ഇങ്ങളെ പ്രവാസവും പ്രവാസത്തിന്റെ കഷ്ടപ്പാടും തീരുമ്പോഴേക്കും ജീവിതത്തിന്റെ മുക്കാൽ ഭാഗവും തീർന്നിട്ടുണ്ടാവും……

എഴുതി:- സൽമാൻ സാലി

” എടീ ഷാഹീ മക്കൾക്ക് ഒക്കെ ഡ്രസ്സ് എടുത്തല്ലോ അല്ലെ ..?

” ഉം എടുത്ത് ഇക്കാ .. എനിക്കൊരു മാക്സിയും വാങ്ങിച്ചു .. !!

” അതെന്താടി നീ ചുരിദാർ എടുക്കണം എന്ന് പറഞ്ഞിട്ട് എടുക്കാഞ്ഞേ ..?

” ഓ ഇനി ഒരു ചുരിദാർ കൂടി എടുക്കാഞ്ഞിട്ടാണ് .. അല്ലേലും ഇങ്ങള് ഇല്ലാത്ത പെരുന്നാൾ അല്ലെ എനിക്ക് ഈ മാക്സി മതി ..!!

” എടീ ഞാൻ ഒരു പ്രവാസി ആയിപ്പോയില്ലേ എപ്പോഴും നാട്ടിൽ വരാൻ പറ്റുമോ .. ഞാൻ ഇല്ലെന്ന് വെച് നീ എന്തിനാ നല്ല ഡ്രെസ്സ് എടുക്കാതിരിക്കുന്നത് .. നിനക്കും മക്കൾക്കും കൂടി വേണ്ടി യല്ലേ ഞാൻ ഈ പ്രവാസത്തിൽ കിടന്ന് കഷ്ടപ്പെടുന്നത് ..!

കെട്യോള് ഞാൻ നാട്ടിൽ ഇല്ലാത്തതിന്റെ കലിപ്പിൽ ആണ് .. ഓരോ വട്ടം വരുമ്പോഴും അടുത്ത വരവ് പ്രവാസം അവസാനിപ്പിക്കും എന്ന് പറഞ്ഞു ഓളെ പറ്റിക്കാൻ തുടങ്ങിയിട്ട് ആറ്‌ വര്ഷം ആയി ..

” ഹും … ഒരു പ്രവാസിയും പ്രവാസത്തിന്റെ കഷ്ട്ടപാടും .. ഇങ്ങളെ പ്രവാസവും പ്രവാസത്തിന്റെ കഷ്ടപ്പാടും തീരുമ്പോഴേക്കും ജീവിതത്തിന്റെ മുക്കാൽ ഭാഗവും തീർന്നിട്ടുണ്ടാവും ..

” അല്ല ഇക്കാ ഇങ്ങളോട് ഞാൻ ഒന്ന് ചോയ്ക്കട്ടെ .. ഇങ്ങള് പറഞ്ഞല്ലോ എനിക്കും മക്കൾക്കും കൂടെ വേണ്ടിയിട്ടാണ് ഇങ്ങള് അവിടെ കിടന്ന് കഷ്ടപ്പെടുന്നത് എന്ന് .. ഞാൻ എപ്പോഴെക്കും പറഞ്ഞോ ഇങ്ങളോട് ഗൾഫിൽ പോയി ജോലി ചെയ്യാൻ . ഇല്ലാലോ അപ്പൊ ഇങ്ങക്ക് നാട്ടിൽ ജോലി ചെയ്താൽ ശരിയാവില്ല എന്ന് പറഞ്ഞു. ഓക്കേ സാരമില്ല ഇങ്ങള് എന്നെം കുട്ടികളേം കൂടെ കൂട്ടിക്കോ എന്ന് പറഞ്ഞപ്പോ ഇങ്ങക്ക് അതിനും പറ്റില്ല …

” ഇക്കാ ഇങ്ങക്ക് ഒരു വിചാരം ഉണ്ട് ഒരു കൊല്ലം കഴിഞ്ഞു വരുമ്പോൾ ഇങ്ങള് കൊണ്ട് വരുന്ന ഫോറിൻ സധനവും നല്ല സ്പ്രേ മണ മുള്ള കുറച്ചു ദിവസങ്ങളും ആണ് എന്റേം കുട്ടികളുടേം സന്തോഷം എന്ന് .. പക്ഷെ ഇങ്ങള് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ഇങ്ങള് ഞങ്ങടെ കൂടെ ഇല്ലാത്ത ആ ഒരു വർഷത്തെ വിടവ് നികത്താൻ നിങ്ങൾ വരുന്ന ഒന്നര മാസത്തെ ലീവുകൊണ്ട് കഴിയും എന്ന് …?

” അല്ലെടി ഷാഹി നീ ഇങ്ങനെ ഒക്കെ ചോദിച്ചാൽ ഞാനിപ്പോ എന്താ പറയുവാ .. ഞാൻ മാത്രം അല്ലാലോ പ്രവാസി ആയിട്ടുള്ളത് .. ഒരുപാട് പേര് ഇല്ലേ ..?

” എന്റെ ഇക്കാ ഇങ്ങള് എന്താ പൊട്ടൻ ആണോ .. ഇങ്ങള് പറഞ്ഞ ആ ഒരുപാട് പേരുടെ കാര്യം എനിക്ക് അറിയേണ്ടതില്ലല്ലോ .. എനിക്കും മക്കൾക്കും വേണ്ടത് ഇങ്ങളെയാണ് .. ഇങ്ങളോടൊപ്പം ഉള്ള സന്തോഷത്തോടെ ഉള്ള ജീവിതം ആണ് എനിക്കും കുട്ടികൾക്കും വേണ്ടത് .. അത് നാട്ടിൽ ആണേൽ നാട്ടിൽ ഗൾഫിൽ ആണേൽ ഗൾഫിൽ ..

” അല്ല ഷാഹിയെ ഒരു ചുരിദാർ എടുക്കാൻ പറഞ്ഞതിനാണോ ഇയ്യ്‌ ഇത്രേം വലിയ ഫിലോസഫി പറഞ്ഞത് ..?

”മ്മ് ദേ ഇക്കാ ഇങ്ങളോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് സീരിയസായിട്ട് ഒരു കാര്യം പറയുമ്പോൾ ചീഞ്ഞ കോമഡി അടിക്കരുത് എന്ന് ..!!!

” ഉം .. എന്നാൽ ബാക്കി പറ ..

” ഇനി എന്തൊന്ന് പറയാൻ .. ഇക്കാ രണ്ട് നില വീടും ഏസിയും മുറ്റത്തൊരു കാറും ഉള്ള വർഷത്തിൽ ഒരു മാസം ലീവിന് വരുന്ന പ്രാവസിയുടെ വീടിനേക്കാൾ സന്തോഷവും സമാധാനവും ഉണ്ടാവും നാട്ടിൽ കൂലിപ്പണി എടുക്കുന്ന കൂലിപ്പണി ക്കാരന്റെ വീട്ടിൽ .. കാരണം എന്നും വൈകുന്നേരം ആവുമ്പോൾ അച്ഛനെ കാത്തിരിക്കുന്ന മക്കളെയും ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയും ഉമ്മറത്ത് ഉണ്ടാവും ..

” ഇങ്ങള് പറയും പോലെ പ്രവാസികൾ പാവം അല്ല പ്രവാസികൾ പാപികളാണ് .. പ്രവാസി ആവുന്നുണ്ടേൽ കുടുംബത്തെ കൂടെ കൂട്ടാൻ കഴിയുന്നവനായിരിക്കണം അല്ലെങ്കിൽ നാട്ടിൽ ജോലി ചെയ്താൽ പോരെ .. റേഷൻ കടയിൽ അരിയും യാത്ര ചെയ്യാൻ ബസ്സും ഓട്ടോയും ഒക്കെ ഉണ്ടല്ലോ .. കുറച്ചു പത്രാസ് കുറയും എന്നെ ഉള്ളൂ .. സന്തോഷം ഉള്ള ജീവിതം ഉണ്ടാവും …!!!

” എടീ നീ പറയുന്നതൊക്കെ ശരിയാണ് .. നീ ഒന്ന് ക്ഷമിക്ക് ഞാൻ നിങ്ങളെ ഇങ്ങട്ട് കൂട്ടാൻ പറ്റുമോ എന്ന് നോക്കട്ടെ .. ഇപ്പൊ ഇയ്യ്‌ ഫോൺ വെച്ചോ …

തൽകാലം ഓളെ ചൂട് ഒന്ന് തണിയാൻ വേണ്ടി പറഞ്ഞതാണേലും ഓള് പറഞ്ഞതാണ് കാര്യം .. കുടുംബം കൂടെ ഇല്ലാതെ എന്ത് ജീവിതം ആണ് അല്ലെ പ്രവാസിയുടേത് ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *