അവര് എന്തെങ്കിലും ചെയ്‌തോട്ടെ, നമ്മളെന്തിനാ അതൊക്കെ നോക്കണേ. നിനക്കും കുട്ടികൾക്കും വേണ്ടതൊക്കെ ഞാൻ വാങ്ങിച്ച് തരണില്ലേ………

Story written by Shaan Kabeer

“കൂട്ടുകുടുംബമായി ജീവിക്കുന്ന വീട്ടിൽ ആരും കാണാതെ മറച്ചുപിടിച്ച് ഭക്ഷണം കൊണ്ടുവന്ന് മുറിയടച്ചിരുന്ന് കെട്ട്യോനും കെട്ട്യോളും കുട്ടികളും കൂടി തിന്നാ… ച്ചേ!!! നാണമില്ലാത്ത വർഗങ്ങൾ”

ഒന്ന് നിറുത്തിയിട്ട് നിഷാന പുച്ഛത്തോടെ മുജീബിനെ നോക്കി

“ഇങ്ങളെ ഇക്കയും ഭാര്യയും എന്ത് മനുഷ്യരാണ് ഇക്കാ”

മുജീബ് നിഷാനയെ നോക്കി

“അവര് എന്തെങ്കിലും ചെയ്‌തോട്ടെ, നമ്മളെന്തിനാ അതൊക്കെ നോക്കണേ. നിനക്കും കുട്ടികൾക്കും വേണ്ടതൊക്കെ ഞാൻ വാങ്ങിച്ച് തരണില്ലേ, പിന്നെന്തിനാ ഇക്കാന്റെ കാര്യം നമ്മൾ നോക്കണേ”

നിഷാനയുടെ മുഖം ചുവന്നു

“ഇങ്ങളെ ഇക്കയും കെട്ട്യോളും എനിക്കോ നമ്മുടെ മക്കൾക്കോ തരാണ്ട് ഒറ്റക്ക് കേറ്റിയതിനല്ല എനിക്ക് വിഷമം. ഇങ്ങളെ ഇക്ക മറച്ചുപിടിച്ച് കൊണ്ടുവന്ന ആ പൊതിയിലേക്ക് ദയനീയമായി നോക്കിയ നിങ്ങളുടെ ഉപ്പയേയും ഉമ്മയേയും ഓർത്തിട്ടാണ്”

ഒന്ന് നിറുത്തിയിട്ട് നിഷാന തുടർന്നു

“ആ പൊതിയിലേക്ക് അവർ നോക്കിയത് കൊതികൊണ്ടല്ല. തങ്ങൾ കൊഞ്ചിച്ച് വളർത്തി വലുതാക്കിയ മോന്റെ തെ ണ്ടിത്തരം കണ്ടിട്ടാണ്”

“ഒന്ന് പതുക്കെ പറ നിഷാനാ ഷാനിക്ക കേൾക്കും”

“കേൾക്കട്ടെ, ഓരോ ജന്മങ്ങൾ”

മുജീബ് ദേഷ്യത്തോടെ പുത്തേക്കിറങ്ങി തന്റെ ബൈക്കിൽ കയറി പോയി. നിഷാന മുറിയിലേക്ക് കയറാൻ നേരം ഷാൻ കബീറും ഭാര്യയും വാതിൽ തുറന്ന് ഏമ്പക്കവും വിട്ട് പുറത്തേക്ക് വരുന്നത് കണ്ടു. അവൾ അവരെ കാണാത്ത പോലെ നടിച്ച് മുറിയിൽ കയറി വാതിലടച്ചു.

അന്ന് വൈകീട്ട് മുജീബ് വരുമ്പോൾ അവന്റെ കയ്യിൽ കുറേ ഭക്ഷണ പ്പൊതികൾ ഉണ്ടായിരുന്നു. മുജീബ് ആ പൊതികളൊക്കെ ഹാളിലെ ടേബിളിൽ വെച്ചു, എന്നിട്ട് ഉപ്പയേയും ഉമ്മയേയും വിളിച്ചു

“ഉപ്പാ, മ്മാ… നല്ല അൽഫാമും ബട്ടർ നാണും ഉണ്ട്. വേഗം വരീ”

മുജീബ് മുറയിലേക്ക് നോക്കി നിഷാനയെ വിളിച്ചു

“ടീ മക്കളെ വിളിച്ച് വാ ഫുഡ്‌ കൊണ്ടുവന്നിട്ടുണ്ട്… ആ പിന്നെ… ഇക്കാനേയും ഇത്തയേയും വിളിച്ചോ… നമുക്ക് ഒന്നിച്ച് കഴിക്കാം”

അങ്ങനെ എല്ലാവരും കൂടി ഒന്നിച്ച് ഒരു ടേബിളിൽ ഇരുന്ന് ഫുഡ്‌ കഴിച്ചു. ഫുഡ്‌ കഴിക്കുമ്പോൾ ഷാൻ കബീറിന് ഒരു പുച്ഛം

“ഫുഡ്‌ കുറവാണല്ലോ മുജീബേ. രണ്ട് ഫുൾ അൽഫാമും കൂടി ഉണ്ടേൽ പൊളിച്ചേനെ. ഇതൊരു തൃപ്തി കിട്ടിയില്ല”

മുജീബ് ഷാനിനെ നോക്കി പുഞ്ചിരിച്ചു

“ന്റെ ഇക്കാ, ഉള്ളതോണ്ട് ഇങ്ങനെ ഓണം പോലെ എല്ലാവരും ചുറ്റിലുമിരുന്ന് കഴിക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും ഒറ്റക്ക് മുറിയടച്ച് മൂക്ക്മുട്ടേ തിന്നാൽ കിട്ടില്ല”

ഒന്ന് നിറുത്തിയിട്ട് മുജീബ് ഷാനിന്റെ ഭാര്യയെ നോക്കി

“ശരിയല്ലേ ഇത്താ”

ഒന്നും മിണ്ടാതെ ഷാനും ഭാര്യയും മെല്ലെ എഴുന്നേറ്റ് റൂമിനെ ലക്ഷ്യം വെച്ച് നടന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *