അവസാനത്തെ വൈക്കോൽ കെട്ടും കയ്യിലെടുത്തു നിവരുമ്പോൾ ശാരദാമ്മ ചിരിച്ചുകൊണ്ട് അടുത്തെത്തി, മോളെ നീയാണോ ഇതൊക്കെ ചെയ്യുന്നത്……….

മുഖംമൂടികൾ

Story written by Shafia Shamsudheen

തുമ്പുകെട്ടിയിട്ട തന്റെ നീണ്ട് ഇടതൂർന്ന വെളുത്ത ഈറൻ മുടിയിൽ തുളസിക്കതിർ തിരുകിവച്ച് കയ്യിൽ പൂജാരി കൊടുത്ത പ്രസാദവുമായി ശാരദാമ്മ ധൃതിയിൽ നടന്നു.

ഇന്ന് മകൻ വിനുവിന്റെ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ആണ്. എന്നത്തെയും പോലെ ശാരദാമ്മ രാവിലെ അമ്പലത്തിൽ നിന്നും തൊഴുതു മടങ്ങുന്ന വഴിയാണ്.

എതിരെ പോവുന്ന കാർത്തുവും കല്യാണിയും ഭയഭക്തി ബഹുമാനത്തോടെ ചിരിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്, “സുഖല്ലേ ശാരദാമ്മേ..?”

ഭർത്താവിന്റെ മരണശേഷം ശാരദാമ്മയെ മുണ്ടും നേര്യതും ധരിച്ചേ കണ്ടിട്ടുള്ളൂ. നെറ്റിയിൽ ഒരു ഭസ്മക്കുറിയും കാണും. ഒരു ഐശ്വര്യദേവത തന്നെ.

എപ്പോഴും നാമജപവും പൂജയും പ്രാർത്ഥനയും ഒക്കെ ആണെങ്കിലും നാലു മക്കളും നിറയെ ജോലിക്കാരും ഉള്ള ആ വീടിന്റെ നെടുംതൂൺ ശാരദാമ്മ തന്നെയായിരുന്നു.

മൂന്നു പെൺമക്കളും ഒരാണും, നാലു മക്കളിൽ രണ്ടാമനായിരുന്നു മകൻ വിനു.

പെണ്മക്കളുടെ എല്ലാം വിവാഹശേഷമാണ് ശാരദാമ്മ മകനെ വിവാഹം കഴിപ്പിക്കുന്നത്.

പഠിപ്പും വിവരവും അച്ചടക്കവുമുള്ള സുന്ദരിയായ ഒരു പെൺകുട്ടി മരുമകളായി വീട്ടിലേക്ക് കയറി വന്നപ്പോൾ ആളുകൾ അടക്കം പറഞ്ഞു, “ഭാഗ്യമുള്ള പെൺകൊച്ച്. ശാരദാമ്മയെ പോലൊരു അമ്മയുടെ മകളാവാൻ കുറച്ചൊന്നും ഭാഗ്യം ഉണ്ടായാൽ പോരല്ലോ”

അങ്ങനെ പറയാൻ കാരണവുമുണ്ടായിരുന്നു. ശാരദാമ്മ അയൽവാസികൾക്കും നാട്ടുകാർക്കും അത്രയ്ക്ക് പ്രിയപ്പെട്ടവളായിരുന്നു. ആശ്രയിക്കുന്നവർക്ക് അത്താണിയായിരുന്നു. ഇടതു കൈ അറിയാതെ വലതുകൈകൊണ്ട് ദാനം ചെയ്തിരുന്ന മഹാമനസ്കയായ അമ്മയായിരുന്നു.

അമ്മ പറയുന്നതിനപ്പുറം മറ്റൊന്നുമില്ലാത്ത സത്യവും മിഥ്യയും സ്വയം തിരിച്ചറിയാൻ ഒരു അവസരം പോലും ലഭിച്ചിട്ടില്ലാത്ത ഒരേ ഒരു മകൻ ആ അമ്മയുടെ ഭാഗ്യം എന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്.

ആ വീട്ടിലേക്ക് ആണ് രാധിക മരുമകളായി കടന്നു വരുന്നത്.

വിവാഹശേഷം സ്വന്തം വീട്ടിൽ നിന്നും രാധികയും വിനുവും ആദ്യമായി വിനുവിന്റെ വീട്ടിലേക്ക് എത്തിയ ദിവസം ആയിരുന്നു അന്ന്. വീട് നിറയെ അതിഥികൾ.

എല്ലാവരെയും കണ്ടും സംസാരിച്ചും പരിചയപ്പെടുന്നതിനുമിടയിൽ അമ്മ മുറിയിലേക്ക് സ്വകാര്യമായി വിനുവിനെ വിളിക്കുന്നതും സംസാരിക്കുന്നതും രാധിക കണ്ടിരുന്നു.

ഉടനെതന്നെ വിനു രാധികയുടെ അടുത്തെത്തി പതിയെ പറഞ്ഞു, “നമ്മുടെ പശുത്തൊഴുത്തിന്റെ സൈഡിലൂടെ പോകുന്ന റോഡിൽ വണ്ടി വന്ന് വൈക്കോൽ ഇറക്കി പോയിട്ടുണ്ട്. തൊഴുത്തിന് പുറകിലായി ഒരു മുറിയുണ്ട്. നീ ആ വൈക്കോൽ എടുത്ത് ആ മുറിയിലേക്ക് വെക്ക്. മഴ നനഞ്ഞാൽ മൊത്തം നശിക്കും”

രാധിക പെട്ടെന്ന് ഒന്ന് പകച്ചു. വിനു അതും പറഞ്ഞു വീട്ടിൽ ഉള്ളവരോട് സംസാരിക്കുന്നതിലും സൽക്കരിക്കുന്നതിലും മുഴുകി. അവൾ എന്ത് ചെയ്യണമെന്നറിയാതെ അൽപനേരം അങ്ങനെതന്നെ നിന്നു.

വീണ്ടും വിനു അടുത്തേക്ക് വന്ന് തൊഴുത്ത് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു, “ദാ.. അവിടെയാണ്”

അവൾ നിശബ്ദയായി റൂമിലേക്ക് പോയി. വസ്ത്രം മാറി പതിയെ പുറത്തിറങ്ങി.

തനിക്ക് പരിചയമില്ലാത്ത വീടും പരിസരവും. ഒട്ടും പരിചിതമല്ലാത്ത പണി. ശരീരം ചൊറിയുന്നുണ്ടെങ്കിലും അവൾ ജോലി തുടർന്നുകൊണ്ടിരുന്നു.

അവസാനത്തെ വൈക്കോൽ കെട്ടും കയ്യിലെടുത്തു നിവരുമ്പോൾ ശാരദാമ്മ ചിരിച്ചുകൊണ്ട് അടുത്തെത്തി, “മോളെ നീയാണോ ഇതൊക്കെ ചെയ്യുന്നത്? എന്റെ മോൾ ഇപ്പോൾ വന്നു കയറിയതല്ലേയുള്ളൂ! മതി ഇനി. കയ്യിലുള്ളത് ആ മുറിയിലേക്ക് വെച്ചിട്ട് കയ്യും മുഖവും കഴുകി വാ..”

അതിഥികളിൽ ചിലർ ഇത് കണ്ട് ശാരദാമ്മയെ വാനോളം പുകഴ്ത്തുന്നു ണ്ടായിരുന്നു.

ദിവസങ്ങൾ കടന്നുപോയി. ഭർത്താവിനു ബിസിനസ്സിൽ അഭിവൃദ്ധി ഉണ്ടാവണമെങ്കിൽ ഭാര്യ വീടും പറമ്പും വൃത്തിയായി സൂക്ഷിക്കണം എന്ന് എപ്പോഴും ശാരദാമ്മ രാധികയെ ഉപദേശിച്ചു കൊണ്ടിരുന്നു.

ആ വലിയ വീട് മുഴുവൻ അടിച്ചു തുടക്കാൻ പറയുമ്പോഴും പറമ്പിലെ വിറകുകൾ അടുക്കി വച്ച് പറമ്പ് അടിച്ചുവാരി വൃത്തിയാക്കാൻ പറയുമ്പോഴുമൊക്കെ ശാരദാമ്മ ഈ തത്വോപദേശം അവളോട് ആവർത്തിച്ചുകൊണ്ടിരുന്നു.

ആ വലിയ വീട്ടിലെ ജോലികളെല്ലാം തനിയെ ചെയ്ത് അവൾ തളർന്നു. എല്ലാം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വന്നിരുന്നാൽ, പ്ലേറ്റിലേക്ക് നോക്കി പറയും, “ഇങ്ങനെ വാരിവലിച്ച് തിന്നരുത് മോളേ. ഭർത്താവിനാ അതിന്റെ ക്ഷീണം. ഇങ്ങനെ പോയാൽ അവർ കഷ്ടപ്പെട്ടുണ്ടാക്കുന്നതൊക്കെ നമ്മൾ പെണ്ണുങ്ങൾക്ക് തിന്നൊതുക്കാനുള്ളതേ കാണൂ.”

ആരും കേൾക്കാതെ ഇങ്ങനെ ഉപദേശിക്കുന്ന ശാരദാമ്മ പക്ഷേ മകന്റെയും മറ്റുള്ളവരുടെയും മുന്നിൽ “എന്റെ രാധികമോൾ എന്താവോ ഇങ്ങനെ ക്ഷീണിച്ചു വരുന്നേ? ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഇല്ലാഞ്ഞിട്ടല്ലല്ലോ. എന്തൊക്കെ വച്ചുണ്ടാക്കുന്ന വീടാ ഇത് എന്റെ ഭഗവാനെ! അത് എല്ലാതും നമ്മളൊക്കെ തന്നെയല്ലേ കഴിച്ചു തീർക്കുന്നത്! രാധികമോൾക്ക്‌ മാത്രം ഇവിടുത്തെ ഭക്ഷണം ദേഹത്തു പിടിക്കണില്ലാ ന്നാ നിക്ക് തോന്നണേ..” എന്ന് പറയുന്നത് കേൾക്കുമ്പോൾ രാധിക അത്ഭുതത്തോടെ ആ മുഖത്തു നോക്കിയിരിക്കും.

എത്ര മനോഹരമായാണ് അമ്മ മുഖംമൂടി അണിയുന്നതും അഴിച്ചുവക്കുന്നതും എന്നവൾ ഓർക്കും.

എല്ലാ ജോലികളും ചെയ്യാനുള്ള നിർദ്ദേശങ്ങൾ ആരും കേൾക്കാതെ അവർ രാധികക്ക് കൊടുക്കുമ്പോഴും മറ്റുള്ളവരെ കാണുമ്പോൾ രാധിക അവളുടെ ഇഷ്ടത്തിന് ജോലി ചെയ്യുന്നതാണെന്ന് വരുത്തിതീർക്കാൻ സ്നേഹം കൊണ്ട് അവളെ കുറ്റപ്പെടുത്തുന്ന നല്ലവളായ അമ്മായിയമ്മയായി അഭിനയിച്ചുകൊണ്ട് ഇരുന്നു.

“ശാരദാമ്മ അമ്മായിയമ്മയല്ല, അമ്മ തന്നെയാ..” എന്ന് അയല്പക്കത്തെ ആൺമക്കളും “നിങ്ങളുടെ അമ്മയോട് ശാരദാമ്മയെ കണ്ടു പഠിക്കാൻ പറയ്” എന്ന് അയൽപക്കത്തെ മരുമക്കളും കുശുകുശുക്കുമായിരുന്നു.

അതുകൊണ്ടുതന്നെ രാധികയ്‌ക്ക്‌ നിശബ്ദയാവാതെ തരമില്ലെന്നായി. അവൾ അമ്മയെ കുറ്റപ്പെടുത്തിയാൽ കേൾക്കുന്നവർ ആരും സ്വന്തം കണ്ണുകളേക്കാൾ അവളുടെ വാക്കുകളെ വിശ്വസിക്കാൻ പോണില്ലല്ലോ. മാത്രമല്ല അമ്മയ്ക്കെതിരെ ഒരു വാക്കു പറഞ്ഞാൽ ആ അമ്മയുടെ നാല് മക്കളും കൂടെ അവളെ അവിടെ കുഴിച്ചുമൂടുമെന്ന് അവൾക്കറിയാമായിരുന്നു.

അങ്ങനെ വർഷങ്ങൾ വീണ്ടും കുറെ കടന്നുപോയി. രാധിക സ്വന്തം ഇഷ്ടത്തോടെ ആ വീട്ടിലെ വേലക്കാരികളെ മുഴുവനും പറഞ്ഞുവിട്ട് എല്ലാ ജോലികളും സ്വയം ഏറ്റെടുത്ത് ചെയ്ത് വിശ്രമമില്ലാതെ പണിയെടുക്കുന്ന സൽസ്വഭാവിയായ മരുമകളായി അറിയപ്പെട്ടു.

പൂജയും വഴിപാടും നടത്തി മക്കൾക്ക് നല്ലതിന് പ്രാർത്ഥിച്ച് മരുമകൾക്ക് മുഴുവൻ സ്വാതന്ത്ര്യം കൊടുത്ത നല്ലവളായ അമ്മ എന്ന ഖ്യാതിയിൽ ശാരദാമ്മ വീണ്ടും നാട്ടിലുള്ളവർക്ക് പ്രിയങ്കരിയായി.

എല്ലാമറിഞ്ഞിട്ടോ ഒന്നുമറിയാതെയോ എന്നറിയില്ല, വിനു അമ്മയെ പൂജിച്ച്, ഭാര്യയുടെ തലയിണസ്വകാര്യങ്ങൾക്കും ദുഃഖങ്ങൾക്കും ചെവികൊടുക്കാതെ, നല്ലൊരു ഭർത്താവും അച്ഛനും ആവുന്നതല്ല ആണത്തം, മറിച്ച് നല്ലൊരു മകനും സഹോദരനും അമ്മാവനും ആവുന്നതാണെന്ന് സ്വയം പ്രഖ്യാപിച്ച് നല്ലവനിൽ നല്ലവനായി മാറി.

കാലം എത്ര പുരോഗമിച്ചാലും ഇങ്ങനെ കുറെ ജീവിതങ്ങൾ ഭൂമിയിൽ എല്ലാ കാലത്തും എവിടെയെങ്കിലും ഒക്കെ ജീവിച്ച് തീർക്കുന്നുണ്ടാവും, മറ്റാർക്കൊ ക്കെയോ വേണ്ടി ആടുന്ന നിഴൽപാവകളെ പോലെ..

എന്നാൽ മറ്റു ചിലർ അവരുടെ അതിബുദ്ധി കൊണ്ട് തീർത്ത മുഖമൂടിയ്ക്കുള്ളിൽ എക്കാലത്തും സുരക്ഷിത രായിരിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *