ആറ് വർഷമായി ഓടുന്ന ഓട്ടമാണ്. എത്ര ഹോസ്പിറ്റലുകൾ.. എത്രയെത്ര ഡോക്ട൪മാ൪.. എത്ര രൂപയുടെ മരുന്നുകൾ…..

സ്വാസ്ഥ്യം

എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.

അരുൺ യാത്രയിലുടനീളം തള൪ന്നുകിടക്കുകയായിരുന്നു. ആറ് വർഷമായി ഓടുന്ന ഓട്ടമാണ്. എത്ര ഹോസ്പിറ്റലുകൾ.. എത്രയെത്ര ഡോക്ട൪മാ൪.. എത്ര രൂപയുടെ മരുന്നുകൾ.. ഒന്നിനും സ്വാസ്ഥ്യം നൽകാനായില്ല.

സ്വാമിജി പത്തരക്കാണ് അപ്പോയിന്റ്മെന്റ് തന്നിരിക്കുന്നത്. പത്തേകാലായി.. വേഗം..

നന്ദ ഡ്രൈവറോട് തിരക്ക് കൂട്ടി.

റോഡിൽ അധികം വാഹനങ്ങളൊന്നും ഓടുന്നുമില്ല, പിന്നെന്തേ അവിനാശ് ഇത്ര പതുക്കെ എന്ന് ‌ചിന്തിച്ചുകൊണ്ട് അരുൺ സീറ്റിൽ തലചായ്ച് കിടന്നു.

ആശ്രമത്തിന്റെ പടി കടക്കുമ്പോൾ തന്നെ കണ്ടു, തണൽവിരിച്ച മുറ്റത്ത് സ്വാമിജി ഉലാത്തുന്നു. ഒന്നുരണ്ടുപേ൪ ചെടികൾക്ക് വെള്ളം നനയ്ക്കുന്നുണ്ട്. കാ൪ നി൪ത്തിയതും പരിചാരക൪ ഓടിവന്നു. പുറത്തിറങ്ങുമ്പോൾ വീഴാനായി വേച്ചുപോയ അരുണിനെ അവ൪ താങ്ങി. നന്ദയും അവിനാശും പെട്ടിയും ബാഗുമായി ഇറയത്തേക്ക് കയറി.

ഓഫീസിലേക്കിരുന്നോളൂ,‌ ദാ ഞാനിതാ വന്നു…

സ്വാമിജി പറഞ്ഞു. തേജസ്സുറ്റ മുഖം. അരുണിന്റെ ഉള്ളിൽ ഒരു കുളിരുവീണു. നന്ദയും അരുണിനെ നോക്കി പുഞ്ചിരിച്ചു. കോമ്പൌണ്ടിനകത്തുള്ള തൊട്ടടുത്ത ബിൽഡിംഗിൽനിന്നും ആളുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. ഏറെപ്പ൪ അവിടെ അന്തേവാസികളായുണ്ട് എന്ന് അവരിരുവരും ഊഹിച്ചു.

നന്ദയുടെ സുഹൃത്ത് സനുഷ പറഞ്ഞുതന്നതാണ് ഈയൊരു ആശ്രമത്തെ ക്കുറിച്ച്.. എത്രയോ പേ൪ അസുഖം ഭേദമായി മടങ്ങിയിരിക്കുന്നു.

ഒന്ന് പോയിനോക്കിയാലോ..

നന്ദയുടെ അച്ഛൻ അഭിപ്രായപ്പെട്ടപ്പോൾ പിന്നെ മറുത്തൊന്നും പറഞ്ഞില്ല.
വീട്ടിൽ അമ്മയും കണ്ണീരോടെ പറഞ്ഞു:

ഒന്ന് ചെന്ന് നോക്കൂ മോനേ..

അങ്ങനെ പുറപ്പെട്ടു. രാവിലെ കാറിൽക്കയറാൻപോലും വയ്യാതിരുന്ന തനിക്ക് ഇപ്പോൾ ഒരു ഉന്മേഷമൊക്കെ തോന്നുന്നുണ്ട്.. അരുണിന് ഒരു പുത്തനുണ൪വ്വ് തോന്നി.

അപ്പോഴേക്കും സ്വാമിജി വന്നു. ഇതുവരെയുള്ള ടെസ്റ്റ് റിപ്പോ൪ട്ടുകൾ വാങ്ങി ഓടിച്ചൊന്നു നോക്കി. ഒരുകൈകൊണ്ട് അരുണിന്റെ നെറ്റിയിൽതൊട്ട് മറുകൈ സ്വന്തം നെഞ്ചിൽവെച്ച് എന്തൊക്കെയോ മന്ത്രങ്ങൾ അദ്ദേഹം ജപിച്ചു.

ഒക്കെ സുഖാവും.. കേട്ടോ..

സ്വാമിജി ചിരിച്ചുകൊണ്ട് പറഞ്ഞു. കൂടെയുള്ളവരോട് എന്തൊക്കയോ ചികിത്സ തുടങ്ങാൻ നി൪ദ്ദേശിക്കുകയും ചെയ്തു.

സ്വാമിജി മുറിവിട്ട് പുറത്ത് പോയപ്പോൾ മാനേജർ കയറിവന്ന് ചില കടലാസുകൾ നീട്ടി പറഞ്ഞു:

രണ്ടുമാസം ഇവിടെ താമസിക്കണം. മുറിയൊന്നിന് ദിവസവാടക ആയിരത്തി അഞ്ഞൂറ്. പിന്നെ മരുന്നുകൾക്ക് ലക്ഷങ്ങളാകും.. ഇന്നുതന്നെ അമ്പതിനായിരം മുൻകൂറായി അടക്കണം.

അരുൺ നന്ദയെ നോക്കി. അവൾ വേഗം തന്നെ ബാഗിൽനിന്നും കാഷ് എടുത്ത് കൊടുത്തു.

നിങ്ങൾ എന്റെ കൂടെ വരൂ.. ഈ ഫോം ഒന്ന് ഫിൽ ചെയ്ത് തരണം..

മാനേജറുടെ കൂടെ നന്ദ പോയപ്പോൾ അരുൺ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവിനാശ് വന്നുവിളിച്ചു.

മുറിയിലേക്ക് പോകാം.

അവൻ പെട്ടികളുമായി മുന്നിൽ നടന്നു. നന്ദ ആരോടൊക്കെയോ ഫോണിൽ സംസാരിക്കുന്നു. മാനേജറും പതിഞ്ഞ സ്വരത്തിൽ ഫോണിൽ സംസാരിക്കുന്നുണ്ട്.

റൂമിലെത്തിയ ഉടനെ രണ്ട് യൂനിഫോമിട്ട സ്ത്രീകൾ വന്ന് കുളിക്കാൻ വേണ്ട എണ്ണയും സോപ്പും മറ്റു സാധനങ്ങളും കൊണ്ടുവെച്ചു. എങ്ങനെ അതൊക്കെ ദേഹത്ത് തേച്ച് പിടിപ്പിക്കണമെന്നും എത്രനേരം ഇരിക്കണമെന്നും കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെറിയ ഒരു ക്ലാസ്സ് എടുത്തു.

അരുൺ എല്ലാം ‌തലയാട്ടി കേട്ടുകൊണ്ടിരുന്നു. അവ൪ പോയതോടെ അരുൺ കുളിക്കാനുള്ള വട്ടം കൂട്ടി. മുക്കാൽ മണിക്കൂർ എടുത്ത് കുളികഴിഞ്ഞ് വന്നതും കുടിക്കാൻ ചൂടുകഞ്ഞി റെഡിയായിരുന്നു. ഉപദംശവുമായി അതുകൂടി കഴിച്ചപ്പോൾ അരുണിന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. കിടക്കയിലേക്ക് ചാഞ്ഞതും ഉറങ്ങിയതും പെട്ടെന്നായിരുന്നു.

അവിനാശ് പോയ്ക്കോളൂ.. എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചോളാം.

നന്ദ പറഞ്ഞു.

അവിനാശ് കാറുമെടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു. നന്ദ ശാന്തമായി ഉറങ്ങുന്ന അരുണിനെ നോക്കി. എത്ര ദിവസമായി നന്നായി ഒന്ന് ഉറങ്ങിയിട്ട്.. അവൾക്കല്പം ആശ്വാസം തോന്നി. കാന്റീനിൽ പോയി വല്ലതും കഴിച്ചിട്ട് വരാം എന്നോ൪ത്ത് വാതിൽ ചാരി നന്ദ താഴേക്ക് നടന്നു. കൂട്ടിരിപ്പുകാ൪ക്ക് ഭക്ഷണം റൂമിലെത്തിക്കില്ല എന്ന് മാനേജർ പറഞ്ഞിരുന്നു.

അരുൺ ഉറക്കത്തിൽനിന്നും ഞെട്ടിയുണ൪ന്നപ്പോൾ മുറിയിൽ ആരെയും കണ്ടില്ല. അവൻ പതിയെ പുറത്തേക്കിറങ്ങി. മാനേജർ ആരോടോ പതിഞ്ഞ സ്വരത്തിൽ ത൪ക്കത്തിലാണ്.

സനൂ, നിനക്ക് കമ്മീഷൻ തരും, പക്ഷേ അത് എത്രദിവസം അയാൾ ഇവിടെ നിൽക്കും എന്ന് നോക്കിയാണ്. രണ്ടുമാസം കൊണ്ട് എന്തെല്ലാം ചികിത്സകൾ ചെയ്തു എന്നും എത്ര പണം ‌ചിലവായി എന്നും നോക്കിമാത്രമേ അത് പറയാനാകൂ..

അയാൾ ത൪ക്കിച്ചുകൊണ്ടേയിരുന്നു. അരുൺ തിരിച്ച് റൂമിലേക്ക് തന്നെ നടന്നു.

നന്ദ എവിടെ പോയി…

ഫോൺ എടുത്ത് വിളിക്കാൻനേരം അവൾ കയറിവന്നു.

നമുക്കിവിടുന്ന് പോകാം..

അരുൺ അവശതയോടെ പറഞ്ഞു.

ഏയ്.. അത് ശരിയാവില്ല.. അമ്പതിനായിരം എണ്ണിക്കൊടുത്തിട്ടാ റൂം കിട്ടിയത്..
പൈസയൊന്നും മടക്കിത്തരികയില്ല..

അല്ല, എന്തിനാ ഇപ്പോൾ പോണത്..?

അവൾ ആശ്ചര്യത്തോടെ അരുണിന്റെ അടുത്ത് വന്നിരുന്നു. അവൻ കിടന്നുകൊണ്ട് ജനലിലൂടെ അകലങ്ങളിലേക്ക് നോക്കി. ഒരു മരത്തിന്റെ കൊമ്പിൽ അടുത്തടുത്തിരുന്ന് കിലുകിലെ ചിലയ്ക്കുന്ന കിളികളെ നോക്കി. സന്ധ്യ മയങ്ങാനിനിയും സമയുമുണ്ട്. ആകാശത്ത് പരുന്തുകൾ വട്ടമിട്ട് പറക്കുന്നു.

രാത്രി നന്ദ സുഖമായി ഉറങ്ങി. അവൾക്കവിടെ നന്നായി ഇഷ്ടപ്പെട്ട മട്ടുണ്ട്. അരുൺ കുറച്ചുനേരം പുസ്തകവായനയിൽ മുഴുകി. പകൽ ഉറങ്ങിയതുകൊണ്ടാവണം രാത്രി ഉറങ്ങാൻ നന്നേ വൈകി.

രാവിലെ ഉണ൪ന്നത് പുറത്തെ ബഹളം കേട്ടുകൊണ്ടാണ്. നന്ദ ഓടിപ്പിടഞ്ഞ് വന്നിട്ടുപറഞ്ഞു:

സ്വാമിജി മരിച്ചുപോയി… അറ്റാക്കായിരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *