കാലം കാത്തുവച്ചത് ~ അവസാനഭാഗം, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

തൃശൂർ എത്തുമ്പോൾ ഇരുട്ടിയിരുന്നു…സ്റ്റാൻഡിൽ നിന്നും ഹോസ്റ്റലിലേക്ക് ഓട്ടോ വിളിച്ചു… പ്രകാശപൂരിതമായ നഗരത്തിലൂടെ സാമാന്യ വേഗത്തിൽ ഓട്ടോ പാഞ്ഞു…

റൂമിലെത്തി കുളിച്ചു നേരെ കിടന്നു…bവിശപ്പൊന്നും തോന്നിയില്ല… കണ്ണടഞ്ഞുവന്നപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്… അപ്പോഴാണ് ഫോൺ ബാഗിൽ നിന്നും എടുത്തില്ല എന്ന് ഓർത്തത്.. എഴുന്നേറ്റ് ബാഗിന്റെ സിബ് തുറന്നു ഫോൺ പുറത്തെടുത്തു…

അമ്മയായിരുന്നു… ഹോസ്റ്റലിൽ എത്തിയോ എന്നറിയാൻ വിളിച്ചതാണ്… അമ്മയോട് സംസാരിച്ചു വച്ചപ്പോൾ മനസ്സിൽ എന്തോ മറ്റാരോടോ സംസാരിക്കണം എന്നൊരു മോഹം… ഞാൻ പോലും അറിയാതെ വിരലുകൾ ആ നമ്പർ തേടിപ്പിടിച്ചു… കാൾ പോയി…. ആദ്യത്തെ റിങ്ങിൽ തന്നെ കാൾ എടുത്തു…പരസ്പരം ഒന്നും മിണ്ടാതെ നിമിഷങ്ങൾ കടന്നുപോയി..

മറുവശത്തു നിന്നും കേൾക്കുന്ന നിശ്വാസം പോലും ആശ്വാസമാകുന്നത് എങ്ങിനെയെന്നോർത്തു ഞാൻ… ഫോണും കാതിൽ ചേർത്തു പിടിച്ചു കിടക്കയിൽ കിടന്നു… ഏറെ വർഷങ്ങൾക്കു ശേഷം… ആ സംരക്ഷണം എനിക്ക് തിരികെ കിട്ടി… ഹരിയേട്ടന്റെ നിശ്വാസം കാതിൽ പതിക്കുമ്പോൾ ആ ചൂടും ഞാൻ അനുഭവിച്ചിരുന്നു… എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴും കാത്തിനരികിൽ ഫോണും ഫോണിനപ്പുറം ഉറങ്ങാതെ മറ്റൊരാളും ഉണ്ടായിരുന്നു..

രാവിലെ എഴുന്നേൽക്കുമ്പോൾ കിടക്കയിൽ എനിക്കൊപ്പം കിടക്കുന്ന ഫോണും അപ്പോഴും കട്ട്‌ ആവാത്ത കാൾ ഉം കണ്ടു… മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു ഞാൻ ഫോൺ കാതോട് ചേർത്തു…. ഹരിയേട്ടൻ ഉറക്കത്തിലാണെന്ന് മനസ്സിലായപ്പോൾ കാൾ കട്ട്‌ ചെയ്തു.. ബാത്‌റൂമിലേക്ക് നടന്നു…

കുളി കഴിഞ്ഞു വരുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എല്ലാം ഫോണിലേക്ക് നോക്കികൊണ്ടിരുന്നു.. എന്തെ വിളിക്കാത്തത്…..ഞാൻ മാറി നിന്നെന്നു കരുതി എന്നെ മാറ്റി നിർത്തണമായിരുന്നോ… ഇപ്പോ എല്ലാം മറന്നു ഞാൻ വിളിച്ചിട്ടും ഒരു അക്ഷരം പോലും എന്നോട് മിണ്ടിയില്ലല്ലോ, കാൾ കട്ട്‌ ആക്കി ഇത്രയും നേരം കഴിഞ്ഞു… ഒന്ന് തിരികെ വിളിച്ചോ… അപ്പൊ അത്രക്കേ ഉള്ളൂ.. മനസ്സിൽ പരിഭവങ്ങളുടെ ഭാണ്ഡം അഴിച്ചിട്ടു ഒരു പെൺകുട്ടി….

ഇഷ്ടത്തിന്റെ മനോഹരമായ ഭാവങ്ങളിലൊന്ന് പരിഭവമാണ്.. ആത്മാർത്ഥമായ ഇഷ്ടങ്ങൾക്കിടയിൽ, ബന്ധങ്ങൾക്കിടയിൽ മാത്രം പൂക്കുന്ന പൂക്കളാണവ…ബന്ധങ്ങളെ ഞെരിച്ചമർത്താതെ എന്നാൽ കൈകളിൽ പൊതിഞ്ഞു സൂക്ഷിക്കാൻ അവയ്ക്കറിയാം.. ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഒരു പക്ഷേ ലാസ്യത്തെക്കാൾ നിങ്ങൾക്കിഷ്ടപെടുന്നതും…..

ജോലിക്ക് പോയിട്ടും മനസ് ഫോണിൽ തന്നെ കുരുങ്ങി നിന്നു…. ഒന്നു വിളിക്കാമല്ലോ എന്നെ.. മനസ്സ് കുട്ടികളുടേതു പോലെ പിറുപിറുത്തു… ഞാൻ ഇല്ലാതെ ജീവിക്കാൻ പഠിച്ചല്ലോ അല്ലെ… പിന്നേ എന്തിനാണ് വിളിക്കുന്നത്…ദേഷ്യം മുഴുവൻ മറ്റു സ്റ്റാഫിനോടും ഓഫീസിൽ വന്ന ആളുകളോടും തീർത്തു… നിസ്സംഗയായി മാത്രം പെരുമാറിയിരുന്ന എനിക്കുണ്ടായ മാറ്റത്തിൽ എല്ലാവരും അമ്പരന്നു..

വൈകീട്ട് ഹോസ്റ്റെലിൽ എത്തിയപ്പോഴേക്കും വിളിക്കാതെ തരമില്ലെന്നായി…. ഫോൺ എടുത്തു കയ്യിൽ വച്ചു…. വേണോ വേണ്ടയോ എന്ന സംശയത്തിൽ ഇരുന്നു… നേരം ഏറെ കടന്നു പോയി… കയ്യിലെ ഫോൺ ശബ്‌ദിച്ചു… ഹരിയേട്ടൻ കാളിങ്…. സന്തോഷത്തോടെ ഫോൺ എടുത്തു… പക്ഷെ ഒന്നും മിണ്ടിയില്ല….എന്നോടൊന്നും ചോദിച്ചുമില്ല… മൗനം കൊണ്ട് പരിഭവിച്ചു ഞാൻ കിടന്നു…ഇടയ്ക്കു എഴുന്നേറ്റ് നോക്കുമ്പോഴും കാൾ കണക്ട് ആയിരുന്നു.. എന്തോ ഹരിയേട്ടൻ ഉറങ്ങിക്കാണും എന്ന വിശ്വാസത്തിൽ ഞാൻ വളരെ മെല്ലെ വിളിച്ചു.. ഹരിയേട്ടാ…

ഹ്മ്മ്…. ഒട്ടും പ്രതീക്ഷിക്കാതെ, വർഷങ്ങൾക്ക് ശേഷം ആ സ്വരം ഞാൻ കേട്ടു… ആദ്യമായി പ്രണയത്തിൽ അകപെടുന്നവളുടെ അതെ വികാരം എന്നിലും നാമ്പിട്ടു… പിന്നേ ഒന്നും മിണ്ടാനായില്ല…. ഈ നേരത്തും ഉറങ്ങാതെ എന്റെ നിശ്വാസം മാത്രം കേട്ട് ഇരിക്കുകയായിരുന്നു എന്ന ചിന്ത പോലും എന്നെ കുളിരണിയിച്ചു….. ഫോൺ കാതോട് ചേർത്തു കിടന്നു…. അരികിൽ ഉണ്ടെന്ന തോന്നലിൽ….

പിന്നീടുള്ള ദിവസങ്ങളിലും ഈ മൗന സംഭാഷണങ്ങൾ പതിവായി…..ഉറക്കം നഷ്ടപ്പെട്ടു… എന്നോ കുഴിച്ചു മൂടിയ പ്രണയിനി ഉയിർത്തെഴുന്നേറ്റു…..ആ കോളുകൾക്കായി മാത്രം രാത്രിയാവാൻ കാത്തിരുന്നു തുടങ്ങി….

വെള്ളിയാഴ്ച രാവിലെ മുതൽ ചിന്തയിലാണ്… നാളെ വൈകീട്ട് വീട്ടിൽ പോവണോ എന്ന്… രാത്രി ഹരിയേട്ടൻ വിളിച്ചപ്പോൾ നാളെ ഞാൻ വരുന്നുണ്ട്…. അത്ര മാത്രം പറഞ്ഞു ഉടൻ ഫോൺ വച്ചു… എന്തോ വലിയ സന്തോഷവും ഉത്സാഹവും ആയിരുന്നു. ശനിയാഴ്ച മുഴുവൻ അത്യധികം ഉത്സാഹം കാണിക്കുമ്പോൾ സഹപ്രവർത്തകർക്ക് വീണ്ടും അത്ഭുതമായിരുന്നു…വൈകീട്ട് കുളിച്ചു നല്ലൊരു കോട്ടൺ സാരി ചുറ്റി നെറ്റിയിൽ പൊട്ട് തൊട്ട് കണ്ണാടിയിൽ നോക്കി… തൃപ്തി വരാത്ത പോലെ….പെട്ടെന്നെന്തോ ലജ്ജ തോന്നി….മുപ്പതുകളുടെ അവസാനത്തിൽ എത്തി നില്കുമ്പോഴാണോ ഈ ഒരുക്കങ്ങൾ…

വേഗം ബാഗ് എടുത്തു ഇറങ്ങി.. സ്റ്റാൻഡിൽ നിന്നും ബസ് കയറി… പോകുന്ന വഴിയിൽ ഇടയ്ക്കു നല്ല ബ്ലോക്ക് ഉണ്ടായിരുന്നു.. ഒറ്റപാലത്ത് എത്തിയപ്പോൾ നന്നേ ഇരുട്ടിയിരുന്നു…. തെല്ലു ഭയത്തോടെ പുറത്തിറങ്ങിയപ്പോൾ കണ്ടു പരിഭ്രമിച്ച മുഖത്തോടെ ബസിനു അരികിലേക്ക് വരുന്ന ഹരിയേട്ടൻ…സ്റ്റാൻഡിലെ ലൈറ്റുകളുടെ വെളിച്ചത്തിൽ ഞാൻ കണ്ടു… കടും നിലയിൽ ഇളം നീല ചതുരങ്ങളോട് കൂടിയ ഷർട്ടും വെളുത്ത മുണ്ടും….മുടി തലയോട് ചേരുന്ന ഭാഗത്തു വെള്ള നിറം പ്രത്യക്ഷപെട്ടിരിക്കുന്നു.. ഗൗരവം നിറഞ്ഞ മുഖം…പ്രായത്തിന്റെ ചുളിവുകൾ നെറ്റിയിൽ വരച്ചു ചേർത്തിട്ടുണ്ട്…

വർഷങ്ങൾക്കിപ്പുറം നേരിൽ കാണുമ്പോൾ ഞാൻ ഹരിയേട്ടനിലെ മാറ്റങ്ങൾ ഉറ്റുനോക്കി നിന്നു…. അരികിൽ എത്തി എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി പിടിച്ചു… മറു കൈകൊണ്ട് എന്റെ കൈത്തണ്ടയിലും പിടിച്ചു…ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.. പുറകെ ഞാനും…. സ്റ്റാൻഡിനു പുറത്തു നിർതിയിട്ട കാറിനരികിലേക്ക് നടന്നു.. പുറകിലെ ഡോർ തുറന്നു ബാഗ് സീറ്റിൽ വച്ചു ഡോർ അടച്ചു… എന്റെ കൈ വിട്ട് ഡ്രൈവിംഗ് സീറ്റിനരികിലേക്ക് പോയി…ഞാനും യാന്ത്രികമായി ഡോർ തുറന്നു സീറ്റിലേക്ക് ഇരുന്നു…

യാത്രയിൽ ഉടനീളം ഒന്നും മിണ്ടാതെ…… പരിഭവം വിഷമത്തിലേക്കും പിന്നേ ദേഷ്യത്തിലേക്കും വഴിമാറി… എന്നോട് മിണ്ടാതെ ഞാനും ഇനി മിണ്ടുന്നില്ല…. പടിപ്പുരക്ക് മുന്നിൽ കാർ നിർത്തി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു…. ഞാൻ ദേഷ്യത്തിൽ ഇറങ്ങി ബാഗ് എടുത്തു ഡോർ ശക്തിയിൽ വലിച്ചടച്ചു…. ഹരിയേട്ടൻ കാർ എടുത്തു മുന്നോട്ട് പോയി… ഞാൻ ഒരു കയ്യിൽ ബാഗും പിടിച്ചു പടിപ്പുരക്ക് മുന്നിൽ നിന്നു…. ഒരടി പോലും മുന്നോട്ട് വെക്കാതെ…. ഇരുൾ മൂടിയ മാനത്തു കാർമേഘങ്ങൾ നിറഞ്ഞതും അവ കാത്തുനിൽക്കാതെ പെയ്തു തുടങ്ങിയതും പെട്ടെന്നായിരുന്നു.. ഉച്ചത്തിൽ ഇടി വെട്ടി മഴ കോരി ചൊരിഞ്ഞു… മനസ്സിലെ ദേഷ്യവും വാശിയും ഒരല്പം പോലും മാറാതെ മഴ കൊള്ളാൻ എന്നെ പ്രേരിപ്പിച്ചു.. ഉടലാകെ നനഞ്ഞു വിറച്ചു നിൽക്കവേ ഹരിയേട്ടന്റെ കാർ തിരിച്ചു വരുന്നുണ്ടായിരുന്നു.

മഴ കൊള്ളുന്ന എന്നെ കണ്ട് വേഗം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി അരികിലേക്ക് ഓടിവന്നു.. കയ്യിൽ പിടിച്ചപ്പോൾ ഞാൻ കുതറി മാറി….വീണ്ടും പിടിച്ചപ്പോൾ തട്ടിയെറിഞ്ഞു…. എന്നിട്ടും ഹരിയേട്ടൻ ശ്രമം തുടർന്നു…

ഒടുവിൽ ഇരുകൈകൾ കൊണ്ടും എന്നെ ആ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു… പ്രതിഷേധം കാണിച്ചു ഞാൻ കൈകൾ ചുരുട്ടി ആ നെഞ്ചിലേക്ക് ഇടിച്ചു… ഒന്നും മിണ്ടാതെ എല്ലാം നിന്നു കൊണ്ടു.. പ്രധിഷേധം ഒടുങ്ങിയപ്പോൾ കരഞ്ഞു കൊണ്ടു ആ നെഞ്ചിലേക്ക് തല ചായ്ച്ചു.. ഇരു കൈകൾ കൊണ്ടും എന്നെ വരിഞ്ഞു മുറുക്കി… ഒരിറ്റു വെള്ളമോ ശ്വാസമോ പോലും ഞങ്ങൾക്കിടയിലേക്ക് കടന്നു വരാത്തവിധം എന്നെ ചേർത്ത് ഇറുക്കി പിടിച്ചു… ആ മഴയിൽ ഒന്നിച്ചു നനഞ്ഞു മനസ്സിന്റെ ഭാരം ഒഴുക്കി കളഞ്ഞു…

എന്റെ വലതു കൈത്തണ്ടയിൽ പിടിച്ചു ഹരിയേട്ടന്റെ വീടിന്റെ ഒതുക്കുകൾ കയറുമ്പോൾ പുതിയൊരു ജീവിതം മാത്രമായിരുന്നു മനസ്സിൽ… ഒട്ടും ഭാവഭേദം ഇല്ലാതെ മാമി എന്നെ നോക്കി കണ്ണുരുട്ടി… പ്രായം എത്രയായി… കൊച്ചുകുട്ടികൾ ആണെന്നാണോ ഇപ്പോഴും വിചാരം… മഴയും നനഞ്ഞു വന്നിരിക്കുകയാണ്… നല്ല അടി കിട്ടും രണ്ടിനും… ഒരു ചിരിയോടെ മാമിയുടെ ശകാരങ്ങൾ കേട്ടു എന്നെയും ചേർത്തു പിടിച്ചു ഹരിയേട്ടൻ മുറിയിലേക്ക് നടന്നു… തോർത്തു എടുത്തു എന്നോട് വസ്ത്രം മാറാൻ പറഞ്ഞു ഹരിയേട്ടൻ മുറിയിൽ നിന്നും പുറത്തിറങ്ങി…
ഒട്ടും അപരിചിതത്വം തോന്നുന്നില്ല…

വർഷങ്ങൾ ആയി ഞാൻ ഇങ്ങോട്ട് വന്നിട്ടെന്ന് തോന്നുന്നില്ല… ഞാൻ പോകുമ്പോൾ എങ്ങിനെ ആയിരുന്നോ അതുപോലെ… ഞാൻ ഉപയോഗിച്ചിരുന്ന വാസന സോപ്പ്… കണ്മഷിയും കുങ്കുമവും.. അലമാരക്കുള്ളിൽ എന്റെ പഴയതും പുതുതെന്ന് തോന്നിപ്പിക്കുന്ന ചില സാരികളും…ബാഗിൽ നിന്നും കൊണ്ടുവന്ന സാരി എടുക്കാതെ, അലമാരയിൽ മുകളിൽ ഇരുന്ന മഞ്ഞയിൽ ചുവന്ന കുഞ്ഞ് പൂക്കളുള്ള സാരി എടുത്തു ദേഹത്തോട് ചേർത്തു വച്ചു നോക്കി…കര്പൂരത്തിന്റെ സുഗന്ധം മൂക്കിലേക്ക് കയറി… അതുടുത്തു കണ്ണിൽ മഷിയെഴുതി തിരിഞ്ഞപ്പോൾ പുറകിൽ എന്നെ നോക്കി മേശയിൽ ചാരി നിൽക്കുന്ന ഹരിയേട്ടൻ…

ഞാൻ ചിരിച്ചുകൊണ്ടു എന്താണ് എന്ന് കണ്ണുയർത്തി ചോദിച്ചു…

അതെ രീതിയിൽ കണ്ണുകൾ ചിമ്മി ഒന്നുമില്ലെന്ന മറുപടി നൽകി.. എന്റെ അരികിലേക്ക് വന്നു സിന്ദൂരചെപ്പ് തുറന്നു ഒരു നുള്ള് നെറുകിൽ ചേർത്തുവരച്ചു….ബാക്കി വന്ന കുങ്കുമം പുരികങ്ങൾക്കിടയിൽ വരച്ചു.. കണ്ണുകൊണ്ടു കണ്ണാടി ചൂണ്ടി കാണിച്ചു.. ഞാൻ കണ്ണാടിയിലേക്ക് നോക്കി… എന്റെ ചെറുപ്പമാണ് കാണാനായത്… പൂർണചന്ദ്രനെ പോലെ തിളങ്ങുന്ന മുഖം…. എന്നെ തന്നെ നോക്കി നിൽക്കുന്ന ഹരിയേട്ടനെ കണ്ണാടിയിലൂടെ കണ്ടപ്പോൾ നാണിച്ചുപോയി…

അപ്പോഴേക്കും ഹരിയേട്ടൻ ചെവിയിൽ പറഞ്ഞു… താഴെ പോവാം… ഭക്ഷണം കഴിക്കണ്ടേ… മുഖം ഉയർത്തി നോക്കാതെ തലയിളക്കി… എന്റെ കയ്യിൽ കൈ കോർത്തു ഹരിയേട്ടൻ താഴേക്ക് വരുന്നത് കണ്ട് മാമി കണ്ണു നിറച്ചു….എന്റെ അരികിലേക്ക് വന്നു മാമി എന്റെ കണ്ണിൽ നിന്നും മഷിയെടുത്തു ചെവിക്ക് പുറകിൽ തൊട്ടു… എന്റെ മോൾക്ക് എന്റെ കണ്ണു തട്ടും….

ഞാൻ കൂടുതൽ നാണത്തോടെ മാമിയോട് ചേർന്ന് നിന്നു….ഭക്ഷണം കഴിച്ചു മുറിയിൽ എത്തിയപ്പോൾ എന്തോ പരിഭ്രമം ആയിരുന്നു.. ആദ്യമായി ഈ മുറിയിൽ വന്നപ്പോൾ പോലും ഇത്ര പരിഭ്രമം ഇല്ലായിരുന്നു….ഹരിയേട്ടൻ ഫോണിൽ സംസാരിച്ചുകൊണ്ട് ബാൽക്കണിയിൽ നില്പുണ്ടായിരുന്നു… വാതിൽ ചേർത്തടച്ചു ഹരിയേട്ടന് അരികിലേക്ക് നടന്നു.. എന്നെ കണ്ട് ഒരു ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു… ഒരു കൈകൊണ്ട് എന്നെ മാടി വിളിച്ചു…ബാൽക്കണിയിൽ ബെഞ്ചിൽ ഹരിയേട്ടന്റെ നെഞ്ചിൽ ചാരി ഇരിക്കുമ്പോൾ നഷ്ടമായതെല്ലാം തിരികെ നേടിയ പ്രതീതി ആയിരുന്നു… എന്നെ ഒരു കയ്യാൽ ചേർത്തു പിടിച്ചു ഒന്നും മിണ്ടാതെ ഹരിയേട്ടൻ ഇരുന്നു… ഒരിക്കൽ പോലും എന്നെ ഒന്നു കാണാൻ തോന്നിയില്ലേ… ഒന്നു മിണ്ടാൻ തോന്നിയില്ലേ ഹരിയേട്ടാ… ഏറെ നേരത്തിനു ശേഷം ഞാൻ ചോദിച്ചു…

ഞാൻ കാണുന്നുണ്ടായിരുന്നല്ലോ… നീ കാണാതെ നിനക്ക് അരികിൽ ഞാൻ ഉണ്ടായിരുന്നു… ഭയം ആയിരുന്നു….. കുറ്റബോധം ആയിരുന്നു.. മനസ്സ് നിറയെ….

എങ്കിലും നിന്നെ കാണാൻ ആവാതെ എനിക്ക് സാധിക്കുമോ ഗായത്രീ….നിന്റെ മുന്നിൽ ഒരു കുറ്റവാളിയായി നിൽക്കേണ്ടി വന്നപ്പോഴും, നമ്മളുടെ കുഞ്ഞ് ജീവനില്ലാതെ ജനിച്ചു വീണപ്പോഴും മരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ…. കുറ്റബോധത്തിൽ വെന്തുനീറി….

ജയിലിൽ നിന്നും വന്നപ്പോൾ പ്രായമായ അമ്മക്ക് വേണ്ടി….. എന്നെങ്കിലും നീ എന്റെ അരികിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചു ഞാൻ ജീവിക്കുവാൻ ആരംഭിച്ചു… അപ്പോഴും ഇടക്കെല്ലാം നിന്നെ നീ അറിയാതെ വന്നു കാണാറുണ്ടായിരുന്നു..

നീ പോകുന്നിടങ്ങളിൽ നിനക്കൊപ്പം വന്നിരുന്നു….നിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു.. ഞാൻ കാത്തിരിക്കുക യായിരുന്നു…എന്റെ മാത്രം ഗായത്രി ആയി നീ തിരികെ വരുന്നതും കാത്ത്…

പറഞ്ഞു തീർത്തു ഹരിയേട്ടൻ ദൂരേക്ക് നോക്കിയിരുന്നു.. ഞാൻ എഴുന്നേറ്റ് ഹരിയേട്ടന്റെ മുഖത്തേക്ക് ഉറ്റുനോക്കി.. നിറഞ്ഞ ആ മിഴികൾ കണ്ടപ്പോൾ നെഞ്ചിൽ വല്ലാത്തൊരു വേദന തോന്നി…..ആ മുഖം കയ്യിൽ എടുത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു… ഒരു പിടച്ചിലോടെ ഹരിയേട്ടൻ എന്നെ നോക്കി…ആ നോട്ടത്തിൽ ഞാൻ തളർന്നു പോയി… ഒരുപാട് അർഥങ്ങൾ ഒളിഞ്ഞു കിടക്കുന്ന ആ നോട്ടം ഹൃദയത്തിൽ വന്നു പതിക്കുന്നത് ആയിരുന്നു..

ഒരു ചിരിയോടെ എഴുന്നേറ്റ് ഹരിയേട്ടൻ എന്നെ കൈകളിൽ വാരിയെടുത്തു.. ഞാൻ അത്ഭുതത്തോടെ ഹരിയേട്ടനെ നോക്കി..


ഹരിയേട്ടന്റെ നെഞ്ചിലെ നരച്ചു തുടങ്ങിയ രോമങ്ങളിൽ വിരൽ കുരുക്കി വലിച്ചു ഞാൻ ആ മുഖത്തേക്ക് നോക്കി…വേദനയിൽ മുഖം ചുളിയുമ്പോഴും ചുണ്ടിൽ ഒരു പുഞ്ചിരിയായിരുന്നു.. അത് കണ്ട് ഞാൻ കൂടുതൽ ശക്തിയിൽ വലിച്ചു… ഔ…. എന്നും പറഞ്ഞു ഹരിയേട്ടൻ എന്നെ നെഞ്ചിലേക്ക് ചേർത്തു ഇറുക്കി കെട്ടിപിടിച്ചു….ഞാനും മുഖത്ത് വിരിഞ്ഞ ചിരിയോടെ ആ നെഞ്ചിലേക്ക് മുഖം ചേർത്തു കണ്ണുകൾ അടച്ചു…

*********************

നാല് വർഷങ്ങൾക്കപ്പുറം…

ഹരിയേട്ടാ….

അമ്മാളുവിനെ പിടിക്ക്.. ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ഞാൻ വീർത്തു തുടങ്ങിയ വയറുമായി പതിയെ നടന്നു…

അമ്മാളു ഞങ്ങളുടെ മകൾ…. അവളുടെ രണ്ടാം പിറന്നാൾ ആണ്….. മാമിയുടെ നേർച്ച ഉണ്ടായിരുന്നു അമ്മാളുവിനെ വടക്കുംനാഥനിൽ കൊണ്ടു വന്നു തൊഴുവിക്കാം എന്ന്… എനിക്കിപ്പോൾ മൂന്ന് മാസമായി… ഇനിയും വൈകിയാൽ ക്ഷേത്രത്തിൽ വരാൻ കഴിയില്ലെന്ന് പറഞ്ഞു മാമി പറഞ്ഞു വിട്ടതാണ്..

അച്ഛൻ കുട്ടിയാണ് അമ്മാളു.. കുസൃതി കുടുക്ക… അവളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തികൊടുക്കുന്ന ഒരു അച്ഛനും… പ്രദക്ഷിണ വഴിയിൽ ഹരിയേട്ടന്റെ കൈ വിടുവിച്ചു കുഞ്ഞികാലുകൾ വലിച്ചു വേച്ചു ഓടുകയാണ് അവൾ… അവർ ക്കൊപ്പം നടക്കാനാവാതെ ഒരു കയ്യാൽ ഉടുത്ത സെറ്റുമുണ്ട് പൊന്തിച്ചു പിടിച്ചു ഞാൻ പതിയെ നടന്നു…

ഇന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്… ഏറെ വർഷങ്ങൾക്കു ശേഷം ഒരു ഗെറ്റ്ടുഗെതർ കോളേജിൽ.. അതിൽ കൂടി പങ്കെടുക്കണം…. എന്നിട്ടേ മടക്കമുള്ളൂ… ഇപ്പോൾ ഒറ്റപ്പാലത്തു തന്നെയാണ് ജോലി… സൂപ്രണ്ട് ആയി പ്രമോഷൻ ലഭിച്ചു…

പ്രദക്ഷിണം വച്ചു കഴിഞ്ഞു ചുറ്റുമതിലിനു ഉള്ളിലെ മരത്തണലിൽ ഇരുന്നു… മടിയിൽ അമ്മാളുവിനെ ഇരുത്തി ഒരു കൈകൊണ്ട് എന്നെ ചേർത്തുപിടിച്ചു ഹരിയേട്ടൻ ഇരുന്നു…

ഇരു ചെന്നികളിൽ നിന്നും മുകളിലേക്ക് കയറിയ നരയും നെഞ്ചിലെ വെളുത്ത മുടികളും ഹരിയേട്ടന്റെ പ്രായം എടുത്തു കാണിച്ചു.. അമ്മാളുവിനെ വിശേഷം ആയിരിക്കുമ്പോൾ പലരും ഹരിയേട്ടനെ കളിയാക്കിയിരുന്നു.. പ്രായം ഏറിയതിൽ… ആദ്യമെല്ലാം അത് കേട്ട് ഹരിയേട്ടന് വളരെ ബുദ്ധിമുട്ട് ആയിരുന്നു… പക്ഷെ അമ്മാളു വന്നതോടെ ലോകം മുഴുവൻ ഞങ്ങൾ മാത്രമായി… ഇന്നിപ്പോൾ എനിക്ക് വീണ്ടും വിശേഷം ആയതിൽ കൂടുതൽ സന്തോഷിക്കുന്നതും ഹരിയേട്ടൻ ആണ്….


കോളേജിൽ എത്തുമ്പോൾ പ്രോഗ്രാം തുടങ്ങിയിരുന്നു… അധ്യാപകരെയും സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചു… നിമ്മി വന്നിരുന്നു… എന്നെ കണ്ടതും ഓടി വന്നു കയ്യിൽ പിടിച്ചു… ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു.. അവൾ തടിച്ചു ആളാകെ മാറി… അവളുടെ മക്കൾ കൂടെ ഉണ്ടായിരുന്നു… ഭർത്താവ് വന്നില്ല…. ജോലി തിരക്ക് ഉണ്ടെന്ന്…

ഞാൻ ഹരിയേട്ടനെയും അമ്മാളുവിനെയും പരിചയപ്പെടുത്തി….. അമ്മാളുവിനെ എടുത്തു ഒരു കയ്യിൽ എന്റെ കൈ കോർത്തു പിടിച്ചിരുന്നു ഹരിയേട്ടൻ… നിമ്മി സ്വകാര്യമായി ചെവിക്ക് അരികിൽ പറഞ്ഞു… ആര്യൻ വന്നിട്ടുണ്ട്… ഉവ്വോ….. ഒരു ആകാംക്ഷ…. കാണുവാൻ. …

കണ്ണുകൾ പലയിടങ്ങളിൽ തിരഞ്ഞു…

ഒടുവിൽ കണ്ടു… കുസൃതി ചിരി കണ്ണിൽ നിറച്ചു ദൂരെ എന്നെ നോക്കി നിൽക്കുന്ന ആര്യൻ…

മിഴികൾ ഇടഞ്ഞപ്പോൾ അവൻ പതിയെ എന്നരികിലേക്ക് വന്നു…. അമ്മാളു വിന്റെ കവിളിൽ വാത്സല്യത്തോടെ തലോടി എന്റെ വീർത്തു തുടങ്ങിയ വയറിലേക്ക് കണ്ണുകൾ പായിച്ചു..

ഒന്നും മിണ്ടിയില്ല…

ആര്യൻ…..

ഞാൻ മെല്ലെ അവനെ വിളിച്ചു….

എന്തെന്ന അർത്ഥത്തിൽ അവൻ എന്നെ നോക്കി…

എന്ത്‌ ചെയ്യുന്നു….

ആർമിയിൽ….. ഇപ്പോൾ ലീവിന് വന്നതാണ്…

കുടുംബം??

എന്റെ ചോദ്യത്തിന് മറുപടി നൽകാതെ ഒരു വേദനയിൽ ചാലിച്ച ചിരിയോടെ തിരിഞ്ഞു നടന്നു…

“നിന്നെ മറന്നെങ്കിൽ അല്ലെ ഗായൂ മറ്റൊരു ജീവിതം ഉണ്ടാവൂ… സ്വന്ത മാക്കുവാൻ ആയെങ്കിൽ മാത്രമേ പ്രണയം വിജയിക്കൂ എന്നില്ല….. മരണം വരെ ഒരുവളെ മാത്രം മനസ്സിൽ കൊണ്ടു നടക്കാനാവും… നിന്റെ വിഷമങ്ങളിൽ കൂടെ നിൽക്കാനായില്ലെങ്കിലും പുറകിൽ ഉണ്ടായിരുന്നു ഞാൻ എപ്പോഴും…. ഇപ്പോഴും. ഇനിയും……. നിന്നെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാതെ… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, ഒരു നിഴലായി…. “

ആര്യന്റെ മുഖത്ത് വിരിഞ്ഞ ചിരിയിൽ വേദന നിറഞ്ഞു നിന്നു…

കോളേജിൽ നിന്നും മടങ്ങവേ അമ്മാളു പുറകിലേ ബേബി സീറ്റിൽ ഉറക്കത്തിൽ ആയിരുന്നു.. ശ്രദ്ധയോടെ മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യവേ ഹരിയേട്ടൻ ചോദിച്ചു…

ഇഷ്ടമായിരുന്നല്ലേ……

ഹ്മ്മ്….. ഒരു മൂളലിൽ ഒതുക്കി മറുപടി….

ഞാൻ ഇടയിൽ വന്നില്ലായിരുന്നു എങ്കിൽ…… ഹരിയേട്ടൻ വീണ്ടും ചോദിച്ചു…ഇത്തവണ വാക്കുകളിൽ ദുഃഖം കലർന്നിരുന്നു…

വന്നില്ലായിരുന്നു എങ്കിൽ ഞാൻ എന്റെ പ്രണയത്തെ തിരിച്ചറിയില്ലായിരുന്നു…ഹരിയേട്ടാ പലരോടും നമുക്ക് ഇഷ്ടം തോന്നാം…. പക്ഷെ പ്രണയം…. അത് അതിന്റെ തീവ്രതയിൽ ഒരാളോട് മാത്രമേ തോന്നൂ… ആ തോന്നൽ എനിക്ക് ഹരിയേട്ടനോട് മാത്രമാണ് ഉണ്ടായിട്ടുള്ളത്…. ഞാൻ പ്രണയം അനുഭവിച്ചതും പ്രണയിക്കപ്പെട്ടതും പ്രണയിച്ചു തുടങ്ങിയതും ഹരിയേട്ടനാൽ മാത്രമാണ്….

ആര്യനോട് ഇഷ്ടം തോന്നിയിട്ടുണ്ട്….. ഇപ്പോഴുമുണ്ട്…. ഇനിയും ഉണ്ടാവും… പക്ഷെ അതൊരിക്കലും പ്രണയമല്ല…. പ്രണയം…. അത് എന്റെ ഹരിയേട്ടൻ മാത്രമാണ്… എന്നും….. അതെത്ര പ്രായം ആയാലും കേട്ടല്ലോ കിളവാ….. ഞാൻ ചിരിയോടെ പറഞ്ഞു ഹരിയേട്ടനെ ചുമലിലേക്ക് ചാരി കിടന്നു…. തന്റെ ചുമലിൽ ചാരിയിരിക്കുന്ന നല്ല പാതിയെയും അവളുടെ ഉദരത്തിൽ വളരുന്ന തന്റെ രക്തത്തെയും പുറകിൽ മയങ്ങുന്ന ജീവനെയും കൊണ്ടു കാർ മെല്ലെ ഡ്രൈവ് ചെയ്തു മുന്നോട്ട് പോകുമ്പോൾ ശ്രീഹരി സംതൃപ്തൻ ആയിരുന്നു… മനസ്സിൽ ആര്യൻ ഒരു നോവ് ആയി അവശേഷിക്കും എങ്കിലും ഞാനും സന്തുഷ്ടയാണ്…

കാലം എനിക്കായി കാത്തുവച്ചത് ഒരുപാട് ചുഴികൾക്കുള്ളിൽ ഒളിഞ്ഞു കിടന്നൊരു സ്വർഗം ആയിരുന്നു…. അതിപ്പോൾ എന്നിലേക്ക് എത്തിയിരിക്കുകയാണ്….

ഗായത്രിയുടെയും ശ്രീഹരിയുടെയും ജീവിതയാത്ര ഇവിടെ അവസാനിക്കുന്നില്ല… അവർ സന്തുഷ്ടരായി ജീവിക്കട്ടെ…. ആര്യൻ ഒരു നോവ് ആണ്…. മറുത്തൊന്നും പ്രതീക്ഷിക്കാതെ ആര്യൻ അവന്റെ പ്രണയം മനസ്സിൽ സൂക്ഷിച്ചു ജീവിക്കുന്നു. അങ്ങനെയും ചിലരുണ്ടാകാം…. തന്റെ പ്രണയത്തെ ഒരു ബന്ധനത്തിൽ സ്വന്തമാക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഒരേ ഭാവത്തോടെ എന്നും പ്രണയിക്കുവാൻ കഴിയുന്നവർ…. മറുത്തൊന്നും പ്രതീക്ഷിക്കാതെ മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർ…..

*********************

ആദ്യമായാണ് ഒരു തുടർക്കഥ എഴുതി പൂർത്തിയാക്കുന്നത്… തുടക്കം മുതൽ കൂടെ നിന്ന് എന്റെ എഴുത്തുകൾ വായിക്കുകയും അഭിപ്രായം നൽകി എന്നെ പ്രോത്സാഹിപ്പിക്കുകയും ചില അവസരങ്ങളിൽ വഴക്ക് പറഞ്ഞും കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി….

സ്നേഹപൂർവ്വം…..

നിങ്ങളുടെ സ്വന്തം

Sruthy Mohan

Related Posts

Leave a Reply

Your email address will not be published. Required fields are marked *