എനിക്കപ്പോഴേ തോന്നി ആ തള്ള ഇത്തിരി കൂടിയ ഇനമാണെന്ന്.. കറിയിലൊന്നും എണ്ണ ചേർക്കാതെ എങ്ങനെയാ രുചിയുണ്ടാവുന്നേ…..

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്

പാവപ്പെട്ടവളാണ് ഞാനെങ്കിലും ഞങ്ങടെ വീട്ടിൽ വെളിച്ചെണ്ണയുടെ ഉപയോഗം വളരെ കൂടുതലാണ്.. എന്ത് കറിയുണ്ടാക്കിയാലും അതിന് മേലെ എണ്ണയിങ്ങനെ പൊന്തിക്കിടക്കണമെന്നാണ് എന്റെയൊരാഗ്രഹം.. കെട്ടിയോനും അതിലൊട്ടും പിറകോട്ടല്ല.. അതിനൊപ്പം പറഞ്ഞ് പണിയിപ്പിച്ച പോലുള്ള രണ്ട് കൊച്ചുങ്ങളും..

കഴിഞ്ഞ ഓണത്തിന് അമ്മായിയമ്മയുടെ ബന്ധത്തിലെങ്ങാണ്ടൊള്ള ഒരു അമ്മച്ചിയും അവരുടെ മോനും മരുമോളും കൂടെ വീട്ടിൽ വന്നു.. .ആ ചേട്ടന്റെ കണ്ണിന്റെ പോളയോട് ചേർന്ന് എന്തോ ഉണ്ട തൂങ്ങിക്കിടക്കുന്നു.. ഞാനങ്ങനെ ആദ്യമായ് കാണുവാ… മുഖപ്പരുവായിരിക്കുവോ,,, അതോ കൺകുരുവോ…. മറ്റുള്ളവരെ ഓർത്ത് എപ്പോളും വേവലാതിപ്പെടുന്ന എനിക്ക് ആധികേറീട്ട് വയ്യ.. എങ്ങനെ ചോദിക്കും… ഇനി ഇങ്ങേര് സൂക്കേട്കാരൻ വല്ലോവാന്നോ… എനിക്കങ്ങു സമാധാനക്കേടായി…

കുറെ നേരം വർത്താന മൊക്കെ പറഞ്ഞിരുന്നിട്ട് ചേട്ടനും എന്റങ്ങേരും കൂടെ റോഡിലോട്ട് പോയി..അമ്മയും വിരുന്ന് വന്ന അമ്മച്ചിയും കൂടെ മുറ്റത്തിരുന്ന് എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്..മരുമക്കളുടെ കുറ്റമായിരിക്കും.. എത്രയെന്നു കരുതിയാ ചങ്കിലിങ്ങനെ അടക്കിപ്പിടിക്കുന്നെ.. പറയട്ടെന്ന് ഞാനും കരുതി..

ആ ചേച്ചിയും ഞാനും കൂടെ അടുക്കളയിൽ നിക്കുവാ.. പുള്ളിക്കാരിയുടെ മുഖത്ത് ടോർച്ചടിച്ചു നോക്കിയാൽ പോലും ഒരു തരി വെട്ടം കാണുന്നില്ല.. എന്തോ മന:പ്രയാസം ഉണ്ട്.. പാവം….!!

ഞങ്ങള് വർത്താനമൊക്കെ പറഞ്ഞോണ്ട് നിക്കുമ്പോളാ ഞാൻ മീൻ കറിയിലേയ്ക്ക് എണ്ണ ഒഴിയ്ക്കുന്നത് ആ ചേച്ചി കണ്ടത്…

“ങ്ഹാ.. ഞാനും കല്യാണം കഴിഞ്ഞു വന്ന സമയം ഇങ്ങനാരുന്നു..എണ്ണയൊക്കെ കോരിയൊഴിക്കുന്നതിന് കണക്കില്ലാരുന്നു.. ഒക്കെ പോയി..

ചേച്ചി നെടുവീർപ്പോടെ പറഞ്ഞു.. എനിക്കപ്പോഴേ സംശയമുണ്ടാരുന്നു.. അമ്മായിയമ്മ പ്പോരായിരിക്കുമെന്ന്.. ഞാൻ പെട്ടെന്ന് ഗ്യാസ് ഓഫാക്കി.. കറി പിന്നായാലും വെക്കാവല്ലോ..അന്തിച്ചു നിക്കുന്ന ചേച്ചിയുടെ കൈപിടിച്ച് ഞങ്ങളുടെ മുറിയിൽ കൊണ്ട് വന്നു കതകു മടച്ചു…

“എനിക്കപ്പോഴേ തോന്നി ആ തള്ള ഇത്തിരി കൂടിയ ഇനമാണെന്ന്.. കറിയി ലൊന്നും എണ്ണ ചേർക്കാതെ എങ്ങനെയാ രുചിയുണ്ടാവുന്നേ..ചേച്ചി ആ തള്ളയെ എങ്ങനെ സഹിക്കുന്നു..

എന്റെ ചോദ്യം കേട്ട് ആ പെണ്ണ് ഞെട്ടി..

“അമ്മ പാവമാ കൊച്ചെ.. ഞാൻ എണ്ണയെല്ലാം കൂടെ ഒഴിച്ച് അണ്ണന് കൊളസ്ട്രോളായി.. നീ കണ്ടില്ലേ അണ്ണന്റെ കണ്ണ്…കൊളസ്‌ട്രോൾ കൂടിയതിന്റെയാ..

ങ്‌ഹേ..കൊളസ്ട്രോളിന്റെ കുരുവായിരുന്നോ അത്..അമ്മായിയമ്മപ്പോരാണെന്ന് തെറ്റി ദ്ധരിച്ചു സമാധാനി പ്പിക്കാൻ ചെന്ന ഞാൻ ചമ്മി..എന്റമ്മായിയമ്മയുടെ കുറ്റ മൊന്നും പറഞ്ഞു കൊടുക്കാൻ തോന്നാഞ്ഞത് മ രിച്ചു പോയ എന്റച്ഛനും വല്യച്ഛനും കൊച്ചച്ചനും കൂടെ ചെയ്ത പുണ്യം..

ചേച്ചി പാചകക്കാര്യങ്ങളിലൊക്കെ ഒരുപാട് ഉപദേശം തന്നിട്ടാണ് തിരിച്ചു പോയത്…

എണ്ണ ഒരുപാട് ഉപയോഗിച്ചാൽ കൊളസ്‌ട്രോൾ കൂടുമെന്ന് കേട്ടപ്പോൾ എനിക്കും ചെറുതായി പേടിയായി..ഞാനും കെട്ടിയോനും കൊച്ചുങ്ങളും കൂടി കണ്ണിൽ കുരുവും തൂക്കിയിട്ട് എവിടെങ്കിലുമൊക്കെ പോകേണ്ടി വരുമ്പോൾ ആൾക്കാർ ഞങ്ങളെ അതിശയത്തോടെ നോക്കുന്നതൊക്കെ ഞാൻ ഭാവനയിൽ കണ്ട്..എന്ന് കരുതി എണ്ണയുടെ ഉപയോഗത്തിൽ കുറവൊന്നും വന്നതുമില്ല..

അടുത്തിടെ കേരയുടെ ഒരു കിലോ വെളിച്ചെണ്ണ വാങ്ങിച്ചു..എന്തൊരു തീ പിടിച്ച വെലയാ.. അത് മൊത്തം കുപ്പിയിലൊഴിച്ചിട്ട് രാത്രിയിൽ ഞാനാ കവറിന്റെ പൊട്ടിച്ച ഭാഗം വേറൊരു ഗ്ലാസിലേയ്ക്ക് കുനിച്ചു വെച്ച്.. കെട്ടിയോനും കൊച്ചുങ്ങളും എന്നെ പുച്ഛത്തോടെ നോക്കുവാടെ..രാവിലെ നോക്കുമ്പോ ഗ്ലാസിന്റെ മൂട്ടിൽ നാലു തുള്ളി വീണു കിടപ്പോണ്ട്.. നാലു തുള്ളിയെങ്കി നാലു തുള്ളി.. ഒള്ളതാട്ടെ…കാശ് കൊടുത്ത് വാങ്ങിച്ചയല്ലേ.. കളയേണ്ടല്ലോ..ഒരു മാസം തികച്ചും ഉപയോഗിക്കേണ്ട എണ്ണയാ..

അന്ന് രാവിലെ എന്റങ്ങര് പ്ലാവിൽ കേറി ചക്കയിട്ടു.. എന്റെ കുഞ്ഞൂട്ടന് പച്ച ചക്ക വലിയ ഇഷ്ടവാ.. കുഞ്ഞുന്നാൾ മുതൽ ചക്ക കാണുമ്പോഴേ ഭയങ്കര ആക്രാന്ത മാരുന്നു.. ചക്ക തിന്നുമ്പോഴുള്ള ലവന്റെ വെപ്രാളം കാണുമ്പോ ഇവനെ ഞാൻ തന്നെ പെറ്റതാണോ അതോ ചക്കക്കുരു കിളിച്ചുണ്ടായതാണോന്ന് പലപ്പോഴും എനിക്ക് സംശയം തോന്നീട്ടുണ്ട്..

അച്ഛനും മോനും കൂടെ ചക്ക വൃത്തിയാക്കി…കയ്യിൽ പറ്റിയ ചക്കക്കറ പോകാൻ വേണ്ടി അടുക്കളയിലേയ്ക്ക് കേറി വന്ന് ലങ്ങേര് വെളിച്ചെണ്ണക്കുപ്പി തുറന്നു..

“എണ്ണ മൊത്തം കൂടെ എടുത്ത് കമത്തരുത്.. തീ പിടിച്ച വെലയാണെന്നോർത്തോണം..

ഞാൻ പറഞ്ഞത് കേട്ട് അതിയാൻ എന്നെയൊന്നു നോക്കി.. കുപ്പിയും കൊണ്ട് കിണറിന്റെ അടുത്തിരുന്നു ചക്ക വൃത്തിയാക്കുന്ന മോന്റടുത്ത് ചെന്നിരുന്ന് യാതൊരു മയവുമില്ലാതെ കയ്യിൽ എണ്ണയൊഴിച്ച് തേയ്ക്കാൻ തുടങ്ങി..തൊനേം എടുക്കല്ലേന്ന് ഞാൻ പറഞ്ഞോണ്ട് കയ്യിലോട്ടങ്ങു കമത്തുവാ..

പണ്ടത്തെ ഇല്ലത്തെ ഏതോ കറുത്ത നമ്പൂരിയിരുന്ന്,,,കാരണവന്മാരായിട്ട് ചക്കിലിട്ട് ആട്ടിയ എണ്ണ തേച്ചു പിടിപ്പിക്കുന്ന പോലെ അങ്ങേരങ്ങ് തേക്കുവാടെ…എടയ്ക്ക് എന്നേം നോക്കുന്നൊണ്ട്.. എന്തേലും പറഞ്ഞാൽ കൂടിപ്പോകുമെന്ന തിരിച്ചറിവിൽ ഞാൻ മിണ്ടീല..എണ്ണ തേച്ചു തീർന്നിട്ട് അതിന്റെ അടപ്പെടുത്ത് അടയ്ക്കാതെ അങ്ങോട്ട് മാറ്റി വെച്ചു.. കൈതട്ടിയെങ്ങാനും അത് മറിഞ്ഞാലെന്തോ ചെയ്യും.. ഞാൻ ചെന്ന് അങ്ങേരെ കൊറേ വഴക്കും പറഞ്ഞു എണ്ണയെടുത്ത് അടുക്കളയിൽ കൊണ്ട് വെച്ചു..

കൊച്ചുങ്ങളും അങ്ങേരും പിന്നെ എണ്ണക്കുപ്പിയിൽ ഒരുപാടങ്ങു തൊടാൻ ഞാൻ സമ്മയ്ച്ചില്ല..

ഇന്നലെ ആടിനുള്ള ചക്ക മടല് വൃത്തിയാക്കിക്കൊണ്ടിരിക്കുവാരുന്നു ഞാൻ.. കയ്യിലിത്തിരി ചക്കക്കറ പറ്റി.. കൊച്ചിനോട് പറഞ്ഞപ്പോ അവള് വെളിച്ചെണ്ണ എടുത്തോണ്ട് വന്ന്.. ഞാനത് കയ്യിൽ തേച്ചിട്ട് ലങ്ങോട്ട്‌ മാറ്റി വെച്ചു.. ചക്കമടല് വാരി മുറത്തിലോട്ട് വെയ്ക്കുമ്പോ കാലിന്റടുത്തൂടെ തറേൽ കൂടെ എന്താണ്ട് ഒഴുകി വരുന്നെടെ..

ങ്‌ഹേ,,, മനസറിയാതെ മൂത്രം പോയിത്തുടങ്ങിയോ..ഞാനറിഞ്ഞില്ലല്ലോ….??

സംശയത്തോടെ ഞാനൊന്ന് മൂട്ടിൽ തപ്പിനോക്കി.. നനഞ്ഞിട്ടൊന്നുമില്ലല്ലോ.. പിന്നിതെന്തുവാ..???

സംശത്തോടെ ചെരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് തറയിൽ നടു നൂത്ത് കിടക്കുന്ന വെളിച്ചെണ്ണക്കുപ്പിയെയാണ്.. അടിവയറ്റിൽ നിന്ന് ആളിക്കത്തിയ ഒരു തീ എന്റെ നെഞ്ച് കത്തിച്ചു വയലിലേയ്ക്ക് പാഞ്ഞു പോയി..

പകച്ചു പോയെന്റെ വാർദ്ധക്യം…!!!

കുപ്പിയുടെ അടപ്പ് അടയ്ക്കാൻ മറന്നിരിക്കുന്നു..ഇടയിലെപ്പോഴോ കൈതട്ടി കുപ്പി മറിഞ്ഞതാണ്..മൂട്ടിൽ ഇത്തിരി വെളിച്ചെണ്ണയുമായി വാള് വെച്ച കുടിയനെപ്പോലെ കിടക്കുന്നു വെളിച്ചെണ്ണക്കുപ്പി..തറയിലേയ്ക്ക് അപ്പോഴും വെളിച്ചെണ്ണ ത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു…

“ആർക്കോ പെ ഴച്ചാൽ എന്തോ ഇല്ലെന്ന് പണ്ടാരാണ്ടോ പറഞ്ഞേക്കുന്നത് എത്ര നേരാ,, അല്ലിയോ മക്കളേ..

തറയിൽ ഒഴുകിരസിച്ചു പുളകം കൊള്ളുന്ന ഒരുമാസത്തെ വെളിച്ചെണ്ണ നോക്കി നെഞ്ച് പൊട്ടി നിക്കുന്ന എന്നെ ഊന്നി ലങ്ങേര് കൊച്ചുങ്ങളോട് പറയുന്നു..

ഒരു കിലോ വെളിച്ചെണ്ണ.. ഒരുകിലോ വെളിച്ചെണ്ണയാണ് തറയിൽ പോയത്.. ആ ഒരു സന്ദർഭത്തിൽ തിരിച്ചൊന്നും പറയാൻ ഞാൻ നിന്നില്ല..

മൗനം വിദ്വാന് മാത്രമല്ല.. ചിലപ്പോൾ വിദുഷിയ്ക്കും ഭൂഷണമാണെന്ന് പണ്ട് മൂർത്തിയപ്പൂപ്പൻ എന്നോട് പറഞ്ഞിട്ടുണ്ട്..

Related Posts

Leave a Reply

Your email address will not be published. Required fields are marked *