അയാളെ കണ്ട അവളുടെ കണ്ണുകളിലെ ഭയം എന്നിൽ സംശയം ഉണ്ടാക്കി.. ഞാൻ അത് സ്കൂളിലെ ഗീത ടീച്ചറോട് പങ്കു വച്ചു.. “ടീച്ചറിന് ദിയയെ അറിയാഞ്ഞിട്ടാ…..

ഒറ്റമന്ദാരം

എഴുത്ത് :- ലൈന മാർട്ടിൻ

കൺഗ്രാറ്റ്സ് അമ്മാ..!

സ്കൂളിലേക്ക് പോകാനായി ഗൗരി വണ്ടി തിരിക്കുമ്പോഴാണ് നീത മോള് ആശംസകൾ നേർന്നത്

താങ്ക്സ് മോളെ… അമ്മാ പോയിട്ട് വരാമേ.. ബസ് വരുമ്പോ നന്ദുവിനെയും കൂട്ടി സൂക്ഷിച്ചു കയറി സ്കൂളിൽ പോകണം കേട്ടോ…

നീത മോള് തലയാട്ടി..

“ശരി അമ്മേ ഞാൻ ഇറങ്ങുവാ.. കുട്ടികൾക്ക് ഉള്ള ബസ് വരാൻ കുറച്ചൂടെ ലേറ്റ് ആകും”

മക്കൾക്ക് പിറകിലായി വന്നു നിന്ന അമ്മയോടും കൂടി യാത്ര പറഞ്ഞു ഞാൻ വണ്ടി മുൻപോട്ട് എടുത്തു…

സ്കൂളിൽ എത്തി പ്രിൻസിപ്പൽനെ കണ്ടു ജോയിൻ ചെയ്യാനുള്ള ഫോർമാലിറ്റീസ് ഒക്കെ പൂർത്തിയാക്കി”

ഇന്ന് ആദ്യത്തെ ദിവസം അല്ലെ…ഗൗരി ടീച്ചർ ഫസ്റ്റ് സ്റ്റാൻഡേർഡ് നോക്കിക്കോ.. “

പ്രിൻസിപ്പൽനോട് നന്ദി പറഞ്ഞു ക്ലാസ്സ്‌ റൂമിലേക്ക് കയറുമ്പോഴേ കണ്ടു.. ക്ലാസ്സിലേക്ക് കയറുന്ന തന്നെ നോക്കിയിരിക്കുന്ന കുറെ കുഞ്ഞിക്കണ്ണുകൾ… അവരിൽ ചില കണ്ണുകളിൽ അതിശയമെങ്കിൽ മറ്റു ചിലർക്കു സംശയം കലർന്ന പേടിയോട് കൂടിയ നോട്ടമായിരുന്നു…

“കുറുമ്പ് കൂടുതൽ ഉള്ള കുട്ട്യോളാ ടീച്ചറെ.. ഒന്ന് പേടിപ്പിക്കാൻ ഇതിരിക്കട്ടെ” എന്ന് പറഞ്ഞു പ്രിൻസിപ്പൽ തന്നയച്ച വടി ആണ് ആ ഭയത്തോട് കൂടിയുള്ള നോട്ടങ്ങൾക്ക് കാരണമെന്നു മനസിലാക്കിയ ഞാൻ അത് മേശക്കുള്ളി ലേക്കിട്ടു… പതിയെ പുഞ്ചിരിച്ചു കൊണ്ട് കുരുന്നുകൾക്ക് മുൻപിലായ് നിന്നു

ഗുഡ് മോർണിംഗ് ഡിയർസ് ” ഞാൻ നിങ്ങളുടെ പുതിയ ടീച്ചർ ആണ്.. നമുക്ക് എല്ലാവർക്കും ഒന്ന് പരിചയപെട്ടാലോ…എന്റെ പേര് ഗൗരി.. നിങ്ങൾ ഓരോരുത്തരായി പേര് പറയൂ…” ഹർഷ, അമൻ, ലക്ഷ്മി, നിയാ……. കുട്ടികൾ ഓരോരുത്തരായി ചാടിയെഴുന്നേറ്റ് പേരുകൾ പറഞ്ഞു മൂന്നാമത്തെ ബഞ്ചിൽ രണ്ടാമതായി ഇരിക്കുന്ന കുട്ടിയിൽ എത്തിയപ്പോൾ ക്ലാസ്സ്‌ നിശബ്ദത ആയി.. ഡെസ്കിൽ തല വച്ചു കിടക്കുന്ന ഒരു പെൺകുട്ടി.. അവളുടെ കൈവിരലുകൾ ഡെസ്കിൽ വെറുതെ കോറി വരച്ചു കൊണ്ട് ഓടി നടക്കുന്നുണ്ട് …
ക്ലാസ്സിൽ തനിക്കു ചുറ്റും നടക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ മറ്റേതോ ലോകത്ത് ആണവൾ….

ഞാൻ പതിയെ അവൾക്കടുത്തെത്തി. തോളിൽ തൊട്ടു… ചെമ്പൻ കണ്ണുകളും, നേർത്ത മുടിയിഴകളും ഉള്ള ഇരു നിറത്തിൽ കൊലുന്നനെ ഉള്ള ആ പെൺകുട്ടി ക്ലാസ്സിലെ മറ്റുള്ള കുട്ടികളെക്കാൾ മുതിർന്ന ഒരാളാണ് എന്ന് ഒറ്റ നോട്ടത്തിൽ ഞാൻ അറിഞ്ഞു..

“എന്താ മോളുടെ പേര്? അപരിചിമായതു മുൻപിൽ കണ്ടിട്ടെന്ന പോലെ അവളുടെ ചെമ്പൻ കണ്ണുകൾ എന്നേ ഭയത്തോടെ നോക്കി.. എന്റെ കൈ തട്ടി നീക്കി തിരിഞ്ഞിരുന്നു…

“ടീച്ചറെ അവൾ ആരോടും മിണ്ടൂല..”

“അതെന്താ മിണ്ടാതെ ? പിണക്കം ആണോ എല്ലാവരോടും?” മുൻ ബഞ്ചിൽ ഇരുന്ന ഒരു കുട്ടി വിളിച്ചു പറഞ്ഞത് കേട്ട് ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. ഇത്തവണ അവൾ എഴുന്നേറ്റ് പിറകിലെ ബഞ്ചിൽ പോയിരുന്നു..

“അവള് അങ്ങനെയാ ടീച്ചറെ.. പേര് ദിയ മെന്റലി കുറച്ച് റിറ്റാർഡ് ആണ്ഇ ന്റർവെൽന് സ്റ്റാഫ്‌ റൂമിൽ വച്ചു മറ്റുള്ള ടീച്ചേർസ് പറയുമ്പോഴാണ് ഞാൻ അതറിയുന്നത്..

“പക്ഷെ ആ കുട്ടിയെ കണ്ടാൽ അങ്ങനെ ഒരു പ്രോബ്ലം ഉള്ളതായി തോന്നില്ലല്ലോ..”

“പുറമെ കാണാൻ ഒരു പ്രോബ്ലം ഇല്ല…നമ്മളെ ഒക്കെ പോലെ തന്നെ പെരുമാറും.. ചിലപ്പോ ഹൈപ്പർ ആക്റ്റീവ് ആണ്മ റ്റു ചിലപ്പോ ആള് നിശബ്ദത ആയിരിക്കും…ചിലപ്പോൾ പെട്ടന്ന് വൈലന്റ് ആകും.. ക്ലാസ്സിന് പുറത്തേക്ക് ഓടും., ആ കുട്ടിയെ എഴുതാൻ ഒന്നും നിർബന്ധിക്കണ്ട ടീച്ചറെ… ദിയയയുടെ അമ്മയുടെ നിർബന്ധം ആണ് സാധാരണ പോലെ ഇവിടെ ഉള്ള കുട്ടികൾക്കൊപ്പമിരുന്നു അവൾ പഠിച്ചാൽ മതിയെന്ന്..”

പറഞ്ഞവസാനിപ്പിച്ചിട്ടെന്ന പോലെ കൂടെയുള്ള ടീച്ചേർസ് ക്ലാസ്സ്കളിലേക്ക് മടങ്ങി..

ഉച്ചഭക്ഷണ സമയം ക്ലാസ്സിൽ എത്തിയ ഞാൻ കാണുന്നത് മറ്റു കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ദിയ ജനലിലെ അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നതാണ് ഞാൻ പതിയെ ദിയയുടെ അരികിൽ എത്തി.. ടിഫിൻ ബോക്സ്‌ മേശപ്പുറത്ത് എടുത്തു വച്ചിട്ടുണ്ട്..

“ദിയാ മോള് കഴിക്കുന്നില്ലേ?” ദിയ എന്റെ മുഖത്തേക്ക് നോക്കാതെ തല വെട്ടിച്ചു.. പുറത്തേക്ക് തന്നെ നോക്കി നിന്നു…

“അയ്യോ ടീച്ചറെ ഞാൻ കുറച്ച് താമസിച്ചു പോയി.. ഞാനോ ഗീത മിസ്സോ വന്നു ടിഫിൻ തുറന്നു കൊടുത്താലേ ഈ കൊച്ചു കഴിക്കൂ”

അപ്പോഴേക്ക് ചെറിയ കുട്ടികളെ നോക്കുന്ന ചേച്ചി വന്നു ദിയയുടെ ടിഫിൻ തുറന്നു.. ദിയയെ ബഞ്ചിൽ പിടിച്ചിരുത്തി.. ടിഫിനുള്ളിൽ പൊട്ടാറ്റോ ഫ്രൈ ചെയ്തതും കുറച്ച് സോസ് അല്ലാതെ മറ്റൊന്നുമില്ല.

“ഇതാണോ ലഞ്ച്ന് ഈ കുഞ്ഞ് കഴിക്കുന്നേ?”

“ടീച്ചറെ ഇത് പോലും കഴിക്കില്ല.. പിന്നേ എന്തെങ്കിലും കൊടുക്കണ്ടേ എന്ന് വച്ചാകും അവരിത് കൊടുത്തു വിടുന്നെ… “

അവൾ വേണം വേണ്ടെന്ന മട്ടിൽ ഓരോ പീസെടുത്തു കഴിക്കുന്നത്‌ കണ്ടു ഞാൻ പിൻവാങ്ങി..

വൈകുന്നേരം വീട്ടിൽ എത്തിയിട്ടും ദിയയുടെ മുഖം എന്നേ എന്തിനെന്നറിയാതെ പിന്തുടർന്നു

പിറ്റേ ദിവസം ഉച്ചക്ക് ഞാൻ എന്റെ ടിഫിൻ ബോക്സ്മായി ദിയയുടെ അടുത്ത് വന്നിരുന്നു.. ബഞ്ചിൽ കുറച്ച് നീങ്ങിയിരുന്ന അവൾക്ക് മുൻപിലേക്കായ് ഞാനെന്റെ ടിഫിൻ ബോക്സ്‌ തുറന്നു.. ചോറും തോരനും സാമ്പാറും ചേർത്ത് കുഞ്ഞുരുളകൾ ആക്കി അവളുടെ വായ്ക്കുള്ളിൽ വച്ചു കൊടുക്കാനുള്ള എന്റെ ആദ്യ ശ്രമം അവൾ കൈ കൊണ്ട് തടഞ്ഞു…പിന്നെയും ഒരിക്കൽ കൂടി ഞാൻ അതാവർത്തിച്ചപ്പോൾ എന്തോ പ്രേരണ എന്നപോലെ അവൾ വായ് തുറന്നു ആ ചോറുരുള സ്വീകരിച്ചു…ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിക്കുമ്പോൾ നീത മോള് തോളിൽ ചാഞ്ഞിരിക്കുംപോലെ അവളെന്നെ ചേർന്നിരുന്നു… അതായിരുന്നു ആ കുഞ്ഞ് മനസിലേക്കുള്ള എന്റെ തുടക്കം…

മറ്റുള്ള ടീച്ചേർസ് ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുമ്പോൾ ഇറങ്ങി പുറത്തേക്ക് ഓടുന്ന ദിയ.. പക്ഷെ എന്റെ ക്ലാസ്സിൽ മേശക്ക് ചുറ്റും നടക്കുന്നതിൽ അവസാനിച്ചു അവളുടെ കുറുമ്പ്.. ബഞ്ചുകളിൽ അവൾക്കിഷ്ടമുള്ളിടത്തു ഇരുന്നും എന്റെ മേശമേൽ ബുക്കുകൾ നിരത്തി വച്ചും അവൾ കളിക്കുന്ന തിനിടയിൽ മറ്റു കുട്ടികൾക്കൊപ്പം അവളുടെ മനസിലേക്ക് അക്ഷര വെളിച്ചം പകരാൻ ഞാൻ ശ്രമിച്ചു.. ആദ്യമൊക്കെ പരാജയം ആയിരുന്നു ഫലമെങ്കിൽ പതിയെ അവൾ അക്ഷരങ്ങൾ എഴുതാൻ തുടങ്ങി..

പൊതുവെ സംസാരം കുറവായ അവൾ എന്നോട് അമ്മയെക്കുറിച്ച് .. അനിയൻ വാവയെ കുറിച്ച്.. ഒക്കെ സംസാരിക്കാൻ തുടങ്ങി… അമ്മയെയും അനിയൻ വാവയെ കുറിച്ചുമല്ലാതെ വീട്ടിലെ മറ്റുള്ളവരെ കുറിച്ച് പറയുന്നതിന് താല്പര്യം ഇല്ലാത്ത വണ്ണം അവൾ ഒഴിഞ്ഞുമാറി .. മറ്റുള്ള അംഗങ്ങൾ അവളോട്‌ കാണിക്കുന്ന അവഗണനയാകാം കാരണമെന്നു ഞാൻ വിചാരിച്ചു.. അവൾക്കും എനിക്കുമിടയിൽ നാളുകൾ മനോഹരമായി കടന്ന് പോയി..

ഒരിക്കൽ അവളെ വിളിച്ചു കൊണ്ട് പോകാൻ അമ്മക്ക് പകരം വന്ന മധ്യവയസ്കനായ ആളെ കണ്ടു അവൾ ഭയന്നിട്ടെന്ന പോലെ പുറകിലേക്ക് നടന്നു.

“അമ്മ വന്നില്ലെങ്കിൽ അവളെ കൊണ്ട് പോകാൻ വരാറുള്ള ഡ്രൈവർ ആണത് ” എന്ന് ആയ പറയുമ്പോഴാണ് ഞാൻ അറിയുന്നത്…അയാളെ കണ്ട അവളുടെ കണ്ണുകളിലെ ഭയം എന്നിൽ സംശയം ഉണ്ടാക്കി.. ഞാൻ അത് സ്കൂളിലെ ഗീത ടീച്ചറോട് പങ്കു വച്ചു.. “ടീച്ചറിന് ദിയയെ അറിയാഞ്ഞിട്ടാ.. അവൾക്ക് എല്ലാവരോടും ഭയം തന്നെ ആണ്… ടീച്ചറോടും ആദ്യം അങ്ങനെ തന്നെ ആയിരുന്നില്ലേ..”

എന്നാലും നാളുകളായി അവൾ കാണുന്ന ഡ്രൈവറോട് എന്തിന് ഇത്രയും ഭയമെന്നു എന്റെ മനസ് സംശയിച്ചു കൊണ്ടിരുന്നു… നാളെ അവളോട്‌ കുറെ സംസാരിക്കണം എന്ന തീരുമാനത്തിലാണ് ഞാൻ അന്ന് ഉറങ്ങാൻ കിടന്നത്… പക്ഷെ പിറ്റേന്ന് രാവിലേ വന്ന ഗീത ടീച്ചറുടെ ഫോൺ കാൾ എന്നേ കീഴ്മേൽ മറിച്ചു…

“ദിയ അവളുടെ വീടിന് അടുത്തുള്ള കുളത്തിൽ മുങ്ങി മരിച്ചു “ന്ന് കളിക്കാൻ പോയതാണത്രെ.. അമ്മ തിരികെ എത്തി അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്… ദിയ മരിച്ചു എന്നുള്ളത് ഉൾക്കൊള്ളാൻ കഴിയാതെ കുറച്ച് നേരം മരവിച്ചിരുന്ന എന്റെ ചിന്തകളിലേക്ക് അവൾ മരിച്ചത്‌ എങ്ങനെയെന്നു പറഞ്ഞത് ചിലമ്പി നിന്നു.. ദിയ വെള്ളത്തിൽ മുങ്ങി മരിക്കുക.. അത് എനിക്ക് വളരെ അപരിചിതമായി തോന്നി.. അതിന് എനിക്ക് എന്റേതായ കാരണവും ഉണ്ടായിരുന്നു..

