അവന് കിട്ടുന്നത് തികയാഞ്ഞിട്ടല്ലേടാ ? നിന്നെപ്പോലെയാണോ അവൻ ? ഭാര്യയും രണ്ട് പിള്ളേരുമില്ലേ ?അപ്പോൾ അതിൻ്റേതായ ചിലവുകളൊക്കെയുണ്ടാവും.നിനക്ക് പിന്നെ, ചിലവാക്കാനായിട്ട് ……

Story written by Saji Thaiparambu

ചേട്ടാ,,, അരുണിൻ്റെ കല്യാണത്തിന് ഒന്ന് പോകണേ ?എനിക്ക് ലീവ് കിട്ടില്ല അത് കൊണ്ടാണ് ,ങ്ഹാ പിന്നേ ,, ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപ എൻ്റെ പേരെഴുതി അവൻ്റെ കൈയ്യിൽ കൊടുക്കാൻ മറക്കല്ലേ ? ഞാൻ നാട്ടിൽ വരുമ്പോൾ തന്നേക്കാം ,എൻ്റെ കല്യാണത്തിനവൻ രണ്ടായിരം തന്നതാണ്,

ബാംഗ്ളൂരീന്ന് രാജീവാണ് വിളിച്ചത് ,കൂട്ടുകാരൻ്റെ കല്യാണത്തിന് ,അവന് പകരം ഞാൻ പോകണമെന്ന് ,

ബെഡ് കോഫിയുമായി ,മുറിയിലേയ്ക്ക്ക ടന്ന് വന്ന അമ്മയോട് ഫോൺ കട്ട് ചെയ്ത് കൊണ്ട്, സുദേവൻ നീരസത്തോടെ പറഞ്ഞു

അതിനെന്താ,, പോകണം, അവന് ലീവില്ലാത്തത് കൊണ്ടല്ലേ? ശ്രീജയാണെങ്കിൽ പ്രസവിച്ച് തൊണ്ണൂറ് തികയാത്തത് കൊണ്ട് ചടങ്ങുകൾക്കൊന്നും പോയി തുടങ്ങിയിട്ടുമില്ല ,അപ്പോൾ പിന്നെ നിന്നോടല്ലേ അവന് പറയാൻ പറ്റൂ ,,
ഇന്ന് ഞായറാഴ്ചയല്ലേ? നിനക്ക് പ്രത്യേകിച്ച് വേറെങ്ങും പോകാനില്ലല്ലോ ?മണി പതിനൊന്നായി ചെറുക്കാ ,,, വേഗം കുളിച്ചൊരുങ്ങി പോകാൻ നോക്ക്,,,

അമ്മ ഇളയ മകന് വേണ്ടി വാദിച്ചു.

പോകുന്നതിന് കുഴപ്പമൊന്നുമില്ല: പക്ഷേ ,സംഭാവനയായി രണ്ടായിരത്തി അഞ്ഞൂറ് രൂപ കൂടി കൊടുക്കണമെന്നാണവൻ പറഞ്ഞത് ,നാട്ടിൽ വരുമ്പോൾ തിരിച്ച് തരാമെന്ന് പറഞ്ഞു , ആര് തരാൻ ? ഇതിന് മുമ്പും പല തവണ ആയിരവും രണ്ടായിരവുമൊക്കെ വാങ്ങിച്ചോണ്ട് പോയതാണ്, അത് പോലും തന്നിട്ടില്ല ,പിന്നെയാണിത്?

സുദേവൻ അമർഷത്തോടെയാണത് പറഞ്ഞത്

അവന് കിട്ടുന്നത് തികയാഞ്ഞിട്ടല്ലേടാ ? നിന്നെപ്പോലെയാണോ അവൻ ? ഭാര്യയും രണ്ട് പിള്ളേരുമില്ലേ ?അപ്പോൾ അതിൻ്റേതായ ചിലവുകളൊക്കെയുണ്ടാവും.നിനക്ക് പിന്നെ, ചിലവാക്കാനായിട്ട് പെണ്ണും പെടക്കോമായുമൊന്നുമില്ലല്ലോ? ഈ ജന്മത്ത് കല്യാണമേ വേണ്ടന്ന് പറഞ്ഞ് നില്ക്കുവല്ലിയോ നീ? നിനക്ക് കിട്ടുന്ന ശബ്ബളം പകുതിയും മിച്ചമല്ലേ ,അപ്പോൾ പിന്നെ, കൂടപ്പിറപ്പിനെങ്കിലും ഒരു സഹായമാവട്ടെ,,,

അതും പറഞ്ഞ് മുഖവും വീർപ്പിച്ച് അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ,തലേ രാത്രി കഴിച്ച ത്രി എക്സ് റമ്മിൻ്റെ ഹാങ്ങ് ഓവർ വകവയ്ക്കാതെ, സുദേവൻ വേഗം കട്ടിലിൽ നിന്നെഴുന്നേറ്റ് ബാത്രൂമിലേയ്ക്ക് നടന്നു.

ഡാ,, ദോശയെടുത്ത് വെച്ചിരിക്കുന്നു,, അത് കഴിച്ചിട്ട് പോ,,

ഡ്രസ്സ് ചെയ്ത് പുറത്തേയ്ക്കിറങ്ങുമ്പോൾ അമ്മ സുദേവനോട് വിളിച്ച് പറഞ്ഞു

എനിക്ക് വേണ്ട നിങ്ങടെ ഒണക്ക ദോശ ,ഞാൻ കല്യാണ വീട്ടീന്ന് നോൺ വെജ് കഴിച്ചോളാം,,,

അരുണിൻ്റെ വീട്ടിൽ ,രാവിലെ എന്തായാലും പൊറോട്ടയും ഇറച്ചിയുമായിരിക്കും, ഇപ്പോൾ അതാണല്ലോ ട്രെൻഡ് , പഴയത് പോലെ ഇപ്പോൾ കല്യാണ വീട്ടിൽ ദോശയും ഇഡ്ഡലിയുമൊന്നുമുണ്ടാവില്ല,.മാത്രല്ല രാവിലെ വയറ്റീന്ന് നല്ലത് പോലെ പോയത് കൊണ്ട്, ഒരു ആനയെ തിന്നാനുള്ള വിശപ്പുമുണ്ട്,

സുദേവൻ, ഒഴിഞ്ഞവയറുമായി അരുണിൻ്റെ വീട് ലക്ഷ്യമാക്കി നടന്നു .

ങ്ഹാ സുദേവേട്ടാ,, ഇപ്പോഴാണോ വരുന്നത് ? ഞങ്ങളൊക്കെ പെണ്ണിൻ്റെ വീട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു, പന്ത്രണ്ട് മണിക്കാണ് മുഹൂർത്തം, ഇപ്പോൾ മണി പത്തര കഴിഞ്ഞു , രാജീവൻ വന്നില്ലല്ലേ? രാവിലെ എനിക്ക് വാട്സ്ആപ്പിൽ മെസ്സേജുണ്ടായിരുന്നു, ലീവ് കിട്ടീല്ല, ഏട്ടൻ വരുമെന്ന് പറഞ്ഞു,

അതേ,, എന്നോടവൻ കുറച്ച് മുമ്പാണ് വിളിച്ച് പറയുന്നത്, അല്ലായിരുന്നെങ്കിൽ, ഞാൻ അതിരാവിലെ തന്നെ എത്തുമായിരുന്നു,,

സുദേവൻ ക്ഷമാപണത്തോടെ പറഞ്ഞു ,

ങ്ഹാ അത് സാരമില്ല , ഏട്ടനെന്തായാലും ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടായിരിക്കുമല്ലോ വന്നത് ?പത്തരയ്ക്ക് തന്നെ ഇറങ്ങേണ്ടത് കൊണ്ട് ഇവിടെ നേരത്തെ തന്നെ എല്ലാം ക്ളോസ്സ് ചെയ്തു, പിന്നെ, പെണ്ണിൻ്റെ വീട്ടിൽ വച്ചാണ് വിവാഹം ,അങ്ങോട്ട് പോകാനുള്ള രണ്ട് ടൂറിസ്റ്റ് ബസ്സുകൾ മെയിൻ റോഡിൽ പാർക്ക് ചെയ്തിരിക്കുവാണ് ,ചേട്ടൻ വേഗം അങ്ങോട്ട് ചെല്ല് ,, ഞങ്ങള് പുറകെ വന്നോളാം ,,,

കല്യാണച്ചെക്കൻ തോളിൽ തട്ടി അത് പറഞ്ഞപ്പോൾ സുദേവൻ്റെ കാഞ്ഞവയറിൽ നിന്നും ഒരു നീണ്ട വായു പുറത്തേയ്ക്ക് വന്നു.

ടൂറിസ്റ്റ് ബസ്സിൽ കയറണോ? വീട്ടിലേയ്ക്ക് തിരിച്ച് പോയി അമ്മയോട് മാപ്പ് പറഞ്ഞ് ഒണക്ക ദോശ കഴിക്കണോ എന്ന് ഒരു നിമിഷം അയാൾ ആലോചിച്ചു.

വേണ്ട വീട്ടിലേയ്ക്ക് എന്തായാലും പോകണ്ടാ ,അവിടെ ചെന്ന് അമ്മയുടെ വായിലിരിക്കുന്നത് കേൾക്കുന്നതിലും നല്ലത് ,പെണ്ണിൻ്റെ വീട്ടിലേയ്ക്ക് പോകുന്നതാണ്, ഇനി ഒന്നര മണിക്കൂറ് കൂടി ,വിശപ്പ് സഹിച്ചാൽ മതിയല്ലോ ?പട്ടാമ്പിയിലാണ് പെണ്ണിൻ്റെ വീട് ,പതിനെട്ട് തരം കറിയും കൂട്ടി അവിടുന്ന് അടിപൊളി സദ്യ കഴിക്കാം

ഒടുവിൽ സുദേവൻ, മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു.

സുദേവനെത്തുമ്പോഴേയ്ക്കും രണ്ട് ബസ്സുകളും തിങ്ങി നിറഞ്ഞിരുന്നു, ഒടുവിൽ ഫുട്ട്ബോർഡിൽ നിന്ന് കൊണ്ടാണ് കല്യാണപെണ്ണിൻ്റെ വീട്ടിലേക്കയാൾ യാത്ര ചെയ്തത്.

പ്രതീക്ഷിച്ചത് പോലെ ഗംഭീരമായിരുന്നു കല്യാണസദ്യ , വിശപ്പ് കലശലായത് കൊണ്ട് ആദ്യ പന്തിയിൽ തന്നെയിരുന്ന് സദ്യ കഴിച്ചിട്ട് സുദേവൻ നേരെ ബസ്സ് പാർക്ക് ചെയ്യുന്നിടത്തേക്ക് നടന്നു അപ്പോൾ അയാളുടെ മനസ്സിൽ ,തിരിച്ച് പോകുമ്പോഴെങ്കിലും സീറ്റിലിരുന്ന് പോകണമെന്നേ ഉണ്ടായിരുന്നുള്ളു

ബസ്സിലേയ്ക്ക് കയറുമ്പോൾ ഡ്രൈവറും ക്ളീനറും മാത്രമായിരുന്നുവെങ്കിൽ അധികം താമസിയാതെ തന്നെ ബസ്സിലെ മുഴുവൻ സീറ്റുകളും ഫില്ലായി.

മുൻ ഡോറിനടുത്തെ ഇടത് സീറ്റിൽ വിൻഡോയ്ക്കരികിലായിരുന്നു സുദേവൻ ഇരുന്നത്, കുട്ടികൾ കയറി വരുന്നത് കണ്ട്, അവർ സൈഡ് സീറ്റ് ആവശ്യപ്പെടുമെന്ന് കരുതി, അയാൾ പുറകിലേയ്ക്ക് ചാരി ഉറക്കം നടിച്ചിരിക്കുകയായിരുന്നു.

പൊടുന്നനെ ആരോ തൻ്റെ അരികിലിരുന്നത് അയാൾ സ്പർശനത്തിലറിഞ്ഞു, കുപ്പിവളകളുടെ കിലുക്കവും മുല്ലപ്പൂവിൻ്റെ സുഗന്ധവും അനുഭവപ്പെട്ടപ്പോഴാണ് തൻ്റെയരികിൽ വന്നിരുന്നത് ഒരു സ്ത്രീയാണെന്ന് അയാൾ തിരിച്ചറിഞ്ഞത്

അയാൾ മിഴികൾ പാതി തുറന്ന് തലചരിച്ച് നോക്കിയപ്പോൾ മുന്നോട്ട് നോക്കി പുഞ്ചിരി തൂകിയിരിക്കുന്ന സുന്ദരിയായൊരു യുവതിയെയാണ് കണ്ടത്, പക്ഷേ മുൻപ് കണ്ട് പരിചയമൊന്നുമില്ല ,ഈ നാട്ട്കാരിയല്ല ചിലപ്പോൾ അരുണിൻ്റെ ബന്ധത്തിലുള്ള ആരെങ്കിലുമാവും ,അല്ല താനെന്തിനാ അതോർത്ത് വറീഡാവുന്നത്? ആരായാൽ തനിക്കെന്താ ?

അയാൾ സ്വയം വിമർശിച്ച് കൊണ്ട് പുറത്തേയ്ക്ക് കണ്ണ് നട്ടിരുന്നു.

ചേട്ടാ ,, ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ അവിടെയിരുന്നോട്ടെ? എനിക്ക് പുറം കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്,,,

അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് അയാൾ അവളെ അമ്പരപ്പോടെ നോക്കി.

ഞാനും പുറം കാഴ്ചകൾ ആസ്വദിക്കുന്നൊരാളാണ്, അത് കൊണ്ടല്ലേ ഞാൻ ആദ്യം തന്നെ വന്ന് സൈഡ് സീറ്റിലിരുന്നത്?

അയാൾ പരുക്കൻ സ്വരത്തിൽ പറഞ്ഞപ്പോൾ അവൾ ചൂളിപ്പോയി.

ഓഹ് സോറി ചേട്ടാ,, ഞാനതോർത്തില്ല, വല്ലപ്പോഴും ഇത് പോലെ ദൂരെയുള്ള കല്യാണത്തിനൊക്കെ പോകുമ്പോൾ മാത്രമാണ്, ഞാൻ പുറം ലോകമൊന്ന് കാണുന്നത്, അയൽവക്കത്തുള്ളവരൊക്കെ ടൂറിന് പോയിട്ട് വന്ന് പറയുന്ന കഥകൾ കേൾക്കുമ്പോൾ, എനിക്കും അവിടെയൊക്കെ പോകണമെന്ന് ഒരുപാടാഗ്രഹിക്കും, പക്ഷേ ,ഞങ്ങളെക്കൊണ്ട് അതിന് നിവൃത്തിയില്ലാത്തത് കൊണ്ട് ആഗ്രഹങ്ങളൊക്കെ മനസ്സിലൊതുക്കി വയ്ക്കും, പിന്നെ ഈ നാടിൻ്റെ ഭംഗിയൊക്കെ ആസ്വദിക്കുന്നത്, ഇത് പോലെ കല്യാണ വണ്ടികളിൽ കയറുമ്പോൾ മാത്രമാണ്,,

അത് കേട്ട് സുദേവൻ്റെ മനസ്സ് ചെറുതായൊന്നു നൊന്തു.

അതെന്താ, തൻ്റെ ഹസ്ബൻ്റിന് വരുമാനം കുറഞ്ഞ ജോലിയാണോ ?

അയ്യോ ചേട്ടാ.. ഞാൻ കല്യാണം കഴിച്ചിട്ടില്ല, വീട്ടിൽ ഞാനും അമ്മയും പിന്നെ രോഗിയായ അച്ഛനും മാത്രമേയുള്ളു,,

ങ്ഹേ, സത്യമാണോ ? സെയിംപിച്ച് ,, എനിക്കും വിവാഹ ജീവിതത്തോട് താല്പര്യമില്ല, എനിക്കെപ്പോഴും ഇങ്ങനെ സ്വതന്ത്രമായി ജീവിക്കുന്നതാണിഷ്ടം ,,,

അയാൾ തനിക്കൊരു കൂട്ട് കിട്ടിയത് പോലെ സന്തോഷത്തോടെ പറഞ്ഞു.

പക്ഷേ, എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ടല്ല ,വീട്ടിൽ എന്നെ കല്യാണം കഴിപ്പിച്ചയക്കാനുള്ള സാമ്പത്തികമില്ലാത്തത് കൊണ്ടാണ് മുപ്പത്തിയാറ് കഴിഞ്ഞിട്ടും ഞാനിങ്ങനെ നില്ക്കുന്നത് ,എൻ്റെ കൂടെ പഠിച്ചവരൊക്കെ വിവാഹം കഴിച്ച്, രണ്ടും മൂന്നും കുട്ടികളുമൊക്കെയായി ഭർത്താവിനൊപ്പം അടിച്ച് പൊളിച്ച് നടക്കുന്നത് കാണുമ്പോൾ, ഞാനും ഒരു പാട് ആഗ്രഹിച്ച് പോയിട്ടുണ്ട്, എനിക്കും അത് പോലൊരു ജീവിതം കിട്ടിയിരുന്നെങ്കിലെന്ന് ,,

അവളുടെ മുഖത്ത് നിരാശ കലരുന്നത് സുദേവ് കണ്ടു.

പക്ഷേ, വിവാഹം കഴിച്ച എല്ലാവർക്കും താനീ പറയുന്ന സന്തോഷമൊന്നും കാണില്ല, എനിക്കറിയാവുന്ന എത്രയോ പേരാണ്, ഡൈവോഴ്സായിട്ട് ഒറ്റയ്ക്ക് അടിച്ച് പൊളിച്ച് ജീവിക്കുന്നത്,,

അവളെ ആശ്വസിപ്പിക്കാനെന്നോണമാണ് അയാളത് പറഞ്ഞത്.

അത് ശരിയായിരിക്കാം ,പക്ഷേ ചേട്ടനറിയാത്ത എത്രയോ ദമ്പതികൾ സന്തോഷകരമായി ജീവിക്കുന്നുണ്ട്, ദാമ്പത്യജീവിതമെന്ന് പറയുന്നത്, ഒരു മഹാസാഗരം പോലെയാണ് , കരയ്ക്ക് നിന്ന് കൊണ്ട് പേടിയോടെ നോക്കി നിന്നാൽ, അവസാനം വരെ ഒരു കാര്യവുമില്ലാതെ അങ്ങനെ തന്നെ നില്ക്കേണ്ടി വരും, പക്ഷേ, രണ്ടും കല്പിച്ചിറങ്ങിയാൽ വിലമതിക്കാനാവാത്ത മുത്തുകളും പവിഴങ്ങളുമൊക്കെ അതിൽ നിന്ന് പെറുക്കിയെടുക്കാൻ കഴിയും ,ഇടയ്ക്കൊക്കെ കടൽക്ഷോഭിക്കുമെങ്കിലും, അധികം താമസിയാതെ തന്നെയത് ശാന്തമാകുകയും ചെയ്യും ,അത് പോലെയാണ് കുടുംബ ജീവിതവും,,

അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അയാൾക്കും തോന്നി.

അല്ലാ എന്താ തൻ്റെ പേര് ?

സൗമ്യ,,

ഉം,, എൻ്റെ പേര് സുദേവ് ,,

ഉം,,,

പിന്നെ എന്താണ് ചോദിക്കേണ്ടതെന്നറിയാതെ അയാൾ പുറത്തേയ്ക്ക് തന്നെ നോട്ടമയച്ചു.

അപ്പോൾ അവൾ പറഞ്ഞതിനെ കുറിച്ചായിരുന്നു അയാളുടെ ചിന്ത,

ശരിയാണ്, താനിപ്പോഴും അഗാധമായ കടലിലേയ്ക്ക് ആശങ്കയോടെ നോക്കി നില്ക്കുന്ന ഒരു കുട്ടി മാത്രമാണ്, അവൾ പറഞ്ഞത് പോലെ രണ്ടും കല്പിച്ച് ഒന്നിറങ്ങി നോക്കിയാലോ ?

അവളും കല്യാണം കഴിച്ചിട്ടില്ലെന്നല്ലേ പറഞ്ഞത്? മാത്രമല്ല ജീവിതത്തെക്കുറിച്ച് അവൾക്ക് നല്ല കാഴ്ചപ്പാടുമുണ്ട് ,പാവം കുട്ടി ,അവൾക്കൊരു ജീവിതം കൊടുത്താൽ അതൊരു പുണ്യ പ്രവർത്തിയുമാകും ,താൻ കല്യാണം കഴിച്ചോട്ടെയെന്ന് ,ആദ്യം അവളോട് തന്നെ ചോദിക്കാം, എന്നിട്ട് വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞാൽ മതി,

അയാൾ ഉള്ളിലേയ്ക്ക് ശ്വാസം വലിച്ചെടുത്തിട്ട്, അവളുടെ നേരെ തിരിഞ്ഞു.

എനിക്ക് കുട്ടിയെ ഇഷ്ടമായി, നമുക്ക് വിവാഹം കഴിച്ചാലോ ?

പ്ഫാ,,, എടാ എനിക്ക് നിന്നെപ്പോലെ അഞ്ചാറ് ചെറുമക്കളുണ്ട്, ആ എന്നോടാണോ നീ വിവാഹക്കാര്യം പറയുന്നത് ?

ഉഗ്രശബ്ദത്തോടെ മുഖത്ത് എന്തോ തെറിച്ച് വീഴുന്നത് പോലെ തോന്നിയിട്ടാണ്, സുദേവൻ മയക്കത്തിൽ നിന്നുണർന്നത്,

അപ്പോഴാണ് മുറുക്കാൻ ചവച്ച് കൊണ്ട് തന്നോട് കയർക്കുന്ന വൃദ്ധയെ അയാൾ കണ്ടത്,

അപ്പോൾ താനിത് വരെ കണ്ടത് സ്വപ്നമായിരുന്നോ ?

അയാൾ ഒന്ന് കൂടെ കണ്ണ് തിരുമ്മി നോക്കി ,ബസ്സ് അരുണിൻ്റെ വീടിനടുത്തുള്ള റോഡിൽ തിരിച്ചെത്തിയിരിക്കുന്നു ,പക്ഷേ ആ യുവതിയെ മാത്രം അവിടെങ്ങും കണ്ടില്ല.

ആ വൃദ്ധ പിന്നെയും എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു, അത് കേട്ട് മറ്റുള്ളവർ പൊട്ടിച്ചിരിക്കുന്നുമുണ്ട് ,അതൊന്നും മൈൻഡ് ചെയ്യാതെ അയാൾ ബസ്സിൽ നിന്നിറങ്ങി തൻ്റെ വീട് ലക്ഷ്യമാക്കി നടന്നു.

അപ്പോൾ അയാളുടെ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു ,എത്രയും വേഗം ഒരു വിവാഹം കഴിക്കണം ,,,

Related Posts

Leave a Reply

Your email address will not be published. Required fields are marked *