്വയം ആശ്വസിച്ചു ചായയും കൊണ്ട് സിറ്റൗട്ടിൽ പോയി വായിൽ നോക്കി ഇരുന്നു. ..

അപ്പോഴാണ് മുത്തുമണി ഗേറ്റിന് പുറത്ത് നിന്ന് എന്നെ കണ്ട് വാലാട്ടുന്നത് കണ്ടത് .ഗേറ്റ് തുറക്കാൻ എന്തോ ശബ്ദവും പുറപ്പെടുവിക്കുന്നുമുണ്ട്. ‘.വെറുതെയാ മതിലുചാടി കടക്കുന്നവനാ ഇന്ന് എന്നെ കണ്ട് മര്യാദ കാണിക്കുന്നത്. മുത്തുമണി ആരാന്നല്ലേ .

‘ അത് വഴി ഇത് വഴി വായും നോക്കി നടന്ന നായ. ഒരിക്കൽ പാവം തോന്നി ആഹാരം കൊടുത്തു. അതിനു ശേഷം എവിടെ വെച്ചു കണ്ടാലും സ്നേഹമാണ്. പിന്നെ എന്നും വരും. മുറ്റത്ത് കയറും. അവിടെ കിടക്കും. കളിക്കും. അതിനെ പോയി തൊടല്ലേന്നു ചേട്ടൻ പറയും. ആരു കേൾക്കാൻ . ഞാനും അതെ മോനുമതെ ലാളിക്കും. സ്നേഹം തോന്നി ഞാൻ ഇട്ട പേരാണ് മുത്തുമണി.

മോൻ കളിയാക്കി. പെണ്ണിന്റെ പേരാണോ ആൺ പട്ടിക്ക് ഇടുന്നതെന്ന് .ഞാൻ കാര്യമാക്കിയില്ല അങ്ങനെ തന്നെ വിളിച്ചു. അവന്റെ വാലാട്ടൽ കണ്ട് ഗേറ്റ് തുറന്നു കൊടുത്തു .അവൻ മുട്ടിയുരുമ്മി നമസ്ക്കരിച്ച് സ്നേഹ പ്രകടനമൊക്കെ നടത്തി സോപ്പിട്ട് ആഹാരത്തിനായി അടുക്കള വശത്തേക്ക് ഓടി. ആഹാരo കൊടുത്ത് അവനെ തന്നെ നോക്കി നിന്നപ്പോഴാണ് അന്നത്തെ ആ ദിവസം ഓർമ വന്നത്..ആ കോവിഡ് കാലത്ത് എങ്ങും പോകാൻ പറ്റാത്ത സമയം.എനിക്ക് വീട്ടിൽ പോണം അമ്മയെ കാണണം , എന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഞാൻ . ആ സമയത്താണ് പുതിയ പുതിയ പാചക പരീക്ഷണങ്ങളിലേക് ഇറങ്ങിയത്. നോക്കിയപ്പോൾ നാത്തൂനൊക്കെ എന്നും ഓരോന്ന് ഉണ്ടാക്കി ഫോട്ടോ അയച്ചു തരാനേ നേരമുള്ളു .അതു കൂടാതെ നാത്തൂൻ ഉണ്ടാക്കിയത് കഴിച്ചിട്ട് അച്ഛൻ വിളിക്കും

അവൾ ഉണ്ടാക്കിയ വട , കോൺഫ്ലോർ ഹൽവ , ചക്കഷേക്ക് , മുറുക്ക് , അച്ചപ്പം , കുഴലപ്പം എന്നു വേണ്ട എന്തൊക്കെയോ വായിൽ കൊള്ളാത്ത പേരുകൾ പറഞ്ഞിട്ട് എന്ത് ടേസ്റ്റ് ആണെന്നറിയോ അച്ഛന്റെ വക ഗുഡ് സർട്ടിഫിക്കറ്റ് .

.എന്റെ അച്ഛാ എനിക്കറിഞ്ഞൂടെ പുറത്തൊന്നും പോയി വാങ്ങി കഴിക്കാൻ പറ്റാഞ്ഞിട്ടു മരുമോളെ സോപ്പിടുന്നതാണെന്ന് . അച്ഛനാരാ മോൻ . ഞാൻ ഇങ്ങനെ ചിന്തിച്ചു ഫോണും കൈയ്യിൽ പിടിച്ചു നിന്നപ്പോഴാണ് നാത്തൂൻ അവിടെ പറയുന്നത് കേട്ടത് .അച്ഛന് ഞാൻ നാളെ റവ ലഡു ഉണ്ടാക്കി തരാന്ന്. അച്ഛൻ അവളെ പൊക്കിയത് ഏറ്റു. നാളെയും പുതിയ ഐറ്റം. പിന്നെ എപ്പോഴോ അമ്മ വിളിക്കുന്നു . അവൾ പെറോട്ട ഉണ്ടാക്കി കൊടുത്തു.കടയിൽ നിന്നും കഴിക്കുന്ന അതേ രുചി. പിന്നെ ഇപ്പോൾ അരി കൊണ്ടുള്ള വടയുണ്ടാക്കാൻ പോണു .ഒട്ടും അസൂയ ഇല്ലാത്ത ഞാൻ പറഞ്ഞു..

“എല്ലാം കൂടി കഴിച്ചു കൊട് അമ്മയ്ക്ക് കൊളസ്ട്രോൾ , ഷുഗറൊക്കെ കൂടട്ടെ. നേരാവണ്ണം ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത സമയമാ . അവള് അമ്മായി അമ്മയുടെ ശല്യം പെട്ടന്ന് തീരാൻ ചെയ്യുന്നതാ “. ഏറ്റില്ല അമ്മയ്ക്ക് എന്നെയും അവളെയും നല്ലപോലെ അറിയാം എന്റെ ഏഷണി ഏറ്റില്ല. അമ്മയുടെ അടുത്ത് നിന്ന് വഴക്കും കിട്ടി. ഫോൺ കട്ട് ചെയത് ഞാൻ വാട്ട്സ് ആപ്പ് നോക്കിയപ്പോൾ നാത്തൂൻ അയച്ച പെറോട്ട ചിരിക്കുന്നു. അത് കഴിഞ്ഞ് സ്റ്റാറ്റസ് നോക്കിയപ്പോൾ കൂട്ടുകാരികളും ഓരോന്ന് ഉണ്ടാക്കിയ ഫോട്ടോകൾ ഇട്ടേക്കുന്നു. ഇനി വെറുതെ ഇരുന്നാൽ ശരിയാവില്ല എനിക്കുo എന്തെങ്കിലും ഉണ്ടാക്കിയേ പറ്റൂ.

ടിവിക് മുന്നിൽ ഇരിക്കുന്ന ചേട്ടന്റെയും മോന്റെയും ഇടയിൽ കയറി ഇരുന്നു, ഞാൻ പറഞ്ഞു “നാളെ മുതൽ നിങ്ങൾ വെറൈറ്റി ഫുഡുകൾ കഴിക്കും.

നോക്കിക്കോ. ഓരോ ദിവസം ഓരോ ഐറ്റം. എന്നിട്ട് സ്റ്റാറ്റസ് ഇടണം” . അച്ഛനും മോനും മുഖത്തോട് മുഖം നോക്കി വേണ്ടാന്നുള്ള ഭാവം രണ്ട് പേർക്കും . വാചകത്തിൽ സോറി പാചകത്തിൽ ഞാൻ അത്രയും മിടുക്കിയാണെന്ന് അവർക്കറിയാം. രണ്ട് ദിവസമായും തീരാത്ത പുളി കൂടിയ സാമ്പാർ ഓർത്ത് ചേട്ടൻ ഏമ്പക്കം വിട്ടു. മധ്യഭാഗം കരിഞ്ഞ അപ്പം മോന്റെ മുന്നിലൂടെയും ഓടിപ്പോയി. ഞാൻ വിടാൻ കൂട്ടാക്കിയില്ല.

” മോൻ പറ അല്ലെങ്കിൽ ചേട്ടൻ പറ നാളെ എന്ത് ഉണ്ടാക്കണം” . ആരും പറഞ്ഞില്ല .ഞാൻ തന്നെ പറഞ്ഞു. “നാളെ ഉച്ച കഴിഞ്ഞ് ഞാൻ കേക്ക് ഉണ്ടാക്കി തരാം വൈറ്റ് ഫോറസ്റ്റ് “
.
” ആദ്യം വല്ല ചെറിയ ഐറ്റംസിലും പിടിക്ക് .കേക്കുണ്ടാക്കാൻ വല്ലതും ഇവിടെ ഉണ്ടോ . സാധനങ്ങളൊക്കെ ഇനി ആഴ്ച അവസാനം അല്ലെ വാങ്ങാൻ പറ്റു” ചേട്ടൻ എനിക്കിട്ട് ഒരു കൊട്ടും തന്നു. “ഭാഗ്യം സാധനങ്ങൾ ഇല്ലാത്തത് അല്ലെങ്കിൽ ബ്ലാക്ക് ഫോറസ്റ്റേ വെറുത്തേനെ ” മോൻ ആശ്വാസത്തോടെ പറയുന്നു.

ഇവൻ എന്റെ മോൻ തന്നെയാണോ ഈയിടയായി കളിയാക്കൽ കുറച്ച് കൂടുന്നില്ലേ . ഇനി ഹോസ്പിറ്റലിൽ നിന്ന് കുഞ്ഞു മാറിയത് വല്ലതും .ഏയ് അതാവാൻ വഴിയില്ല. അവിടെ ആ സമയത്ത് പ്രസവിക്കാൻ ഞാനല്ലേ ഉള്ളായിരുന്നു.

എന്തുണ്ടാക്കാനും യൂട്യുബിൽ തപ്പുന്ന ഞാൻ യൂട്യൂബിൽ വീണ്ടും സെർച്ച് ചെയ്തു. ഹൽവ കണ്ടുപിടിച്ചു. ഈസിയായി ഉണ്ടാക്കാവുന്ന ഗോതമ്പ് ഹൽവ ..”കിട്ടിപ്പോയി കിട്ടിപ്പോയി ഞാൻ തുള്ളി ചാടി “. വിധിയെന്ന് പറഞ്ഞ് ചേട്ടനും, മോനും എഴുന്നേറ്റ് പോയി. അങ്ങനെ ഞാൻ ഹൽവ ഉണ്ടാക്കുന്ന ടാസ്കിലേക്ക് കടന്നു. ഏപ്രണനൊക്കെ കെട്ടി ഭയങ്കര സ്റ്റെലിൽ പാട്ടും പാടി ഗോതമ്പ് മാവ് ഒരു പാത്രത്തിൽ തട്ടിയിട്ടു. അവര് പറഞ്ഞതു പോലെ പാത്രം അടുപ്പിൽ വെച്ചു സൺഫ്ലവർ ഓയിൽ ഒഴിച്ചു. ചൂടായപ്പോൾ മാവ് തട്ടിയിട്ടിട്ട് ഇളക്കി പകുതി പരുവമായപ്പോൾ പഞ്ചസാര ലായനി അവര് പറഞ്ഞതിനെക്കാൾ കൂടുതൽ ഒഴിച്ചു.

മധുരപ്രിയരാണല്ലോ വീട്ടിൽ എല്ലാവരും . അവസാനം കട്ടിയായപ്പോൾ ബൗളിലേക്ക് കോരി ഒഴിച്ചു. അയ്യോ പറയാൻ മറന്നു ഇടയ്ക്ക് ഏലയ്ക്കാ പ്പൊടിയും വിതറിയായിരുന്നു.എന്നിട്ട് ബൗളിൽ ഒഴിച്ച ഹൽവാ മിശ്രിതത്തിന്റെ മുകളിൽ അണ്ടിപരിപ്പ് തലങ്ങും വിലങ്ങും വാരി വിതറി പിന്നെ ഫോട്ടോ എടുക്കാൻ ഉള്ളതല്ലെ . തണുക്കാൻ മാറ്റി വെച്ചു.

അരമണിക്കൂർ സമയം ഉണ്ടല്ലോ തണുക്കാൻ .നാത്തൂനെ വിളിച്ച് കത്തി വെച്ചു. സെറ്റായിട്ട് നിനക്ക് പിക് അയച്ചു തരാന്ന് പറഞ്ഞു. അങ്ങനെ ആ സമയം വന്നെത്തി. ഞാൻ ചേട്ടനെയും മോനെയും കൂട്ടി വന്ന് ഡൈനിംഗ് ടേബിളിൽ ഹൽവ കൊണ്ടു വെച്ചിട്ട് കത്തിയും എടുത്ത് അടുത്ത് വെച്ചു.

മോനോട് ആദ്യം ഫോട്ടോ എടുക്കണമെന്ന ഓർഡറും കൊടുത്തു.

ഹൽവ ബൗൾ വല്യ പ്ലേറ്റിലോട്ട് തട്ടി.

വഴുവഴുത്ത എന്തോ സാധനം പോലെ ഹൽവ ചാടി ടേബിളിൽ കിടന്നു. മോൻ ചിരിയോട് ചിരി “എന്താ അമ്മാ അമ്മയുണ്ടാക്കിയത് തവളയാണോ” . ചേട്ടനും ചിരി അമർത്തി നില്ക്കുന്നു. വിഷമം ആകണ്ടെന്ന് പറഞ്ഞ് ചേട്ടൻ

“അത് സാരമില്ല എടുത്ത് പ്ലേറ്റിൽ വയ്ക്കാൻ പറഞ്ഞു. ഞാൻ ചമ്മിയതറിയിക്കാതെ “അത് എണ്ണയല്ലേ അത് കൊണ്ടാ കറക്ട് പരുവം ആയത് കൊണ്ടാണ് ഇങ്ങനെ ഇളകി വന്നതെന്ന് ന്യായം പറഞ്ഞു.

എന്നിട്ട് പ്ലേറ്റിൽ ഇടാനായി എടുത്തു. അണ്ടി പരിപ്പൊക്കെ അതിന്റെ ജോലി നോക്കി എങ്ങോട്ടെക്കയോ പോയി.

ഞാൻ പതിയെ കത്തി വെച്ചു കക്ഷണങ്ങളാക്കി .എടുത്തു കഴിക്കാൻ അവരോടു പറഞ്ഞു .ഞാനും കഴിക്കാൻ എടുത്തു. ത്പ്പൂന്ന് ….ഒരു ശബ്ദം കേട്ട് നോക്കിയപോൾ ചേട്ടൻ ഹൽവ വലിയ ശബ്ദത്തിൽ തുപ്പി കളഞ്ഞു. മോൻ ഇറക്കാനും വയ്യ തുപ്പാനും വയ്യാതെ എന്നെ നോക്കി കണ്ണുരുട്ടി .

ഞാൻ പതിയെ കടിച്ചു നോക്കി.

എണ്ണയുടെ വല്ലാത്ത ഗന്ധം വായിൽ വയ്ക്കാൻ വയ്യ .എന്നിട്ടും അവരെ കാണിക്കാൻ വേണ്ടി കടിച്ചു. മധുരവും എണ്ണയും എല്ലാം കൂടി കലർന്ന ഒരു പ്രത്യേകതരം വൃത്തികെട്ട രുചി.

ഓടി വാഷ്ബേസിനിൽ തുപ്പി കളഞ്ഞു. അവരെ നോക്കാനുള്ള മടി കൊണ്ട് തലയും ചൊറിഞ്ഞു നിന്നു . “നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത പണിക്കൊന്നും പോണ്ടാന്ന് . ഉള്ള എണ്ണയും , പഞ്ചസാരയും, ഗോതമ്പും എല്ലാം തീർത്തു”.

“അമ്മാ ഇത്രയും ചതി വേണ്ടായിരുന്നു ഉണ്ടാക്കുന്ന സ്റ്റെലൊക്കെ കണ്ടപ്പോൾ ഇപ്പോൾ കഴിക്കാന്ന് കൊതിച്ചു പോയി”

മോനും വിടാൻ ഭാവമില്ല .ഞാനിപ്പോൾ കരയും. ” ഇനി പോട്ടെ എടുത്ത് തെങ്ങിന്റെ ചോട്ടിൽ കളഞ്ഞേക്ക് ” ചേട്ടൻ പറഞ്ഞു. “അതിനിവിടെ തെങ്ങില്ലല്ലോ ” ഞാൻ നിഷ്കളങ്കയായി പറയുന്ന കേട്ട് ചേട്ടനും മോനും അറിയാതെ പൊട്ടിച്ചിരിച്ചു. കറക്റ്റ് ആ സമയത്ത് വാട്ട്സ് ആപ്പിൽ മെസേജ് വന്നു. നാത്തൂൻ ഉണ്ടാക്കിയ കപ്പ കട്ലറ്റ് . അത് കണ്ട് വെള്ളമിറക്കിയ ഞാൻ വീണ്ടും ഹൽവ സെർച്ച് ചെയ്തു.

അവര് ഒരു കിലോ ഹൽവക്ക് പറഞ്ഞ അളവാണ് ഞാൻ അരക്കിലോ ഹൽവയിൽ ചേർത്തത് .ചുമ്മാതാണോ ഇങ്ങനെ എണ്ണയിൽ നീന്തുന്നത്. ഞാൻ ഹൽവ കൊണ്ടു പോയി മുത്തുമണിക്ക് കൊടുത്തു് . ഓടി ചാടി വന്ന് മണപ്പിച്ച അവൻ എന്നെ ഒരു നോട്ടം .എന്നിട്ട് ഓരിയിടും പോലെ ശബ്ദമുണ്ടാക്കി..”അവന്റെ ഭാഷയിൽ തെ റി വിളിച്ചതാണ്” മോൻ പറഞ്ഞു ചിരിച്ചു . “പട്ടിക്ക് പോലും വേണ്ട “

ചേട്ടനും കൂടെ ചിരിച്ചു . മുത്തുമണി അതേ നോട്ടവുമായി നിന്നു .

“എന്നാലും മുത്തുമണീ നിനക്കെങ്കിലും എന്റെ മാനം രക്ഷിച്ചു കൂടായിരുന്നോ” ഞാൻ ഉച്ചത്തിൽ ചോദിച്ചു….

NB: ഇതു നിത്യയുടെ മാത്രം മണ്ടത്തരമാണ് എന്റെയല്ലാന്ന് നിത്യ പറയാൻ പറഞ്ഞു😍

Related Posts

Leave a Reply

Your email address will not be published. Required fields are marked *