അന്നും വാങ്ങിയ ലോട്ടറി പാന്റ്സിന്റെ ഉൾപ്പോക്കറ്റിലിട്ട് ബാക്കി തന്ന പൈസ പേഴ്സിൽ തിരുകി അവരെ നോക്കി ഒരു ഇളിയും പാസാക്കി……

ലോട്ടറി ടിക്കറ്റ്

എഴുത്ത് :- രാജീവ്‌ രാധാകൃഷ്ണപണിക്കർ

ഔസേപ്പിന്റെ മനസ്സ് ലോലമാണ്.

മനസ്സിൽ എല്ലായ്പ്പോഴും അന്യരെ സഹായിക്കണമെന്ന ചിന്തയും.

അന്യരുടെ അവശത കണ്ടാൽ സഹതാപം തോന്നും.

പക്ഷേ സിഗ്നലിനു സമീപത്തെ ലോട്ടറി വില്പനക്കാരിയിൽ നിന്നും എന്നും ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് അവരോടുള്ള സഹതാപത്തോടൊപ്പം ലോട്ടറി എങ്ങാനും അടിച്ചാൽ പിന്നെ പണിക്കു പോകാണ്ട് നാട്ടുഭരണവുമായി നടക്കാമല്ലോ എന്ന സത്ചിന്തകൊണ്ട് കൂടിയായിരുന്നു

അന്നും വാങ്ങിയ ലോട്ടറി പാന്റ്സിന്റെ ഉൾപ്പോക്കറ്റിലിട്ട് ബാക്കി തന്ന പൈസ പേഴ്സിൽ തിരുകി അവരെ നോക്കി ഒരു ഇളിയും പാസാക്കി അന്നത്തെ ദൈനംദിന കർമ്മങ്ങളിൽ വ്യാപൃതനായതോടെ ലോട്ടറിയെക്കുറിച്ചു മറന്നു.

പിറ്റേന്ന് രാവിലെ സിഗ്നലിനു മുന്നിൽ ലോട്ടറിക്കാരി തടഞ്ഞു നിർത്തിയപ്പോഴാണ് ലോട്ടറിയെക്കുറിച്ച് ഓർമ്മയിൽ വന്നത്.

“ചേട്ടാ ഇന്നലത്തെ ടിക്കറ്റിന് ഒന്നാം സമ്മാനം ചേട്ടനാ . ചേട്ടൻ വരുന്നതും കാത്ത് നിൽക്കായിരുന്നു. ആ നമ്പർ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട് “

ലോട്ടറിക്കാരിയുടെ വാമൊഴി കേട്ട്ആ ക്രാന്തത്തോടെ പാന്റ്സിന്റെ പോക്കറ്റിൽ തപ്പി.

ടിക്കറ്റ് കാണ്മാനില്ല.

പാന്റ്സ് വേറെയാണ്.

ടിക്കറ്റ് മാറിയ പാന്റ്സിന്റെ പോക്കറ്റിലും.

ലോട്ടറിക്കാരിക്ക് നന്ദിയും ചൊല്ലി വണ്ടി വീട്ടിലേക്ക് തിരിച്ചു.

രാവിലെ കെട്ടിയൊരുങ്ങിപ്പോയ കെട്ട്യോൻ കെട്ടും ഭാണ്ഡവുമായി വിറളി പിടിച്ചു വന്നിരിക്കുന്നത് കണ്ട് പെൺപിറന്നോത്തി പരിഭ്രമിച്ചു.

കാര്യമെന്തെന്നു ചോദിച്ചത് പോലും കേൾക്കാതെ ആള് അകത്തേക്കൊടുന്നത് കണ്ട് പിന്നാലെയോടി.

ഔസപ്പ് മുറിയിലേക്കോടിക്കറി അഴയിൽ പാന്റ്സ് തിരഞ്ഞു.

കാണ്മാനില്ല

“എട്യേ മറിയാമ്മോ ഇന്നലത്തെ പാന്റ്സ് എവിടെ?”

“ഞാനത് അലക്കിയല്ലോ!”

“അതിനകത്തു വല്ലതും ഉണ്ടായിരുന്നോ?”

“ഒലക്കേടെ മൂട് ഉണ്ടായിരുന്നു! നിങ്ങളുടെ പോക്കറ്റിലല്ലേ! നയാ പൈസ ഉണ്ടായിരുന്നില്ല.”

“എടീ ലോട്ടറി ഉണ്ടായിരുന്നോ എന്ന്?”

‘ലോട്ടറിയോ ഞാൻ കണ്ടില്ല.”

“എന്റെ ജീവിതം തുലച്ചല്ലോടി —മോളെ.”

കൊടത്തു ചെപ്പക്കുറ്റിക്കിട്ടൊന്ന്.

പെട്ടെന്നൊരു കിക്ക് കൊണ്ട് താഴേക്കു വീഴുന്നതറിഞ്ഞു.

“പാതിരാത്രി കുടീം കഴിഞ്ഞു വന്ന് കിടക്കാൻ പോലും സ്വൈര്യം തരില്ലല്ലോ കർത്താവെ!” എന്നൊരു ഡയലോഗും.

വീണു കിടക്കുന്നിടത്തു നിന്നും പിടഞ്ഞെണീറ്റ് ലൈറ്റിട്ടു.

നോക്കുമ്പോൾ ജയജയജയഹോ സ്റ്റൈലിൽ മറിയാമ്മ.

അപ്പൊ ലോട്ടറിക്കാര്യം സ്വപ്നം കണ്ടതാ.

ലോട്ടറിയുമില്ല ലോട്ടറിക്കാരിയുമില്ല.

എല്ലാം മായ.

തലയിണയുമെടുത്ത് സോഫയിൽ കിടക്കാമെന്നു കരുതി സ്വീകരണ മുറിയിലേക്ക് നടക്കുമ്പോൾ നാളെയും ലോട്ടറി എടുക്കണം എന്ന ചിന്തയായിരുന്നു മനസ്സിൽ .ഇനി എങ്ങാനും അടിച്ചാലോ!

.

Related Posts

Leave a Reply

Your email address will not be published. Required fields are marked *