ഇച്ചായനോട് ചോദിച്ചാൽ പോകണ്ടാന്ന് പറയില്ല പക്ഷേ അമ്മയുടെ കാര്യം ഓർക്കുമ്പോൾ…..

എഴുത്ത്:-ഷൈനി വർഗീസ്

സോന രാവിലെ തന്നെ അടുക്കള പണിയിലാണ്. അപ്പച്ചൻ രാവിലെ തന്നെ പറമ്പിലേക്കിറങ്ങും അതിനു മുൻപ് ചായയും കഴിക്കാനും റെഡിയാക്കണം. എന്നിട്ടു വേണം തളർന്നു കിടക്കുന്ന അമ്മയുടെ കാര്യങ്ങൾ നോക്കാൻ. ഇതിനിടയിൽ ഇച്ചായന് ഓഫീസിൽ പോകാനുള്ള ഡ്രസ്സ് അയൺ ചെയ്യണം. പണിയെല്ലാം പത്തിനു മുൻപ് തീർത്താലേ മക്കളുടെ ഓൺലൈൻ ക്ലാസ്സിൽ അവർക്കൊപ്പം കയറാൻ പറ്റു ഞാൻ ഇരുന്നില്ലേൽ ഫോൺ ഒരിടത്ത് ഇരിക്കും അവർ അവർക്കിഷ്ടമുള്ളിടത്തും ഇരിക്കും.ദൈവമേ ഇന്നും കാപ്പി റെഡി ആയിട്ടില്ല സമയം ഏഴര കഴിഞ്ഞു

ഇപ്പോ അപ്പച്ചൻ വിളിക്കും അതിനു മുൻപ് തേങ്ങ തിരുമ്മി അരച്ചെടുത്ത് ചട്നി ഉണ്ടാക്കണം അതിനു മുൻപ് അപ്പച്ചൻ വിളിച്ചു ചോദിക്കരുതേ കഴിക്കാറായോന്ന്

വേഗം തേങ്ങ പൊട്ടിച്ച് ചിരകി കൊണ്ടിരിക്കുമ്പോളാണ് അലക്സി പുറകിലൂടെ വന്ന് സോനയെ കെട്ടിപ്പിടിച്ചത് വയറിലൂടെ കെട്ടി പിടിച്ച് തോളത്തു തൻ്റെ മുഖം ചേർത്ത് ആ ചെവിയിൽ കടിച്ചു കൊണ്ട് പറഞ്ഞു.

മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ

ഒന്നു മാറിപ്പോ ഇച്ചായാ മനുഷ്യനിവിടെ കിടന്നു ചക്രശ്വാസം വലിക്കുകയാ അപ്പഴാ പുന്നാരിക്കാൻ വന്നിരിക്കുന്നത്.

എടി ഇന്നു നിൻ്റെ ബർത്തഡേ അല്ലേ ഒന്നു വിഷ് ചെയ്യാന്നോർത്തു വന്നതാ കഴിഞ്ഞ വർഷം ഞാനി ദിവസം മറന്നതിന് നീ ഇവിടെ ഉണ്ടാക്കിയ പുകില് നീ ഓർക്കുന്നുണ്ടോ

സോറി ഇച്ചായാ ഇന്ന് എൻ്റെ ബർത്തഡേ ആണന്നു പോലും ഞാൻ മറന്നു. വിഷ് മാത്രമെയുള്ളോ? എവിടെ എനിക്കുള്ള Gift

ഈത്തവണത്തെ Gift ഒരു സർപ്രൈസ് ആണ് നീ ഇങ്ങ് മാറ് ഞാൻ ചിരകാം തേങ്ങ

സോനയുടെ കൈയിൽ നിന്ന് തേങ്ങാമുറി വാങ്ങി അലക്സി തേങ്ങ ചിരകാൻ നോക്ക്.

നീ പോയി അമ്മച്ചിയുടെ കാര്യങ്ങൾ നോക്കീട്ട് മക്കളെ വിളിച്ചുണർത്തി അവരേയും ഒരുക്കി നീയും ഒരുങ്ങ്.

എങ്ങോട്ടു പോകാനാ ഇപ്പോ ഒരുങ്ങുന്നത്. ഷോപ്പിംഗിനാണെങ്കിൽ ഞാനില്ല. ഈ കൊറോണ സമയത്ത്.

ഞാൻ പറയുന്നത് അനുസരിക്കടി

അപ്പോ ഇച്ചായനിന്ന് ഓഫീസിൽ പോകണ്ടേ

ഞാനിന്ന് ലീവെടുത്തു എൻ്റെ പ്രിയതമയുടെ പിറന്നാൾ പ്രമാണിച്ച്

ഇച്ചായനെന്താ വട്ടു പിടിച്ചോ അപ്പച്ചനിപ്പോ വരും കഴിക്കാൻ.ഇച്ചായനിങ്ങ് മാറിക്കേ

മോളെ അവൻ പറഞ്ഞതു കേൾക്ക് .ഇന്നത്തേക്കുള്ളതെല്ലാം അപ്പച്ചൻ ഉണ്ടാക്കാം ചമ്മന്തി ഉണ്ടാക്കാനൊക്കെ എനിക്കും അറിയാം പക്ഷേ ആ കുന്ത്രാണ്ടാത്തേൽ അരക്കാൻ അപ്പച്ചന് അറിയില്ലാട്ടോ.

അപ്പച്ചനുണ്ടാക്കണ്ട ചമ്മന്തി ഇന്നത്തെ ചമ്മന്തി ഞാനുണ്ടാക്കി നോക്കട്ടെ നീ പോയി അമ്മച്ചീടെ കാര്യങ്ങൾ നോക്കീട്ട് ഒരുങ്ങാൻ നോക്ക്.

മടിച്ചു നിന്ന സോനയെ അലക്സി പിടിച്ചു തള്ളി അമ്മ കിടക്കുന്ന മുറിയിൽ ചെന്നാക്കി.

സോന വേഗം തന്നെ അമ്മച്ചിയെ പല്ലുതേപ്പിച്ചു. അമ്മച്ചീടെ മേലു തുടച്ച് വൃത്തിയാക്കി മറ്റൊരു നൈറ്റി ഇട്ടു കൊടുത്തു. തളർന്ന് കിടക്കുന്ന അമ്മച്ചീയെ ഒരു സൈഡിലേക്ക് തിരിച്ചു കിടത്തി ആ സൈഡിലെ ബെഡ്ഷീറ്റ് ഇട്ടു. തിരിച്ചു കിടത്തി അപ്പുറത്തേക്ക് ബെഡ്ഷീറ്റ് വലിച്ചിട്ടു പുറത്തെല്ലാം തടവി പൗഡർ ഇട്ടു.

അടുക്കളയിൽ ചെന്ന് ഇഡലിയും ചമ്മന്തിയും ചായയും എടുത്തു കൊണ്ടുവന്ന് അമ്മക്കും മുറിച്ച് മുറിച്ച് വായിൽ വെച്ചു കൊടുത്തു.

മക്കളെ വിളിച്ചുണർത്തി പല്ലു തേപ്പിക്കാൻ വിട്ടിട്ട് കുളിക്കാൻ കയറി കുളി കഴിഞ്ഞിറങ്ങി വന്നപ്പോഴേക്കും ഇച്ചായൻകഴിക്കാനുള്ളതെല്ലാം ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട്. അപ്പച്ചൻ ചായ ഇട്ടു കൊണ്ടുവന്നു

എല്ലാവരും കഴിച്ചെഴുന്നേറ്റു.കഴിച്ച പാത്രങ്ങൾ കഴുകാനായി എടുത്തപ്പോൾ ഇച്ചായനും അപ്പച്ചനും തടഞ്ഞു.

ഇന്ന് ഇവർക്കെന്താ പറ്റിയെ എന്നോർത്ത് ഞാൻ പകച്ചു പോയി.

നീ വേഗം പോയി ഒരുങ്ങടി

എങ്ങോട്ടേക്കാന്നെങ്കിലും ഒന്നു പറ ഇച്ചായാ

അതൊന്നും നീ ഇപ്പോ അറിയണ്ട

ഓ പറയാൻ മനസ്സില്ലങ്കിൽ പറയണ്ട

മക്കളേയും ഒരുക്കി ഞാനും ഒരുങ്ങിയപ്പോളെക്കും ഇച്ചായനും ഒരുങ്ങിയിറങ്ങി.

കാറിൻ്റെ ഡിക്കിയിലേക്ക് പറമ്പിൽ നിന്നും പറിച്ച കാച്ചിലും ചേനയും കപ്പയും ഏത്തക്കാലും തേങ്ങയുമൊക്കെ അപ്പച്ചൻ എടുത്തു വെയ്ക്കുന്നതു കണ്ടപ്പോ മനസ്സിലായി

മോൾക്കുള്ളതാണന്ന്. അമ്മ എണീറ്റ് നടക്കണ സമയത്ത് ഓടി ഓടി വന്നിരുന്നവളാ അമ്മ കിടപ്പിലായിട്ടിപ്പോ വർഷം ഒന്നു കഴിഞ്ഞു ഇതിനിടയിൽ വന്നു പോയത് ഒരിക്കൽ മാത്രം അന്ന് വന്നത് എന്നെ ഉപദേശിക്കാനും കുറ്റപ്പെടുത്താനും വേണ്ടി –

അന്ന് അപ്പച്ചനും ഇച്ചായനും കണക്കിന് പറഞ്ഞാ വിട്ടത് പിന്നെ ഇങ്ങോട്ട് കണ്ടിട്ടില്ല. 2 ദിവസം വന്നു നിന്നിരുന്നെങ്കിൽ വീട്ടിലൊന്നു പോയി പപ്പയേയും അമ്മയേയും കണ്ടിട്ടു വരായിരുന്നെന്ന് പലവട്ടം ഓർത്തിട്ടുണ്ട് ആഗ്രഹിച്ചിട്ടുണ്ട്. പപ്പയേയും അമ്മയേയും കണ്ടിട്ട് ആറുമാസം കഴിഞ്ഞു.

ഇച്ചായനോട് ചോദിച്ചാൽ പോകണ്ടാന്ന് പറയില്ല പക്ഷേ അമ്മയുടെ കാര്യം ഓർക്കുമ്പോൾ പോകാൻ തോന്നില്ല ഇച്ചായനും അപ്പച്ചനുമൊന്നും നോക്കിയാൽ ശരിയാകില്ല

മോള് എന്തോർത്തു നിൽക്കുകയാ ചെന്നു വണ്ടിയിൽ കയറ്

പോകണമെന്നു പോലും ഇല്ല അങ്ങോട്ട്.ശ്ശൊ ഇതറിഞ്ഞിരുന്നെങ്കിൽ ഈ പോക്ക് വേണ്ടന്ന് വെയ്ക്കാമായിരുന്നു.

എന്നാൽ കാർ ഇടത്തോടു തിരിയുന്നതിന് പകരം വലത്തോട്ടാണ് തിരിഞ്ഞത്.

ങേ വീട്ടിലേക്കുള്ള വഴി.

ഇച്ചായാ നമ്മൾ വീട്ടിൽ പോവുകയാണോ. എത്ര നാളായിന്നറിയോ ഞാൻ ആഗ്രഹിക്കുന്നു. ഇച്ചായനോട് പറഞ്ഞില്ലന്നേയുള്ളു.

നീ പറയാതെ നിൻ്റെ ഈ ആഗ്രഹങ്ങൾ ഞാൻ നടത്തിത്തന്നില്ലേൽ ഞാനൊരു ഭർത്താവാണോടി.

ബർത്തഡേക്ക് നിനക്ക് ഒരു സർപ്രൈസ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അപ്പച്ചനാ പറഞ്ഞത്. നീ ഇപ്പോ ആഗ്രഹിക്കുന്നത് നിൻ്റെ വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കാൻ ആണന്ന്.

രണ്ടു ദിവസമോ അതൊന്നും വേണ്ടിച്ചായാ ഇന്നുതന്നെ മടങ്ങാം ഞാനവിടെ ഇല്ലങ്കിൽ അമ്മേനെ ആരു നോക്കും

അതിനും വഴി അപ്പച്ചൻ കണ്ടിട്ടുണ്ട്

എന്ത് വഴി

അതും ഒരു സർപ്രൈസാണ്. നീ തിരിച്ചു വരുമ്പോൾ അറിഞ്ഞാ മതി.

വീടിനു മുന്നിൽ കാർ ചെന്നു നിന്നപ്പോൾ

പപ്പയും അമ്മയും ആകാംഷയോടെ പുറത്തേക്കിറങ്ങി വന്നു.

കൊച്ചു മക്കളെ കണ്ടാ അപ്പുപ്പൻ്റേയും അമ്മൂമ്മയുടെ കണ്ണുകളിൽ കണ്ട തിളക്കം മറ്റെന്തു കിട്ടിയാലും അവരിൽ ആ തിളക്കം കാണില്ല.

ആറു മാസം കൂടി പപ്പയേയും അമ്മയേയും കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം അതാണ് എൻ്റെ ഈ വർഷത്തെ പിറന്നാൾ സമ്മാനം

രണ്ടു ദിവസം രാവിലെ നേരത്തെ ഉണരണ്ട അടുക്കളയിലും വീട്ടിലും കിടന്നോടണ്ട രാവിലെ എഴുന്നേറ്റു വന്ന് കൈയും കഴുകി ഇരുന്നാൽ മതി നമുക്കിഷ്ടമുള്ളതുണ്ടാക്കി കാത്തിരിക്കും അമ്മ. കൊച്ചു മക്കൾക്കിഷ്ടമുള്ളതു വാങ്ങാൻ ഓടുന്ന പപ്പ

രണ്ടു ദിവസം നന്നായി ആഘോഷിച്ചു.ശനിയും ഞായറും ആയതു കൊണ്ട് മക്കൾക്ക് ഓൺലൈൻ ക്ലാസ്സു് ഇല്ല ആ ടെൻഷനും ഇല്ല ഇടക്കിടക്ക് അമ്മയുടെ കാര്യവും ഇച്ചായൻ്റുയും അപ്പച്ചൻേറയും കഷ്ടപ്പാടോർത്തല്ലാതെ യാതൊരു ടെൻഷനുമില്ലാതെ രണ്ടു ദിവസം വേഗം കടന്നു പോയി.

മുന്നാം ദിവസം വൈകുന്നേരം ഇച്ചായൻ കാറുമായി വന്നു. പപ്പയോടും അമ്മയോടും യാത്ര പറഞ്ഞ് കാറിൽ കയറുമ്പോൾ കൊച്ചു മക്കളെ വിടാൻ അവർക്കോ പോരാൻ മക്കൾക്കോ താത്പര്യമില്ല അവരുടെ നിറഞ്ഞ കണ്ണുകൾ മറച്ചു പിടിക്കാതെ തന്നെ യാത്ര പറഞ്ഞു.

മോനെ വല്ലപ്പോഴും ഇങ്ങനെയുള്ള സന്തോഷം ഞങ്ങൾക്ക് തരണേ

പപ്പയും അമ്മയും സങ്കടപ്പെടണ്ട മാസത്തിലൊരിക്കൽ ഞങ്ങളെത്തും ഇതുപോലെ

സന്ധ്യയോടെ വീട്ടിലെത്തി.

വീട്ടിലെത്തിയപ്പോൾ വീടിൻ്റെ അവസ്ഥ കണ്ട് ഞാൻ പകച്ചു പോയി. വേഗം അമ്മയുടെ റൂമിലെത്തി നോക്കി വൃത്തിയായി തന്നെയാണ് അമ്മയും കിടക്കുന്നത് അടുക്കളയും അങ്ങനെ തന്നെ എല്ലാം തൂത്തു തുടച്ച് വൃത്തിയാക്കി ഇട്ടിരിക്കുന്നു.

അപ്പോ ഞാനില്ലേലും വൃത്തിയായി ചെയ്യാനൊക്കെ അറിയാം അല്ലേ’ അപ്പനും മോനും

ആര് ഞങ്ങളോ ഞാനും എൻ്റെ അപ്പനും ഒന്നും ചെയ്തില്ല ഇവിടെ

പിന്നെങ്ങനാ ഇതൊക്കെ ചെയ്തു വെച്ചത്

നിൻ്റെ നാത്തൂൻ വന്നിരുന്നു അല്ല വരുത്തിച്ചു. അവിടെ അവൾക്ക് ജോലി ഒന്നും ഇല്ലാതെ വെറുതെ മടി പിടിച്ചിരിക്കുകയാണന്ന് അളിയൻ പറഞ്ഞു. എന്നാൽ ആ മടി ഒന്നു മാറ്റി കൊടുക്കാന്ന് ഞാനും അപ്പനും തീരുമാനിച്ചു.

പണിയൊന്നുമില്ലാതെ പെണ്ണുങ്ങൾ മടി പിടിച്ചിരുന്നാലേ ശരിയാകില്ലന്ന് അപ്പനു തോന്നി.

അപ്പോ അതാണല്ലേ അപ്പനും മോനും കൂടി എന്നെ ഇവിടുന്ന് ഓടിച്ചത്.

ഇപ്പോ അതും കുറ്റായോ

അപ്പാ ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ നല്ലതു ചെയ്താലും അതിലൊരു കുറ്റം കണ്ടു പിടിക്കൂലോ

Related Posts

Leave a Reply

Your email address will not be published. Required fields are marked *