ഇന്റർവെൽ പീരീഡ്കളിൽ പാർക്കിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കാൻ കൂടാറുള്ള ദിയക്ക് പക്ഷെ സ്കൂളിലെ ആമ്പൽ കുളം കാണുന്നത് തന്നെ ഭയം ആയിരുന്നു.. ആമ്പൽ പൂക്കൾ നിറഞ്ഞു നിൽക്കുന്നത് കാണാൻ പോലും അവളാ കുളത്തിന്റെ അരികിലേക്ക് ഞാനുണ്ടെങ്കിൽ പോലും പോകാറില്ല വെള്ള ത്തോടുള്ള അവളുടെ അമിതമായ ഭയം ഞാൻ മനസിലാക്കുന്നത് അവിടെ നിന്നായിരുന്നു….

അങ്ങനെ ഉള്ള ഒരു കുട്ടി കളിക്കാൻ കുളത്തിന് അരികിലേക്ക് പോയി മുങ്ങി മരിച്ചെന്നുള്ളത്… അതും സ്കൂളിലെ മനുഷ്യ നിർമ്മിതമായ കുളത്തിനേക്കാൾ ആഴവും പരപ്പും വെള്ളവും ഉള്ള ഒരിടത്തു കളിക്കാൻ പോയ്‌ മുങ്ങി മരിച്ചു എന്നുള്ളത് വിശ്വസിക്കാൻ എന്റെ മനസ് മടിച്ചു.. അവളുടെ ബോഡി കാണാൻ മറ്റുള്ള ടീച്ചേർസ്നൊപ്പം പോയ എന്റെ സംശയങ്ങളേ അവളുടെ കവിളിൽ കണ്ട നഖപ്പാടുകൾ ബലപെടുത്തി..

“എന്റെ അടുത്ത് നിന്ന് അവസാനമായി അവൾ പോകുമ്പോ ഒരു കുഞ്ഞ് നഖപാട് പോലും അവളുടെ മുഖത്തു ഇല്ലായിരുന്നു..”

“അതിപ്പോ ഇടക്കൊക്കെ ദിയ സ്വന്തമായി മുഖം അള്ളി മുറിക്കാറുണ്ട്.. അല്ലെങ്കിലു വെള്ളത്തിൽ ശ്വാസം മുട്ടിയപ്പോ സംഭവിച്ചതാകും.. ടീച്ചർ ഓരോന്ന് പറഞ്ഞു വെറുതെ പ്രശ്നം ആക്കണ്ട” അവിടെയും എന്റെ വാദത്തെ എതിർത്തു കൊണ്ട് മറ്റുള്ള ടീച്ചേർസ് അഭിപ്രായവുമായെത്തിയപ്പോഴാണ് ഞാൻ പരാതിയുമായി സ്റ്റേഷനിൽ ചെന്നത്..

എന്റെ സംശയങ്ങളും ദിയ മോളുടെ ഭയങ്ങളും ചേർത്തുള്ള എന്റെ കംപ്ലയിന്റ്മേൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.. സ്കൂൾ അധികൃതരും, സഹ അധ്യാപകരും എനിക്ക് എതിരായി.. എന്നിട്ടും തളരാതെ മുൻപോട്ട് പോയ എന്റെ മനസ് തകർക്കാൻ എന്ന വണ്ണം അവർ എന്നേ കാണാൻ എത്തി.. ദിയയുടെ അമ്മ..!!

“മരിച്ചു പോയ എന്റെ കുഞ്ഞിനെ ദ്രോഹിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു… നിങ്ങളും ഒരു സ്ത്രീ അല്ലേ… അമ്മ അല്ലേ?”

കണ്ണീർ കൊണ്ടവർ എന്റെ മുൻപിൽ പൊട്ടിച്ചിതറുമ്പോൾ അവർക്കുള്ള മറുപടി എന്റെ ഹൃദയത്തിൽ തങ്ങി നിന്നു.. ‘അതെ ഞാനും അമ്മയാണ്.. ജന്മം കൊണ്ട് മാത്രമല്ല കർമം കൊണ്ടും! അത് കൊണ്ട് തന്നെ എനിക്കറിയണം ദിയമോൾക്ക് എന്ത് സംഭവിച്ചു എന്ന്……’!!!!

എന്റെ വിശ്വാസങ്ങളിൽ അടിയുറച്ചു ഞാൻ മുൻപോട്ടു പോയി നാളുകൾ ഇഴഞ്ഞു നീങ്ങി.. സ്കൂളിൽ ഞാൻ പൂർണമായും ഒറ്റപെട്ടു.. ദിയയുടെ സാമിപ്യം ഇല്ലാത്ത ക്ലാസ്സ്‌ മുറി എന്നിലും വല്ലായ്മ നിറച്ചു..

എന്റെ സംശയങ്ങളിൽ വാസ്തവം ഉണ്ടെന്നു തെളിയിച്ചു കൊണ്ട് ദിയ മോളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നു..

കുട്ടിയുടെ വീട്ടിലെ ഡ്രൈവറേ സാഹചര്യ തെളിവുകൾ വച്ചു അറസ്റ്റ് ചെയ്തു .. അയാളുടെ വെളിപ്പെടുത്തലിന്റെ ഫലമായി നിർണായകമായ മറ്റൊരു അറെസ്റ്റ്‌ കൂടി നടന്നു.. ദിയയുടെ മുത്തച്ഛൻ..

അച്ഛൻ വിദേശത്ത് ആയിരുന്ന ദിയയുടെയും അമ്മയുടെയും അനിയന്റെയും സംരക്ഷണ മുത്തച്ഛൻ ഏറ്റെടുക്കുക ആയിരുന്നു.. അയാളുടെ വൈകൃത മനസിന്റെ ഇര ആയിരുന്നു ദിയ.. അയാളുടെ വൈകൃതങ്ങളുടെ മൂക സാക്ഷി ആയിരുന്ന ഡ്രൈവറോട് ദിയക്ക് ഭയമല്ലാതെ മറ്റെന്ത് തോന്നാനാണ്..

അന്നു സ്കൂളിൽ നിന്ന് വീട്ടിൽ എത്തിയ ദിയയോടുള്ള ക്രൂരത അതിര് കടന്നതിന്റെ ഫലമായി ആ കുഞ്ഞ് ജീവൻ പൊലിയുകയും കുളത്തിൽ ഉപേക്ഷിക്കുകയും ആണുണ്ടായതു എന്നുള്ള വെളിപ്പെടുത്തലിൽ ഒരു നാട് വിറങ്ങലിച്ചു നിന്നു…

കഥകൾ പറഞ്ഞു പാട്ടുകൾ പാടി പേരക്കുട്ടികളിൽ വാത്സല്യം ചൊരിയുന്ന അനേകംമുത്തച്ഛന്മാർക്കിടയിൽ ഇങ്ങനെയും ചില നരധാമന്മാർ… ദിയയുടെ ജീവൻ എടുത്തവർക്ക് അർഹിച്ച ശിക്ഷ കിട്ടി…

എങ്കിലും എന്റെ നെഞ്ചിൽ ഒരു പിടച്ചിൽ ബാക്കി നിന്നു… നീത മോളെ ചേർത്ത് പിടിച്ച് ഉറങ്ങാൻ കിടക്കുന്ന രാത്രികളിൽ ഞാൻ എന്നോട് തന്നെ ചോദിച്ചു… “അവളെ കുറച്ച് കൂടി ആഴത്തിൽ കുറച്ച് നേരത്തെ അറിയാൻ ഞാൻ ശ്രമിച്ചിരുന്നു എങ്കിൽ അവളെ രക്ഷിക്കാൻ ഒരുപക്ഷെ എനിക്ക് കഴിയുമായിരുന്നോ???

Related Posts

Leave a Reply

Your email address will not be published. Required fields are marked *