അവന്റെ ചിന്തകളിൽ നന്മയും തിന്മയും തമ്മിലേറ്റുമുട്ടി. അവസാനം തിന്മ വിജയിച്ചു…..

രാധികക്കായ്

Story written by Irshad KT

ഞെട്ടിയുണർന്ന് ലൈറ്റ് ഓണാക്കി ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം രാത്രി 2.00 മണി. ഡിസംബറിലെ മഞ്ഞിൽ കുതിർന്ന തണുപ്പുള്ള രാത്രിയിലും അയാളുടെ ശരീരം ആകെ വിയർത്തു കുളിച്ചിരുന്നു.

രാത്രിയിൽ ചീവീടുകളുടെ ശബ്ദം നിലക്കാതെ കേട്ടിരുന്ന ആ പ്രദേശത്ത് പതിവില്ലാത്തൊരു നിശബ്ദത തളം കെട്ടി നിന്നിരുന്നു. അന്തരീക്ഷത്തിലെ മാറ്റത്തിനും തന്റെ അസ്വസ്ഥതക്കും കാരണമെന്തെന്നറിയാതെ പാതി തുറന്ന ജനവാതിലിലൂടെ അയാൾ പുറത്തേക്ക് നോക്കി.

കാറ്റിന്റെ ക്രുദ്ധതാണ്ഡവമേറ്റ് വളഞ്ഞൊട്ടി നിൽക്കുന്ന കൂറ്റൻ മരങ്ങൾക്കിടയിൽ നിലാവിന്റെ നേരിയ പ്രകാശമല്ലാതെ മറ്റൊന്നും കാണുന്നുണ്ടായിരുന്നില്ല.

താൻ കണ്ട സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ രഘുവിന്റെ മനസ്സിലേക്ക് ചില ദൃശ്യങ്ങൾ ഓടിയെത്തി.

തെക്കേക്കുന്നിലെ നാഷണൽ ഹൈവേയിൽ രാമേട്ടന്റെ തട്ടുകടക്ക് മുൻപിലിരുന്ന് സുഹൃത്ത് ഹരിയോട് സംസാരിക്കുകയാണ് രഘു. ആ ഗ്രാമത്തിൽ പുലരുവോളം തുറന്നിരിക്കുന്ന രാമേട്ടന്റെ തട്ടുകടയിൽ രാത്രി 12.00 മണി വരെ നല്ല തിരക്കായിരിക്കും. ഒരു പ്രാവശ്യം കഴിച്ചവർക്ക് അവിടുത്തെ കപ്പ ബിരിയാണിയുടെ സ്വാദ് നാവിൽ നിന്നും പോവാൻ പ്രയാസമാണ്.

സമയം രാത്രി 1. 30 കഴിഞ്ഞിരിക്കുന്നു. കടയിൽ അവരെക്കൂടാതെ രണ്ടു പേർ മാത്രം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ട്. നാളെ ബാങ്കിൽ നിന്നും കാണാമെന്നു പറഞ്ഞു ഹരി യാത്ര പറഞ്ഞിറങ്ങിയപ്പോൾ രഘുവിന്റെ മനസ്സിൽ ചില അസ്വസ്ഥകൾ മുളപൊട്ടിയിരുന്നോ? Sbi കോട്ടച്ചിറ ശാഖയിലെ താൽക്കാലിക ജീവനക്കാരനാണ് രഘുവും ഹരിയും. ഹസ്ത ദാനത്തിനായി ഹരി കൈ നീട്ടിയപ്പോൾ രഘുവിന്റെ കൈ വിറച്ചിരുന്നു. പുറകു വശത്തെ പറമ്പിൽ പാർക്ക്‌ ചെയ്തിരുന്ന ഹരിയുടെ ബൈക്കിനടുത്തു ഒരു യുവാവ് മൂത്രമൊഴിക്കുന്നുണ്ടായിരുന്നു. ഹരി ബൈക്കിനടുത്തേക്ക് നീങ്ങിയപ്പോൾ ഇച്ഛാഭംഗം സംഭവിച്ചവനെപ്പോലെ അയാൾ എഴുന്നേറ്റു പോയി.

ബൈക്കെടുത്തു തിരിഞ്ഞു നോക്കുമ്പോളും അയാൾ പുറകിലേക്ക് തലതിരിച്ചു ഹരിയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ചുണ്ടിലൊരു പ്രണയ ഗാനത്തിന്റെ ഈരടിയോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഹൈവേയിലേക്ക് പ്രവേശിച്ചപ്പോൾ കൈ വീശി ഒന്ന് കൂടി രഘുവിനോട് യാത്ര പറയാൻ ഹരി മറന്നില്ല. രഘുവിന്റെ മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു. ഹൈവേയിലൂടെ ഹരിയുടെ ബൈക്ക് കണ്ണെത്താദൂരത്തേക്ക് മായുമ്പോളും രഘു ആ ദിശയിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.

ബാക്കിയുള്ള ദൃശ്യങ്ങളൊന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല.. സ്വപ്നമല്ലേ. എന്നാലും സ്വപ്നത്തിൽ പോലും ഞാൻ അസ്വസ്ഥനാണ്. ഇപ്പോൾ മുൻപെങ്ങുമില്ലാത്തവണ്ണം ഉറക്കത്തിൽ ഞെട്ടിയെണീക്കുകയും ചെയ്തു. ഇപ്പോഴും നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ പൊടിയുന്നുണ്ട്. എന്തായിരിക്കും കാരണം?

അസ്വസ്ഥതക്ക് കാരണമാവുന്ന തരത്തിലുള്ള കാഴ്ചകളൊന്നും സ്വപ്നത്തിൽ കണ്ടിട്ടില്ല.

വീണ്ടും കുറച്ചു നേരം ആലോചിച്ചിരുന്നു കിടന്നുറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേരം പുലരാറായപ്പോഴെപ്പോഴോ കണ്ണടഞ്ഞു പോയ രഘു പിന്നീട് ഉണർന്നത് 9.00 മണിക്കാണ്.

“വൈകിയല്ലോ ഈശ്വരാ “.

ഞെട്ടിപ്പിടഞ്ഞെണീറ്റ് പെട്ടെന്ന് റെഡിയായി ബൈക്കെടുത്തു ബാങ്കിലേക്ക് വിട്ടു. ഹരി നേരത്തെ തന്നെ എത്തി തന്റെ ജോലികളിൽ വ്യാപൃതനായിരുന്നു. വൈകിയത്തിയതിനു മാനേജറുടെ വക ഒരുപദേശവും കിട്ടിയതോടെ മെല്ലെ തന്റെ സീറ്റിൽ പോയിരുന്നു മുന്നിൽ തന്നെക്കാൾ ഉയരത്തിൽ അടുക്കി വെച്ചിരിക്കുന്ന പെന്റിങ് ഫയലുകളിലേക്ക് ഒന്ന് നോക്കി. ശേഷം സ്വതസിദ്ധമായ ആലസ്യത്തോടെ ജോലി തുടങ്ങി. കൃത്യമായ ഇടവേളകളിൽ രഘു ഹരിയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അവരുടെ കണ്ണുകൾ ഉടക്കിയപ്പോൾ ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

ചായ കുടിക്കാനിറങ്ങിയപ്പോൾ ഹരി രഘുവിനെ വിളിച്ചു. കൂടെച്ചെല്ലുമ്പോൾ തലേന്ന് രാത്രി തന്നെ അസ്വസ്ഥമാക്കിയ സ്വപ്നത്തെക്കുറിച്ചു ഹരിയോട് സംസാരിക്കാൻ ഒരുങ്ങിയപ്പോഴേക്ക് ഹരി സംസാരിച്ചു തുടങ്ങിയിരുന്നു.

“ഇന്നലത്തെ രാമേട്ടന്റെ കടയിലെ കപ്പ ബിരിയാണി. ഇപ്പോഴും അതിന്റെ സ്വാദ് നാവിൽ നിന്നും പോയിട്ടില്ല. നമുക്കൊരിക്കൽ കൂടി പോവണം.പിന്നെ നമ്മളിന്നലെ പിരിയുമ്പോൾ എന്റെ ബൈക്കിനടുത്തു മൂത്രമൊഴിക്കാനിരുന്ന ആളെ ശ്രദ്ധിച്ചോ. ആളത്ര വെടിപ്പല്ല. അയാളവിടെ മൂത്രമൊഴിക്കാൻ വന്നതല്ല.എന്തോ ഒരു വശപ്പിശക്. “

പെട്ടെന്ന് ഹരിയുടെ മുഖത്ത് ഒരു ഞെട്ടലുളവായി. ഇന്നലെ ഞാൻ കണ്ട സ്വപ്നം !…അത് സ്വപ്നമല്ലായിരുന്നോ? കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ രഘു ശ്രമിച്ചെങ്കിലും ഇന്നലെ രാമേട്ടന്റെ കടയിൽ പോയത് യാഥാർഥ്യമായിരുന്നെന്നതിന് ഒരു തെളിവും കിട്ടിയില്ല.

രഘുവിന്റെ മുഖത്തെ അന്താളിപ്പ് കണ്ട ഹരി അവന്റെ തോളിൽ ഒന്ന് തട്ടി.

“എന്ത് പറ്റി രഘൂ. മുഖമാകെ വല്ലാതെയായല്ലോ? “

പെട്ടെന്ന് ആലോചനയിൽ നിന്ന് തിരിച്ചു വന്ന രഘു ഹരിയുടെ മുഖത്തേക്ക് നോക്കി.

“ഒന്നുമില്ല ഹരി. ഞാൻ വേറെന്തൊക്കെയോ ആലോചിച്ചു. അത് പോട്ടെ എന്തായി നിന്റെ പെന്റിങ് വർക്കുകൾ. തീരാറായോ? “

ഹരി ചിരിച്ചു.

“എവിടെ… അതൊന്നും ഈ ജന്മത്തിൽ തീരാൻ പോകുന്നില്ല. തീരുമ്പോൾ തീരുമ്പോൾ പുതിയത് വരുന്നുണ്ടല്ലോ. “

ചായ കുടി തീർന്നു സീറ്റിലേക്ക് മടങ്ങുമ്പോഴും രഘു ഞെട്ടലിൽ നിന്ന് മുക്തമായിട്ടുണ്ടായിരുന്നില്ല. ഇന്നലെ താൻ രാമേട്ടന്റെ കടയിൽ പോയിട്ടില്ല. പക്ഷെ ഹരിയുടെ ബൈക്കിനടുത്തിരുന്ന ആൾ… ! അതെങ്ങനെ കൃത്യമായി ഹരി പറഞ്ഞു.

ഒരു പക്ഷേ ഹരിയും ഇതേ സ്വപ്നം കണ്ടതാവുമോ?

അന്നത്തെ ദിവസം ജോലിയിൽ ശ്രദ്ധിക്കാൻ രഘുവിന് കഴിഞ്ഞില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ ഹരി വിളിച്ചു.

“നമുക്കിന്നു രാത്രി കൂടി രാമേട്ടന്റെ തട്ടുകടയിൽ പോയാലോ? “

രഘു നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഇല്ലെടാ.. ഇന്ന് തീരെ വയ്യ. ഒരു തലവേദന. വീട്ടിൽ പോയി റെസ്റ്റെടുക്കട്ടെ “.

അന്ന് രാത്രി തലേന്നത്തെ ഉറക്കക്ഷീണം കാരണം രഘു നേരത്തെ കിടന്നു.

മഞ്ഞു പൊഴിയുന്ന ആ രാവിൽ രാത്രിയുടെ അപശബ്ദങ്ങളെ വകവെക്കാതെ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടാനായിരുന്നു എല്ലാവർക്കും താല്പര്യം.

എന്നാൽ രാത്രിയുടെ അർദ്ധയാമത്തിൽ ആ മരം കോച്ചുന്ന തണുപ്പിലും പുതപ്പിനുള്ളിൽ രഘു വിയർത്തു കുളിച്ചു. അർദ്ധരാത്രിയിൽ പതിയെ നിശബ്ദതയിലേക്കാണ്ടു പോയ ആ പരിസരത്ത് പെട്ടെന്ന് എങ്ങു നിന്നോ ഒരു കാലൻ കോഴി നീട്ടി കൂവി. അതിന്റെ കരച്ചിൽ ആ പ്രദേശത്താകെ ഒരു നിഗൂഢത സൃഷ്ടിച്ചു.

ഭയപ്പെടുത്തുന്ന എന്തോ കണ്ടിട്ടെന്നവണ്ണം രഘു പെട്ടെന്ന് ഞെട്ടിയുണർന്നു. അവന്റെ നെറ്റിയിൽ നിന്ന് വിയർപ്പുകണങ്ങൾ ചാലിട്ടൊഴുകി. വീണ്ടും കഴിഞ്ഞ ദിവസം കണ്ട സ്വപ്നത്തിന്റെ ബാക്കി ഞെട്ടലോടെയല്ലാതെ ഓർക്കാൻ രഘുവിന് കഴിയുമായിരുന്നില്ല.

രാമേട്ടന്റെ കടയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയ ഹരി ഒരാക്സിഡന്റിൽ പെട്ടിരിക്കുന്നു. പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയപ്പോഴാണ് രഘു വിവരങ്ങൾ അറിയുന്നത്. ഉടൻ തന്നെ ബാങ്കിലെ സഹപ്രവർത്തകരോടൊപ്പം ആശുപത്രിയിലെത്തുമ്പോഴേക്ക് ഹരി മരണപ്പെട്ടിരുന്നു. മോർച്ചറിയിലെ ഹരിയുടെ ചേതനയറ്റ ശരീരം കണ്ട രഘു പരിസരം മറന്നു പൊട്ടിക്കരഞ്ഞു.

ഇത് സ്വപ്നമോ അതോ യാഥാർഥ്യമോ?? നെറ്റിയിലെ വിയർപ്പുകണങ്ങൾ പുതപ്പിന്റെ അഗ്രഭാഗം കൊണ്ട് തുടച്ചെടുത്തു രഘു ഫോണെടുത്തു. കഴിഞ്ഞ ദിവസം താൻ കണ്ട സ്വപ്നം യാഥാർഥ്യമായിരുന്നു എന്ന രീതിയിലാണല്ലോ ഹരി സംസാരിച്ചിരുന്നത്. ഒരു പക്ഷേ ഹരിക്ക് സംഭവിച്ച തന്റെ സ്വപ്നത്തിലെ ആക്‌സിഡന്റ് യാഥാർഥ്യമാണെങ്കിൽ? ഇന്ന് രാത്രി രാമേട്ടന്റെ കടയിൽ പോയി ഭക്ഷണം കഴിക്കാൻ തന്നെയവൻ വിളിക്കുകയും ചെയ്തതാണല്ലോ. !

എല്ലാം ആലോചിച്ച രഘുവിന്റെ ഹൃദയമിടിപ്പ് പുറത്തു കേൾക്കാമായിരുന്നു. പെട്ടെന്ന് തന്നെ ഫോണെടുത്തു ഹരിയെ വിളിച്ചെങ്കിലും എടുക്കുന്നില്ല. സാധാരണ കിടന്നുറങ്ങുമ്പോൾ ഫോൺ സൈലന്റ മോഡിൽ വെക്കുന്ന പതിവുണ്ട് ഹരിക്ക്.

ഒരു പക്ഷേ എല്ലാം തന്റെ തോന്നൽ മാത്രമായിരിക്കും. രഘു തന്റെ മനസ്സിന്റെ സ്വയം ആശ്വസിപ്പിച്ചെങ്കിലും ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരസ്വസ്ഥത ബാക്കിയായിരുന്നു.

രാവിലെ വളരെ നേരത്തെ തന്നെ തയ്യാറായി രഘു ബാങ്കിലേക്ക് പുറപ്പെട്ടു. നഗരത്തിൽ രാവിലെ തന്നെ പതിവില്ലാത്ത തിരക്ക്. ഓഫിസിലേക്ക് ദൂരം കൂടുതലുള്ള പോലെ തോന്നി രഘുവിന്.

ഓഫീസിൽ നേരത്തെ എത്താറുള്ള ഹരിയുടെ സീറ്റ് കാലിയായിരുന്നു. ക്‌ളീനിംഗ് ജോലിക്കായി വരുന്ന സരോജിനി ചേച്ചിയല്ലാതെ മറ്റാരും ബാങ്കിലെത്തി യിട്ടുണ്ടായിരുന്നില്ല. രഘുവിന്റെ ഹൃദയം പട പടാ മിടിക്കാൻ തുടങ്ങി. ഫോണെടുത്തു പ്യൂൺ ജോസിനെ വിളിച്ചു.

മറുതലക്കൽ ജോസിന്റെ ശബ്ദത്തിന് മുന്പില്ലാത്ത ഒരു ഇടർച്ച രഘുവിനനുഭവപ്പെട്ടു.

“രഘൂ. നീയെവിടെയാ? നമ്മുടെ ഹരി !…. നീ വേഗം ബ്ലോക്ക്‌ ആശുപത്രിയിലേക്ക് വാ “.

രഘുവിന്റെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു. കൈകാലുകൾ കുഴഞ്ഞു തുടങ്ങിയ രഘു മേശയിൽ കൈ കുത്തി പതിയെ തറയിലിരുന്നു. പതിയെ മനസ്സാന്നിധ്യം വീണ്ടെടുത്ത അവൻ ബൈക്കടുത്തു സിറ്റി ബ്ലോക്ക്‌ ആശുപത്രിയിലേക്ക് കുതിച്ചു.

ആശുപത്രിയിലെത്തിയപ്പോഴേക്ക് ഹരിയുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്തു തുടങ്ങിയെന്നറിഞ്ഞ രഘു മരവിച്ച മനസ്സോടെ മോർച്ചറിക്ക് പുറത്തു തടിച്ചു കൂടിയ ജനങ്ങൾക്കിടയിൽ നിറഞ്ഞ മിഴികളോടെ കാത്തിരുന്നു. രഘുവിനെ കണ്ട പ്യൂൺ ജോസ് അവന്റെയടുത്തേക്കോടിയെത്തി.

ശേഷം രഘുവിന്റെ തോളിൽ കൈ വെച്ചു.

“ഇന്നലെ രാത്രി നടന്ന ആക്‌സിഡന്റാണ്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചതാണ്.നല്ല ഇടിയാണിടിച്ചത് .അപ്പൊ തന്നെ തീർന്നുവെന്നാ കേട്ടത്. കാർ നിയന്ത്രണം വിട്ട് പുറകിൽ വന്ന ടിപ്പറിലിടിച്ചു തകർന്നു. അതിലുണ്ടായിരുന്ന ഒരു പെൺകുട്ടിയും മരിച്ചു.കാറിൽ ബാക്കിയുണ്ടായിരുന്നവരെല്ലാം നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു”

പോസ്റ്റ്മോർട്ടം കഴിഞ്ഞു ഹരിയുടെ ബോഡി ഒരൊറ്റ നോട്ടം കണ്ടു.

ഹരിയുടെ ചേതനയറ്റ ശരീരം കണ്ട രഘുവിന് അതോടെ നിയന്ത്രണം വിട്ടിരുന്നു

തൊട്ടടുത്ത നിമിഷം മോർച്ചറിയുടെ മുൻവശത്തു ഒരു ആംബുലൻസ് വന്നു നിന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞ ഏതോ ഒരു മൃതദേഹം ആംബുലൻസിൻലേക്ക് എടുത്തു വെക്കുമ്പോൾ വാവിട്ട് കരയുന്ന കുടുംബാംഗങ്ങളെ എവിടെ വെച്ചോ കണ്ട നല്ല പരിചയം തോന്നി.

**********************

“ഇതാണ് ഡോക്ടർ ഞാൻ കണ്ട സ്വപ്നം.വിചിത്രമായി തോന്നുന്നില്ലേ? ഒരു സ്വപ്നത്തിൽ മറ്റൊരു സ്വപ്നം .ഒരാഴ്ചയായിട്ടും മറ്റു സ്വപ്നങ്ങളെപ്പോലെ ഇതിലെ രംഗങ്ങൾ മറന്നു പോവുന്നില്ല . അന്ന് മുതൽ കാരണമില്ലാത്ത ഒരു അസ്വസ്ഥത എന്നെ പിടികൂടിയിരിക്കുന്നു. ഈ സ്വപ്നം ഓർക്കുമ്പോഴെല്ലാം മനസ്സാകെ അസ്വസ്ഥമാവും. “

ഡോക്ടർ സാമുവേൽ , ആലോചനയിൽ മുഴുകി ..

ഈ സമയം തനിക്കെതിർവശത്തുള്ള ഭിത്തിയിൽ പതിച്ചിരിക്കുന്ന ഒരു പെയിന്റിങ്ങിലേക്ക് നോക്കി യിരിക്കുകയാണ് രഘു .ആ പെയിന്റിങ്ങുകളിൽ ഒളിച്ചിരിക്കുന്നത് ഒരു കുഴഞ്ഞുമറിഞ്ഞ വലിയൊരു പ്രശ്നമായിരുന്നു .വൃത്താകൃതിയിൽ അവസാനിക്കാത്തൊരു വഴി .അതിങ്ങനെ വളഞ്ഞുപുളഞ്ഞു പോയി ആ വഴിയുടെ തുടക്കത്തിൽ തന്നെ എത്തിച്ചേരുന്നു .എന്നാൽ അതിനൊരു ഫിനിഷിങ് പോയിന്റ് ഉണ്ട് .പക്ഷെ എത്ര ശ്രമിച്ചിട്ടും രഘുവിനു ഫിനിഷിങ് പോയിന്റ്ലെത്താൻ സാധിക്കുന്നില്ല . ഒരു പക്ഷെ തനിക്കു മാത്രമാണോ ഈ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതു ? രഘു ചിന്തിച്ചു …

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഡോക്ടർ സംസാരിച്ചു തുടങ്ങി ..

“അതായതു താങ്കൾ കണ്ട സ്വപ്നത്തിൽ മറ്റൊരു സ്വപ്നം കടന്നു വരുന്നു .എന്നാൽ ആ സ്വപ്നം താങ്കളുടെ സുഹൃത്ത് ഹരിക്ക് സ്വപ്നമല്ല മറിച്ചു യാഥാർഥ്യമായിരുന്നു .താങ്കൾ സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ ഹരിയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചിരുന്നുവെന്നു ഹരിയുടെ സംസാരത്തിൽ നിന്ന് നിങ്ങൾ മനസ്സിലാക്കി .അതിനു ശേഷം പിറ്റേ ദിവസം ഹരി കൊല്ലപ്പെടുന്നതായി നിങ്ങൾ സ്വപ്നം കാണുകയും പിന്നീട് പിറ്റേ ദിവസം നിങ്ങൾ സ്വപ്നം കണ്ട അതെ സമയം ഹരി കൊല്ലപ്പെട്ടുവെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു .

ശേഷം നിങ്ങൾ ഞെട്ടിയുണരുന്നു .

ഇതെല്ലം സ്വപ്നമാണെന്നറിഞ്ഞിട്ടും ഹരി എന്ന കഥാപാത്രം താങ്കളുടെ ജീവിതത്തിൽ ഇത് വരെ പരിചയപ്പെടാത്ത ഒരു മനുഷ്യനാണെന്ന് മനസ്സിലാക്കിയിട്ടും ഈ സ്വപ്‌നങ്ങൾ, താങ്കളുടെ മനസ്സിൽ മായാതെ കിടക്കുകയും അത് താങ്കളെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്യുന്നു .ശരിയല്ലേ ?

രഘു തലയാട്ടി ..

“എസ് ഡോക്ടർ “

ഡോക്ടർ സാമുവേൽ വിശദീകരിച്ചു.

“ഡ്രീമോസൈഫോബിയ എന്ന വളരെ വിചിത്രമായൊരു അവസ്ഥയാണിത്. ഈ സ്വപ്നത്തിന് രണ്ട് ഡയമെൻഷൻ ഉണ്ടാവും . അതായത് ഇതിന്റെ മറുഭാഗം മറ്റൊരാളുടെ സ്വപ്നത്തിലാണ് സംഭവിക്കുക. ഇതിന്റെ തുടർ സ്വപ്‌നങ്ങൾ താങ്കളുടെ ജീവിതത്തിൽ ഇനിയും കാണുകയും അവ താങ്കളെ അസ്വസ്ഥമാക്കി ക്കൊണ്ടിരിക്കുകയും ചെയ്യാം. അല്ലെങ്കിൽ ഇതു പോലത്തെ മറ്റു സ്വപ്‌നങ്ങൾ. പക്ഷെ കഥാപാത്രങ്ങൾ ഇവർ തന്നെയായിരിക്കും. “

രഘു ഒരല്പം ആശങ്കയോടെ ഡോക്ടറെ നോക്കി..

“ഇതിന് ചികിത്സയൊന്നുമില്ലേ ഡോക്ടർ? “

ഡോക്ടർ സാമുവേൽ പുഞ്ചിരിച്ചു.

“തീർച്ചയായും. താങ്കളുടെ ഇത്‌ വരെയുള്ള അസ്വസ്ഥകളെ എനിക്ക് മാറ്റിത്തരാൻ സാധിക്കും. എന്നാൽ ഭാവിയിൽ കാണാൻ പോകുന്ന സ്വപ്നങ്ങൾക്ക് ഇപ്പൊ ചികിൽസിക്കാൻ കഴിയില്ല. നിങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ആ സ്വപ്നത്തിന്റെ ചിത്രങ്ങളെ ഞാൻ മായ്ച്ചു തരാം. അതിന് ശേഷം ആ സ്വപ്നത്തെ ചുറ്റിപ്പറ്റിയുള്ള താങ്കളുടെ അസ്വസ്ഥകളും മാറും. എന്നാൽ സ്വപ്നത്തിന്റെ ബാക്കി കൂടി കണ്ടാൽ മാത്രമേ കാര്യങ്ങൾ പൂർണ്ണമായി മനസ്സിലാവൂ.സൊ ആ സ്വപ്നം കൂടി കാണുന്നത് വരെ താങ്കൾ കാത്തിരിക്കു മെങ്കിൽ അതാവും നല്ലത്. “

“എനിക്കതിനു കഴിയില്ല ഡോക്ടർ “

രഘുവിന്റെ മറുപടി കേട്ട ഡോക്ടർ ഒന്നാലോചിച്ചു.ശേഷം രഘുവിന് നേരെ തിരിഞ്ഞിരുന്നു.

“എന്നാൽ നാളെ അതിരാവിലെ ഇവിടെ വരൂ.. എനിക്ക് കുറച്ചു preparations ഉണ്ട്..ഒരാഴ്ചത്തെ ട്രീറ്റ്മെന്റോടെ നിങ്ങളെ അസ്വസ്ഥമാക്കുന്ന സ്വപ്നത്തിന്റെ ചെറിയൊരോർമ്മ പോലും നിങ്ങൾക്കുണ്ടാവില്ല.ആ സ്വപ്നം പാടെ നിങ്ങൾ മറക്കും “

************************

ഒരു വർഷത്തിന് ശേഷം..

രാധികയുടെ അച്ഛനോട് വിവാഹക്കാര്യം സംസാരിച്ചതിന് ശേഷം രഘു നിരാശയിലാണ്. ജീവിതത്തോട് വല്ലാത്ത മടുപ്പ് തോന്നുന്നു. രാധികയെ തനിക്ക് നഷ്ട്ടപ്പെട്ടാൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. സർക്കാർ ജോലിക്കാർക്ക് മാത്രമേ മകളെ വിവാഹം ചെയ്തു കൊടുക്കൂ എന്ന് അയാളുടെ നാവിൽ നിന്ന് കേട്ടപ്പോൾ അത് വരെ ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു.

ഫോൺ ബെല്ലടിക്കുന്നു. രാധികയാണ്..

ഫോണെടുത്ത രഘുവിനെ അവൾ ആശ്വസിപ്പിച്ചു.

“ഞാൻ കാത്തിരിക്കാം. ഇത്തവണത്തെ ബാങ്ക് ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റിൽ നിന്റെ പേരുണ്ടാവും. ആ ജോലി നിനക്ക് തന്നെ കിട്ടും. പിന്നെ അച്ഛൻ സമ്മതിക്കും. നീ ടെൻഷനടിക്കല്ലേ “.

രഘു പക്ഷെ ഒരു മൂളലിൽ മറുപടി ഒതുക്കി ഫോൺ കട്ട് ചെയ്തു.

ഏതാനും ദിവങ്ങൾക്ക് ശേഷം ബാങ്ക് ടെസ്റ്റിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ രണ്ടു ഒഴിവുകൾ മാത്രമുള്ള ലിസ്റ്റിൽ തന്റെ പേര് മൂന്നാമതാണ്. മാർക്കിൽ രണ്ടാം സ്ഥാനത്താണെങ്കിലും സംവരണം കാരണം മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടത് രഘുവിനെ നിരാശയിലാക്കി. രാധികക്ക് കല്യാണാലോചനകൾ വന്ന് തുടങ്ങിയിരിക്കുന്നു.

എന്ത് ചെയ്യും.?

ഇനിയും ആലോചിച്ചു നിൽക്കുന്നതിൽ അർത്ഥമില്ല.ബാങ്കിലെ താത്കാലിക ജോലി എന്ന് വേണമെങ്കിലും പോകാം. മറ്റൊരു ജോലി തരപ്പെടാൻ പ്രയാസ മൊന്നുമില്ല. പക്ഷെ രാധികയെ കല്യാണം കഴിക്കണമെങ്കിൽ സർക്കാർ ജോലി തന്നെ വേണം.

അന്ന് ബാങ്കിൽ പുതിയ ഒരു താൽക്കാലിക ജീവനക്കാരൻ കൂടി ചാർജെടുത്തതായി അറിഞ്ഞെങ്കിലും പരിചയപ്പെടാൻ രഘുവിന് തോന്നിയില്ല. ഒന്നിനും ഒരു താല്പര്യമില്ലാതായിരിക്കുന്നു. രാധികയാണെങ്കിൽ വിളിച്ചാൽ ഒരേ കരച്ചിലാണ്. ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴും രഘുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.

ചൂട് ചായ ഊതിയൂതികുടിക്കവേ താനിത് വരെ കാണാത്തൊരു യുവാവ് രഘുവിന് നേരെ കൈനീട്ടി.

“ഹലോ. ഞാൻ ഹരി. ഇവിടെ പുതുതായി ജോയിൻ ചെയ്ത ഇൻഷുറൻസ് സ്റ്റാഫ്‌ ആണ്. താങ്കളെ കണ്ടപ്പോൾ വല്ലാത്തൊരു മുൻപരിചയം തോന്നുന്നു. നമ്മളെവിടെ യെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ “.

രഘു നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഇല്ലല്ലോ. എനിക്ക് തീരെ പരിജയം തോന്നുന്നില്ലല്ലോ. “

കുറച്ചു നേരം ആലോചിച്ചതിന് ശേഷം ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.

“അതെ. ഞാനോർക്കുന്നു. പതിവായി ഞാൻ താങ്കളെ സ്വപ്നത്തിൽ കാണാറുണ്ട്. രഘുവിന് അങ്ങനെ വല്ല അനുഭവവുമുണ്ടോ? “

രഘു ചിരിച്ചു.

“സ്വപ്നത്തിലോ? ഹേയ്‌. ഇല്ല.

അവർ പെട്ടെന്ന് പരിചയപ്പെട്ടു നല്ല സുഹൃത്തുക്കളായി. എല്ലാ കാര്യങ്ങളും പരസ്പരം സംസാരിച്ചിരുന്നെങ്കിലും രാധികയുടെ കാര്യം മാത്രം രഘു ഹരിയിൽ നിന്ന് മറച്ചു വെച്ചു.

നാളുകൾ കഴിയുന്തോറും രാധികയുടെ കാര്യത്തിൽ രഘുവിന്റെ ആശങ്ക കൂടിക്കൂടി വന്നു. അതിനിടെ ഒരു ദിവസം രാത്രി ഹരിയും രഘുവും രാമേട്ടന്റെ തട്ടുകടയിൽ കയറി ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. അതിനുള്ള കാരണം വളരെ വിചിത്രമായിരുന്നു.

ഹരി രഘുവിനോട് കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നത് സ്വപ്നത്തിൽ കണ്ടുവത്രെ. അതും രാമേട്ടന്റെ തട്ടുകടയിൽ. അത് കൂടാതെ മറ്റൊരു സർപ്രൈസ് കൂടിയുണ്ട്. തട്ടുകടയിൽ വെച്ച് പറയാം എന്നാണ് ഹരി പറഞ്ഞത്. അന്ന് രാത്രി 10.30 മണിക്ക് ഹൈവേയിലുള്ള രാമേട്ടന്റെ തട്ടുകടയിൽ വെച്ച് കാണാമെന്നു പറഞ്ഞാണ് അവർ പിരിയുന്നത്.

വീട്ടിലെത്തിയ ഉടനെ രാധികയുടെ ഫോൺ വന്നു.

“അച്ഛനെന്റെ കല്യാണം ഏകദേശം ഉറപ്പിച്ച പോലെയാണ്. കഴിഞ്ഞ ദിവസം എന്നെ പെണ്ണ് കാണാനൊരു കൂട്ടർ വന്നിരുന്നു. പയ്യൻ ബാങ്കിന്റെ റാങ്ക്‌ ലിസ്റ്റിലുണ്ട്. ആറു മാസത്തിനുള്ളിൽ പോസ്റ്റിങ്ങ്‌ ആവും. നീയും ബാങ്ക് റാങ്ക്ലിസ്റ്റിലുണ്ടെന്നു പറഞ്ഞിട്ടും അച്ഛൻ സമ്മതിക്കുന്നില്ല.ആകെ രണ്ടു ഒഴിവുകൾ മാത്രമുള്ള ആ പോസ്റ്റിൽ നിനക്ക് ജോലി കിട്ടാൻ സാധ്യതയില്ലത്രെ . ആളുടെ പേര് ഹരിയെന്നാണ്. നിന്റെ ബാങ്കിൽ തന്നെയാണ് ജോലി ചെയ്യുന്നത്. അയാളോട് മെല്ലെ തഞ്ചത്തിൽ നീ കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് ഈ ആലോചനയിൽ നിന്ന് പിൻവാങ്ങാൻ പറ “

ഞെട്ടലോടെയാണ് രഘു ആ വാർത്ത കേട്ടത്. ഹരിയാണ് ജോലിക്ക് തന്റെ മുന്നിൽ വിലങ്ങു തടിയായി നിൽക്കുന്നതെന്ന് അപ്പോഴാണ് രഘുവിന് മനസ്സിലാവുന്നത്.. ലിസ്റ്റെടുത്തു നോക്കുമ്പോൾ ശരിയാണ്. റാങ്ക്‌ ലിസ്റ്റിൽ രണ്ടാമനായി ഹരിയുടെ പേരാണ്.

” ഹരിയെ ഞാൻ പറഞ്ഞു മനസിലാക്കാം. നീ പേടിക്കണ്ട. എല്ലാം ശരിയാകും “

രാധിക ഒന്നമർത്തി മൂളി.

“ഞങ്ങളിന്ന് രാത്രി പഴനിക്ക് പുറപ്പെടുകയാണ്. നാളെ വിളിക്കാം. “

എന്ന് പറഞ്ഞ് രാധിക ഫോൺ വെച്ചു.

രഘുവിന്റെ മനസ്സിൽ അസ്വസ്ഥത കൂടിക്കൂടി വന്നു. ഹരി ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത് ഈ കല്യാണക്കാര്യമായിരിക്കും. രാധികയെ നഷ്ടപ്പെടുന്നത് രഘുവിന് ചിന്തിക്കാനേ കഴിയുന്നില്ല.

മെല്ലെ ബെഡിൽ ചെന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നു.ഉള്ളിലെന്തൊക്കെയോ കൊത്തിവലിക്കുന്നു. മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നില്ല.

ഹരിയുടെ ഫോൺ വന്നപ്പോഴാണ് കാട് കയറിയ ചിന്തകളിൽ നിന്നും രഘു ഉണരുന്നത്. രാമേട്ടന്റെ കടയിലേക്ക് വരാൻ പറഞ്ഞ് ഹരി ഫോൺ വെച്ചു.

അപ്പോഴേക്ക് രഘുവിന്റെ മനസ്സിൽ ചില പദ്ധതികളൊക്കെ തയ്യാറായിരുന്നു. ആ പദ്ധതിയുടെ തെറ്റും ശരിയും ആലോചിക്കാനോ മറ്റൊരു മാർഗ്ഗം തിരഞ്ഞെടുക്കാനോ രഘു തുനിഞ്ഞില്ല .

പെട്ടെന്ന് തന്നെ റെഡിയായി ബൈക്കെടുത്തു നേരെ ഹൈവേയിലുള്ള രാമേട്ടന്റെ തട്ടുകടയിലേക്ക് വിട്ടു. കടയിൽ നല്ല തിരക്കായിരുന്നു. പുറകു വശത്തെ പറമ്പിൽ വണ്ടി നിർത്തിയപ്പോഴേക്ക് ഹരിയും എത്തി.

കടയിൽ തിരക്ക് കഴിയുന്നത് വരെ അവരവിടെ സംസാരിച്ചിരുന്നു. രാധികയെ കാണാൻ പോയതും കല്യാണ മുറപ്പിക്കാനുള്ള തീരുമാനവുമെല്ലാം ഹരി രഘുവിനോട് പറഞ്ഞു.

അതിനുള്ള മറുപടി രഘു ഒരു മൂളലിലൊതുക്കി.

അവസാനം സംസാരമെല്ലാം കഴിഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ ഏതാണ്ട് രാത്രി 12 മണി കഴിഞ്ഞിരുന്നു. രാമേട്ടന്റെ കടയിലെ സ്വാദൂറുന്ന കപ്പ ബിരിയാണിയുടെ രുചിയാസ്വദിക്കാൻ പക്ഷെ രഘുവിന് കഴിഞ്ഞില്ല. അവന്റെ മനസ്സാകെ പ്രക്ഷുബ്ധമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ വാ തോരാതെ ഹരി സംസാരിക്കുന്നുണ്ടെങ്കിലും രഘുവിന്റെ മനസ്സിൽ ഒരു പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു.

റാങ്ക്ലിസ്റ്റിൽ രണ്ടാമൻ പോയാൽ മൂന്നാമതുള്ള തനിക്ക് ജോലി കിട്ടും. പിന്നെ രാധികയുമായുള്ള കല്യാണം ബുദ്ധിമുട്ടില്ലാതെ നടക്കും.

‘അതിന് രണ്ടാമൻ പോകണം … ‘

രഘുവിന്റെ മനസ്സിൽ ആ ശബ്ദം വീണ്ടും വീണ്ടും ശബ്‌ദിച്ചു.

‘അതെ രണ്ടാമൻ പോകണം…. ‘

എങ്കിലും ഹരി തന്റെ സുഹൃത്തല്ലേ?

അവന്റെ ചിന്തകളിൽ നന്മയും തിന്മയും തമ്മിലേറ്റുമുട്ടി. അവസാനം തിന്മ വിജയിച്ചു. രാധികയെ നഷ്ട പ്പെടുത്തിയിട്ടൊരു ജീവിതം രഘുവിനാലോചിക്കാൻ കഴിയുമായിരുന്നില്ല. അവളാണെങ്കിൽ അച്ഛനെയെതിർത്തു ഒരൊളിച്ചോട്ടത്തിനു തയ്യാറുമല്ല. തന്റെ മുന്നിൽ ഇതല്ലാതെ മറ്റു മാർഗമില്ല.

ഭക്ഷണം കഴിച്ചതിനു ശേഷം രഘു പെട്ടെന്നെഴുന്നേറ്റു. കൈ കഴുകി ബൈക്ക് നിർത്തിയിട്ട പറമ്പിനടുത്തേക്ക് നടന്നു. മൂത്രമൊഴിക്കാനെന്ന വ്യാജ്യേന ഹരിയുടെ ബൈക്കിനടുത്തിരുന്നു.

തനിക്ക് മുന്നിലുള്ള ധൗത്യത്തിനായി മനസ്സൊരുക്കുക എന്ന് സ്വയം പറഞ്ഞു.

പുറകിലേക്ക് നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ബൈക്കിന്റെ ബ്രേക്ക്‌ കേബിൾ മുറിച്ചു.

അപ്പോഴേക്കും ഹരിയും അവിടെ നടന്നെത്തി. രഘു പെട്ടെന്നെഴുന്നേറ്റ് ഹരിയെ നോക്കി.

“എനിക്ക് പെട്ടെന്ന് പോകണം. സമയം വൈകി. നാളെ കാണാം “.

ഹരി തലകുലുക്കി.

“Ok. Bye. Gud night “.

കൈവീശി ബൈക്കെടുത്തു ഹൈവേയിലേക്ക് നീങ്ങിയ ഹരിയെ രഘു കണ്ണെടുക്കാതെ നോക്കിയിരുന്നു. അവസാനം രാത്രിയുടെ ഇരുട്ടിൽ ആ ബൈക്ക് മറഞ്ഞപ്പോൾ രഘു പിന്തിരിഞ്ഞു നടന്നു.

കുറ്റബോധം രഘുവിനെ അസ്വസ്ഥനാക്കുന്നുവോ…? ഇല്ല.

“സോറി ഹരീ …… “അവൻ മനസ്സിൽ മന്ത്രിച്ചു.

ശൂന്യമാക്കിയ മനസ്സോടെ രഘു തന്റെ വണ്ടിയെടുത്തു. വീട്ടിലേക്ക് വിട്ടു. ഫോൺ സൈലന്റ് ആക്കി കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല.

അതിരാവിലെ കുളിച്ചു റെഡിയായി ബാങ്കിലേക്ക് പോകുമ്പോഴും രഘു മനസ്സിനെ ശൂന്യമാക്കി നിർത്തി.

താൻ പ്രതീക്ഷിക്കുന്ന വാർത്തകൾ തേടിയുള്ള യാത്ര. ബാങ്കിലെത്തിയ ഉടനെ ഹരിയുടെ സീറ്റിലേക്ക് നോക്കി. അവനെത്തിയിട്ടില്ല . ക്‌ളീനിംഗ് ജോലിക്കായി വരുന്ന സരോജിനി ചേച്ചിയല്ലാതെ മറ്റാരും ബാങ്കിലെത്തിയിട്ടുണ്ടായിരുന്നില്ല

ഫോണെടുത്തു പ്യൂൺ ജോസിനെ വിളിച്ചു.

മറുതലക്കൽ ജോസിന്റെ ശബ്ദത്തിന് മുന്പില്ലാത്ത ഒരു ഇടർച്ച രഘുവിനനുഭവപ്പെട്ടു.

“രഘൂ. നീയെവിടെയാ? നമ്മുടെ ഹരി !….നീ വേഗം ബ്ലോക്ക്‌ ആശുപത്രിയിലേക്ക് വാ “.

പ്രതീക്ഷിച്ച വാർത്തയായിരുന്നെങ്കിലും വല്ലാത്തൊരു കുറ്റബോധം രഘുവിനെ തളർത്തി. കൈകാലുകൾ മരവിച്ച അവസ്ഥയിൽ രഘു മേശയിൽ കൈ കുത്തി പതിയെ തറയിലിരുന്നു. പതിയെ മനസ്സാന്നിധ്യം വീണ്ടെടുത്ത അവൻ ബൈക്കടുത്തു സിറ്റി ബ്ലോക്ക്‌ ആശുപത്രിയിലേക്ക് കുതിച്ചു.

ആശുപത്രിയിലെത്തിയപ്പോഴേക്ക് ഹരിയുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്തു തുടങ്ങിയെന്നറിഞ്ഞ രഘു മരവിച്ച മനസ്സോടെ മോർച്ചറിക്ക് പുറത്തു തടിച്ചു കൂടിയ ജനങ്ങൾക്കിടയിൽ നിറഞ്ഞ മിഴികളോടെ കാത്തിരുന്നു. അതു വരെ സംഭരിച്ചു വെച്ച ധൈര്യമെല്ലാം ചോർന്നു പോയിരുന്നു.

അത് കണ്ടോടി വന്ന പ്യൂൺ ജോസ് രഘുവിന്റെ തോളിൽ കൈ വെച്ചു.

“ഇന്നലെ രാത്രി നടന്ന ആക്‌സിഡന്റാണ്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചതാണ്.നല്ല ഇടിയാണിടിച്ചത് .അപ്പൊ തന്നെ തീർന്നുവെന്നാ കേട്ടത്. കാർ നിയന്ത്രണം വിട്ട് പുറകിൽ വന്ന ടിപ്പറിലിടിച്ചു തകർന്നു. അതിലുണ്ടായിരുന്ന ഒരു പെൺകുട്ടിയും മരിച്ചു.കാറിൽ ബാക്കിയുണ്ടായിരുന്നവരെല്ലാം നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു “

അത് കൂടി കേട്ടതോടെ രഘുവാകെ തളർന്നു. താൻ ചെയ്തൊരു ബുദ്ധിശൂന്യത കാരണം രണ്ടു ജീവൻ പൊലിഞ്ഞിരിക്കുന്നു. പോസ്റ്റ്മോർട്ടം കഴിഞ്ഞു ഹരിയുടെ ബോഡി ഒരൊറ്റ നോട്ടം മാത്രമേ രഘുവിന് കാണാൻ കഴിഞ്ഞുള്ളു .

ഹരിയുടെ ചേതനയറ്റ ശരീരം കണ്ട രഘുവിന് അതോടെ നിയന്ത്രണം വിട്ടിരുന്നു.കുറ്റബോധം അവന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു.

തൊട്ടടുത്ത നിമിഷം മോർച്ചറിയുടെ മുൻവശത്തു ഒരു ആംബുലൻസ് വന്നു നിന്നു പോസ്റ്റ്മോർട്ടം കഴിഞ്ഞ മറ്റൊരു മൃതദേഹം ആംബുലൻസിൻലേക്ക് എടുത്തു വെക്കുമ്പോൾ വാവിട്ട് കരയുന്ന കുടുംബാംഗങ്ങളെ എവിടെ വെച്ചോ കണ്ട നല്ല പരിചയം തോന്നി രഘുവിന്.

ആംബുലൻസിന്റെ വാതിൽ തുറന്നപ്പോൾ തലയിൽ ഒരു വലിയ കെട്ടുമായി കരയുന്ന ആളെ കണ്ടതും രഘുവൊന്ന് ഞെട്ടി.

‘രാധികയുടെ അച്ഛൻ

രഘു ഭീതിയോടെ ആംബുലൻസിൽ കിടക്കുന്ന മൃതദേഹത്തെ നോക്കി. വെള്ളത്തുണി കൊണ്ട് മുഴുവനായി പുതച്ച മൃതശരീരം കാണാൻ സാധിക്കുന്നില്ല.

രഘുവിന്റെ മനസ്സൊന്നു പിടഞ്ഞു. തന്റെ ഹൃദയമിടിപ്പ് ഏതു നിമിഷവും നിശ്ചലമാവുമെന്നവന് തോന്നി. കൈകാലുകൾ തളർന്നു തുടങ്ങിയ രഘുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർതുള്ളികൾ ഇറ്റിറ്റായി ഭൂമിയിൽ പതിച്ചു. അതോടെ ആത്മാവും ശരീരവും ക്ഷയിച്ച അവൻ ആൾക്കൂട്ടത്തിനിടയിൽ മുട്ടു കുത്തിയിരുന്നുറക്കെക്കരഞ്ഞു. .

ശുഭം……….

Related Posts

Leave a Reply

Your email address will not be published. Required fields are marked *