ആ ജയകൃഷ്ണന്റെ മോൾക്കോ.. അതങ്ങ് കോയമ്പത്തൂരെങ്ങാണ്ട് നിന്ന് പഠിക്കുവല്ലേ…….

ഗർഭം..

എഴുത്ത്:-സൂര്യകാന്തി

“എടി സുമിത്രേ,നീയറിഞ്ഞായിരുന്നോ, നമ്മടെ തെക്കേലെ രമയുടെ മോളില്ലേ, ആ കോയമ്പത്തൂരെങ്ങാണ്ട് പഠിക്കണത്.. റീഷ്മ.. അതിന് ഏതാണ്ട് ഏനക്കേടുണ്ടെന്ന്..”

മതിലിനരികിലെ കല്ലിൽ കേറി ഏന്തി വലിഞ്ഞു,രാജി രാവിലെ തന്നെ തനിക്ക് കിട്ടിയ വാർത്ത ചൂടോടെ സുമിത്രയ്ക്ക് കൈമാറി..

“അയ്യോടി, ആ കൊച്ച് എന്റെ ജെറി മോന്റെ കൂടെ പഠിച്ചതാ, എന്താ പറ്റിയത്..?”

രാജി നാലുപാടുമൊന്ന് നോക്കി, കാലുകൾ കല്ലിൽ ഒന്നൂടെ ബാലൻസ് ചെയ്തു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

“അതേയ്, ആ കൊച്ചിന് വയറ്റിലുണ്ടെന്ന്..”

“അയ്യോ.. “

“അതേടി, ഇന്നലെ നമ്മടെ ആമിനത്തായും മരുമോളും ഗിരിജ ഡോക്ടറുടെ അടുത്ത് പോയപ്പോ കണ്ടതാ, ഷെറീനയ്ക്കിത് മാസം അഞ്ചല്ലേ…അപ്പോഴേ..”

രാജി ഒന്നൂടെ ശബ്ദം താഴ്ത്തി പറഞ്ഞു..

“രമേം മോളും അവടെ ഉണ്ടായിരുന്നൂന്ന്, ഇവരെ കണ്ടപ്പോ അമ്മേം മോളുമൊന്ന് പരുങ്ങീന്ന്.. ചോദിച്ചിട്ടൊന്നും തെളിച്ചു പറഞ്ഞതുമില്ലത്രേ..പെണ്ണാകെയൊന്നു ക്ഷീണിച്ചു വെളറീട്ടുണ്ടെന്ന്.. അ ബോർഷനാണോന്ന് ആമിനത്തയ്ക്ക് സംശയം..അല്ലാണ്ടെന്തിനാ കല്യാണം കഴിയാത്ത കൊച്ചിനേം കൊണ്ടു ഗിരിജ ഡോക്ടറെ കാണാൻ പോണേ..”

“പുറത്തൊക്കെ ഒറ്റയ്ക്ക് നിന്ന് പഠിച്ച കൊച്ചല്ലേ.. വല്യ പഠിത്തക്കാരിയാന്ന് പറഞ്ഞു നെഗളിപ്പല്ലായിരുന്നോ..”

“ഉം.. ന്നാ ഞാനങ്ങു ചെല്ലട്ടെടി,വിവരമറിഞ്ഞപ്പോ നിന്നോട് പറയാണ്ടിരിക്കാൻ പറ്റീല.. ഇന്നൊരു ദിവസം ഓഫീസ് ലീവായതോണ്ട് പിടിപ്പത് പണി യുണ്ട്..”

“ആ.. ഞാനും ലീവ് കഴിഞ്ഞു നാളെയാ ജോലിയ്ക്ക് ജോയിൻ ചെയ്യുന്നേ..”

സുമിത്ര കോലായിലേയ്ക്ക് കയറുമ്പോൾ രാജേന്ദ്രൻ ഷർട്ടിന്റെ ബട്ടൻസിട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു..

“അതേയ്,നിങ്ങളറിഞ്ഞോ തെക്കേലെ ആ കൊച്ചിന് വയറ്റിലുണ്ടെന്ന്.. റീഷ്‌മയ്ക്ക്..”

“ആ ജയകൃഷ്ണന്റെ മോൾക്കോ.. അതങ്ങ് കോയമ്പത്തൂരെങ്ങാണ്ട് നിന്ന് പഠിക്കുവല്ലേ..’

“ഹാ,പഠിപ്പ് കൂടിപ്പോയെന്റെയാ , ഗിരിജ ഡോക്ടറടുത്തു അബോർഷന് ചെന്നൂന്ന്..”

“നീ വെറുതെ ഓരോന്നും പറഞ്ഞുണ്ടാക്കേണ്ട സുമിത്രെ, അതൊരു പാവം കൊച്ചാ..”

ഞൊടിയിടയിൽ ഭർത്താവ് നല്ലവനായതറിഞ്ഞു സുമിത്ര ഒന്നമ്പരന്നു.. അയാൾ ഇറങ്ങിപ്പോവുമ്പോൾ അവൾ പിറുപിറുത്തു..

“കൊച്ചു പഠിക്കുമെന്നും പറഞ്ഞു എന്തായിരുന്നു അവടെയൊരു നെഗളിപ്പ്..”

രാജേന്ദ്രൻ കവലയിൽ ആരോടോ സംസാരിച്ചു കൊണ്ടു നിൽക്കുമ്പോഴാണ് ജയകൃഷ്ണൻ കാറിൽ അത് വഴി പോയത്..

“ആഹാ..മ്മടെ ജയകൃഷ്ണൻ പഴയത് മാറ്റി പുതിയ കാറൊക്കെ വാങ്ങിച്ചല്ലോ..”

പലചരക്കു കടയിലെ തോമാച്ചൻ അത് പറഞ്ഞപ്പോൾ രാജേന്ദ്രൻ ഇരുത്തിയൊന്ന് മൂളി..

” പെൺപിള്ളേരെ നേരെ ചൊവ്വേ വളർത്താനറിഞ്ഞില്ലേൽ പിന്നെ എന്തുണ്ടായിട്ടെന്താ.”

“അതെന്നാ രാജേന്ദ്രാ നീ അങ്ങനെ പറഞ്ഞേ..”

“ജയകൃഷ്ണന്റെ മോളില്ലേ, റീഷ്മ, ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ആ കൊച്ച് ..”

തന്നെ ആകാംക്ഷയോടെ ഉറ്റു നോക്കി നിൽക്കുന്ന മുഖങ്ങളിലേക്ക് മിഴികളൂന്നി രാജേന്ദ്രൻ ആ രഹസ്യം വെളിപ്പെടുത്തി..

“ആ കൊച്ചിന് ഗർഭമുണ്ടെന്ന്.. അ ലസിപ്പിക്കാനായി നമ്മടെ ഗിരിജ ഡോക്ടറുടെ അടുത്താ പോയേന്ന്…”

അന്നത്തെ ചൂടുള്ള വാർത്തയായിരുന്നത്..

“രമേ മോൾക്ക് എങ്ങനെയുണ്ട്..?”

വൈകുന്നേരം വീട്ടിലെത്തിയ ജയകൃഷ്ണൻ ഷർട്ട് അഴിച്ചു മാറ്റുന്നതിനിടെ ഭാര്യയോട് ചോദിച്ചു..

“ഇപ്പോ നല്ല ആശ്വാസമുണ്ട് ജയേട്ടാ.. ഇത്തവണ ബ്ലീ ഡിങ്ങും നല്ല കൂടുതലായിരുന്നു.. അതാണ് വെച്ചോണ്ടിരിക്കാണ്ട്,പിടിച്ച പിടിയാലേ ഞാൻ ഗിരിജ ഡോക്ടറുടെ അടുത്ത് കൊണ്ടോയത്.. എല്ലാ മാസവും എന്തോരം വേദനയാ എന്റെ കുഞ്ഞ് സഹിക്കുന്നേ.. ഡോക്ടറ് പറഞ്ഞു പേടിക്കാ നൊന്നുല്ലാന്ന്, ചിലർക്കൊക്കെ മാസമുറ സമയത്ത് ഇങ്ങനെ യൊക്കെയുണ്ടാവും..”

ജയകൃഷ്ണൻ ആശ്വാസത്തോടെ തലയാട്ടി കൊണ്ടു അകത്തേയ്ക്ക് നടന്നു..

എല്ലാ മാസവും അനുഭവിക്കുന്ന അതികഠിനമായ വേദനയിൽ നിന്നും, ഗിരിജ ഡോക്ടറുടെ മരുന്നുകൾ നൽകിയ ആശ്വാസത്തിൽ തളർന്നുറങ്ങിയ റീഷ്മ, തനിക്ക് കോയമ്പത്തൂരിൽ നിന്നുണ്ടായ ഗർഭത്തെ പറ്റിയോ, നാട്ടുകാർ തന്നെ ഗിരിജ ഡോക്ടറുടെ അടുത്ത് അ ബോർഷന് കൊണ്ടു പോയതോ അറിഞ്ഞിരുന്നില്ല…

കാലം പുരോഗമിച്ചുവെന്ന് പറയുമ്പോഴും, സമൂഹത്തിലെ ‘അഭ്യസ്തവിദ്യർ’ക്കിടയിൽ ഈ കഥ നടന്നത് ഈയടുത്തകാലത്ത് തന്നെ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *