വീട്ടിൽ എത്തിയാൽ ഒരു നോട്ടംകൊണ്ട് പോലും എന്നോട് ഒരു ദെഷ്യവും കാണിക്കാത്തത്കൊണ്ട് ഉമ്മ എപ്പോഴും ഉപ്പാനോട് പറയും നിങ്ങളാണ്…..

എഴുത്ത് :- സൽമാൻ സാലി

”അല്ല നസീറെ അനക്ക് ഈ ഉപ്പാനേം കൊണ്ടുള്ള ടൂർ പോക്ക് നിർത്താനായില്ലേ .. അതും ഞമ്മള് പോയ സ്ഥലം ആയ മണാലിയിലെക്ക് ..?

അസർ നിസ്കാരം കഴിഞ്ഞു പള്ളിക്കോലായിൽ ഇരുന്ന് ഫോണിൽ കുത്തു മ്പോളാണ് നസീറും വാപ്പയും മണാലിയിൽ പോയ ഫോട്ടോകാണുന്നത് ..

ഒരു പുഞ്ചിരി ആയിരുന്നു അവന്റെ മറുപടി ..

”മ്മ് എടാ സാലിയെ അതൊരു കടം വീട്ടലാണ് .. വാപ്പനോട് ഉള്ള കടം വീട്ടൽ ..

” പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒപ്പമിരിന്നിരുന്ന വിനീതിന്റെ ചന്തിക്ക് കോമ്പസ് വെച്ചതിനാണ് ആദ്യമായി വാപ്പാനേം കൂട്ടി സ്കൂളിൽ പോവേണ്ടി വന്നത് .. അന്ന് വിജയൻ മാഷ് എന്റെ കുരുത്തക്കേടുകൾ എണ്ണി എണ്ണി പറയുമ്പോഴും മാഷുടെ മുന്നിൽ തലകുനിച്ചു നിന്നതേ ഉള്ളൂ വാപ്പ ..

”അതിന് ശേഷം ഒരുപാട് തവണ വാപ്പ സ്കൂളിൽ വരേണ്ടി വന്നിട്ടുണ്ട് ഉഷ ടീച്ചറുടെ വട്ടപ്പേര് എഴുതിയതിന് ക്രിക്കറ്റ് കളിച്ചു ഓട് പൊട്ടിയതിന് ക്ലാസ്സിൽ അടിപിടി ഉണ്ടാക്കിയതിന് .. അങ്ങിനെ പലതിനും വാപ്പ ഞാൻ കാരണം മാഷുമ്മാരുടെ മുന്നിൽ തലകുനിച്ചു നിന്നിട്ടുണ്ട് ..

” വീട്ടിൽ എത്തിയാൽ ഒരു നോട്ടംകൊണ്ട് പോലും എന്നോട് ഒരു ദെഷ്യവും കാണിക്കാത്തത്കൊണ്ട് ഉമ്മ എപ്പോഴും ഉപ്പാനോട് പറയും നിങ്ങളാണ് ഓന് എല്ലാത്തിനും വളം വെച്ചുകൊടുക്കുന്നത് എന്ന് ..!!

സ്കൂൾ വിട്ട് കോളേജിൽ ചേർന്നപ്പോഴും ഒരു മാറ്റവും ഉണ്ടായിരുന്നില്ല കോളേജ് നിർത്തി കറക്ക് കമ്പനിയിൽ കൂടി വാപ്പാന്റെ കടയിന്ന് പൈസയും വാങ്ങിച്ചു ടൂർ അടിച്ചു നടന്ന കാലം .. പച്ചക്കറി കടയിലെ ജോലി കാരണം കറ പിടിച്ച വസ്ത്രങ്ങൾ മാത്രം ഇട്ട് കണ്ട ആ മനുഷ്യൻ മനസ്സ് തുറന്ന ഒരു ദിവസം ഉണ്ടായിരുന്നു …

” വിജയൻ മാഷിന്റെ യാത്രയയപ്പ് പരിപാടിക്ക്‌ ഗാനമേള കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഉണ്ടായ ഒരു അടിപിടി കേസിൽ ഞാൻ ഇല്ലാതിരുന്നിട്ടും വധശ്രമത്തിന് പ്രതിയായി വീട്ടീന്ന് പോലീസ് പിടിച്ചോണ്ട് പോയ അന്ന് നികുതി അടച്ച റസീറ്റുമായി വന്ന് ജാമ്യത്തിൽ ഇറക്കികൊണ്ട് എന്നേം കൂട്ടി വാപ്പ അന്ന് നേരെ പോയത് സെയ്തിക്കന്റെ താജ് ഹോട്ടലിലേക്കാണ് ..!!!

അവിടുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു ..

” എടാ നസിയെ അന്നോട് യ്ക്ക് കുറച് പറയാനുണ്ട് .. സ്കൂളിൽ പഠിക്കുമ്പോൾ ഇയ്യ്‌ കുരുത്തക്കേട് കാണിച്ചതിന് ഞാൻ കുറെ ഹെഡ്‌മാഷുടെ ഓഫീസ് കേറി ഇറങ്ങിയിട്ടുണ്ട്. കുട്ടികൾ അല്ലെ ചെറിയ വികൃതികൾ ഒക്കെ ഉണ്ടാവും എന്ന് പറഞ്ഞു സമാധാനിച്ചു . ഇയ്യ്‌ ഡിഗ്രി പകുതി വെച് നിർത്തി ഒരു ജോലിക്കും പോകാതെ കറങ്ങി നടന്നു അന്നൊന്നും ഞാൻ അന്നൊട് ഒന്നും പറഞ്ഞിട്ടില്ല .. കാരണം അന്റെ പ്രായം അതാണ് .. നീ എന്നെപോലെ ആവരുത് എന്ന് ആഗ്രഹിച്ചതു കൊണ്ടാണ് അന്നൊന്നും നിന്നോട് ജോലിക്ക് പോകാൻ പോലും ഞാൻ പറയാതിരുന്നത് ..

ഇയ്യ്‌ ടൂർ പോകാൻ പൈസക്ക് ചോതിക്കുമ്പോളും കടയിൽ വന്ന് പൈസ എടുക്കുമ്പോഴും ഒന്നും പറയാതിരുന്നത് എനിക്ക് കിട്ടാത്തത് ന്റെ മക്കൾക്ക് കിട്ടണം എന്ന് ആഗ്രഹം ഉള്ളതുകൊണ്ടാണ് ..

അനക്ക് അറിയോ പതിനാലാം വയസിൽ സെയ്‌ദിക്കാനോടൊപ്പം മാർക്കറ്റിൽ പച്ചക്കറി കയറ്റാൻ തുടങ്ങിയതാ .. ഞാൻ . അന്ന് മുതൽ ഇന്ന് വരെ ജോലിക്ക് ഒരു കുറവും വന്നിട്ടില്ല .. നാട് കാണാനും ചുറ്റിയടിച്ചു നടക്കാനും ഒരുപാട് ആഗ്രഹം എനിക്കും ഉണ്ടായിരുന്നു .. പക്ഷെ വീട്ടീന്ന് കടയിലേക്കുള്ള ആ എണ്ണൂറ് മീറ്റർ ദൂരമാണ് ന്റെ യാത്രയുടെ തുടക്കവും ഒടുക്കവും .. അതിന്നിടയിൽ വെച്ച് കാണുന്ന മനോഹരമായ കാഴ്ചകൾ ആണെടാ ന്റെ ജീവിതത്തിൽ ഞാൻ കണ്ട കാഴ്ചകൾ … അത് പറയുമ്പോൾ വാപ്പാടെ ശബ്ദം ഒന്ന് ഇടറിയിരുന്നു ..

” കല്യാണം കഴിഞ്ഞു കുറച്ചു നാള് കഴിഞ്ഞപ്പോൾ അന്റെ ഉമ്മ ഒരു ആഗ്രഹം പറഞ്ഞിരുന്നു ഓൾക് ഒന്ന് ട്രെയിനിൽ കേറണമെന്ന് .. അതിന് പോലും പറ്റിയിട്ടില്ല എനിക്ക് .. പക്ഷെ ഇയ്യ്‌ ടൂർ പോകുമ്പോൾ ഒക്കെയും മനസ്സ് കൊണ്ട് അന്റെ ഒപ്പം ഞാനും പോന്നിരുന്നു ..

” പക്ഷെ വന്ന് വന്ന് ഇയ്യ്‌ ഇന്ന് പോലീസ് സ്റ്റേഷനിലും എന്നെ കയറ്റി .. ഇനീം ഇങ്ങനെ പോയാൽ അതിന്റെ ഉത്തരവാദിത്വം മുഴുവൻ എന്റെത് മാത്രമായി മാറും .. അത് കൊണ്ട് തൽകാലം നമുക്ക് കറക്കം ഒക്കെ അവസാനിപ്പിച്ചു ന്തെലും ജോലി നോക്കി തുടങ്ങാം …

അന്ന് വീട്ടിൽ വന്ന് കേറിയതുമുതൽ ഉമ്മ ഓരോന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു എല്ലാത്തിന്റേം അവസാനം കുറ്റം ഉപ്പാക്കും.. ഉപ്പയാണ് എന്നെ ഇത്രേം വഷളാക്കിയത് എന്നൊക്കെ പറയുമ്പോഴും ഉപ്പ അതുകെട്ട് ഒരു ചിരിയിൽ എല്ലാം അവസാനിപ്പിക്കും …

എളാപ്പനോടൊപ്പം ദുബായിക്ക് വിമാനം കേറുമ്പോൾ വലിയ ഉദ്ദേശം ഒന്നും ഇല്ലായിരുന്നു എങ്ങിനെ എങ്കിലും ഒരു രണ്ട് വർഷം അവിടെ നിൽക്കണം കുറച്ചു പൈസ ഉണ്ടാക്കണം എന്നിട്ട് വാപ്പാനേം ഉമ്മാനേം കൂട്ടി കറങ്ങാൻ പോകണം എന്നൊക്കെ കരുതിയതാണ് …. ഓരോ അവധിക്ക് പോകുമ്പോളും വാപ്പ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറും ..

ഇപ്പോഴാണ് അതിന് അവസരം കിട്ടിയത് .. പണ്ട് ഞാൻ പോയ സ്ഥലങ്ങളിൽ മനസ്സ് കൊണ്ട് കൂടെ പോന്ന വാപ്പാനേം കൂട്ടി തോളിൽ കൈ ഇട്ട് നടക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ട് .. കഴിഞ്ഞ കുറെ വര്ഷങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം സഫലീകരിച്ച ആ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ലെടാ …..

നസീറിന്റെ സംസാരത്തിൽ ഉണ്ടായിരുന്നു അവനും വാപ്പയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *