ആ സുന്ദരിക്കുട്ടിയുടെ തന്റെ കെട്ട്യോനെ വശീകരിക്കാൻ നടക്കുന്നവൾ തന്റെ കെട്ട്യോനെ തട്ടിയെടുക്കുന്നതിനു മുന്നേ….

എഴുത്ത് :രാജീവ് രാധാകൃഷ്ണപണിക്കർ

കണവൻ പപ്പനാവാൻ എല്ലാ ദിവസവും അർദ്ധരാത്രി വരെ മൊബൈലും കുത്തിക്കൊണ്ടിരിക്കുന്നത് കാണുമ്പോൾ ആള് വല്ല പത്താം ക്ലാസ് ഗ്രൂപ്പിലേക്കും മെസ്സേജ് അയച്ചു കളിക്കുകയാണെന്നാണ് പപ്പിനി ആദ്യം കരുതിയത്.

എന്നാൽ കായലോരത്തെ ഷാപ്പിൽ നിന്നും അന്തിയുമടിച്ചു വന്ന് സന്ധ്യക്ക് വീടിനു മുന്നിലെ അരമതിലിൽ മണവാട്ടിയെ പോലെ തലയും കുമ്പിട്ടിരിക്കുന്ന നേരം അയാളുടെ മൊബൈലിലേക്ക് തുരുതുരെ മെസേജ് പ്രവഹിച്ചപ്പോൾ ഓൾക്ക് ഒരു കുസൃതി തോന്നി.

പപ്പനാവന്റെ ചൂണ്ട് വിരൽ മെല്ലെ പൊക്കിയെടുത്തു മൊബൈലിന്റെ സെൻസറിൽ ഉരസി മെസേഞ്ചറിന്റെ വിശാലമായ ലോകത്തേക്ക് നോക്കിയ പപ്പിനി അന്ധാളിച്ചുപോയി.

കിടിലോൽകിടില മാതാവെ ചതിച്ചോ!

നന്ദിനി എന്ന പേരുള്ള ഏതോ ഒരു സുന്ദരിക്കോതയുടെ മെസ്സേജോട് മെസ്സേജ്ജ്.

അതും ഇങ്കിരീസിൽ

കാര്യം ഇങ്കിരീസൊന്നും വല്യേ പിടിത്തമില്ലെങ്കിലും മെസേജ്ജിൽ ഉപയോഗിച്ചിരിക്കുന്ന ഇമോജികൾ കണ്ടപ്പോ കാര്യം പെശകാണെന്ന് പപ്പിനിക്കു തോന്നി.

സംഗതിയുടെ കിടപ്പ് വശം നോക്കിയാൽ പപ്പനാവനും സുന്ദരിയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്.

ഇരിപ്പുവശം വച്ച് പപ്പനാവാൻ സുന്ദരീടെ കൂടെയെങ്ങാനും ഇറങ്ങിപ്പോയാൽ തന്റെയും അഞ്ചു ക്ടാങ്ങളുടെയും ഭാവി തുലാസിലാവുമല്ലോ എന്ന ഭയം അവരെ വലിഞ്ഞു മുറുക്കി.

എന്നാലും പറമ്പിൽ കൂർക്ക പറിക്കാൻ നടക്കുന്ന തന്റെ കെട്ട്യോന് എങ്ങാണ്ടും കിടക്കുന്ന തൊലി വെളുപ്പുള്ള സുന്ദരിക്കുട്ടികളൊക്കെ സുഹൃത്തു ക്കളായി ഉണ്ടെന്ന കാര്യം മനതാരിൽ സന്തോഷമുളവാക്കുകയും
ചെയ്തു.

എന്തായാലും നിജസ്ഥിതി അറിയാമെന്ന് കരുതി അഞ്ചാം ക്ലസ്സിൽ പഠിക്കുന്ന കൂട്ടത്തിൽ ചെറുതിനെ വിളിച്ച് ഇൻഗ്രിസ് മുഴുവൻ വയിപ്പിച്ചപ്പോ ഓള് പറയാ ഇത് ഇംഗ്രീസല്ല മംഗ്രീസാണെന്ന്.

പോരാത്തതിന് കാണുന്ന ഫോട്ടോ രശ്മിക മന്ദാനാ എന്നും പറഞ്ഞുള്ള വല്യേ ഏതോ നടിയുടേതാണത്രേ.

അടി വയറ്റിൽ ഉരുണ്ടു കൂടിയ പരവശം ഏംബക്കത്തിന്റെ രൂപത്തിൽ പരിണാമം പ്രാപിച്ചുവെങ്കിലും മനസ്സിന് പൂർണ സ്വസ്ഥത കിട്ടിയില്ല.

എന്നാൽ പിന്നെ ആ സുന്ദരിക്കുട്ടിയുടെ മറവിൽ തന്റെ കെട്ട്യോനെ വശീകരിക്കാൻ നടക്കുന്നവൾ തന്റെ കെട്ട്യോനെ തട്ടിയെടുക്കുന്നതിനു മുന്നേ ഓൾടെ കാലു പിടിച്ചെങ്കിലും പിന്തിരിപ്പിക്കാമെന്ന കണക്കു കൂട്ടലോടെ ചെറുതിനെ കൊണ്ട് അതിനറിയാവുന്ന ഇഗ്ലീഷിൽ

‘ ദിസ് പപ്പനാവാൻ ഇസ് നോട്ട് ചെറുപ്പക്കാരൻ .

ഹീ ഇസ് കൂർക്ക പറിക്കല്കാരൻ.

മൈ ഹസ്ബൻഡ്.

ഐ ആം ഹിസ് ഭാര്യ പപ്പിനി ‘

എന്ന് ടൈപ്പ് ചെയ്യിച്ചു.

ഉടനെ അവിടെന്നൊരു മെസ്സേജ് ഞാൻ നന്ദിനിയല്ല നന്ദനനാ. നിങ്ങടെ ഐഡി തന്നാൽ നമ്മക്ക് ഫ്രണ്ട്ഷിപ് ആവാമെന്ന്.

ഓള് പെണ്ണല്ല ആണാണെന്നറിഞ്ഞ സന്തോഷത്തിൽ കരയണോ ചിരിക്കണോ എന്നു സംശയിച്ചിരിക്കുമ്പോൾ പപ്പിനിക്കൊരു മോഹം

ന്നാ പിന്നെ തനിക്കും ഒരു ഫെസൂക്കും മെസ്സെഞ്ചറും തുടങ്ങിയാലോ.

ആണായാലും ശരി പെണ്ണായാലും ശരി കുറേ സൗഹൃദങ്ങൾ കിട്ടുമല്ലോ.

*********************
സൗഹൃദ ദിനത്തിൽ പ്രത്യേകിച്ച് ആശയമൊന്നും കിട്ടാത്ത വിഷമത്തിൽ അയല്പക്കത്തേക്കു നോക്കിയിരിക്കുകയായിരുന്നു കഥാകാരൻ കഥയൊരെണ്ണം കിട്ടിയ ആശ്വാസത്തിൽ പേനയുമെടുത്ത് എഴുത്തു മുറിയിലേക്ക് നടന്നു. നന്ദിനിയും നന്ദനനും താനാണെന്ന് അവർ അറിഞ്ഞില്ലല്ലോ എന്ന ആശ്വാസത്തോടെ.

മംഗളം

Related Posts

Leave a Reply

Your email address will not be published. Required fields are marked *