ആളുകൾ ഉണ്ടെങ്കിൽ അവിടെ കയറാതെ തിരിഞ്ഞുകളിക്കുമ്പോൾ ബാബുവേട്ടൻ നീട്ടി വിളിക്കും ” ഡാ സാലിയെ വാടാന്ന്.. അപ്പൊ മെല്ലെ…….

എഴുത്ത്:-സൽമാൻ സാലി

” സാലിയെ നാളെ ഉച്ചക്ക് ഊണ് വീട്ടിലാണ് ട്ടോ .. മറക്കണ്ട ..!!

വൈകിട്ട് ഉമ്മറത്തിരുന്ന് പ്രവീണിന്റെ വീട്ടീന്ന് കമ്പിത്തിരിയും മത്താപ്പൂവും കത്തിക്കുന്നതും പടക്കം പൊട്ടുന്നത് നോക്കിനിക്കുമ്പോളാവും വിഷുവിന് ക്ഷണിക്കാൻ ബാബുവേട്ടന്റെ വരവ് ..

വിഷുവിന് പ്രവീണിനും ജയേഷിനും പൊട്ടിക്കാനുള്ള പടക്കം ജ്യോതിയേച്ചിയുടെ ഭർത്താവ് കോയമ്പത്തൂരിൽ നിന്നും കൊണ്ട് കൊടുക്കുന്നതാണ് .. വിഷു കഴിഞ്ഞാൽ പൊട്ടിക്കാതെ ബാക്കി വെച്ച അഞ്ചാറ് പടക്കം എനിക്ക് കൊണ്ട് തരും പ്രവീൺ .. പിന്നെ അത് ഞങ്ങളൊന്നിച്ചു പൊട്ടിക്കും ..

വിഷുവിന്റെ അന്ന് ഉച്ച ആയാൽ കുളിച്ചു പാന്റും ഷർട്ടും ഇട്ട് ബാബുവേട്ടന്റെ വീട്ടിലേക്ക് നടക്കും .. ഉമ്മറത്ത് ആളുകൾ ഉണ്ടെങ്കിൽ അവിടെ കയറാതെ തിരിഞ്ഞു കളിക്കുമ്പോൾ ബാബുവേട്ടൻ നീട്ടി വിളിക്കും ” ഡാ സാലിയെ വാടാന്ന്.. അപ്പൊ മെല്ലെ അവിടേക്ക് കേറിച്ചെല്ലും ..

അകത്തളത്തിൽ ടേബിളിൽ ഇലവിരിച്ചു അനിതേച്ചി ഓരോന്നായി വിളമ്പിത്തരാൻ തുടങ്ങും ..

ആദ്യം പച്ചടി തോരൻ അച്ചാർ തുടങ്ങി അഞ്ചാറ് കൂട്ടാം ഇലയുടെ സൈഡിൽ ഇടംപിടിക്കും . പിന്നെ ചോറ് വന്നാൽ നടുവിൽ ചെറിയ രണ്ട് കുഴി ഉണ്ടാക്കി സാമ്പാർ വരുന്നത് നോക്കി നിക്കുമ്പോൾ സാമ്പാറും കറിയും ഒഴിച്ച് തരും .. അന്നേരം അനിതേച്ചീടെ ‘അമ്മ പപ്പടവുമായി വരും .. എല്ലാം കൂട്ടി ഊണ് കഴിഞ്ഞാൽ ആ ഇലയിൽ തന്നെ പായസം ഒഴിച്ച് തരും .. യാ മോനെ ആ പായസം കുടിക്കാൻ വേണ്ടി മാത്ര മാണ് ഊണ് വേഗത്തിൽ കഴിക്കുന്നത് ..

നല്ല പ്രഥമൻ പായസവും പപ്പടവും ചേർത്ത് ഒരടിയുണ്ട് .. ഒരൊന്നൊന്നര ടേസ്റ്റ് ആണ് ..

അവിടുന്ന് ഊണ് കഴിച്ചാൽ നേരെ പോകുന്നത് അമ്മേടെ വീട്ടിലേക്കാണ് .. ഐമ എന്നാണ് അവരുടെ പേര് വിളിച്ചു വിളിച്ചു അമ്മയായി അതോടെ നാരായണേട്ടൻ അച്ഛനും ആയി .. അമ്മെന്റാടന്ന് ഒരു ഗ്ലാസ് പായസവും ഒരു പഴം അല്ലേൽ കുറച് ശർക്കരഉപ്പേരി കഴിച്ചു വീട്ടിലേക്ക് ഒരോട്ടമാണ് ..

ഇനി വൈകുന്നേരം ആയിട്ട് വേണം ശാരതേച്ചീടെ വീട്ടിലും ഗീതേച്ചീന്റെ വീട്ടിലും പോകാൻ .. അവിടെ എത്ര വൈകിയാലും എനിക്കുള്ള പായസം എടുത്തു വെച്ചിരിക്കും .. അവർക്കറിയാം പ്രഥമൻ പായസം എനിക്ക് അത്രക്ക് ഇഷ്ടമാണെന്ന് ..

ഒരുവട്ടം ശാരതേച്ചീടെ വീട്ടിൽ ചെല്ലുമ്പോൾ അവരൊക്കെ എവിടെയോ പോകാൻ നിക്കുവായിരുന്നു എന്നെ കണ്ടതും ” ആ സാലി വന്നോ നിന്നേം കാത്ത് നിക്കുവായിരുന്നു എന്നും പറഞ്ഞു എനിക്കായി മാറ്റിവെച്ച പായസം കൊണ്ട് തന്നു ഞാൻ അത് കുടിച്ചു തീരും വരെ അവർ കാത്ത് നിന്നു ഞാൻ പോന്നപ്പോഴാണ് അവർ പോയത് ..

ഓണമായാലും വിഷു ആയാലും അന്നത്തെ ദിവസം അവരുടെ വീട്ടിലും രണ്ട് പെരുന്നാളിന് അവരൊക്കെ എന്റെ വീട്ടിലും വന്ന് ഒരുമിച്ചു ആഘോഷിച്ചിരുന്ന നാളുകൾ ..

വളർന്നു vവലുതായി പ്രവാസത്തിലേക്ക് കാലെടുത്തുവെച്ചതുമുതൽ വല്ലപ്പോഴും മാത്രമാണ് ഓണം വിഷു വിനൊക്കെ നാട്ടിൽ ഉണ്ടാവുന്നത് ..

കാലം കഴിയുംതോറും ആഘോഷങ്ങൾ ഓരോരുത്തരിലേക്ക് ചുരുങ്ങാൻ തുടങ്ങി . ..

ഇന്ന് പ്രവാസത്തിൽ റൂമിൽ ഓണവും വിഷുവും ആഘോഷിക്കുമെങ്കിലും നാട്ടിൽ പഴയപോലെ വിഷുവും ഓണവും ഒന്നിച്ചു ആഘോഷിക്കുന്നത് ചുരുങ്ങി കൊണ്ടിരിക്കുന്നു എന്നതാണ് സത്യം …

അപ്പൊ എന്റെ വിഷു ആഘോഷിക്കുന്ന എല്ലാ സൗഹൃദങ്ങൾക്കും അഡ്വാൻസ് ആയിട്ട് ഐഷ്വര്യവും സമ്പദ്സമൃദ്ധിയും നിറഞ്ഞ വിഷു വിഷു ആശംസകൾ …

ഹാപ്പി വിഷു

Related Posts

Leave a Reply

Your email address will not be published. Required fields are marked *