കാര്യങ്ങളിങ്ങനെ സന്തോഷമായി പോവുന്നതിനിടെയാണ് അമ്മാവനൊരു മോട്ടിവേഷൻ ക്‌ളാസ് കേൾക്കുന്നെ. അതാരുന്നു തുടക്കം. ഭാര്യയോടെ ങ്ങിനെ പെരുമാറണമെന്നും നല്ലൊരു ഭർത്താവ്…..

Story written by Adam John

ഒരു ശരാശരി പുരുഷനെപ്പോലെ തന്നെയാരുന്നു അമ്മാവനും. ആണധികാരത്തിന്റെ എല്ലാ അടയാളപ്പെടുത്തലുകളും തികഞ്ഞ മനുഷ്യൻ. ഇടതൂർന്ന മുടി. കട്ടിമീശ. നല്ല ഘന ഗാംഭീര്യമുള്ള ശബ്ദം. അടുക്കളയിൽ കേറുന്നത് ഭക്ഷണം റെഡിയായോന്ന് നോക്കാനും പിറകുവശത്തുള്ള തൊടിയിലേക്ക് എളുപ്പമെത്താനും മാത്രം.

മുടി കണ്ടാൽ അതെടുത്തു കളഞ്ഞു കഴിക്കാതെ പോയി വേറേ ഭക്ഷണമെടുത്തു വാടി എന്നാജ്ഞാപിക്കുന്ന കുലപുരുഷൻ. അമ്മായിയാവട്ടെ ഭർത്താവിന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കുന്നതാണ് പുണ്യമെന്ന് വിശ്വസിക്കുന്നൊരു സാധു. അതോണ്ട് തന്നെ അങ്ങേരെന്ത് പറയുന്നോ അതാണ്‌ വേദവാക്യം. ഉദാഹരണത്തിന് ഇപ്പോ രാത്രി കുറ്റാ കൂരിരുട്ടാണെന്നിരിക്കട്ടെ. അമ്മാവൻ പറയുവാ ഇപ്പോ പകലാണെന്ന്. അമ്മായി അപ്പോ തന്നെ ദേ സൂര്യനുദിച്ചു വരുന്നതേയുള്ളൂ എന്ന് പറഞ്ഞോണ്ട് അത് തലയാട്ടി സമ്മതിക്കും.

പുറത്തൊട്ട് ഇറങ്ങാൻ നേരം മഴയുണ്ടേൽ അമ്മാവന്റെ കുട എടുത്തു കൊടുക്കുക. നഖം വെട്ടാൻ നോക്കുമ്പോ നെയിൽ കട്ടർ കണ്ടില്ലേൽ അത് വീടു മുഴുവനും പരതി കണ്ടു പിടിച്ചു കൊടുക്കുക. കുളി കഴിഞ്ഞു വരുമ്പോ നേരാം വണ്ണം തുവർത്തിയില്ലെന്നും പനി പിടിക്കത്തില്ലായോന്നും പറഞ്ഞോണ്ട് അമ്മാവനെ നന്നായി തുവർത്തിക്കൊടുക്കുക. അമ്മാവൻ വരുന്ന വരേം ഭക്ഷണം കഴിക്കാതെ വിശന്ന് കാത്തിരിക്കുക തുടങ്ങി ഒരുത്തമ ഭാര്യ എങ്ങിനെയാവണോ അതാരുന്നമ്മായി.

കാര്യങ്ങളിങ്ങനെ സന്തോഷമായി പോവുന്നതിനിടെയാണ് അമ്മാവനൊരു മോട്ടിവേഷൻ ക്‌ളാസ് കേൾക്കുന്നെ. അതാരുന്നു തുടക്കം. ഭാര്യയോടെ ങ്ങിനെ പെരുമാറണമെന്നും നല്ലൊരു ഭർത്താവ് എങ്ങിനെ ആയിരിക്കണമെന്നുമൊക്കെ മോട്ടിവേഷൻ സ്പീക്കർ ആരെയും ആകർഷിക്കുന്ന തരത്തിൽ പറഞ്ഞു മനസിലാക്കിയപ്പോ അമ്മാവന് വല്ലാത്തൊരു കുറ്റ ബോധം. ഞാനിത്രേം കാലം ചെയ്തത് തെറ്റാരുന്നല്ലോ എന്ന ചിന്ത അമ്മാവനെ വല്ലാതെ വിഷമിപ്പിച്ചു.

കട്ടി മീശയും കടു കട്ടിയുള്ള ശബ്ദവുമൊന്നും അല്ല ആണത്തത്തിന്റെ അടയാളമെന്നും നമ്മളെ സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ പ്രയാസങ്ങൾക്കൊപ്പം നിൽക്കുകയും സന്തോഷങ്ങൾ പങ്കിടുകയും ചെയ്യുകയെന്നതാണ് യഥാർത്ഥ പുരുഷന്റെ ലക്ഷണമെന്നുമുള്ള മോട്ടിവേഷൻ സ്പീക്കറുടെ അവസാന വാചകങ്ങൾ കാതിൽ മുഴങ്ങി കൊണ്ടേയിരുന്നപ്പോ അമ്മാവനൊരു തീരുമാനമെടുത്തു. ഇനി പഴയ പോലാവാൻ പാടില്ല.

എന്തിലും പെർഫെക്ഷൻ ആണല്ലോ അമ്മാവന്റെ പ്രത്യേകത. അതോണ്ടന്നെ അന്ന് രാത്രി അമ്മാവൻ പതിവിലും നേരത്തെ വീട്ടിലേക്ക് ചെന്നു. കയ്യിൽ അമ്മായിക്കുള്ള സമ്മാന പൊതിയും ഉണ്ടാരുന്നു. പതിവില്ലാതെ അമ്മാവന്റെ വരവ് കണ്ട് അമ്മായി ആകെ വിഷമിച്ചു പോയി. കാരണം അമ്മാവൻ വരുമ്പോഴേക്ക് ഭക്ഷണമൊക്കെ റെഡിയാക്കി വെക്കുന്നതാരുന്നു അമ്മായിയുടെ രീതി. അത് തെറ്റിയാൽ അമ്മാവന്റെ വായീന്ന് കേൾക്കേണ്ടിയും വരും.

പക്ഷെ അമ്മാവൻ ചെന്ന് കേറിയപാടെ അമ്മായിയെ അടുത്തേക്ക് വിളിച്ചു. കയ്യിലുള്ള സമ്മാനം അമ്മായിയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. അതും പോരാഞ്ഞു അമ്മായിയെ ചേർത്ത് പിടിച്ചോണ്ട് നെറുകയിൽ ഒരുമ്മയും.
സാധാരണ ഗതിയിൽ ഒരു സ്ത്രീക്ക് സന്തോഷിക്കാൻ മറ്റെന്ത് വേണം. പക്ഷെ അമ്മായി സന്തോഷിച്ചീല. പകരം ആശയക്കുഴപ്പവാരുന്നു.

അത് കഴിഞ്ഞമ്മാവൻ നേരെ അടുക്കളയിലേക്കാണ് ചെന്നത്. അടുപ്പത്തിരുന്ന കറിയിൽ ഉപ്പുണ്ടോന്ന് നോക്കുന്നതും അമ്മായി പാതിയാക്കി വെച്ചിരുന്ന ചപ്പാത്തി പരത്താൻ ശ്രമിക്കുന്നതുമൊക്കെ കണ്ടതോടെ അമ്മായിക്ക് ആധി പെരുത്തു. ഇതെന്നാ പറ്റിയെ ആവോ. ഇങ്ങേരെ നേരെയാക്കി തന്നാൽ ഒരു കൂട് മെഴുകുതിരി കത്തിച്ചോളാവേ ന്ന് പുണ്യാളന് നേർച്ചയും നേർന്നു.

കഴിക്കാനിരുന്നപ്പോ അമ്മായിയേം അടുത്തോട്ടു വിളിച്ചിരുത്തി. വിളമ്പിക്കൊടുത്തു. പതിവ് പോലെ കറിയിൽ നിന്ന് മുടി കിട്ടിയപ്പോ ദേഷ്യപ്പെടാതെ മുടിയെടുത്ത് കളഞ്ഞോണ്ട് കഴിച്ചു. കഴിക്കുന്നതിനിടെ കണ്ണിൽ കണ്ട ഹെയറോയിലൊന്നും വാങ്ങി തേക്കാൻ നിക്കണ്ട. നല്ലൊരെണ്ണം ഞാൻ കൊണ്ടത്തരാമെന്നും കൂടി പറഞ്ഞതോടെ അമ്മായിക്ക് ഭക്ഷണം തൊണ്ടെന്നിറങ്ങാതായി. ചപ്പാത്തി തൊണ്ടേൽ കുടുങ്ങി ശ്വാസം കിട്ടാതെ ചുമച്ച അമ്മായിക്ക് ഗ്ലാസിൽ വെള്ളം പകർന്ന് കൊടുത്തു പതുക്കെ കഴിച്ചാൽ മതിയെന്ന് ആശ്വസിപ്പിച്ചു.

പിറ്റേന്ന് കാലത്ത് അമ്മായി ഉണരുന്നെന് മുന്നേ എഴുന്നേറ്റൊണ്ട് അമ്മാവൻ രണ്ടു പേർക്കുമുള്ള ചായയുണ്ടാക്കി അമ്മായിയെ വിളിച്ചുണർത്തി. ചായയുമായി നിക്കുന്ന അമ്മാവനെ കണ്ട് സ്വപ്നമോ സത്യമോ എന്നറിയാതെ അമ്മായി കണ്ണ് മിഴിച്ചു.

അമ്മാവൻ ജോലിക്കായി ഇറങ്ങിയതിന് പിന്നാലേ അമ്മായിയും വീട്ടീന്നിറങ്ങി..വല്യമ്മച്ചിയെ കണ്ട് കാര്യം പറയുവാരുന്നു ഉദ്ദേശം. എല്ലാം കേട്ട് കഴിഞ്ഞപ്പോ മണിച്ചിത്രത്താഴിലെ നകുലനെ ചേർത് പിടിച്ചപോലെ അമ്മായിയെ ചേർത്ത് പിടിച്ചൊണ്ട് നീ വിഷമിക്കേണ്ടെന്നും പഴയ അമ്മാവനെ ഓജസ്സും തേജസ്സുമുള്ള നിന്റെ ഭർത്താവിനെ തിരികെ തരാമെന്നും വല്യമ്മച്ചി വാക്ക് കൊടുത്തതോടെ അമ്മായിക്ക് സന്തോഷവായി.

ജോലി കഴിഞ്ഞെത്തിയ അമ്മാവനെ വല്യമ്മച്ചി ആളയച്ചു വിളിപ്പിക്കേം മര്യാദക്ക് പഴയ പോലൊക്കെ നടന്നാൽ നിനക്ക് കൊള്ളാമെന്ന് ഉപദേശിക്കേം ചെയ്തതോടെ അമ്മാവന്റെ മൊട്ടിവേഷന്റെ കെട്ടിളകുകയും പഴയ പോലാവുകയും ചെയ്തു.

ഗുണപാഠം. ഭർത്താവെന്ത് ചെയ്താലും സംശയ ദൃഷ്ടിയോടെ കാണാതെ അതിലെന്തേലും ഗുണമുണ്ടോന്ന് നോക്കുക. അടുക്കളയിൽ സഹായിക്കാൻ വരുമ്പോ അയ്യോ അതൊന്നും നിങ്ങള് ചെയ്താ ശരിയാവത്തില്ലെന്ന് പറഞ്ഞോണ്ട് നിരുത്സാഹപ്പെടുത്താതിരിക്കുക. പകരം പ്രോത്സാഹനമെന്ന നിലക്കൊന്ന് തള്ളിക്കൊടുത്താൽ കിട്ടുന്ന സന്തോഷം നിങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറമാരിക്കും. അല്ലെങ്കിൽ അമ്മായിയുടെ ഗതിയാവും എന്നോർക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *